ചിലപ്പോഴൊക്കെ ഞാനങ്ങു മരിച്ചു പോകും..
എന്റെ ചുറ്റിലുമിരുന്ന്
ഞാനല്ലാതെ പത്തു പേരു കരയും..
എന്നിൽ നിന്ന് മൂന്നു പേരും..
പതിമൂന്ന് പേരുടെ കരച്ചിലിനിടയിൽ
ഞാൻ തിരക്കിട്ട് കുളിക്കും
പൗഡറിടും
വെളുപ്പ് ചുറ്റി നിവർന്ന് കിടക്കും..
ഇടക്ക് ഓടി വന്നു കോക്രി കാട്ടുന്ന
ചില കള്ളക്കരച്ചിലുകാരെ
കാണുമ്പോ...
ചിരിച്ചു പോവാതിരിക്കാൻ
ഉടുപ്പിന്റെ അറ്റം കീറിയെടുത്ത്
താടികൂട്ടി തലയിലൊരു കെട്ടിട്ടു വെക്കും
അത്തറുകാരുടെ പത്രാസ്
മൂക്കിൽ കേറാതിരിക്കാൻ
രണ്ടു നുള്ള് നല്ല പഞ്ഞി തിരുകി കയറ്റും
അല്ലെങ്കി തലവേദനയെടുക്കും
ചിലപ്പോ ശർദ്ധിക്കും..
ഇറങ്ങാൻ നേരം
എന്തോ മറന്നല്ലോ...!!
എന്നൊരു വെപ്രാളം കേറും
ഓർമ്മിപ്പിക്കാനേല്പിച്ചവരിരുന്നു
കരയുന്നത് കാണുമ്പോ
വെറുതെ തോന്നും
മരിക്കണ്ടായിരുന്ന്...!!
പിന്നെയും മരിക്കും..
ജീവിക്കാൻ കൊതിപ്പിച്ചവരുടെ
ഓർമ്മകളെ കൊണ്ടുവന്ന്
കട്ടിലിൽ കിടത്തും,
കാലു പിടിക്കുന്ന
ആറുപേരും അടി തെറ്റി ആടുമ്പം
ഞങ്ങൾ കെട്ടിപ്പിടിച്ചു ഊറിച്ചിരിക്കും
വഴിക്ക് വെച്ചു
പിന്നെയും പിണങ്ങും
ഞാൻ പിന്നെയും പിന്നെയും മരിക്കും
ഖബറു കാണുമ്പോ മടിച്ചു മടിച്ചിറങ്ങും
ആഴത്തിലേക്ക് നോക്കി നിൽക്കെ
ഖബറെന്നെ വിളിക്കും
കാലങ്ങൾക്കിപ്പുറം സ്നേഹത്തോടൊരു വിളികേട്ട ആനന്ദത്തിൽ
രണ്ടാമതൊന്നോർക്കാതെ
ഞാനാ ഖബറിൽ ചാടി
ആത്‍മഹത്യ ചെയ്യും..
അപ്പോഴൊക്കെയും
ഉള്ളിൽ നിന്നൊരു മൂന്നുപേരു കരയും..
എന്റെ ഞാനും
നിന്റെ ഞാനും
നമ്മുടെ ഞാനും..!!
POEM SHALEER ALI