Image

ഇന്ദ്രൻസിന്റെ ഉയരം കൂട്ടിയ താരതമ്യം (ഫിലിപ്പ് ചെറിയാൻ)

Published on 14 December, 2022
ഇന്ദ്രൻസിന്റെ ഉയരം കൂട്ടിയ താരതമ്യം (ഫിലിപ്പ് ചെറിയാൻ)

വാസവൻ മന്ത്രി എന്ത് പറഞ്ഞാലും പ്രിയ ഇന്ദ്രൻസേ, നിങ്ങൾ ഞങ്ങളുടെ മനസിൽ എവറസ്റ്റ്‌ കൊടുമുടിയോളം വലിയവൻ തന്നെ.

നാം ഉന്നതങ്ങളിൽ എത്തിപെടുമ്പോഴു൦, വന്നവഴി  മറന്നു കൂടാ. അമിതാബിനെയും തന്നെയും താരതമ്യപ്പെടുത്തി മന്ത്രി നടത്തിയ  പ്രസ്താവനക്ക് ഇന്ദ്രൻസിന്റെ  പ്രതികരണമാണ് എന്നെ ഈ കുറിപ്പിന് പ്രേരിപ്പിച്ചത് . മന്ത്രി   കോൺഗ്രസിന്റെ ക്ഷീണാവസ്ഥ കാണിക്കാൻ അമിതാബിനെയും ഇന്ദ്രന്സിന്റെയും ശരീര പ്രകൃതി താരതമ്യം ചെയ്‌തു. മുൻപ് അമിതാബിനെ പോലെ ഇരുന്ന കോൺഗ്രസ് പാർട്ടി ഇപ്പോൾ ഇന്ദ്രൻസിനെപ്പോലെ ആയി എന്നാണ് മന്ത്രി പറഞ്ഞത്. കയ്യോടെ അദ്ദേഹം അത് നിയമസഭാ രേഖകളിൽ നിന്നു നീക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അത് നന്നായി.  പക്ഷെ വാവിട്ട വാക്ക് ലോകമെങ്ങും കണ്ടു കഴിഞ്ഞു. മന്ത്രിക്കു ദുരുദ്ദേശം ഉണ്ടായിരുന്നതായി കരുതുന്നില്ല.

ഇരുവരെയും  താരതമ്യം ചെയ്തപ്പോൾ വലിപ്പത്തിൽ ചെറുതെങ്കിലും ഉജ്വല നടനും ദേശീയ  അവാർഡ് ജേതാവുമായ  ഇന്ദ്രന്സിനു ചിലപ്പോൾ വേദനിച്ചിട്ടുണ്ടാകാം. അദ്ദേഹത്തെ പരിചയമുള്ള എല്ലാവര്ക്കും വേദനിച്ചുവെന്നതാകും ശരി. സിനിമ കാണുന്ന എല്ലാവരും അദ്ദേഹത്തിന്റെ പരിചിതർ  ആണല്ലോ.

രാഷ്ട്രീയ പരാമര്‍ശങ്ങൾ   ഉണ്ടാകുമ്പോൾ അതൊരിക്കലും   വ്യക്തികളെ ബാധിക്കുന്ന രീതിയിൽ ആകരുത്.  ഇന്ദ്രൻസിനു  അവാർഡ് ലഭിക്കുമ്പോൾ  ആ വര്ഷം അവാർഡിന്  അമിതാബ് ബച്ചനും  പരിഗണിക്കപ്പെട്ടിരുന്നു.  ജയപരാജയങ്ങൾക്ക്  വലിപ്പമോ, പേരോ , ഭാഷയോ ഒന്നും വിലങ്ങു തടിയല്ല. വലിയ നടന്മാരായ മോഹൻ ലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, അല്ലെങ്കിൽ ഹിന്ദിയിൽ നിന്നും ഷാരൂഖ് ഖാൻ, അതും അല്ലെങ്കിൽ സ്റ്റൈൽ മന്നൻ രജനി കാന്ത് , കമൽ  ഹാസാൻ ഒക്കെ വ്യത്യസ്തർ.  നീളം കൊണ്ടും വണ്ണം കൊണ്ടും ആളെ അളക്കുവാൻ തുനിഞ്ഞാൽ   അതൊരു അളവ് കോൽ  അല്ല എന്ന് മഹാ നടൻ ഇന്ദ്രൻസ് തെളിയിച്ചിട്ടും ഉണ്ട്.

തയ്യക്കാരനായി  തുടങ്ങി, നടന്മാരുടെ  അളവെടുത്തു, അവർക്കു വേണ്ടി വസ്ത്രങ്ങൾ  തുന്നുമ്പോൾ, ഒരിക്കലും അദ്ദേഹമോ മറ്റുള്ളവരോ ഇങ്ങനെയൊരു  നടൻ പിറക്കുമെന്ന്  കരുതിയിട്ടുണ്ടാകില്ല. ഹാസ്യത്തിൽ തുടങ്ങിയ അദ്ദേഹം  ഒരിക്കലും ഒരു വലിയ നടൻ  ആകുമെന്ന് ആരും  നിനച്ചിട്ടുണ്ടാകില്ല. അറിയാതെ അംഗീകാരം എത്തിപ്പെടും, അതിനൊരു ഉദാഹരണം നമ്മുടെ ഇന്ദ്രൻസ്.

മന്ത്രിയുടെ താരതമ്യ  പ്രസംഗം നടനെ  എത്രയേറെ വിഷമിച്ചിട്ടുന്നാകാം. അദ്ദേഹത്തിന്റെ മാന്യമായ  പ്രതികരണം  ആണ്  അദ്ദേഹത്തെ കൂടുതൽ  വലിയവനാക്കുന്നത്. " അമിതാബ് ബച്ചന്റെ നീളം എനിക്കില്ല, അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് ചേരില്ല". അതാണ് മന്ത്രിക്കുള്ള മറുപടി.

തുന്നൽക്കാരനിൽ നിന്നും, ഇന്ത്യയുടെ മഹാനടൻ അകാൻ കഴിയുമെങ്കിൽ, അത് മന്ത്രിക്കുള്ള ഒരു പാഠം ആയിരിക്കട്ടെ.   മന്ത്രിയുടെ പൂർവ ചരിത്രം എനിക്കറിയില്ല.   വെള്ളിത്തിരകളിൽ   മിന്നുന്ന  നടൻമാർ  മിക്കപ്പോഴു൦ ജോലി ചെയ്തു കഷ്ടപ്പെടുന്നവരാകാം. അവരുടെ വ്യക്തിജീവിതം നാം അറിയുന്നില്ല. എങ്കിലും   രാഷ്ട്രീയരേക്കാൾ ജനങ്ങൾ ഇഷ്ടപ്പെടുന്നത്  നടന്മാരെ തന്നെ.

ഇന്ദ്രൻസ് മലയാള സിനിമയിൽ സൂപ്പർ സ്റ്റാറല്ല. അതുകൊണ്ടാണല്ലോ മന്ത്രിയുടെ താരതമ്യവും. എന്നാൽ ഇന്ദ്രൻസ് വിനയം കൊണ്ടും എളിമ കൊണ്ടും അഭിനയ മികവുകൊണ്ടും ജനങ്ങളുടെ മനസ്സിൽ അതുല്യമായ സ്ഥാനം നേടിയിട്ടുണ്ട്. ശരീര വലുപ്പം കൊണ്ടല്ല ഒരാളെ വിലയിരുത്തേണ്ടത്.  വലുപ്പച്ചെറുപ്പമില്ലാത്ത സമത്വ സുന്ദരമായ ലോകം എന്ന ആശയം കൊണ്ടുവന്ന കാറൽ മാർക്സിന്റെ അനുയായി  ബഹു: മന്ത്രി വാസവൻ ഇത്രയധികം  താഴരുതായിരുന്നു. ഇ.എം.എസ്,  എ.കെ.ജി, വി.എസ്,  ഇ.കെ നായനാർ മുതലായ പഴയ നേതാക്കളിൽ ആരെങ്കിലും   ഇതുപോലെ താരതമ്യം നടത്തുവാൻ തുനിയുമെന്നു ചിന്തിക്കാൻ പോലും ആകില്ല.

ആന പോലിരുന്ന കോൺഗ്രസ് ആടു പോലെ ആയി എന്ന് പറയുന്നതു പോലും തെറ്റ്. അങ്ങെനെ പറഞ്ഞാൽ തന്നെ മിണ്ടാപ്രാണികൾ പ്രതികരിക്കില്ലല്ലോ? അങ്ങനെ ഒരു പരാമർശം വന്നാൽ ചിലപ്പോൾ, ആന മെലിഞ്ഞത് തൊഴുത്തിൽ കെട്ടാൻ പറ്റുമോ എന്ന് കോൺഗ്രസിന് തിരിച്ചു ചോദിക്കാം.

ഈ താരതമ്യം  ഒരു സാധാരണ വ്യക്തിയിൽ നിന്നായിരുന്നെങ്കിൽ ഇത്രയേറെ  വിമര്ശിക്കപെടുമായിരുന്നില്ല. എന്തായാലും ഇന്ദ്രൻസ് കൂടുതൽ ഉയർത്തിലെത്തുകയാണ് ഈ വിവാദം കൊണ്ട് ഉണ്ടായത്.

#Height Comparison of Actor Indrans

Join WhatsApp News
Scientist 2022-12-14 11:49:14
Sivankutty and Vasavan with same genes. They are like identical twins.
True man 2022-12-14 12:34:06
Vasavan is educational minister, but not educated.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക