ഏതു കാര്യത്തിനും കേരളത്തെ ആവുന്നത്ര താഴ്‌ത്തിപ്പറയുന്നതിൽ അസാധാരണമായ ആവേശമുണ്ട് അമേരിക്കയിലെ ചില മലയാളികൾക്ക്.
വ്യവസായികൾ കേരളം വിട്ട് 'ഓടുന്നതുകൊണ്ട് ' കേരളം നശിക്കുന്നു എന്നൊരു നിരീക്ഷണം കാണാനിടയായി. ഓടുന്ന രണ്ടു വ്യവസായികളിൽ
ഒരാൾ ഇൻഡ്യയിലെ കശുവണ്ടി വ്യവസായത്തിൽ പ്രമുഖനായ ഡോ. രാജ്‌മോഹൻ പിള്ളയാണ്. അദ്ദേഹത്തിന്റെ ബീറ്റാ ഗ്രൂപ് നൂറോളം കശുവണ്ടി സംസ്‌കരണ യൂണിറ്റുകൾ അടച്ചുപൂട്ടി. തൊഴിലാളികളുടെ ധിക്കാരപരമായ ഇടപെടലാണ് ഈ പിൻവാങ്ങലിനു കാരണമെന്ന് അദ്ദേഅഹം പറയുന്നു. എങ്കിൽപ്പിന്നെ, തൊഴിലാളികൾ കേരളത്തിലേതുപോലെ ശല്യം ചെയ്യാത്തതും കേരള ത്തിലേതിനേക്കാൾ കശുവണ്ടി ഉൽപാദിപ്പിക്കന്നതുമായ മഹാരാഷ്‌ട്ര, ആന്ധ്രാ പ്രദേശ്, ഒറീസ, കർണാടക, തമിൾ നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എന്തുകൊണ്ട് അദ്ദേഹം പോയില്ല? ഒരു വ്യവസായി എന്ന നിലയിൽ തികച്ചും ദീർഘവീക്ഷണമുള്ള, കുശാഗ്രബുദ്ധിയായ മുതലാളിയാണ് ഡോ. രാജ്‌മോഹൻ പിള്ള. സ്ഥിതിഗതികൾ വസ്തുനിഷ്ഠമായി മുൻകൂട്ടി കാണാനുള്ള ബുദ്ധിവൈഭവം അദ്ദേഹത്തിനുണ്ട്. കേരളത്തിലെ കശുമാവു കൃഷിസ്ഥലം
വർഷം തോറും കുറഞ്ഞുകൊണ്ടിരിക്കുന്നു. 2005-06 ൽഉണ്ടായിരുന്ന 80,000 ഹെക്റ്റർ കശുമാവ് കൃഷിസ്ഥലം, 2015-16 ആയപ്പോൾ 43,090 ഹെക്റ്റർ ആയി കുറഞ്ഞു. ഇപ്പോൾ അത് വെറും 24661 ഹെക്റ്റ റിൽ ഒതുങ്ങിനിൽക്കുന്നു, തുടർന്നും കുറഞ്ഞുകൊണ്ടേയിരിക്കുന്നു. നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭവും, ഉയർന്ന ജനസാന്ദ്ര തയും റബ്ബർ പ്ലാന്റേഷന്റെ വികസനവും കശുമാവു കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം മഹാരാഷ്‌ട്രയിൽ, 1.16 മില്ലിയൺ ( 1, 166 , 000 ) ഹെക്റ്റർ കശുമാവ് കൃഷിതോട്ടമുഉണ്ട്, അത് കൂടിക്കൊണ്ടിരിക്കുന്നു. ഇടതു പക്ഷ തൊഴിലാളികൾക്ക് അവകാശസമരം നടത്താൻ ഒട്ടുംതന്നെ ശക്തിയില്ലാത്ത മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യവസായം മാറ്റാതിരിക്കാനുള്ള കാരണമെന്ത്? കാര്യത്തിനും കാര്യക്കേടിനും കേരളത്തെ പഴിക്കാൻ പഴുതുനോക്കുന്നവർ കാണാത്ത, വേദനിപ്പിക്കുന്ന ഒരു സത്യം ബോധ്യപ്പെടാൻ കേന്ദ്ര ബജറ്റ് പരിശോധിച്ചാൽ മതി. കോവിഡ് -19 അടച്ചുപൂട്ടിയ കശുവണ്ടി വ്യവസായം പുനരുദ്ധരിക്കാൻ കേന്ദ്ര ബഡ്‌ജറ്റിൽ യാതൊരു തുകയും വകകൊള്ളിച്ചിരുന്നില്ല.
വിയറ്റ്നാമിൽനിന്നും മറ്റുമുള്ള ഗുണനിലവാരം കുറഞ്ഞ കശുവണ്ടി ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണങ്ങളേർപ്പെടുത്തിയില്ല.
ഈ പ്രതികൂല സാഹചര്യങ്ങളിൽ ഈ വ്യവസായം ലാഭകരമല്ലെന്നുള്ള തിരിച്ചറിവ് ഏതു വ്യവസായിക്കുമുണ്ടാകും. ഒരു മുതലാളിയുടെ സ്വാഭാവിക ലക്ഷ്യം, നാടുനന്നാക്കലോ തൊഴലാളി സംരക്ഷണമോ അല്ല ലാഭം ഉണ്ടാക്കുകയാണ്. കൂടുതൽ ലാഭം കിട്ടുന്നിടത്തേക്ക് അയാൾ 'ഓടും'.ഡോ. രാമചന്ദ്രൻ പിള്ള 'ഓടിയത് ' കേരളത്തിൽ നിന്നു മാത്രമല്ല, വാസ്തവത്തിൽ ഇന്ത്യയിൽ നിന്നാണ്, ഈ ഭൂഖണ്ഡത്തിൽനിന്നുപോലുമാണ്!
കേരളത്തിൽ വവസായ രംഗത്തേക്കാൾ കൂടുതൽ രാഷ്‌ട്രീയ രംഗത്ത് അഭൂതപൂർവമായ കോളിളക്കം സൃഷ്‌ടിച്ച സംഭവമാണ് കീറ്റെക്‌സ് കമ്പനിയുടെ കേരളം വിട്ട് തെലുങ്കാനായിലുള്ള വ്യവസായ മുതൽ മുടക്ക്.സംഭഗതികൾ വസ്‌തുനിഷ്ഠമായി പരിശോധിച്ചാൽ പുറത്തുപറയാത്ത ചില രാഷ്‌ട്രീയ കാരണങ്ങൾ ആ നയം മാറ്റത്തിനുണ്ട്. 1968 -ൽ, എം. സി. ജേക്കബ് ആരംഭിച്ച അന്നാ- കിറ്റെക്സ് കംപനി , 1992 - ൽ, അദ്ദേഹത്തിൻറെ മകൻ സാബു എം. ജേക്കബ്, കിറ്റെക്സ് - ഗാർമെൻറ്സ് നിർമ്മാണ വ്യവസായമാക്കി കൂടുതൽ വിപുലപ്പെടുത്തി. ലോകത്തിലെ തന്നെ രണ്ടാം സ്‌ഥാനം ഈ കമ്പനി നേടിയെടുത്തത് കേരളത്തിലെ വ്യവസായന്തരീക്ഷത്തിൽ തന്നെയാണ്.
2021-ൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ എട്ടു മണ്ഡലങ്ങളിൽ ട്വന്റി-ട്വന്റി സ്‌ഥാനാർഥികളെ നിറുത്തി മത്സരിപ്പിച്ചു. പക്ഷേ, എട്ടു അണ്ഡലങ്ങളിലും ദയനീയമായി പരാജയപ്പെട്ടു. എട്ടുപഞ്ചായത്തുകളുള്ളതിൽ നാലിലും (കാര്യമായ പ്രതിപക്ഷം പോലും ഇല്ലാതെ ) ട്വന്റി- ട്വന്റി അടക്കി ഭരിക്കുന്ന കുന്നത്തുനാട് മണ്ഡലത്തിൽപ്പോലും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട രാഷ്‌ട്രീയദുരന്തം സാബു ജേക്കബിന്റെ കണക്കുകൂട്ടൽ അപ്പാടേ തകർത്തുകളഞ്ഞു. അപ്രതീക്ഷിതവും അവിശ്വസനീയവുമായ ഈ സ്വയംകൃതാനർഥത്തിന്റെ ജാള്യത മറക്കാൻ അദ്ദേഹത്തിന് കേരളം വിടേണ്ടിവന്നു. മറിച്ചു ചിന്തിച്ചുനോക്കൂ, എട്ടു അണ്ഡലങ്ങളിൽ ട്വന്റി-ട്വന്റി വിജയിച്ചിരുന്നെങ്കിൽ! കുറഞ്ഞത് മൂന്നു സ്ഥലത്തെങ്കിലും ജയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ: ഒരുപക്ഷേ, ഭരണപക്ഷത്തോ, അല്ലെങ്കിൽ പ്രതിപക്ഷത്തെങ്കിലുമോ തികഞ്ഞ രാഷ്‌ട്രീയ ശക്തിയായി ട്വന്റി -ട്വന്റി യുടെ അനിഷേധ്യ നേതാവ് സാബു എം. ജേക്കബ് കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമായിരുന്നു, കിറ്റെക്സ് കേരളത്തിൽതന്നെ മുതൽ മുടക്കുമായിരുന്നു!
കേരളത്തിന്റെ വ്യവസായ ‘മുരടിപ്പു ‘ നോക്കി കേരളം 'നശിച്ചു' എന്ന്
തീർപ്പുകൽപ്പിക്കുന്നതിനു മുന്പ് പരിശോധിക്കേണ്ട ചില ചില ജീവിത സൂചകങ്ങളുണ്ട്. ഇന്ത്യയുടെ ദേശീയ സൂചകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ സ്ഥാനം എവിടെയെന്നു പരിശോധിക്കുന്നത് ഈ അവസരത്തിൽ ഉചിതമാണ്.
1 . ലൈഫ് എക് സ് പെക്റ്റൻസി ---കേരളം ഇന്ത്യയിൽ ഒന്നാമത്.
2 . ഓവറോൾ ഹെൽത് പെർഫോമൻസ് --- കേരളം ഇന്ത്യയിൽ ഒന്നാമത്.
3. കൂടിയ ദിവസക്കൂലി --- കേരളം ഇന്ത്യയിൽ ഒന്നാമത്.
4. പെർ കാപിറ്റ ഇൻകം: ദേശീയ വരുമാനത്തേക്കാൾ 60 % കൂടുതൽ --ഇന്ത്യയിൽ ആറാം സ്ഥാനം
5. മെറ്റേർണൽ മോർട്ടാലിറ്റി റേറ്റ്- ഇന്ത്യയിൽ ഏറ്റവും കുറവ് കേരളത്തിൽ
6. ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്- ദേശീയ നിരക്കിനേക്കാൾ വളരെ താഴെ
7. അൺ എംപ്ലോയ്‌മെന്റ് - ദേശീയ നിരക്കിനേക്കാൾ കുറവ്.
8. സാക്ഷരത - ഇന്ത്യയുടെ (U S -ന്റെയും) മുന്നിൽ ( 96 .2 %)
ഈ സൂചകങ്ങൾ കണക്കിലെടുക്കാതെ നടത്തുന്ന വിലയിരുത്തൽ അപ്രസക്തങ്ങളാണ്.
കേരളത്തിന്റെ ഇന്നത്തെ വ്യവസായ മേഖലകൂടി പരിശോധിശോധിക്കേണ്ടിയിരിക്കുന്നു.
** പൊതുസ്ഥാപനമായ കെൽട്രോൺ മുൻ വർഷങ്ങളേക്കാൾ ഉൽപാദനവും ലാഭവും വർദ്ധിപ്പിച്ചു മുന്നേറുന്നു. ( ടേൺ ഓവർ: 522 കോടി രൂപ, ലാഭം: 20 കോടി രൂപ)
** കേരളാ മിനറൽസ് & മെറ്റൽസ് ലിമിറ്റഡ് ഉപ്പേടെയുള്ള 20 പൊതു മേഖലാ
സ്ഥാപനങ്ങൾ അഭൂതപൂർവമായ ഉൽപാദനവും ലാഭവും വർധിപ്പിച്ചുകൊണ്ട്
മുന്നേറുന്നു.
** വ്യവസായ പ്രവർത്തങ്ങൾ സുഗമമാക്കാനുള്ള , " വ്യവസായ സൗഹൃദ "
പരിപാടിയുടെ ഫലമായി , 2019 -ൽ ഇരുപത്തെട്ടാം സ്ഥാനത്തുനിന്ന
കേരളം ഇന്ന് പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർന്നുകഴിഞ്ഞു.
ഇക്കൂട്ടത്തിൽ ചേർത്തു വായിക്കേണ്ടതാണ് വെള്ളൂർ പേപ്പർ ഫാക്ടറിയുടെ രണ്ടാം വരവ്. കോട്ടയം ജില്ലയിലെ വെള്ളൂരിൽ, കേന്ദ്ര സർക്കാർ അടച്ചുപൂട്ടി വിൽക്കാൻ ഇട്ടിരുന്ന ' ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ' കേരള ഗവണ്മെന്റ് ഏറ്റെടുത്തു സജീവമാക്കി. അവിടെ ഇപ്പോൾ , ദിനപത്രങ്ങൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന
45 ജി എസ് എം ന്യൂസ് പ്രിന്റ് ഉല്പാദിപ്പിക്കുന്നു.
പുതിയ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ശക്തിപ്പെട്ടുവരുണ്ട്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ ഒരുലക്ഷം സംരഭങ്ങൾ കേരളത്തിൽ ഉയർന്നു വന്നു. ഇതിനോടകം, കേരളത്തിൽനിന്നുതന്നെ 6337 കോടി രൂപ നിക്ഷേപമായി സമാഹരിച്ചുകഴിഞ്ഞു. 32,000 വനിതകൾ ഉൾപ്പെടെ 2 .25 ലക്ഷം പേർക്ക് പുതുതായി തൊഴിൽ നൽകാൻ കഴിഞ്ഞത്
തികച്ചും അഭിമാനകരമാണ്!
കേരളത്തിന്റെ അഭിമാനകരമായ ഈ മുന്നേറ്റം ജനങ്ങളിലെത്തിക്കാതിരിക്കാൻ "സ്വതന്ത്ര " മലയാള മാദ്ധ്യമങ്ങൾ ബോധപൂർവം കണ്ണടച്ച് ഇരുട്ടു സൃഷ്ടിക്കാറുണ്ട്.
പക്ഷേ , ദി ഹിന്ദു, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയ ദേശീയ ഇംഗിഷ് പത്രങ്ങൾ കേരളത്തിന്റെ വ്യവസായ വിജയം കണക്കു സഹിതം പ്രസിദ്ധീകരിക്കുന്നുണ്ട് !!
ഒറ്റപ്പെട്ട പ്രശ്‌നങ്ങളുണ്ടാകാം, ചുരുക്കം ചില വീഴ്‍ചകളുണ്ടാകാം. അവ ആവുന്നത്ര പരിഹരിച്ചു മുന്നോട്ടുപോകാൻ സർക്കാർ സന്നദ്ധമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ചും, ചെറിയ വീഴ്ചകളെപ്പോലും പർവ്വതീകരിച്ചും, അഭിമാനകരമായ നേട്ടങ്ങളെപ്പോലും തമസ്‌കരിച്ചും എന്നും എന്തിനും കേരളത്തെ പഴിക്കുന്ന നയം ആർക്കും ഗുണകരമല്ല!
# Kerala is on the path of growth- Article by J Mathews