Image

പുലയനാര്‍ മണിയമ്മ, പൂമുല്ലക്കാവിലമ്മ, ഗീതക്ക്  മാധവീയത്തില്‍ നവജീവന്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 17 December, 2022
പുലയനാര്‍ മണിയമ്മ, പൂമുല്ലക്കാവിലമ്മ, ഗീതക്ക്  മാധവീയത്തില്‍ നവജീവന്‍ (കുര്യന്‍ പാമ്പാടി)

സുഹൃത്ത് ഗീതയുടെയും ജയകുമാറിന്റെയും പുതിയ വീടിന്റെ പാലുകാച്ചലിനുള്ള ക്ഷണം കിട്ടിയപ്പോഴാണ് ഒരുകാലത്ത് തിരുവനന്തപുരത്തു ആക്കുളം കായലിനെതിരെയുള്ള മലമുകളിലെ പുലയനാര്‍ കോട്ടയില്‍ പോയതും നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവിടെ ഭരണം കയ്യാളിയിരുന്ന പുലയ രാജാവിനെപ്പറ്റിയും രാജാവിന്റെ സുന്ദരിയായ മകളെപ്പറ്റിയുമുള്ള ഐതിഹ്യങ്ങള്‍ കേട്ടതും എന്റെ മനസ്സില്‍ വെള്ളിത്തിരയിലെന്ന പോലെ ഓടി മറഞ്ഞത്. 

ഗീതയും ആരാധ്യയും എംജി യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍

ഗീത ഞാന്‍ മെമ്പറായ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ലൈബ്രേറിയന്‍ ആണ്. അപൂര്‍വ പുസ്തകങ്ങള്‍ കണ്ടുപിടിക്കാന്‍ എന്നെ സഹായിക്കും. ചേര്‍ത്തലയില്‍ വയലാര്‍ രണസ്മാരകത്തിലേക്കും വയലാര്‍ രാമവര്‍മ്മയുടെ തറവാട്ടിലേക്കും വേഗം എത്താന്‍ ഭര്‍തൃഗൃഹമായ ഇടയാഴം വഴി പോകുന്ന 'ജെറമിയ' എന്നൊരു ബസ് ഉണ്ടെന്നു എനിക്ക് പറഞ്ഞുതന്നതും ഗീതയാണ്. 

ഗീത-ജയകുമാര്‍-ആരാധ്യമാര്‍  ബന്ധുജനങ്ങളുടെ നടുവില്‍

ജയകുമാര്‍ 21 വര്‍ഷമായി ഹൈക്കോടതി അഭിഭാഷകനാണ്.  ക്രിമിനല്‍ കേസുകളിലും വിവാഹമോചനം ഉള്‍പ്പെടെയുള്ള കുടുംബ വ്യവഹാരങ്ങളിലും  സ്‌പെഷ്യലൈസ് ചെയ്യുന്ന അദ്ദേഹത്തിന് എറണാകുളത്തും വൈക്കത്തും ഓഫീസുകള്‍  ഉണ്ട്. കോണ്‍ഗ്രസിലെ ഉശിരുള്ള യുവ നേതാവ് ആയിരുന്നു. ഇപ്പോള്‍  നാഷണലിസ്‌റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍.  ഏക മകള്‍ ആരധ്യ ഗായത്രി മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി. 

ശോഭന, സുരേഷ്‌കുമാര്‍,  ലതിക സുഭാഷ്  പുതിയ വീടിനു മുമ്പില്‍

ലൈബ്രറിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ ഗീതയുടെ സ്വന്തം ജന്മ ഗൃഹത്തിനടുത്ത് കാണക്കാരിയില്‍ രണ്ടുലക്ഷം രൂപ വീതം വിലയുള്ള ഏഴു സെന്റ് സ്ഥലം വാങ്ങി ബാങ്ക് ലോണെടുത്ത് നിര്‍മ്മിച്ച 50  ലക്ഷം മതിക്കുന്ന ഇരുനില വീട് മനോഹരം. ജയകുമാറിന്റെ അമ്മ മാധവിയെ എന്നെന്നും ഓര്‍മ്മിക്കാന്‍ മാധവീയം എന്നാണ് വീടിനു പേര്.

മൂന്നാം തലമുറയിലെ ലക്ഷ്മിശ്രീ, ഗൗരിശ്രീക്കൊപ്പം മാധവി
 
മഹാത്മാ ഗാന്ധി 'പുലയരുടെ രാജാവ്' എന് വിളിച്ച അയ്യങ്കാളി മുതല്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവ് കെപി  വള്ളോന്‍, കോണ്‍സ്റ്റിറ്റുവന്റ  അസംബ്ലി മെമ്പര്‍ ദാക്ഷായണി വേലായുധന്‍, എഴുത്തുകാരിയും ആക്ടീവിസ്റ്റുമായ മകള്‍ ഡോ. മീര വേലായുധന്‍, ആദ്യ മലയാള നായിക പി കെ റോസി,  ജസ്റ്റീസ്  കെജി ബാലകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, സ്റ്റേറ്റ് അവാര്‍ഡ് നേടിയ നടന്മാര്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, വിനായകന്‍ വരെയുള്ള  പ്രതിഭകള്‍  അണിനിരന്ന ഒരു സമൂഹത്തിന്റെ എനിക്കറിയാവുന്ന  ഒടുവിലത്തെ കണ്ണികള്‍ ആണ് ഗീതയും ജയകുമാറും.

മുത്തശ്ശിമാര്‍ ഒന്നിച്ചപ്പോള്‍--മാധവി, മറ്റൊരു മാധവി, തങ്കമ്മ

ഗീതക്ക് രണ്ടു സഹോദരിമാര്‍. ഏറ്റവും ഇളയവള്‍. മൂത്ത സഹോദരി ശോഭന എംജി യൂണിവേഴ്‌സിറ്റിയില്‍ തന്നെ അസിസ്റ്റന്റ് രജിസ്ട്രാര്‍. രണ്ടാമത്തെയാള്‍ രമണി . ജന്മനാ മൂകയും ബധിരയുമെങ്കിലും അങ്ങനെയൊരാളെ  കണ്ടെത്തി ജീവിത പങ്കാളിയാക്കി. ഗീത കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ ബിരുദം നേടിയ ഗീത അവിടെതന്നെ ജോലി ചെയ്തു എംജിയിലേക്കു മാറി.  സര്‍വീസില്‍ ആയിട്ട് 15  വര്‍ഷം.

മഹാരത്ഥന്മാര്‍ അയ്യങ്കാളിയും ജസ്റ്റിസ് കെജി ബാലകൃഷ്ണനും

ജയകുമാറോ? വേമ്പനാട് കായലിനോട് ചേര്‍ന്ന് വെച്ചൂര്‍ പശു എന്ന കുഞ്ഞന്‍ പശുവിനു പ്രസിദ്ധമായ വൈക്കത്തിനടുത്ത് വെച്ചൂരിലെ ഇടയാഴാണ് ജനിച്ചു വളര്‍ന്നത്. പുതുക്കേരില്‍ അമൃതിയുടെ മകന്‍ ഇട്ടിയുടെയും തിറുവാണ്ട മാധവിയുടെയും അഞ്ചു മക്കളില്‍ ഏറ്റവും ഇളയ ആള്‍. രണ്ടു കുടുംബങ്ങളിലും ഏറ്റവും വിദ്യാഭ്യാസമുള്ളയാള്‍. 

ആദ്യകാല ഗവേഷകന്‍ സാമുവല്‍ മറ്റിരും പുസ്തകവും

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് കേരളത്തിലെ 30  ലക്ഷം വരുന്ന പട്ടികജാതിവിഭാഗത്തില്‍ പകുതിയിലേറെ വരും പുലയര്‍.  അവര്‍ സംഘടിതരും  അവകാശങ്ങളെപ്പറ്റി ബോധമുള്ളവരും അവ സംരക്ഷിക്കാന്‍  പോരാടുന്നവരും ആണ്. അവരിപ്പോള്‍  രണ്ടു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ നടത്തുന്നു. കോട്ടയം  ജില്ലയിലെ മുരിക്കുംവയലിലും ഇടുക്കി ജില്ലയിലെ നാടുകാണിയിലും.  മുരിക്കും വയലില്‍ നിന്ന് മിഥുന്‍ എന്നൊരു മിടുക്കന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായി ചെന്നൈയില്‍ ഇന്ത്യന്‍ റെയില്‍വേ സര്‍വീസിലുണ്ട്. 

സനല്‍ മോഹന്‍,  അദ്ദേഹത്തിന്റെ ഓക്‌സ്‌ഫോര്‍ഡ് ഗ്രന്ഥം 

പുലയരുടെ ക്രൈസ്തവ വിഭാഗമായ മലയരയര്‍ വിദ്യാഭ്യാസത്തിലും സാമ്പത്തിക ശേഷിയിലും മുന്നിട്ടു നില്‍ക്കുന്നു. വിദേശ മിഷനറിമാരുമായുള്ള സമ്പര്‍ക്കമാണ് ഇതിനു മുഖ്യ കാരണം. അവരില്‍ പെട്ട എം എസ് ജോസഫ് സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചു ജില്ലാ കലക്റ്ററും സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണറും ആയി. മേരിക്കുട്ടി ഐസക്കിനും   ഷീബാ ജോര്‍ജിനും  ഐഎഎസ്  ലഭിച്ചു. ഡിജിപി മനോജ് എബ്രഹാം ഐപിഎസും അക്കൂട്ടത്തില്‍ പെടും.  

പുലയരെപ്പറ്റി പഠിച്ച പ്രിന്‍സ്ടണ്‍ പ്രൊഫസര്‍  മൈക്കിള്‍ മൊഫാറ്റ്

'വിദ്യാഭ്യാസം കൊണ്ടേ രക്ഷപ്പെടാന്‍  ആവൂ എന്ന അവബോധം അവര്‍ക്കിടയില്‍ ഉണ്ട്,. അങ്ങനെയുള്ളവര്‍ രക്ഷപെടുന്നുമുണ്ട്,' ഗീതയുടെ ചേച്ചി  ശോഭന പറയുന്നു. എക്കണോമിക്‌സില്‍ എംഎയും എംഫിലും ഉള്ള ശോഭന സോഷ്യല്‍ സയന്‍സ് വകുപ്പ് മേധാവി പ്രൊഫ. രാജന്‍ ഗുരുക്കളുടെ കീഴില്‍ പിഎച്ഡിക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ജോലി കിട്ടിയപ്പോള്‍ ഗവേഷണം താളം തുള്ളി റിട്ടയര്‍ ചെയ്യാന്‍ ഇനി ഏതാനും മാസമേ ഉള്ളു. 

പത്തനംതിട്ട മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ പുലയ ശാന്തി യദുകൃഷ്ണന്‍

സഹപ്രവര്‍ത്തകന്‍ എംജി യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സുരേഷ് കുമാര്‍  പിഎച്ച്ഡി എടുത്ത ആളാണ്. ഭാര്യ ഡോക്ടറാണ്. ആയുവേദ വകുപ്പില്‍ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കെപിഎംഎസ് എന്ന കേരള പുലയ മഹാസഭാ നേതാവ് പികെ സജീവ്  എംജി യൂണിവേഴ്‌സിറ്റിയില്‍ ജോയിന്റ് റെജിസ്ട്രാര്‍.  ഭാര്യ ഡോ. പ്രിയ അലോപ്പതിയില്‍ കോട്ടയം  ജില്ലാ മെഡിക്കല്‍ ഓഫീസര്‍. 

മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കോട്ടയത്തെ ലതിക സുഭാഷ് ആയിരുന്നു പാലുകാച്ചല്‍ ചടങ്ങിലെ അതിഥികളില്‍ ഒരാള്‍. ഏറ്റുമാനൂരില്‍ സീറ്റ്  നിഷേധിക്കപ്പെട്ടിട്ടും റിബല്‍ ആയി മല്‍സരിച്ചു കേരളമാകെ  ശ്രദ്ധിക്കപ്പെട്ട ലതിക ഇപ്പോള്‍ നാഷണലിസ്‌റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണ്. എന്‍സിപി എല്‍ഡിഎഫില്‍ അംഗമായതിനാല്‍ ലതികക്കു കേരള ഫോറെസ്‌റ് ഡവലപ്‌മെന്റ് കോര്‍പറേഷന്റെ അധ്യക്ഷ പദവി കിട്ടി. ഔദ്യോഗിക കാര്‍, യൂണിഫോം ധരിച്ച ഡ്രൈവര്‍ എല്ലാം. 

ഗീതയുടെ ജ്യേഷ്ടത്തി  ശോഭന ഓടിയെത്തി ലതികയെ  സ്വീകരിച്ചു. അവര്‍ പണ്ടൊരു  തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയവരാണ്. ജില്ലാ പഞ്ചായത്തു വരും മുമ്പ്  1991ല്‍  കോട്ടയം ഡവലപ്‌മെന്റ് കൗണ്‍സിലിലേക്ക്  നടന്ന മത്സരത്തില്‍ ലതിക കോണ്‍ഗ്രസ് ടിക്കറ്റിലും ശോഭന ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റിലും മത്സരിച്ചു. ജയം ലതികക്കു  ആയിരുന്നെങ്കിലും അവര്‍ നല്ല സുഹൃത്തുക്കളായി തുടരുന്നു.  

തിരുവിതാം കൂറിലെ പുലയര്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളെ പറ്റി ആദ്യമായി ആധികാരിക പഠനം നടത്തിയ ഒരാള്‍ ലണ്ടന്‍ മിഷനറി സൊസൈറ്റി പ്രതിനിധിയായി 1859 ല്‍ ഇന്ത്യയില്‍ എത്തിയ  സാമുവല്‍ മറ്റീര്‍  33 വര്‍ഷം ഇവിടെ സേവനം ചെയ്തു. നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍, ദി ലാന്‍ഡ് ഓഫ് ചാരിറ്റി, ദി ഗോസ്പല്‍ ഇന്‍ സൗത്ത് ഇന്ത്യ  എന്നീ പുസ്തകങ്ങളിലൂടെ 1800കളിലെ  സാമൂഹിക ചരിത്രത്തിലേക്ക് അദ്ദേഹം വെളിച്ചം വീശി.

അടിമക്കച്ചവടം നടന്നിരുന്ന അക്കാലത്ത് അടിമകളുടെ അടയാളമായി അവര്‍ കല്ലുമാലയും കുപ്പിച്ചില്ലും അണിയണമെന്നു അധികാരികള്‍ നിര്ബന്ധിച്ചിരുന്നു. മേല്‍മുണ്ട് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി ചാന്നാര്‍ വിഭാഗം നടത്തിയ സമരത്തിന് പിന്നാലെ കല്ലുമാലകള്‍  പൊട്ടിച്ചെറിയാന്‍  അയ്യങ്കാളി പുലയസ്ത്രീകളോട് ആവശ്യപ്പെട്ടു. അവര്‍ അങ്ങിനെ ചെയ്തു. വിപ്ലവകരമായ  മാറ്റത്തിന്റെ തുടക്കം ആയിരുന്നു അത്. 

അടിമത്തം അവസാനിപ്പിച്ചുകൊണ്ടു 1863ല്‍ പ്രഖ്യാപനം നടത്തിയ   പതിനാറാമത് അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം  ലിങ്കനെ 1865 ഏപ്രില്‍ 14നു വംശവെറിയന്മാര്‍  വെടിവച്ചു കൊന്നു എന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കളങ്കങ്ങളില്‍ ഒന്നാണല്ലോ. കൊല്ലപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്  ആയിരുന്നു ലിങ്കണ്‍. 

പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നരവംശ ശാസ്ത്ര  പ്രൊഫസര്‍ ആയ മിഖായേല്‍ മൊഫാറ്റ്  'ആന്‍ അണ്‍- ഫൊര്‍ഗെറ്റബിള്‍  കമ്മ്യൂണിറ്റി ഇന്‍ സൗത്ത് ഇന്ത്യ' എന്നപേരില്‍ 1979ല്‍ പ്രസിദ്ധീകരിച്ച പഠനവും വിലപ്പെട്ടതാണ്. ഓക്‌സ് ഫോര്‍ഡില്‍ നിന്ന് ബിരുദവും ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്സ്‌റ്റേഴ്‌സും റട്ട് ഗേഴ്‌സില്‍  നിന്നു പിഎച്ഡിയും നേടിയ മൊഫാറ്റിന്റെ മുത്തശ്ശന്‍ തമിഴ്‌നാട്ടില്‍ മിഷനറി ആയിരുന്നു.

തിരുവന്തപുരത്തു 2021 ല്‍ 93 ആം വയസില്‍ അന്തരിച്ച  സാമ്പത്തിക ശാസ്ത്രജ്ഞ കെ. ശാരദാമണി ഈവിഷയത്തില്‍ അവഗാഹപഠനം നടത്തിയ ആളാണ്. പാരിസില്‍ ലൂയി ഡുമോണ്‍ എന്ന വിശ്രുത നരവംശശാസ്ത്രജ്ഞന്റെ കീഴില്‍നടത്തിയ ഡോക്ടറല്‍ ഗവേഷണം 1980ല്‍  'എമെര്‍ജെന്‍സ് ഓഫ് എ സ്‌ളേവ് കാസ്റ്റ്: പുലയര്‍സ് ഓഫ് കേരള '' എന്ന പുസ്തക രചനക്ക് അടിസ്ഥാനമിട്ടു. ഈവിഷയത്തില്‍ അവര്‍ ഗവേഷകര്‍ക്ക് ഒരു വഴികാട്ടിയായിരുന്നുവെന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍  സ്റ്റഡീസ്  പ്രസിഡണ്ട് ഡോ. മീര വേലായുധന്‍ പറയുന്നു. 

എംജി യൂണിവേഴ്‌സിറ്റി സാമൂഹ്യ ശാസ്ത്രവകുപ്പില്‍ ഡയറക്ടറും കേരളചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടറും ആയിരുന്ന ഡോ. സനല്‍ മോഹന്‍ ആണ് ഈ വിഷയത്തില്‍ ഏറ്റവും പുതിയ വഴിത്താര  തുറന്നത്. അദ്ദേഹത്തിന്റെ 'മോഡേനിറ്റി ഓഫ് സ്ലേവറി: സ്ട്രഗിള്‍സ് എഗന്‌സ്‌റ്  കാസ്റ്റ് ഇനിക്വാളിറ്റി ഇന്‍ കൊളോണിയല്‍ കേരള'  ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

വിനില്‍ പോള്‍ (ദളിത്  ചരിത്രദംശനം, മാതൃഭൂമി)  ആണ് അക്കൂട്ടത്തില്‍ ഏറ്റവും പുതിയ ഗവേഷകന്‍. കാര്‍ഷിക അടിമത്വത്തിന്റെ അതിജീവന മേഖലയാണ് അപ്പര്‍ കുട്ടനാട്ടിലെ മഞ്ചാടിക്കരിഎന്ന് അദ്ദേഹം സ്ഥാപിക്കുന്നു. സവര്‍ണ മര്‍ദ്ദനത്തില്‍ നിന്നും ഒളിച്ചോടിയെത്തിയ അടിമകള്‍  അഭയം തേടിയ ഇടമാണ് മുതലകള്‍ നിറഞ്ഞ ആ ചതുപ്പുനിലമെന്നും വാദമുണ്ട്. 

സമ്പല്‍ സമൃദ്ധിയുടെ നടുവില്‍ പട്ടിണി പാവങ്ങളായി കഴിയാന്‍ വിധിക്കപെട്ടവരാണ്  ഇന്ത്യയുടെ ഹൃദയ ഭാഗത്തെ ആദിവാസികള്‍. ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരണത്തിനു വഴിവച്ച അവരുടെ രക്തരൂഷിത സമരത്തെ നയിച്ച ജോസ്‌ന എന്ന കുട്ടന്‍നാടന്‍  കന്യാസ്ത്രീയുടെ ധീരസമരം ചിത്രീകരിച്ച് സ്റ്റേറ്റ്‌സ്മാന്‍ പുരസ്‌കാരം നേടിയ ആളാണ് ഞാന്‍. 

മലയാള മനോരമയുടെ 1890ലെ 'പുലയരുടെ വിദ്യാഭാസം' എന്ന ആദ്യ മുഖപ്രസംഗം  മുതല്‍ അപഗ്രധിച്ച് സംമൂഹ്യ പരിവര്‍ത്തനത്തില്‍ പത്രങ്ങളുടെ പങ്കിനെക്കുറിച്ച് ഞാന്‍ ഡോക്ടറല്‍ ഗവേഷണം നടത്തി.  ഇതെല്ലാം പറഞ്ഞു വേണം ഗീതയുമായുള്ള ചങ്ങാത്തത്തിന്റെ പുതിയൊരദ്ധ്യായം തുടങ്ങാന്‍.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക