എന്റെ ബാല്യകൗമാരങ്ങളിലെ ക്രിസ്തുമസ് കാലങ്ങള്‍ എന്നെ ഇപ്പോഴും
സ്വപ്നസുന്ദരമായ ഒര്‍മ്മകളിലേക്ക് കൊണ്ടുപോകുന്നു. നക്ഷത്രം ഉണ്ടാക്കല്‍,ക്രിസ്തുമസ്
കരോള്‍ ഗാനപഠനങ്ങള്‍, മഞ്ഞുപെയ്തിറങ്ങുന്ന രാവുകളില്‍ ഗ്രാമത്തിലെ വീടുകള്‍തോറും കയറിഇറങ്ങിയുള്ള കരോള്‍ സംഘങ്ങള്‍.ഇവയെല്ലാം ഇന്നലെയെന്നോണം ഒരോ ക്രിസതുമസ് കാലങ്ങളിലും എന്റെ മനസിലൂടെ ഊളിയിട്ട് കടന്നുപോകാറുണ്ട്.
അന്നു ഞങ്ങടെ പള്ളീലെ ക്രിസ്തുമസിനും,കരോളിനുമൊക്കെ വക്ക
ന്‍സാറായിരുന്നു പട്ടെഴുതുകയും,പഠിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നത്.ഭക്തനായ വക്കന്‍സാര്‍ ഇടക്കൊക്കെ കപ്യാര്‍ സിക്ക്‌ലീവ് എടുക്കുമ്പോള്‍ കപ്യാരായിപോലും കുപ്പായമിടാറുണ്ട്. അന്നത്തെകാലത്ത് അമ്പതിനടുത്ത വക്കന്‍സാറിന് വെള്ളെഴുത്തായി കണ്ണാടിവെക്കാനുള്ള വൈമനസ്യംകൊണ്ടോ,അതല്ലെങ്കില്‍ അക്കാലത്തെ ഗ്രാമപ്രദേശത്ത് നിലവിലുള്ള അറിവില്ലായ്മകൊണ്ടോ,അതുമല്ലെങ്കില്‍ സങ്കേതികവിദ്യയുടെ കയ്യെത്താദൂരംകൊണ്ടോ,കണ്ണാടിഎന്ന മനശാസ്ത്രത്തെ വക്കന്‍സാറ് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു.
വക്കന്‍സാറിന്റെ പള്ളിയിലെ ബൈബിള്‍ വായനയെപ്പറ്റി പറഞ്ഞാല്‍ നല്ല പ്രകാശമുള്ള മണ്ണെണ്ണവിളക്കിന്റെ മുമ്പിലേക്ക് ഈയലുകള്‍ പറന്നടുത്ത് ആത്മഹത്യ ചെയ്യുമ്പോലെയായിരുന്നെന്ന് എനിക്ക് തോന്നീട്ടുണ്ട്.പള്ളിയില്‍ അള്‍ത്താരയോടടുത്ത വെട്ടമുള്ള മെഴുകുതിരി കാലിനു ചുറ്റും കറങ്ങി കണ്ണ് അടച്ചും തുറന്നുമാണ്
ആ വായന.ഒരോവാക്കും കഴിയുമ്പം കണ്ണടയ്ക്കും,വീണ്ടും തുറക്കും.ആരോ ഒരിക്കല്‍
വിവരവുംവിദ്യാഭ്യാസവുള്ള ഒരു ചെറുപ്പക്കാരന്‍,സാറിനോട് പറഞ്ഞു-
സാറ് കണ്ണൊന്ന് ചെക്ക്‌ചെയ്യണം.വെള്ളഴുത്തിന് കണ്ണാടിവെച്ചാ തീരാനുള്ളയേുള്ളൂ സാറിന്റെ പ്രശ്‌നം!
.
അവനുകൊടുത്ത സാറിന്റെ ഉത്തരം-എന്റെ അപ്പനപ്പൂമ്മാര് കണ്ണാടി വെച്ചിട്ടില്ല,പിന്നയാ ഞാന്‍! ദൈവംതന്ന രണ്ടുകണ്ണ,് അതിന്റെ ഉപയോഗംതീരുംവരെ നീട്ടികൊണ്ട്‌പോകാനെനിക്കറിയാം.
അതോടെ പിന്നീടാരും അത്തരം ഉദ്യമങ്ങള്‍ക്ക് തുനിഞ്ഞതുമില്ല.പള്ളിവക പ്രൈമറി സ്‌കൂളിലെ കൊച്ചുപിള്ളേരെ പഠിക്കുന്ന അദ്ധ്യാപകനാണ് വക്കന്‍സാറ്.ദേഷ്യംവരുമ്പോള്‍ അവരെ പിച്ചുകയും,ചെറുചൂരല്‍ പ്രയോഗവുംമറ്റും സാറ് നടത്തീന്നിരിക്കും.കൃസ്തുമസ് ഒരുക്കങ്ങള്‍ വക്കന്‍ സാറില്ലാതെ നടക്കത്തുമില്ല.കരോള്‍ഗാനങ്ങള്‍ എഴുതി അച്ചടുപ്പിക്കും.കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമൊക്കെ കൊടുക്കും.അവരെ പഠിപ്പിക്കും.താളത്തിന് തമ്പേറ്‌കൊട്ടുന്നതും,പണം കൈപ്പറ്റുന്നതും വക്കന്‍സാറുതന്നെ.ഒരു ചിലറ കുഴപ്പമൊഴിച്ചാല്‍ സാറ് മഹാമാന്യന്‍തന്നെ.
സന്ധ്യമയങ്ങിയാ സാറിന് രണ്ടുകുപ്പി കള്ള്‌വിടണം.കറിപോലും നിര്‍ബന്ധമില്ല. അതിനുപോലും സമയം എടുക്കാറില്ല.വേണ്ടിവന്നാല്‍ നിന്നോണ്ടുതന്നെ പടാപടാന്ന് രണ്ടുകുപ്പി അകത്താക്കും.അതു കഴിഞ്ഞാല്‍ മാന്യമായ ഉന്മാദം.ഉന്മാദം വന്നാല്‍ സന്തോഷചിത്തനാകും.ചിലപ്പോ ദേഷ്യംവന്നാല്‍ തെറി പറയുമോ എന്ന് ചോദിച്ചാല്‍ വ്യങ്യമായി ചിലശരങ്ങള്‍ തൊടുത്തുവിടും,അതും അപൂര്‍ണ്ണമായും മനസിലാകാനുള്ളോര്‍ക്കതു മനസിലാകുകേം ചെയ്യും.
അക്കാലത്തെ അങ്ങനെ ഒരു ക്രിസ്തുമസ് ഇന്നും ഓര്‍മ്മയില്‍ എത്തുന്നു.
പതിവുപോലെ ക്രിസ്തുമസ് കരോള്‍ ആരംഭിച്ചു.വക്കന്‍സാറ് രണ്ടോമൂന്നോ കുപ്പി അടിച്ച് പതിവിലും മെച്ചമായി മിനുങ്ങിയിരുന്നു.ഞങ്ങള്‍ വക്കന്‍സാറിന്റെ നേതൃത്വത്തില്‍ പള്ളിമുറ്റത്തു വച്ചുണ്ടാക്കിയ നക്ഷത്രവിളക്കുകള്‍ക്കുള്ളില്‍ മെഴുകുതിരികള്‍ കത്തിച്ച് ഉയര്‍ത്തിപിടിച്ചു.
ഇരുട്ടില്‍ നക്ഷത്രങ്ങള്‍ തിളങ്ങി.ഈറമുളകള്‍ ചീകിരൂപപ്പെടുത്തിയ നക്ഷത്രവിളക്കുകള്‍.
അവയില്‍ പലവര്‍ണ്ണങ്ങളിലുള്ള ക്രപ്പ്‌പേപ്പറുകള്‍ ഒട്ടിച്‌നവ.പലനിറമുള്ള നക്ഷത്രങ്ങള്‍ ഇരുളില്‍ തിളങ്ങി.മുമ്പില്‍ ഗ്രാമം ഗ്യസ്‌ലൈറ്റിന്റെ വലിയ പ്രകാശത്തില്‍ പാല്‍നിലാവായി. ഞങ്ങള്‍ വക്കന്‍സാറ് പഠിപ്പിച്ച കരോള്‍ ഗാനം ഒച്ചയില്‍പാടി. വക്കന്‍സാറ് ആനന്ദലഹരിയില്‍ തമ്പേര്‍നീട്ടി അടിച്ചു.ഇരുള്‍ പരന്ന ഗ്രാമങ്ങള്‍ നക്ഷത്രവെളിച്ചത്തില്‍ ചിമ്മിയുണര്‍ന്നു.ഗ്രാമം ഉണര്‍ന്നു.
കന്യകമാര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് ഭര്‍ത്താക്കന്മര്‍ക്ക് കാത്തിരുന്ന ബൈബിള്‍ ഉപമപോലെ ഉറക്കംതൂങ്ങികളായ ആബാലവൃന്ദം ഉര്‍ണര്‍ന്നിരുന്നു,ഉണ്ണിയീശോയുടെ വരവറിയിക്കുന്ന കരോള്‍ കാണാനും,കേള്‍ക്കാനും.
അന്നാണ് ഗ്രാമത്തിലെ നാണംകുണുങ്ങികളായ കുമാരീകുമാരന്മാര് പരസ്പരം കണ്കുളിര്ക്കെ കണ്ട് ചാരിതാര്ത്ഥ്യമടയുന്നത്.അപ്പോള് ആണ്കുട്ടികള് സുന്ദരികളായ കുമാരികളെ ആകഷിക്കാന് തൊള്ളതൊറന്ന് പാടും.
ങാ,അതൊക്കെപോട്ടെ,കാര്യത്തിലേക്കുവരാം.
ഞങ്ങള്‍ ഒരോ വീടും കയറിഇറങ്ങി.ഒരോ പ്രാവശ്യവും പണംതന്നവര്‍ക്ക് പാടി-
സന്തോഷസൂചകമായ്
തന്നതും സ്വീകരിച്ച്
ബാലരാം ഞങ്ങളിതാപോകുന്നു....
പെട്ടന്നാ സംഗതി വഷളായത്.കുറുക്കന്‍ കറിയാപ്പീടെ വീട്ടിലോട്ട് കേറിചെന്നപ്പം
അന്നേരംവരെ കത്തികൊണ്ടിരുന്ന മണ്ണണ്ണ വിളക്ക് പെട്ടന്ന് കെട്ടു.അതിന്റെ വെളിച്ചം വന്നോണ്ടിരുന്ന ജനല്‍പാളിയും അടഞ്ഞു.ഞങ്ങള്‍ മുറ്റത്തുകയറി ആവശത്തില്‍ പാടി.
വക്കന്‍സാറ് ഉത്തരവിട്ടു- പാടടാ മക്കളെ ഒറക്കെ! കറിയാപ്പീടെ പെവിപൊട്ടും വിധം! എന്നിട്ടും രക്ഷയില്ല.വീട്ടിലെ വിളക്ക് പ്രകാശിക്കുന്നില്ല,കതക് തൊറക്കുന്നില്ല.വക്കന്‍സാറ് വീണ്ടും അലറി-
പാടടാ മക്കളെ അവന്റെ ചെവിപൊട്ടും പോലെ,നമ്മടെ സ്‌പെഷ്യല്‍ പാട്ട്,അതുകേട്ടെ
ങ്കിലും അവനിറങ്ങിവരട്ടെ!
ഒന്നും സംഭവിച്ചില്ല..വിളക്ക് കത്തിയില്ല,വീടു തുറന്നില്ല.ഞങ്ങള്‍ പിള്ളേര്‍ തൊള്ളതുറന്നു പാടി ആ പാട്ട്-
കപ്പലിലുറങ്ങീടുന്ന-
ജോനയെപോലുള്ളോരെ,
എത്ര നാളുറങ്ങീടുമോ-
കര്‍ത്താവിപ്പോള്‍ വന്നീടും!
എന്നിട്ടും കുരുക്കന്‍ കറിയായോ,കുടുംബവുമോ ഉണര്‍ന്ന് വിളക്കുകൊളുത്തി കതകു തുറക്കായ്കയാല്‍,വക്കന്‍സാറിന്റെ വായില്‍ നിന്ന് ഒരു പുഴുത്ത തെറി ഒരലര്‍ച്ചയായി പുറത്തേക്ക് ഒഴുകി-
എടാ,കുരുക്കന്‍ കറിയാപ്പീ! നീയൊക്കെ സ്വര്‍ഗ്ഗരാജ്യം, ....... മൂ......ഒള്ളൂ!!
# Christmas - A Childhood Memory (John Ilamatha)