സിസ്റ്റര്‍ അഭയ കൊല്ലപ്പെടുംമുമ്പ് ലൈംഗികപീഡനമേറ്റിരുന്നോ ?
ഈ സംശയം 30 വര്‍ഷം മുമ്പ് അവര്‍ മഠത്തിനുള്ളില്‍ കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ ഉയര്‍ന്നും താഴ്ന്നും കേട്ടതാണ്. എന്താണ് സത്യം ?. ആരാണ് സിസ്റ്ററെ പീഢിപ്പിച്ചത്, പുലര്‍ച്ചെ പഠിക്കാന്‍ എണീറ്റ അഭയ വെള്ളം കുടിക്കാന്‍ ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ അടുക്കളയിലേക്കുപോയശേഷം എങ്ങനെ കിണറ്റില്‍ മരിച്ചുകിടന്നു.....കേസ് തേച്ചുമായ്ച്ചു കളയാന്‍ അദൃശ്യശക്തികള്‍ ചരടുവലികള്‍ നടത്തിയെന്ന കിംവദന്തികള്‍... എല്ലാറ്റിനുമുള്ള ഉത്തരവുമായി ഒരു വക്കീല്‍ എത്തിയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം വക്കീല്‍..
ദൈവത്തിന്റെ വക്കീലിനെ കൈയ്യിലൊന്നു കിട്ടാന്‍ കാത്തിരിക്കയായിരുന്നു. നാലുദിവസം മുമ്പാണ് എന്റെ കൈയ്യിലൊന്നു കിട്ടിയത്. കാത്തുകാത്തിരുന്ന് കിട്ടിയതായതിനാല്‍ പിന്നൊന്നും നോക്കിയില്ല. വക്കീലുമായി ഒറ്റയിരിപ്പ്. മൂന്നു നാളെടുത്തു തീര്‍ത്തുകിട്ടാന്‍. 472 പേജുള്ള പുസ്തകമാണ് 'ദൈവത്തിന്റെ സ്വന്തം വക്കീല്‍ '. നാലാം പതിപ്പ്. കുറ്റങ്ങളും കുറവുകളും ഒക്കെ പരിഹരിച്ച് ഏറ്റവും പുതിയ മാറ്റങ്ങള്‍ ചേര്‍ത്ത് പരിഷ്‌ക്കരിച്ചാണ് പുറത്തിറങ്ങിയിരിക്കുന്നത്. കെട്ടും മട്ടും കൊള്ളാം. നല്ല കവര്‍ചിത്രം. അതിലേറെ പുസ്‌കത്തിന്റെ പേരാണ് ഉഗ്രന്‍ .
വളരെ ചര്‍ച്ച ചെയ്യപ്പെട്ട ദുരന്തമാണ് സിസ്റ്റര്‍ അഭയയുടെ കൊലപാതകം. കോട്ടയത്തെ പയസ്സ് ടെന്‍ത് കോണ്‍വെന്റിനുള്ളിലെ കിണറ്റില്‍ ഒരു പുലര്‍കാലത്ത് കാണപ്പെട്ട ഇരുപത്തിയൊന്നുകാരിയായ കന്യാസ്ത്രീയുടെ മൃതദേഹം 30 വര്‍ഷത്തിനിപ്പുറവും സമൂഹത്തില്‍ ഉണ്ടാക്കുന്ന അലയൊലികള്‍ അതിഭയങ്കരമാണ്. നമ്മുടെ കന്യാസ്ത്രീമഠങ്ങളില്‍ എത്രയോ സന്യാസിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. അതൊക്കെ ഇത്തിരി ഒച്ചയുണ്ടാക്കിയാലും മെല്ലെ കെട്ടടങ്ങുകയാണ്. എന്തുകൊണ്ട് സിസ്റ്റര്‍ അഭയയുടെ മരണം മാത്രം മുപ്പതു വര്‍ഷത്തിനു ശേഷവും ഇങ്ങനെ അടങ്ങാത്ത ഓളങ്ങള്‍ ഉണ്ടാക്കുന്നു ?. ഒറ്റ ഉത്തരമേയുള്ളൂ.ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എന്ന ഒരു ചെറുപ്പക്കാരനെ ദൈവം തന്റെ വക്കീലായി ഭൂമിയിലേക്കു വിട്ടിരിക്കുന്നു. അതെ , ദൈവം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് പലപ്പോഴും വലിയ മഹത്വമൊന്നും പറയാനില്ലാത്തതായിരിക്കും. ബൈബിളിലെ മോസസിനെപ്പോലെ.400 വര്‍ഷത്തെ ഈജിപ്തിന്റെ അടിമത്തതില്‍നിന്ന് യിസ്രയേല്‍ ജനതയെ സ്വാതന്ത്രത്തിലേക്കു നയിക്കാന്‍ , ഫറോയോട് പോരാടാന്‍ ഈശ്വരന്‍ തിരഞ്ഞടുത്ത മോസസ് അടിമകളായ മാതാപിതാക്കള്‍ക്ക് ജനിച്ചവനായിരുന്നു. വിക്കനായിരുന്നു.
നേരെചൊവ്വെ സംസാരിക്കാന്‍ കഴിവില്ലാത്തവന്‍. ജേഷ്ടന്റെ ഇടനിലയില്‍ മാത്രം സംസാരം പൂര്‍ത്തിയാക്കുന്നവന്‍. 40 വര്‍ഷമായി ആടിനെ മേയിച്ച് മരുഭൂമിയില്‍ നരകിച്ചു കഴിഞ്ഞിരുന്നവന്‍. പക്ഷേ ഫറോയെപ്പോലും മുട്ടുകുത്തിക്കാന്‍ മോസസിനു ആര്‍ജവത്വം ഉണ്ടായി. ജോമോന്‍ പുത്തന്‍പുരയ്ക്കലിനും വലിയ മഹത്വങ്ങളൊന്നും അവകാശപ്പെടാനില്ലായിരിക്കും. പക്ഷേ കാല്‍കാശിനു വകയില്ലാഞ്ഞിട്ടും പഠിപ്പില്ലാഞ്ഞിട്ടും ഇന്ത്യയുടെ പരമോന്നത കോടതിവരെപ്പോയി കേസ് വാദിക്കാനും പ്രതികള്‍ക്കു ശിക്ഷവാങ്ങിക്കൊടുക്കാനും കഴിഞ്ഞത് ദൈവത്തിന്റെ സ്വന്തം വക്കീലായി തിരഞ്ഞെടുക്കപ്പെട്ടതുകൊണ്ടു മാത്രമാണ്.
നേരും നെറിയുമുള്ള ഒരു പാവപ്പെട്ട ചെറുപ്പക്കാരന്റെ ആത്മകഥയാണ് ' ദൈവത്തിന്റെ സ്വന്തം വക്കീല്‍ '. 50 വയസ്സിലൊക്കെ ആത്മകഥ എഴുതുന്നവരുണ്ടോ എന്നു പരിഹസിക്കുന്നവരുണ്ട്. വല്ലതുമൊക്കെ എഴുതാനുള്ളവര്‍ക്കല്ലേ ഈ പ്രായത്തില്‍ ആത്മകഥയെഴുതാന്‍ പറ്റുകയുള്ളു. ജീവിതത്തില്‍ ഒരിക്കലും കാണാത്ത, ഒരു ബന്ധവുമില്ലാത്ത ഏതോ ഒരു യുവതിയുടെ മരണത്തിനു പിന്നാലെ കേസും പുലിവാലുമായി നടന്ന് നടന്ന് തേഞ്ഞുപോയ ഒരു പുരുഷായുസ്സുള്ളവന് എഴുതാനുള്ളതാണ് ആത്മകഥ. അല്ലാതെ ഒളിസേവകള്‍ നടത്തുന്നവനും വല്ലവന്റെയും തോളില്‍ കയറി ചെവികടിച്ചു വളര്‍ന്ന് പ്രശസ്തിയുടെ പന്തലിട്ടവനും ചുളുവില്‍ പേരെടുത്തവനും വയസ്സാംകാലത്ത് എഴുതാനുള്ളതല്ല ആത്മകഥ എഴുത്ത്.
നമ്മളിന്നു കാണുന്ന പല ആത്മകഥകളും നുണക്കഥകളാണ്. പൊടിപ്പും തൊങ്ങലും വച്ച , ഫ്രില്ലുവച്ച ഉടുപ്പിടുവിച്ച നഗ്നസത്യങ്ങള്‍.. തുണിയുടുക്കാത്ത കുറേ സത്യങ്ങളാണ് ജോമോന്‍ ഈ ആത്മകഥയിലൂടെ വിളിച്ചുപറയുന്നത്. തന്റെ ഒന്നുമില്ലായ്മയില്‍ ജോമോന്‍ നാണിക്കുന്നില്ല. താന്‍ കോട്ടയം നീണ്ടൂരിലെ താറാവുകാരന്‍ കുട്ടപ്പന്റെ മകനാണെന്നും ആറാംക്‌ളാസ്സുവരെ മാത്രമേ പഠിപ്പുള്ളെന്നും 20വയസ്സുവരെ നാട്ടിലെ ഒന്നാന്തരം കൂലിപ്പണിക്കാരനായിരുന്നെന്നും ലോകത്തോട് ധൈര്യപൂര്‍വ്വം പ്രസ്താവിക്കുന്നുണ്ട് . ജോമോന്റെ ഈ ഒന്നുമില്ലായ്മകളെ അണ്ടര്‍എസ്റ്റിമേറ്റു ചെയ്തതാണ് അഭയക്കേസ് പ്രതികള്‍ക്കു പറ്റിയ പതനത്തിനു കാരണം.
തൂമ്പ എടുത്ത് നീണ്ടൂരിലെ പറമ്പുകളില്‍ ആഞ്ഞുകിളച്ചു പണിചെയ്ത അതേ സത്യസന്ധതയോടെ അഭയകേസിലും ജോമോന്‍ കഠിനാധ്വാനം ചെയ്തു. അതിനിടെ വര്‍ഷങ്ങള്‍ ഓടിപ്പോയത് അറിഞ്ഞില്ല. ഇരുപതുകാരന്‍ മുപ്പതും നാല്‍പ്പതും പിന്നിട്ട് മധ്യവയസ്‌ക്കനായതും അമ്പതുവയസ്സും കഴിഞ്ഞെന്നും അയാള്‍ കാര്യമാക്കിയില്ല. ജീവിതത്തിലെന്തു നേടിയെന്ന വലിയ ചോദ്യത്തിന് ഇതിലും വലുതായി എന്തു നേടാന്‍ എന്ന മറുചോദ്യമാണ് ജോമോന്റെ ഉത്തരം.
ഞാനാദ്യം ജോമോനെ കാണുന്നത് അയാള്‍ക്ക് ഇരുപതു വയസ്സ് മാത്രമുള്ളപ്പോഴാണ്. മുപ്പതു വര്‍ഷത്തിനും അപ്പുറത്ത്. സ്വാതന്ത്ര്യസമരസേനാനി കെ.ഇ. മാമ്മനൊപ്പം .അശരണരായ ഒട്ടേറെ സ്ത്രീകള്‍ക്ക് നീതി നടപ്പാക്കാന്‍ ഓടിനടന്ന ആളായിരുന്നു കെ.ഇ. മാമ്മന്‍. അതുകൊണ്ടുതന്നെ അദ്ദേഹവുമായി അടുത്തിടപെടേണ്ടി വന്നിട്ടുണ്ട്. കോട്ടയത്തിന്റെ മുക്കിലും മൂലയിലും അന്നൊക്കെ ജോമോനുണ്ടായിരുന്നു. ഒപ്പം പൊതുപ്രവര്‍ത്തകരായ ആരെങ്കിലും ഒക്കെ കാണും. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ശേഷം ആക്ഷന്‍ കമ്മിറ്റി കണ്‍വീനറായി പ്രവര്‍ത്തനം തുടങ്ങി ജോമോന്‍ സജീവമായപ്പോള്‍,' ചുമ്മാ ഒരു പ്രഹസനം 'എന്ന് എല്ലാവരെയുംപോലെ ഞാനും കരുതി. അന്ന് ജോമോന്‍ ബിഗ് സീറോയായിരുന്നു. മുപ്പതു വര്‍ഷത്തിനിപ്പുറം ലോകമറിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായി അതി പ്രശസ്തനായിക്കഴിഞ്ഞിരിക്കുന്നു. ലോകചരിത്രത്തില്‍പ്പോലും സമാനതകളില്ലാത്ത ഒരു പോരാട്ടം. നിയമപരിജ്ഞാനത്തില്‍ സുപ്രിംകോടതിയിലെ അഭിഭാഷകര്‍പ്പോലും അമ്പരന്നുപോകുന്ന അറിവ്.
ജോമോന്‍ ഒറ്റയ്ക്ക് എതിരിട്ടത് ഒരു സൈന്യത്തോടായിരുന്നു. പടച്ചട്ടയൊക്കെ അണിഞ്ഞുനില്‍ക്കുന്ന മല്ലനായ ഗോല്യാത്തിന്റെ മുന്നില്‍ ഒരു കവണയും അഞ്ചു കല്ലും പിടിച്ചുനില്‍ക്കുന്ന ബാലനായ ഡേവിഡ് മാത്രമായിരുന്നു ജോമോനന്ന്. സ്ഥാനമാനങ്ങളുംപഠിപ്പും പണവും സ്വാധീനവും ബന്ധങ്ങളുമുള്ള പ്രതികള്‍ക്കുമുന്നില്‍ അതൊന്നുമില്ലാതെ ഒരു പയ്യന്‍. പക്ഷേ ഇച്ഛാശക്തിയുടെയും ധൈര്യത്തിന്റെയും മാത്രം കരുത്തില്‍ ജോമോന്‍ പോരാട്ടത്തിനിറങ്ങി. ഈ അനുഭവങ്ങളൊക്കെ നമ്മള്‍ക്ക് ഈ പുസ്തകത്തില്‍ വായിക്കാം.
മഷിക്കുപകരം ജീവരക്തംകൊണ്ടാണ് ജോമോന്‍ ഈ പുസ്തകം എഴുതിയിരിക്കുന്നത്. കാരണം ഈ 30 വര്‍ഷത്തെ കഠിനമായ യാത്രയില്‍ മരണത്തെ പലവട്ടം നേരില്‍ കണ്ടവനാണ് അദ്ദേഹം. പ്രതികളുടെ ഭീഷണി, സ്വന്തം ജേഷ്ടന്‍തന്നെ ജോമോനെ കൊല്ലാന്‍വേണ്ടി കൈക്കോടാലിക്കു ഇടുപ്പിനു വെട്ടി മരണാസന്നനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ മാസങ്ങള്‍ കിടന്നത്.. ഇടുപ്പിലെ ആ വലിയ വടുവുമായിട്ടാണ് ജോമോന്റെ ജീവിതം. സ്വന്തം പിതാവുപോലും തള്ളിപ്പറഞ്ഞു. കേസു നടത്താന്‍ കാല്‍കാശ് കൈയ്യിലില്ലാതെ വലഞ്ഞ് പിതൃസ്വത്തായി കിട്ടിയ ആകെയുള്ള സ്വത്തായ ആറുസെന്റു ഭൂമി വില്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ കേട്ടറിഞ്ഞ് ഒപ്പം നിന്ന് സഹായിച്ച നന്‍മനിറഞ്ഞ കുറെ മനുഷ്യര്‍. അവരില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജുള്‍പ്പടെയുള്ളവരുണ്ട്. വിദേശമലയാളികളുണ്ട്. കേസിന്റെ മറവില്‍ ലക്ഷങ്ങള്‍ ഉണ്ടാക്കിയെന്നു അപവാദം പറഞ്ഞവര്‍ക്കു മുന്നിലേക്ക് അക്കൗണ്ടിലെ വരവുചെലവുകണക്ക് വലിച്ചെറിഞ്ഞുകൊടുത്താണ് ജോമോന്‍ മറുപടി നല്‍കിയത്. പലരുടെയും ഔദാര്യത്തിലായിരുന്നു കേസിന്റെയും തന്റെയും ജീവിതം മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്നത്..
എന്തിനാണ് സ്വന്തം സഭയ്‌ക്കെതിരെ ഇങ്ങനെ പോരാടുന്നതെന്ന് ചോദിക്കുന്നവരോട് , ക്‌നാനായ സഭയോടല്ല, അതിലെ പുഴുക്കുത്തുകളോടുമാത്രമാണ് പോരാടുന്നത് എന്ന് ജോമോന്‍ പറയുമ്പോള്‍ നമ്മള്‍ക്കെല്ലാം മനസ്സിലാകും. സമാനതകളില്ലാത്ത ഒരു പോരാട്ടമാണിത്. യൗവ്വനം മധ്യവയസ്സില്‍നിന്ന് മുന്നോട്ട് കുതിക്കുമ്പോഴും ഏകാകിയാണ് ഈ മനുഷ്യന്‍. മുകളില്‍ ആകാശം, താഴെ ഭൂമി. വിവാഹം കഴിച്ചില്ല, ലൗകികസുഖങ്ങള്‍ക്കു പിന്നാലെ പോയില്ല, ദുഷ്‌പേരു കേള്‍പ്പിച്ചില്ല. ജീവിതം ഒരു തുറന്ന പുസ്തകം.ആര്‍ക്കും വായിച്ചറിയാവുന്ന പുസ്തകം. അതാണിപ്പോള്‍ നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ശത്രുക്കള്‍ക്കുപോലും ആരോപണം പറയാന്‍ ഇടകൊടുക്കാതെ ഓരോ കാല്‍വയ്പ്പും കരുതലോടെ. രാവുകളില്‍ ഉറക്കമൊഴിഞ്ഞ് കേസു വായിച്ചുപഠിച്ച് , പലകോടതികളിലും സ്വന്തമായി കേസ് വാദിച്ച്, അഭിഭാഷകരെയും ന്യായാധിപരെയും ഞെട്ടിച്ചു കളഞ്ഞ ഈ ആറാംക്‌ളാസ്സുകാരന്‍ അങ്ങനെയങ്ങനെ ദൈവത്തിന്റെ സ്വന്തം വക്കീലായി ! സമാനതകളില്ലാത്ത വക്കീല്‍..
പ്രതികളുടെ മാത്രമല്ല , നമ്മള്‍ ബഹുമാനിച്ചിരുന്ന സമൂഹത്തിലെ പല ഉന്നതരുടെയും വിശുദ്ധരുടെയും ന്യായാധിപന്‍മാരുടെയും ആരുമറിയാത്ത , ബീഭത്സമുഖം വലിച്ചുകീറി ഭിത്തിയിലൊട്ടിച്ചിട്ടുണ്ട് ഈ പുസ്തകത്തില്‍. കേസ് തേച്ചുമായിച്ചു കളയാന്‍ ഉന്നതര്‍പോലും നടത്തിയ കുത്സിത ശ്രമങ്ങള്‍... വായിക്കണം. വായിച്ചാലെ അഭയക്കേസിലെ കേട്ടുകേള്‍വി മാത്രമുള്ള പല അര്‍ധസത്യങ്ങളുടെയും ശരിയായ മുഖം നേരില്‍ കാണാനാവൂ. പലരുടെയും ചിത്രങ്ങള്‍ സഹിതം തുറന്നെഴുതിയിട്ടും ഒരാള്‍പോലും മാനനഷ്ടക്കേസുമായി രംഗത്തു വന്നിട്ടില്ലെന്നത് ആരുടെ പക്കലാണ് സത്യമെന്നത് വെളിവാക്കുന്നു. ജോമോന്റെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൊറിയറായി പുസ്തകം എത്തിച്ചുകിട്ടും.
ആത്മാവിനെ തീപ്പിടിപ്പിക്കും എന്നൊക്കെ കേട്ടിട്ടില്ലേ ,വായിച്ചുതീരുമ്പോള്‍ അത്തരമൊരു അഗ്നിയ്ക്കു നടുവിലായിപ്പോകും നമ്മള്‍.. ഈ കൊച്ചുകേരളത്തില്‍ നടക്കുന്ന അനീതികളുടെയും കള്ളസാക്ഷികളുടെയും അവിശുദ്ധകൂട്ടുകെട്ടുകളുടെയും നേര്‍ച്ചിത്രം അടുത്തറിയുക.
# Was Sister Abhaya sexually assaulted before she was killed?- article by Jolly Adimathra