Image

അപമാനിതമാകുന്ന ക്രിസ്തീയ സഭകൾ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 62)

Published on 15 December, 2022
അപമാനിതമാകുന്ന ക്രിസ്തീയ സഭകൾ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 62)

കേരളത്തിലെ ക്രൈസ്തവർ രണ്ടായിരം വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്നവരാണ്. ക്രിസ്തു ശിഷ്യനായ തോമസ് ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ വന്നുവെന്നും പലരെയും മാമോദീസ നൽകി ക്രിസ്തുമതത്തിലേക്കു ചേർത്തുവെന്നും പള്ളികൾ സ്ഥാപിച്ചു എന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ പതിനാറാം നൂറ്റാണ്ടു വരെ ഒരു സഭയായി ഒരു തലവന്റെ കീഴിലുള്ള ഭരണക്രമമല്ല ഉണ്ടായിരുന്നത്. പ്രാദേശികമായി സഭകൾ ഭരിച്ചിരുന്ന അർക്കദിയോക്കന്മാരുടെ കീഴിലാണ് ഈ സഭ നിലകൊണ്ടത്. എന്നാൽ പതിനാറാം നൂറ്റാണ്ടിൽ വന്ന പോർച്ചുഗീസ് മിഷനറിമാർ ഈ അർക്കദിയോക്കൻമാരെ സ്വാധീനിച്ചു ഭൂരിഭാഗം പേരെയും റോമൻ സഭയുടെ കീഴിൽ കൊണ്ട് കെട്ടി. എന്നാൽ വെറും 54 വർഷങ്ങൾ മാത്രമേ ആ മേൽക്കോയ്മ നിലനിന്നുള്ളൂ. ആ മേധാവിത്വം തിരസ്‌കരിച്ചുകൊണ്ട് സഭ ഒന്നടങ്കം തിരിച്ചു പേർഷ്യൻ ആരാധനാ സമ്പ്രദായം ശീലിച്ചിരുന്ന പഴയ സഭയിലേക്കു തന്നെ മടങ്ങി വന്നു. 

എന്നാൽ റോമൻ മിഷനറിമാർ വെറുതെയിരുന്നില്ല. അവർ വീണ്ടും സ്വാധീനം ചെലുത്തി പ്രാദേശികമായി പല സ്ഥലത്തെയും സഭയെ വീണ്ടും റോമൻ സഭയുടെ കീഴിലേക്ക് കൊണ്ടുപോയി. അങ്ങനെ റോമൻ സഭ കേരളത്തിൽ ശക്തിയാർജ്ജിച്ചു. വീണ്ടും റോമൻ സഭയിലേക്കു പോകാതെ തദ്ദേശീയമായി നിലകൊണ്ട സഭ പിന്നീട് അന്ത്യോഖ്യൻ പാത്രിയർക്കീസിന്റെ സഹായം സ്വീകരിച്ചതും ഈ സഭയിൽ നിന്നും പൊഴിഞ്ഞു പോയി പല പുതിയ സഭകളും രൂപം കൊണ്ടതുമെല്ലാം ചരിത്രത്തിന്റെ ഭാഗം മാത്രം. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന സംസ്ക്കാരത്തിൽ വേരിൽ പൊട്ടിക്കിളുത്ത് അനേകം വേറിട്ട സഭകളും പിന്നീട് ജന്മമെടുത്തു. 

ബ്രിട്ടീഷ് മിഷനറിമാർ വന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ക്രമേണ ആതുര സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും ക്രിസ്തീയ സഭകൾ വലിയ നിക്ഷേപം നടത്തിയതോടെ സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. ക്രമേണ ക്രിസ്തീയ സഭകളുടെ സ്വാധീനവും സമൂഹത്തിൽ വർദ്ധിച്ചു. ജാതിമത വ്യത്യാസമില്ലാതെ ക്രിസ്‌തീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചു മിടുക്കരായവർ സമൂഹത്തിൽ തലപ്പത്തെത്തിയതോടെ ഈ സ്ഥാപനങ്ങളുടെ പേരും പെരുമയും വർദ്ധിച്ചു. ഈ സ്ഥാപനങ്ങളെ നിയന്ത്രിച്ചിരുന്നത് പ്രധാനമായും ആത്മാർഥമായി പ്രവർത്തിച്ചിരുന്ന ക്രിസ്തീയ പുരോഹിതന്മാരായിരുന്നു. 

അതുപോലെ തന്നെ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയും ധാരാളം കർഷകർ മദ്ധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലേക്കും കിഴക്കൻ മലയോര മേഖലകളിലേക്കും കുടിയേറി. പലവിധ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കേണ്ടി വന്ന ഈ കർഷകർക്ക് താങ്ങും തണലുമായി നിൽക്കുകയും അവരുടെ ആത്മീയ കാര്യങ്ങളിൽ പ്രതിഫലേഛ കൂടാതെ നേതൃത്വം നൽകുകയും ചെയ്തത് അവർ വിശ്വസിക്കുന്ന സഭയിലെ പുരോഹിതന്മാരായിരുന്നു. ഇവർ നാട്ടിൻപുറത്തു സാമൂഹികമായ പ്രശ്നങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ ഇടപെടുകയും ജനങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ സമൂഹത്തിൽ ക്രിസ്തീയ പുരോഹിതന്മാർക്ക് വലിയ ബഹുമാനം ലഭിച്ചിരുന്നു. പല വിഷയങ്ങളിലും അവസാന വാക്ക് ഇവരുടേതായിരുന്നു. തെരുവിലെ ഗുണ്ടയായാൽ പോലും കുപ്പായമിട്ട പുരോഹിതനെ കണ്ടാൽ ഓച്ഛാനിച്ചു നിൽക്കുമായിരുന്നു എന്നതാണ് സത്യം. ജനങ്ങൾ അവർക്കുള്ളതിൽ നിന്നും എന്തെങ്കിലും കൊടുത്താൽ അതുകൊണ്ടാണ് കഷ്ടിച്ച് ഇവർ കഴിഞ്ഞു പോയിരുന്നത്. 

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഗൾഫ് നാടുകളിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും സഭാ മക്കൾ എത്തിപ്പറ്റിയതോടെ അവരുടെ വീടുകളിലെ  സാമ്പത്തികം  മെച്ചപ്പെട്ടു. വീടുകൾ പ്രൗഢഗംഭീരമായി. ദേവാലയങ്ങൾ മോടിപിടിപ്പിക്കപ്പെട്ടു. അരമനകളിൽ പണം വന്നു കൂടിയതോടെ കിഴക്കു തോട്ടങ്ങൾ വാങ്ങുകയോ സ്‌കൂളുകളും കോളേജുകളും പണികഴിപ്പിക്കുകയോ ചെയ്യുന്നത് സാധാരണയായി. കൂദാശ കർമങ്ങൾക്കു ജനങ്ങൾ കൊടുക്കുന്ന സംഭാവന പതിന്മടങ്ങു വർദ്ധിച്ചപ്പോൾ പൗരോഹിത്യം സേവനത്തേക്കാളുപരി ആകർഷകമായ ഒരു തൊഴിലായി മാറി.

അരമനകളിലും പരോഹിത്യ ജീവിതത്തിലും സുഖലോലുപത അംഗീകരിക്കപ്പെട്ട രീതികളായതോടെ പണത്തോട് ഇവർക്കുള്ള ആർത്തി വർദ്ധിച്ചു. ദേവാലയങ്ങൾക്കു കൂടുതൽ സ്വത്തു സമ്പാദിക്കാൻ ഇവർ മത്സരിച്ചു പ്രവർത്തിച്ചു. അങ്ങനെ നഗരത്തിൽ കണ്ണായ സ്ഥലത്തു വിലപിടിപ്പുള്ള വസ്തുക്കളും കെട്ടിടങ്ങളും ഇവർ വാങ്ങിക്കൂട്ടി. ജനങ്ങളിൽ നിന്നും കൂടുതൽ ആകർഷകമായ രീതിയിൽ പണം ലഭിക്കാനായി 'ചാരിറ്റി' പ്രസ്ഥാനങ്ങൾ രൂപികരിച്ച്‌ അവയുടെ തലപ്പത്ത് ഇവർ സ്വയം അവരോധിതരായി. ആത്മീയത ആലങ്കാരികമാകുകയും ധനസമ്പാദനം ആത്മാർഥമാകുകയും ചെയ്‌തതോടെ കൂദാശ കർമങ്ങൾ പോലും വെറും 'കർമങ്ങൾ' ആകുകയും ചെയ്‌തു. 

ഇതിനിടയിലാണ് പല വൈദികരും വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ കേസുകളുണ്ടാകുന്നത്. ബിഷപ്പ് പോലും ക്രിസ്‌തുവിന്റെ മണവാട്ടിയായ കന്യാസ്ത്രീക്കിട്ടു പണികൊടുത്തു സഭയ്ക്ക് പേരുദോഷമുണ്ടാക്കി. മറ്റൊരു ബിഷപ്പ് മണൽ കടത്തിയതിന്റെ പേരിൽ തമിഴ്‌നാട്ടിൽ അറസ്റ്റിലായി. വേറൊരു ബിഷപ്പ് കള്ളപ്പണം കുമിഞ്ഞുകൂട്ടി വച്ചതിനു റെയ്‌ഡ്‌ നടത്തിയപ്പോൾ അദ്ദേഹം നടത്തിയിരുന്ന ആശുപത്രിയുടെ പാർക്കിംഗ് ലോട്ടിൽ കിടന്ന ഒരു കാറിന്റെ ട്രങ്കിൽ നിന്നും പിടിച്ചെടുത്തത് 15 കോടിയാണ്. ഇതെല്ലാം പല ക്രൈസ്തവ സഭകളുടെ മേധാവികളിൽ നിന്നാണെന്നു കാണുമ്പോൾ ആരും ഇക്കാര്യത്തിൽ വിഭിന്നമല്ല എന്ന് മനസ്സിലാകും. 

ക്രിസ്‌തു പഠിപ്പിച്ച സ്നേഹവും സാഹോദര്യവും വാക്കുകളിൽ മാത്രം ഒതുക്കി സഭകൾ തമ്മിൽ പോലും കേസുകളും വഴക്കുകളും നിത്യ സംഭവമായി. അരമനകളിൽ വാഴുന്ന തിരുമേനിമാർക്കു പലർക്കും കോടതികളിൽ നിന്നും ഇറങ്ങാൻ സമയമില്ലാതായി. ദേവാലയങ്ങളുടെ ഉടമസ്ഥത തന്റെ സഭയുടേതാണെന്നു രണ്ടു സഭകളിലെയും തിരുമേനിമാർ അന്യോന്യം ആക്രോശിച്ചു. അവർക്കുവേണ്ടി വാദിക്കാൻ എത്തിയ അഭിഭാഷകർക്കു വേണ്ടി കോടികൾ മുടക്കി. കോടതി വിധിച്ചാലും കൊടുക്കില്ലെന്നു പറഞ്ഞു തെരുവിൽ സമരം നടത്തി. 

ളോഹയിട്ട പാതിരിമാരും ചുവന്ന കുപ്പായമിട്ട മെത്രാന്മാരും പച്ചത്തെറി പറയുന്നതുകേട്ടു സ്ഥിരം തെറി പറയുന്ന പോലീസുകാർ പോലും നാണിച്ചുപോയി. ശവസംസ്കാരത്തിനു സെമിത്തേരിയിലേക്കു കൊണ്ടുവന്ന ഒരു വൈദികന്റെ മൃതദേഹം പോലും പൊക്കിയെടുത്തു വായുവിലേക്കെറിഞ്ഞിട്ടു 'വിശ്വാസികൾ' തമ്മിലടിച്ചു. കൂട്ടത്തല്ലിനു നേതൃത്വം കൊടുക്കാൻ കുപ്പായം മടക്കിക്കുത്തി നിർദ്ദേശം നൽകുന്ന പുരോഹിതരെയും ജനങ്ങൾ കണ്ടു. 

അതിൽ ഒരു സഭയുടെ നേതൃത്വം മാറിയപ്പോൾ വെടിനിർത്തിയതാണോ കോടതി കൊടുത്തിട്ടും ഉടമസ്ഥാവകാശം വേണ്ടെന്നു വച്ചതാണോ എന്നറിയില്ല, ഏതായാലും കോലാഹലമൊന്നും കേൾക്കുന്നില്ലല്ലോ എന്ന് കരുതി സമാധാനിച്ചിരുന്നപ്പോൾ ഇതാ വന്നിരിക്കുന്നു അടുത്ത പ്രശ്‌നം! കുർബ്ബാന ചെല്ലുന്നത് ജനാഭിമുഖമാകണോ അൾത്താരാഭിമുഖമാകണോ? 

ഇത് രണ്ടും രണ്ടു സഭകളാണെങ്കിലും സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം എല്ലാം ക്രിസ്‌തീയ സഭകളാണ്. ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ തമ്മിലുള്ള വഴക്കിൽ കോട്ടയത്തിനു തെക്കുള്ളവർ ഓർത്തഡോക്‌സ് പക്ഷത്തും കോട്ടയത്തിനു വടക്കുള്ളവർ യാക്കോബായ പക്ഷത്തും നിൽക്കുന്നതുപോലെ സീറോ മലബാർ സഭയിൽ എറണാകുളത്തിനു തെക്കും വടക്കുമായി രണ്ടു ചേരികളായി തെരുവിൽ ഏറ്റു മുട്ടുന്നു. ഇപ്പോൾ ഒരു ബിഷപ്പ് സുരക്ഷയ്ക്കായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുകയാണ്. 

ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ സഭയിൽ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പല സുന്നഹദോസുകളിൽ കൂടി ചർച്ച ചെയ്‌തു തീരുമാനമെടുത്തു നടപ്പിലാക്കിയിട്ടുള്ളതാണ്. ആദിമ കാലത്ത് എല്ലാ സഭകളും കൂടി അന്ത്യോഖ്യ, അലക്സാൻഡ്രിയ, കോൺസ്റ്റാന്റിനോപ്പിൾ, റോം, യെരുശലേം എന്നീ കേന്ദ്രങ്ങളിലായി അഞ്ചു പാത്രിയർക്കീസുമാരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എന്നാൽ പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി റോം മറ്റുള്ളവരുമായി തെറ്റിപ്പിരിയുകയും അവർ പൂർണമായും സ്വതന്ത്രമായി സഭ വിവിധ രാജ്യങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ റോമൻ സഭ ഉൾപ്പെടെ എല്ലാ സഭകളും കാലാകാലങ്ങളായി വേണ്ടിവരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് അവ നടപ്പിലാക്കുകയുണ്ടായി. അവയൊക്കെയും കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. റോമൻ കത്തോലിക്കാ സഭയിൽ മലയാളത്തിൽ കുർബ്ബാന അർപ്പിക്കാൻ തുടങ്ങിയതുപോലും അതിന്റെ ഭാഗമായിരുന്നു. 

ജനങ്ങൾ കണ്ടു പരിശീലിച്ച ജനാഭിമുഖ കുർബ്ബാന പെട്ടെന്ന് അൾത്താരാഭിമുഖമാക്കുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. എന്നാൽ ചുമതലപ്പെട്ടവർ ‘എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം’ എന്ന് വിശ്വാസികളോട് പറയാൻ ബാധ്യസ്ഥരാണ്. വേദശാത്രപരമായി അതിന്റെ കാരണങ്ങൾ സമയാനുസൃതം വിശദീകരിച്ചാൽ മാത്രം മതിയാകുമായിരുന്നു. ബൈബിളിൽ പഴയ നിയമത്തിൽ ബലിയർപ്പിച്ചിരുന്നത് ബലിപീഠത്തിനഭിമുഖമായി മാത്രമായിരുന്നു. യെരുശലേം ദേവാലയത്തിൽ അതിവിശുദ്ധ സ്ഥലത്തു പോലും ബലി അർപ്പിച്ചത് അൾത്താരാഭിമുഖമായിരുന്നു. അൾത്താരയ്ക്കു പുറം തിരിഞ്ഞു നിന്ന് ബലിയർപ്പിച്ചതായി എങ്ങും കാണുന്നില്ല. എന്നാൽ പരമ്പരാഗതമായി അങ്ങനെയൊരു പ്രാക്‌ടീസ്‌ ആണ് സഭയിൽ നിലനിന്നിരുന്നത്. അത് മാറ്റി ശരിയായ രീതിയിൽ അനുഷ്ടിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത് എന്നാണ് ഈ മാറ്റം കൊണ്ടുവരാൻ നേതൃത്വം കൊടുക്കുന്നവർ പറയുന്നത്. 

എന്തുതന്നെയായാലും ബസലിക്ക അടച്ചുപൂട്ടാനും ബിഷപ്പിനെ കയ്യേറ്റം ചെയ്യാനും നടത്തിയ ശ്രമങ്ങൾ അപലപിക്കേണ്ടതുതന്നെയാണ്. 

എങ്ങനെ ബലി അർപ്പിക്കണം എന്നത് വിശ്വാസികളല്ല തീരുമാനിക്കേണ്ടത്. അത് വേദശാസ്ത്രപരമായി കൂടുതൽ വിവരമുള്ളവർ കൂട്ടായി തീരുമാനിച്ച്‌ അധികാരപ്പെട്ടവരുടെ അനുമതിയോടെ നടപ്പാക്കട്ടെ.
എന്ത് തന്നെയായാലും പുരോഹിതന്മാരെപ്പറ്റിയുള്ള ബഹുമാനം സമൂഹത്തിൽ നിന്നും ഇപ്പോൾ അന്യം നിന്നിരിക്കയാണ്. ഇതിന്റെ ഉത്തരവാദിത്വം മുഖ്യമായും ജനങ്ങളിൽ നിന്നും അകന്ന പുരോഹിത വർഗത്തിന് തന്നെയാണ്. വീടില്ലാതെ അനേക കുടുംബങ്ങൾ പെരുവഴിയിലും കടത്തിണ്ണകളിലും കിടന്നുറങ്ങുമ്പോൾ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ലൈംഗിക പീഢന കേസുകൾ ഒതുക്കി തീർക്കാൻ കോടികൾ സഭ ചെലവഴിക്കുന്നത് കാണുമ്പോൾ വിശ്വാസികൾ സഭയുടെ ലക്ഷ്യത്തെ സംശയിക്കുന്നതിൽ തെറ്റ് പറയാനാകുമോ?

സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം വിശ്വാസികളിൽ ആശയ വിനിമയം ദ്രുതമാക്കിയതോടെ സഭാ നേതൃത്വത്തിന് പല കാര്യങ്ങളും ഒളിച്ചുവയ്ക്കാനാകാതെ വന്നു. ഒരു ഞായറാഴ്ച പോലും കുർബ്ബാനയിൽ സംബന്ധിക്കാതിരിക്കരുതെന്നും പോയില്ലെങ്കിൽ കടമാകുമെന്നും പഠിപ്പിച്ച സഭ കോവിഡ് കാരണം ഒന്നര വർഷം ദേവാലയങ്ങൾ അടച്ചിട്ടപ്പോൾ കടങ്ങളെല്ലാം 'ഹോൾസെയിൽ' ആയി എഴുതിത്തള്ളേണ്ടി വന്നു. മൊബൈൽ ഫോൺ പള്ളിയിൽ കൊണ്ടുവരരുതെന്നു ശഠിച്ചവർ പള്ളി അടച്ചിട്ടപ്പോൾ നിർബന്ധമായും ഫോൺ വാങ്ങി കുർബ്ബാന വീട്ടിലിരുന്നു കാണണമെന്നു പറഞ്ഞതും നാം കണ്ടു. 

പാവപ്പെട്ടവരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ചേർത്ത് നിർത്തേണ്ട സഭ അവരുടെ നേരെ കണ്ണടയ്ക്കുകയും ധനികരായവരെ ചേർത്ത് നിർത്തുകയും ചെയ്യുമ്പോൾ  മതങ്ങളെല്ലാം ലാഭമേറിയ വെറും ബിസിനസ്സ് സംരംഭങ്ങളാണെന്നു ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങുന്നു. യുവാക്കൾ സോഷ്യൽ മീഡിയയിൽ സമയംചെലവഴിക്കുന്നു എന്ന് കുറ്റപ്പെടുത്തുന്ന പിതാക്കന്മാർ അരമനകളിൽ ഫേസ്ബുക്കിലും വാട്ട്സാപ്പിലും ദിവസത്തിന്റെ സിംഹഭാഗവുംചെലവഴിക്കുന്നത് കാണുന്ന യുവാക്കൾ ചിരിക്കുന്നത് അവർ അറിയുന്നില്ല. വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്ന 'വിശ്വാസികൾ' മാറ്റി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. യുവാക്കൾ കൂട്ടമായി സഭയിൽ നിന്നും അകന്നു കഴിഞ്ഞിരിക്കുന്നു. 

ക്രിസ്തീയ സഭകൾ ഇന്ന് സമൂഹത്തിൽ അപമാനിതരാകുകയും പുരോഹിതർ അനഭിമതരാകുകയും ചെയ്തിരിക്കുന്നു. ഇതിനു മാറ്റം സംഭവിക്കണം. സഭാ നേതൃത്വം ജനങ്ങളിലേക്ക് ഇറങ്ങി വരികയും ക്രിസ്തുവിനെപ്പോലെ അവരെ ചേർത്ത് നിർത്തുകയും വേണം. തമ്മിലടി നിർത്തി സ്നേഹത്തിന്റെ അപ്പൊസ്‌തോലന്മാരായേ മതിയാവൂ. വിട്ടുവീഴ്ചയില്ലാതെ കടുംപിടുത്തതിൽ ഉറച്ചു നിന്ന് കോടതികളിൽ മാത്രം അഭയം പ്രാപിച്ചു മുന്നോട്ടു പോയാൽ ക്രിസ്തീയത നഷ്ടപ്പെട്ടതുപോലെ കാലിനടിയിലെ മണ്ണൊലിച്ചു പൊയ്ക്കൊണ്ടിരിക്കയാണെന്ന സത്യം മനസ്സിലാക്കണം. അമാന്തിച്ചാൽ പടുത്തുയർത്തിയിരിക്കുന്ന ദേവാലയ സൗധങ്ങൾ പായൽ പിടിച്ചു നോക്കുകുത്തികളായി മാറുന്ന കാലം വിദൂരമല്ല.
_______________

Join WhatsApp News
jacob 2022-12-15 23:21:57
Very good writing about the status of churches in Kerala.
Mr Christian 2022-12-15 23:32:33
Excellent article. Everything mentioned is true
Delsy 2022-12-16 00:55:58
True!!! It was refreshing to read an article that talked every religion with no bias in denominations. Best wishes and we expect more!!
Prakash 2022-12-16 01:35:27
ക്രിസ്തീയ സഭകളുടെ സംഭാവനകൾ ആദ്യം തന്നെ എഴുതിയത് വളരെ നന്നായി. ചരിത്രപരമായി വളരെ ചുരുക്കിയാണെങ്കിലും എഴുതിയതുകൊണ്ട് കൂടുതൽ കാര്യങ്ങൾ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ സത്യസന്ധമായി എഴുതിയിരിക്കുന്നു. പുരോഹിതവർഗ്ഗത്തിന്റെ കാര്യം എഴുതിയത് നൂറു ശതമാനം ശരിയാണ്. യുവാക്കൾ സഭയിൽ നിന്നും അകന്നു പോയിരിക്കുന്നു. എന്റെ ഒരു മകൻ അൾത്താരയിൽ ശുശ്രൂഷകൻ ആയിരുന്നു. ഒരു ഞായറാഴ്ച അവൻ താടി വളർത്തിയിരുന്നു എന്നു പറഞ് അവനെ അച്ചൻ മദ്ബഹയിൽ നിന്നും ഇറക്കി വിട്ടു. ഇപ്പോൾ അവൻ പള്ളിയിൽ പോകാറില്ല. ഉത്തരവാദപ്പെട്ടവരുടെ കണ്ണുതുറപ്പിക്കാൻ തക്ക നല്ല ഒരു ലേഖനം എഴുതിയ ശ്രീ പാറയ്ക്കലിന് അഭിനന്ദനങ്ങൾ.
Ninan Mathullah 2022-12-16 02:55:11
https://emalayalee.com/vartha/279903 https://emalayalee.com/vartha/279899 Read both the articles - one by Mr. Sudhir about Sam C Kodumon stories, and the other by Mr. Babu Paarackkal about Christian Churches. Excellent presentation of things happening around. Babu Paarackal's observation very keen, and knowledge of Church history commendable, and Mr. Sudhir's review of Sam C Kodumon stories excellent. Too many articles to read and too little time to respond to all for me. So, I am responding to two articles in one comment. Recently I saw a picture of the universe ('prapancham'). In it the Earth appeared as a little smaller than a pinhead. For many they themselves are the center of their own world. Then they fail to see the whole picture or a bird's eye view of things around. Sam C Kodumon, just as we all do see things close up. Then we fail to see the whole picture. We need both views to understand life around, its meaning and purpose. If not we will be like four blinds felt a elephant, and had distorted view of the elephant. best wishes.
Father wounds and Reparation 2022-12-16 16:00:27
Listening to the news stories ,time for each believer to also ask , what we owe The Lord - who came to take on our human nature, to set us free from slavery to evil - how to make reparations for sins against Him , by own evils as well as of those around ....the 'Father wounds ' , its confusions as rebellion and lack of trust in the Fathers , from the roots of fear of life and its contracepting ways in families, instead of chaste lives in reparation for carnal evils - for the last 6 decades and its fruits ... the warfare , the 'last battle' against family and marriage is what is said to be playing out as prophesied by St.John Paul 11 ..enemy using the confusions in The Church to try to get believers to abandon same , where as the right move would be the just the opposite ...such as did the children of Fatima - Sts Jacinta and Francesco in their lives of reparation , to thus have avoided the threat of nuclear war of that time ....https://www.ncregister.com/blog/sts-jacinta-and-francisco-marto-of-fatima ------- our times too - the laity owing much in that realm .. thank God that there are many who likely do such to an extent atleast ....the Bishops , priests , religious , even when there are times when some among them fall and the media tries to make a hey day out of same ,easy to forget how their lives of reparation also avoid many evils that could have been ... the holiness of each of us matters too , in driving out the spirits of rebellion , greeds and lusts and all .. from the domestic churches as families , in all who come from families and in The Church at large ---- Blessings !
യേശു 2022-12-17 18:58:32
ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറക്കെ ചിരിക്കുകയായിരുന്നു. ഫേസ് ബുക്കിൽ ലൈക്കിന്റെ എണ്ണം നോക്കി നിർവൃതി കൊള്ളൂ ന്നവരെപ്പോലെ ഈ എഴുത്തുകാരൻ, തലമണ്ടക്കകത്ത് മത തീവ്രവാദം അടിച്ചു കേറ്റി നടക്കുന്നവരുടെ, " ബാബു പാറിക്കലിന്റെ നിരീക്ഷണം വളരെ സൂക്ഷമവും പ്രശംസിനീയം " എന്നൊക്കെയുള്ള അഭിപ്രായം വായിച്ചു ഊറ്റം കൊള്ളുന്നുണ്ടായിരിക്കും എന്നോർത്ത്! സ്വന്തം സ്വർണ്ണം ചീത്തയായതിന് തട്ടാനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം " ആരാണ് ക്രിസ്ത്യൻ സഭകളെ അവമാനിതരാക്കിയത് ? ജെറി ഫാൾവെൽ ജൂനിയറോ , സ്വയം ബിഷപ്പ് പദവി പ്രഖ്യാപിച്ച് ജനങ്ങളെ പറ്റിച്ച് പിടികിട്ടാപ്പുള്ളിയായി അമേരിക്കയിൽ ഒളിവിൽ കഴിയുന്ന യോഹന്നാൻ കള്ളനോ ? കാൽ കാശിന് പണിയെടുക്കാതെ പാവപ്പെട്ട ജനങ്ങളുടെ പണം, സ്തോത്ര കാഴ്ച്ചയായി വാങ്ങി, കള്ളും സെക്സുമായി കഴിയുന്ന സന്യാസി പുരോഹിത് പൂജാരി മാരോ ? ജിം ബേക്കറോ ? നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം 1800 നമ്പറിൽ വിളിച്ചിട്ട് പണം അയച്ചു കൊടുത്താൽ മതിയെന്ന് പറഞ്ഞു കേബിൾ നെറ്റ് വർക്കിൽ പ്രചാരണം നടത്തുന്നഫ്രാങ്കിളിൻ ഗ്രഹമോ ? ആരാണ് ക്രിസ്ത്യൻ സഭയെ ചീത്ത ആക്കുന്നത് ? നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് വിളിച്ചു പറഞ്ഞ എന്നോട് നിങ്ങൾ എന്താണ് ചെയ്‍തത് ? നിഷ്ടൂരമായി കുത്തിയും തുപ്പിയും തുണിപറിച്ചിട്ട് ചാട്ടവാറിനടിച്ചു തലയിൽ കാട്ടകാര മുള്ളിന്റെ കിരീടം ധരിപ്പിച്ച് ക്രൂശിൽ തറച്ചു കൊന്നു . അവിടം കൊണ്ടും നിങ്ങൾ അവസാനിപ്പിച്ചില്ല . ഞാൻ മൂന്നാം നാൾ ഉയര്ത്ത് എഴെന്നേറ്റെന്നും, വീണ്ടും വരുമെന്നും ഒക്കെ പച്ച കള്ളം പറഞ്ഞ് പാവം ജനങ്ങളെ കൊള്ളയടിക്കുന്നു . ആരാണ് ക്രിസ്ത്യൻ സഭകളെ അപമാനിച്ചത് എഴുത്തുക്കാര ? എന്റെ ഉപ്പാപ്പക്ക് ഒരു അണ്ണായുണ്ടായിരുന്നു എന്ന് പറയുന്നതുപോലെ, ക്രിസ്ത്യൻ മിഷ്ണറിമാരാണ് കേരളത്തിലെ ജനങ്ങളെ ഇരുട്ടിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവന്നതെന്ന് വീമ്പിളക്കാറുണ്ടോല്ലോ? അല്ലാതെ ഇന്നത്തെ എന്റെ പിൻഗാമികൾ എന്താണ് ചെയ്യുന്നതെന്ന് ഒന്ന് പറയാമോ ? മനുഷ്യനെ കൊള്ളയടിച്ച് സുഖജീവിതം നയിക്കുന്ന ഇവരുടെ അധോലോക ജീവിത കഥകൾ എഴുതുമ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു നല്ല എഴുത്തു കാരനാവാൻ കഴിയുകയുള്ളൂ . ആല്ലാതെ കഴമ്പില്ലാതെ മറ്റുള്ളവരുടെ കയ്യടി മേടിക്കാൻ എഴുതരുത് . നിങ്ങൾക് ഞാൻ വഹിച്ച ക്രൂശ് എടുത്ത് എന്റെ പിന്നാലെ വരുവാൻ കഴിയുമോ ? ഇല്ല കഴിയില്ല . മിന്നിത്തിളങ്ങുന്ന അവാർഡുകൾ, പൊന്നാടകൾ, ഇവയെല്ലാം നിങ്ങളെ കാത്തിരിക്കുമ്പോൾ കഴിയില്ല ബാബു നിങ്ങൾക്ക് എന്റെ കുരിശ് എടുത്ത് എന്റെ പിന്നാലെ വരാൻ കഴിയില്ല .
യേശു 2022-12-18 16:02:39
നിക്കറിയാം ഇന്ന് നിങ്ങൾ കാപട്യത്തിന്റെ മുഖമൂടി ധരിച്ച് പള്ളികളിൽ പ്രാർത്ഥിക്കുകയാണെന്ന്. എന്നാൽ നിങ്ങളുടെ നിരൂപണങ്ങളെ എനിക്കറിയാം. നിങ്ങളുടെ ഹൃദയത്തിൽ അയൽവക്കകാരനിട്ട് പാരവയ്ക്കുന്നെതെങ്ങനെയെന്നും അവന്റെ ഭാര്യയെ എങ്ങനെ പ്രാപിക്കണം എന്നുള്ള ചിന്തകളാണെന്ന് . സ്ത്രീകൾ അടുത്തിരിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങളും ആഭരണങ്ങളും നോക്കി ഇരിക്കുകയാണെന്ന് . ചെറുപ്പക്കാർ കേളികളിൽ ഏർപ്പിട്ടിരിക്കുകയാണ്. അൾത്താരയിൽ പുരോഹിതൻ ജാതികൾ ജല്പിക്കുന്നതുപോലെ മന്ത്രങ്ങൾ നീട്ടിയും കുറുക്കിയും ആലപിക്കുകയാണ്. വിയർക്കാതെ അപ്പം കഴിക്കുന്ന ഇത്തിക്കണ്ണികൾ! വിലയില്ലാത്ത മന്ത്രങ്ങൾ ചൊല്ലി മനുഷ്യരെ പറ്റിക്കുന്ന കയ്യാഫാസിന്റെ അനുചരന്മാർ . ഓർക്കുന്നില്ലേ കയ്യഫാസിനെ? ജൂദാസിനെ വിലക്ക് വാങ്ങി എന്നെ ഒറ്റു കൊടുത്ത പുരോഹിത വർഗ്ഗത്തിന്റെ മാതൃക പുരോഹിതൻ. ആരാണ് ക്രിസ്ത്യൻ സഭയെ ഉണ്ടാക്കിയെതെന്ന് ബാബു അന്വേഷിച്ചോ ? ഇല്ല. ഞാൻ കിസ്‌തീയ സഭ സ്ഥാപിച്ചിട്ടില്ല. സ്ഥാപിച്ചത് ആദ്യകാലത്ത് എനികിട്ടു പാരപണിതു നടന്ന ശൗൽ എന്ന പോൾ ആണ് . കൊരന്തെന്ന സ്ഥലത്ത് പെന്തികൊസ്തുകാർ ബഹളം വച്ച് പ്രാര്ഥിക്കുന്നതുപോലെ പ്രവർത്തിച്ചപ്പോൾ നാട്ടുകാർ ചോദിച്ചു ഏതവന്മാരാടാ ഈ പാതിരാത്രിക്ക് തുള്ളി ബഹളം ഉണ്ടാക്കുന്നതെന്ന് ? അപ്പോൾ പറഞ്ഞു അവർ ക്രിസ്തുവിന്റെ പിൻഗാമികളായ ക്രിസ്ത്യാനികൾ ആണെന്ന് . അങ്ങെനയാണ് ക്രിസ്ത്യൻ സഭ ഉണ്ടായത് . ഞാൻ ഇല്ലാത്ത എന്റെ പേരിലുള്ള സഭ 'അപമാനിക്കപ്പെടാതെ' പിന്നെ എന്തുവേണം ബാബു ? ക്രിസ്ത്യൻ സഭ ഒരു കച്ചവട സ്ഥാപനമാണ് . വിയർപ്പൊഴുക്കാതെ എങ്ങനെ സുഖലോലുപരായി ജീവിക്കാം എന്ന് കാണിച്ചു കൊടുക്കുന്ന സഭ. അവർ എന്നെ വിറ്റു കാശാക്കുകയാണ് . സ്വർഗ്ഗം എന്നൊരു സ്ഥലം ഉണ്ടെന്നും അവിടെ എന്നോടൊപ്പം ജീവിക്കാം എന്നും കള്ള കഥകൾ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നവർ . ഞാൻ ക്രൂശിൽ കിടന്നു നിലവിളിച്ചതോർക്കുന്നില്ലേ . മരിക്കാതിരിക്കാൻ കയ്യ്കാലുകൾ ഇട്ടടിച്ചു . എന്ത് പ്രയോചനം . അന്ന് വയലാറിന്റെ "ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി " എന്ന ഗാനം ഉണ്ടായിരുന്നെങ്കിൽ, അത് ഞാൻ ഉറക്കെ പാടുമായിരുന്നു . എല്ലാ മതങ്ങളും അപമാനിക്കപ്പെടണം . കാരണം അത് വഞ്ചനയിൽ കെട്ടിപ്പടുത്തതാണ് . അത് 'കല്ലിന്മേൽ കല്ലില്ലാതെ' ചിതറണം , എന്നെ നിഷ്ടൂരമായി കുത്തികൊന്നവരുടെ പൈതൃകം ഉള്ളവരാണിവർ.
Vayanakkaran 2022-12-18 20:29:01
Can Ninan Mathulla answer to Yeshu? Don’t bullshit.
Ninan Mathullah 2022-12-19 00:45:07
Yeshu in this comment column needs and eye checkup (inner eye) to see positive things also here. Beware of using the name 'യേശു' unnecessarily as it is breaking the Second Commandment (Exodus 20:7). There can be consequences as it is the name above all names.
Anthappan 2022-12-19 13:40:23
Is Ninan Matthulla trying to scare Jesus away?
Vayanakaaran 2022-12-19 14:42:35
ഞാനും ഒരു വായനക്കാരനാണ്. ശ്രീ മാത്തുള്ള സാർ ഒരു ഉറച്ച കൃസ്തുമത വിശ്വാസി ആണെന്ന് മനസ്സിലാക്കുന്നു. എന്തിനാണ് കമന്റ് എഴുതുന്നവർ ശ്രീ മാത്തുള്ളയെ അനാവശ്യമായി വലിച്ചിഴക്കുന്നത് ശ്രീ മാത്തുള്ളയ്ക്ക് ബൈബിളിൽ അഗാധമായ അറിവുള്ളതുകൊണ്ട് അദ്ദേഹം പലരും തെറ്റുകൾ എഴുതുമ്പോൾ പ്രതികരിക്കുന്നു. അത് ഒരു വിശ്വാസിയുടെ ചുമതലയല്ലേ. ശ്രീ മാത്തുള്ള സാറിനെ വെറുതെ വിടുക. എല്ലാവർക്കും കൃസ്തുമസ്സ്‌ ആശംസകൾ.
Ninan Mathullah 2022-12-20 01:11:15
I am not trying to scare anybody here, Anthappan. But, Jews (Jews are now ruling the World) were scared to pronounce the name 'YAHWEH'. So, they said 'Adonai' and, when translated to English it became 'Lord'. I am also scared to use that name as Joke.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക