Image

പാപ്പു (കിനാശ്ശേരിക്കാലം 16: റാണി ബി. മേനോന്‍)

Published on 17 December, 2022
പാപ്പു (കിനാശ്ശേരിക്കാലം 16: റാണി ബി. മേനോന്‍)

കിനാശ്ശേരിയുടെ സ്വന്തം കള്ളനായിരുന്നു പാപ്പു എന്നു വിളിച്ചിരുന്ന പാപ്പച്ചൻ. അദ്ദേഹത്തിന്റെ അച്ഛനും കള്ളനായിരുന്നു. മകൻ 'ഒന്നിനൊന്നു പോന്നപ്പോൾ' രാഷ്ട്രീയ-സിനിമാ- ബിസിനസ്സ് രംഗത്തുള്ളവരെപ്പോലെ മകനെ ഭരമേൽപ്പിച്ച് വിശ്രമ ജീവിതം നയിക്കുകയാണദ്ദേഹമിപ്പോൾ.

സ്വന്തം നാട്ടിൽ നിന്നുമാത്രം കളവു  നടത്തുകയും കളവുമുതൽ നാട്ടുകാർക്കു മാത്രം വിൽക്കുകയും ചെയ്തുകൊണ്ട് പാപ്പു തസ്കരസമൂഹത്തിന് മാതൃകയായി.
കല്യാണിയമ്മയുടെ വീട്ടിൽ നിന്നും തേങ്ങ  മോഷ്ടിച്ച് അംബുജാക്ഷിയമ്മയ്ക്കും പദ്മനാഭൻ നായരുടെ വീട്ടിൽ നിന്നും അടയ്ക്ക മോഷ്ടിച്ച്  രാമൻപിള്ളയ്ക്കും വിറ്റ് അയാൾ ജീവിച്ചു പോന്നു. പാപ്പു സ്വന്തം തോട്ടത്തിൽ നിന്നും പറിച്ചു കൊണ്ട് വരുന്നതല്ല ഈ തേങ്ങയും അടയ്കയുമെന്നറിയാത്തവരല്ല അംബുജാക്ഷിയമ്മയും രാമൻപിള്ളയും. അവരെ കൊതിപ്പിച്ചിരുന്നത് സാധനത്തിന്റെ മോഹിപ്പിക്കുന്ന വിലക്കുറവായിരുന്നു. കളവു നടത്തുക എന്ന സ്വന്തം പരിശ്രമത്തിന് നാമമാത്രമായ ചാർജ് മാത്രമേ പാപ്പു ഈടാക്കിയുള്ളു. അങ്ങിനെ ഉടമസ്ഥനൊഴികെ മറ്റെല്ലാവർക്കും ലാഭം നേടിക്കൊടുക്കുന്ന ഒരു ബിസിനസ് ആയിരുന്നു കളവ്. 

(പാപ്പുവിന്) അന്നന്നു വേണ്ട അപ്പം ഭാര്യ ത്രേസ്യയുടെ കയ്യിൽ കർത്താവ് നൽകിയിരുന്നതിനാൽ വൈകുന്നേരം പുഴയോരത്തെ  കള്ളുഷാപ്പിൽ നിന്നും 'മോന്താൻ' വേണ്ടതു മാത്രമേ അയാൾക്ക് സമ്പാദിക്കേണ്ടിയിരുന്നുള്ളൂ. 
പച്ചവെള്ളത്തെ മുന്തിരിച്ചാറാക്കുന്ന വിദ്യ കർത്താവ് പാപ്പുവിനെ പഠിപ്പിക്കാഞ്ഞതിനാലാണ് പാപ്പുവിന് ഈ പാപം ചെയ്യേണ്ടിവന്നതെന്നും,  ആയതിനാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം കർത്താവിനാണെന്നും പാപ്പു ആത്മാർത്ഥമായി വിശ്വസിക്കുകയും, കുമ്പസരിക്കുമ്പോൾ അച്ചനോടത് സൂചിപ്പിക്കുകയും ചെയ്തു. അച്ചൻ കുമ്പസാരക്കൂട്ടിൽ നിന്നും പല്ലിറുമിക്കൊണ്ട് പാപ്പുവിനോട് തെറ്റു തിരുത്താനാവശ്യപ്പെട്ടെങ്കിലും, കർത്താവ് ചെയ്ത തെറ്റ് തിരുത്തേണ്ട ഉത്തരവാദിത്വം  കർത്താവിനാണെന്നും, അതിൽ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്നുമുള്ള തന്റെ മുൻ നിലപാടിൽ മാറ്റം വരുത്താൻ പാപ്പു തയ്യാറായില്ല.
അതാതാഴ്ചകളിലെ പാപം കുമ്പസരിച്ചു തീർക്കുന്നതിനാൽ തുടർന്നുള്ള ദിവസങ്ങളിലെ ജോലിക്ക് അത് ഉത്തേജനവുമായി.

കുർബ്ബാനയ്ക്കു ശേഷമുള്ള അച്ചന്റെ നീണ്ട പ്രസംഗം കേൾക്കാൻ പാപ്പു കാത്തില്ല. മേടയിലേക്ക് പലവട്ടം വിളിപ്പിച്ചെങ്കിലും 'ഔദ്യോഗിക' തിരക്കുകൾ മൂലം അയാൾക്ക് അച്ചനെ മേടയിൽ പോയി കാണാനായില്ല. ഫോൺ, മോബൈൽ, ആമെയിൽ,  ഇമെയിൽ (ഒൺലി മെയിൽ ആന്റ് ഫീമെയിൽ), വാട്സ്ആപ്പ്, ഫേസ് ബുക്ക്.... എന്നിവയൊന്നും ഇല്ലാതിരുന്നതിനാൽ കുഞ്ഞാടിനെ കൂട്ടിലടയ്ക്കാൻ  ഓടിച്ചിട്ടു കയറ്റുക എന്ന ഒറ്റ വഴിയേ അച്ചനു മുന്നിൽ ഉണ്ടായിരുന്നുള്ളൂ .ആയതിലേക്കായി ഒഴിവു സമയം കണ്ടെത്തി പാപ്പുവിനെ തേടിയിറങ്ങിയപ്പൊഴെല്ലാം കൃത്യാന്തര ബാഹുല്യത്താൽ പ്രേരിതനായ പാപ്പു  തെങ്ങിൻ മണ്ടയിലോ മാവിൻ മുകളിലോ ആയിരുന്നു.  

പാപ്പു ത്രേസ്യ ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനാൽ അവരുടെ മാമ്മോദീസാ കുർബ്ബാന കൈക്കൊള്ളപ്പാട് വിവാഹം എന്നീ ഉടമ്പടികൾക്കായും അയാൾക്ക് പള്ളിയെ ആശ്രയിക്കേണ്ടതില്ലായിരുന്നു.
ഒരിക്കൽ സഹികെട്ട് "പാപ്പൂ നിന്നെ തെമ്മാടിക്കുഴിയിലടക്കു"മെന്നോ മറ്റോ അച്ചൻ പാപ്പുവിരിക്കുന്ന തെങ്ങിൻ ചുവടെ നിന്ന് തല ആവുന്നത്ര മേലോട്ടാക്കി  വിളിച്ചു പറഞ്ഞതും ഒരു വലിയ തേങ്ങ അച്ചന്റെ കഷണ്ടിത്തലയെ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ കടന്നു പോയതും ഏതാണ്ടൊപ്പമായിരുന്നു.
അച്ചൻ പള്ളി സിമിത്തേരിയിൽ പിറ്റേന്നു പള്ളികൊണ്ടേനെ. ഒന്നും സംഭവിക്കാതിരുന്നത് കർത്താവിന്റെ കൃപാകടാക്ഷത്താലാണെന്ന് അച്ചൻ വിശ്വസിച്ചു. അനന്തരം,  'കർത്താവിന് സ്തുതിയും, സ്തോത്രവും, ആരാധനയും കൃതജ്ഞതയും, ബഹുമാനവും,  എപ്പോഴും എന്നേയ്ക്കും .... എന്ന് പള്ളിയിരിക്കുന്ന ദിക്കിലേക്കു തിരിഞ്ഞ് കുരിശു വരച്ചു പ്രാർഥിക്കുകയും ചെയ്തു.

കമലാക്ഷി ടീച്ചറുടെ ഭർത്താവ് കമലാസനൻ നായർ പട്ടാളത്തിലായിരുന്നു. അവധിക്കു വന്ന അദ്ദേഹം തിരിച്ചു പോകുമ്പോൾ ചക്ക വറുത്തു കൊടുത്തയക്കണമെന്നോർത്തൂ ടീച്ചർ. പറമ്പിൽ ഒന്നു നോക്കി വന്നപ്പോൾ അമ്മച്ചി പ്ലാവിന്റെ തെക്കേക്കൊമ്പിൽ ഒരു കൂനൻ ചക്ക കണ്ടു വച്ച് ടീച്ചർ വീട്ടിൽ  തിരിച്ചു കയറി. ചക്കയിടാൻ തോട്ടിയുമായി ടീച്ചർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ വലിയൊരു ചക്കയുമായി പാപ്പു മുന്നിലെത്തി. ടീച്ചർ വില പേശി ചക്ക വാങ്ങി. പിന്നെ, പാപ്പു പടികടന്നു പോകുവോളം നോക്കി നിന്നു. കണ്ണു തെറ്റിയാൽ എന്താണടിച്ചുകൊണ്ടു പോവുക എന്നറിയില്ലല്ലൊ. 

പാപ്പു പടികടന്നു പോയതും ടീച്ചർ ചക്കയുമെടുത്ത് ഉള്ളിലേക്കു പോകാനൊരുങ്ങുമ്പോഴാണത് ശ്രദ്ധയിൽ പെട്ടത്.
ചക്കക്കൊരു കൂന്. ടീച്ചർ ഓടിപ്പോയി അമ്മച്ചിപ്ലാവിന്റെ തെക്കേക്കൊമ്പിൽ നോക്കി.  കൊമ്പു ശൂന്യം.
സ്വന്തം പറമ്പിലെ ചക്ക വിലകൊടുത്തു വാങ്ങിച്ച ആദ്യത്തെ വ്യക്തിയായി കിനാശ്ശേരിയുടെ ചരിത്ര പുസ്തകത്തിൽ കമലാക്ഷിട്ടീച്ചറുടെ പേര് അന്ന്  തങ്കലിപികളാൽ കുറിയ്ക്കപ്പെട്ടു.

#Kinasserikkalam-Article by Tani b menon

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക