Image

കുട്ടികൾക്കൊരു സ്വപ്നക്കട (ആസ്വാദനം: സുധീർ പണിക്കവീട്ടിൽ)

Published on 18 December, 2022
കുട്ടികൾക്കൊരു സ്വപ്നക്കട (ആസ്വാദനം: സുധീർ പണിക്കവീട്ടിൽ)

(കുട്ടികൾക്കായി ചന്ദ്രമതി രചിച്ച "സ്വപ്നക്കട"യ്ക്ക് ഒരു ആസ്വാദനം)

വലിയ എഴുത്തുകാരി ചന്ദ്രമതിയുടെ ഒരു കൊച്ചു കഥ വായിച്ചു. കുട്ടികൾക്കായി എഴുതിയ “സ്വപ്നക്കട” എന്ന കഥ. കഥയുടെ പേരു കേട്ടപ്പോൾ കുട്ടികളെപ്പോലെ "ഹായ്" എന്ന്  പറഞ്ഞുപോയി. സ്വപ്നക്കട എത്ര മനോഹരമായ തലക്കെട്ട്. കുഞ്ഞുമനസ്സുകളിൽ സ്വപ്നം വിടർത്തുന്ന രണ്ടു വാക്കുകൾ. സ്വയം ഒരു അധ്യാപികയായിരുന്ന (കോളേജ് ലെവലിൽ ആയിരുന്നെങ്കിലും) ചന്ദ്രമതി കുട്ടികളുടെ മനഃശാസ്ത്രം നല്ലപോലെ അറിയുന്ന ആളാണ്. കൂടാതെ അവർക്കും ഒരു കുട്ടിക്കാലം ഉണ്ടായിരുന്നല്ലോ. എല്ലാ മുതിർന്ന മനുഷ്യരിലും ഒരു കുട്ടിയുണ്ട് എന്നല്ലേ പറയുന്നത്. അപ്പോൾ പിന്നെ ഒരു കുട്ടിയെപ്പോലെ ആകാനും ആ ഭാവങ്ങളിൽ നിന്നുമുള്ള ചിന്തകൾക്ക് രൂപം നൽകാനും കഴിയുമല്ലോ.


കുഞ്ഞുമനസ്സുകളെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് അവർ അധ്യാപകരിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ബന്ധു മിത്രാതികളിൽ നിന്നോ കേൾക്കുന്ന “വലുതാകുമ്പോൾ നിനക്ക് ആരാകണം” എന്ന ചോദ്യം.  കുട്ടികൾ ഇതിനുത്തരം പറയുന്നത് അവർക്ക് പരിചയമുള്ള അല്ലെങ്കിൽ അവരെ ആകർഷിച്ചിട്ടുള്ള  ഏതെങ്കിലും ആളുകളുടെ ഉദ്യോഗമോ പദവിയോ നോക്കിയായിരിക്കും. സ്വാമി വിവേകാനന്ദൻ ബാലനായിരുന്നപ്പോൾ ഒരു തേരാളി ആകണമെന്ന മോഹം അമ്മയോട് പറഞ്ഞുവത്ര.


ജിൻസ് എന്ന് പേരായ ഒരു കുട്ടി പുതുതായി ക്ലാസ്സിൽ ചേർന്നപ്പോൾ അവിടെയുണ്ടായിരുന്ന സഹപാഠികളുടെ പ്രതികരണത്തോടെ കഥ തുടങ്ങുന്നു. കുട്ടികൾ അവർക്ക് അറിയാൻ  താല്പര്യമുള്ള കാര്യങ്ങൾ കൈമാറി. കൂട്ടത്തിൽ ജിൻസ് എന്ന പേരിനെ ഒന്ന് കളിയാക്കലും. ജിൻസാണോ ജീൻസാണോ പക്ഷെ അവൻ മിടുക്കൻ. അത്തരം സാഹചര്യങ്ങൾ മുമ്പ് കൈകാര്യം ചെയ്തതുകൊണ്ട് അതിനൊക്കെ ഉത്തരങ്ങൾ കൊടുക്കുകയുണ്ടായില്ല. കുട്ടികളുടെ മാനസികചിന്തകൾ രസകരമായും വിശ്വസനീയമായും ചന്ദ്രമതി വിവരിക്കുന്നു.അപ്പോഴാണ് ജിന്സിനു അന്ന് ക്‌ളാസിൽ വരാതിരുന്ന പ്രിൻസ് എന്ന കുട്ടിയുടെ ഛായ ഉണ്ടെന്ന കണ്ടുപിടിത്തം. പക്ഷെ അയാൾ ക്‌ളാസിൽ വന്ന ദിവസം അത് നിരസിക്കുന്നു. അങ്ങനെ കുട്ടികളുടെ നിഷ്കളങ്കമായ ഒരു ലോകം സൃഷ്ടിച്ചതിനു ശേഷം അവർക്ക് വളരെ രസകരമായ ഒരു കളിയാകാമെന്നു പറഞ്ഞു ഒരു അധ്യാപകൻ എത്തുന്നു. കഥയുടെ മർമ്മം ഇവിടെ നിന്നും ആരംഭിക്കുന്നു.


ഈ അധ്യാപകൻ ചോദിച്ചതും അദ്ദേഹത്തിന് മുന്നേയുള്ള അധ്യാപകരുടെ ചോദ്യമാണ്. എന്നാൽ അദ്ദേഹം കുട്ടികൾക്ക് ചോദ്യം വിശദീകരിക്കുന്നു. വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണം എന്ന ചോദ്യത്തിന് നിങ്ങൾ ഇതേവരെ പറഞ്ഞു മടുത്ത ഉത്തരങ്ങളല്ല വേണ്ടത്. അദ്ധ്യാപകൻ കുറേകൂടി വ്യക്തമായി പറഞ്ഞു. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾ എന്താകണമെന്നു ആഗ്രഹിക്കുന്നുവോ അതുമല്ല  പറയേണ്ടത്, പൊങ്ങച്ചങ്ങളും പറയരുത് നിങ്ങളുടെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ ആരാകാൻ  ആഗ്രഹിച്ചിരുന്നോ അത് പറയുക. അധ്യാപകന് തന്റെ കുട്ടിക്കാലത്ത് ഒരു തെങ്ങുകയറ്റക്കാരനാകാനായിരുന്നു മോഹം പക്ഷെ അത് മാതാപിതാക്കളോട് പറയാൻ അന്ന് അദ്ദേഹത്തിന് ധൈര്യം ഉണ്ടായില്ലെന്ന് പറഞ്ഞു  കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിച്ചു. എല്ലാവരുടെ മനസ്സ്സിലും ഒരു മോഹരഹസ്യം കാണും അത് പറഞ്ഞു നമുക്ക് കുറേനേരം രസിക്കാമെന്നു അദ്ധ്യാപകൻ പറഞ്ഞപ്പോൾ കുട്ടികൾക്ക് ഉല്ലാസമായി.


ലോറിഡ്രൈവർ, പോലീസുകാരൻ, നേഴ്സ്, ഡോക്ടർ, സിനിമാനടൻ, എയർഹോസ്റ്റസ് അങ്ങനെ കുറേപേർ കുട്ടികളുടെ മനസ്സിലൂടെ ഇറങ്ങിവന്നു.  ചിലർക്ക് തട്ടുകട തുടങ്ങണം, ചിലർക്ക് മീൻകാരിയാകണം.അങ്ങനെ വിവിധ വേഷക്കാർ അരങ്ങു തകർക്കുമ്പോൾ അദ്ധ്യാപകൻ ജിന്സിനോട് ചോദിച്ചു. നിനക്ക് എന്താകണം  അവൻ പറഞ്ഞ മറുപടി അധ്യാപകനെ ചിന്തിപ്പിച്ചു. അവൻ പറഞ്ഞു അവനൊരു സ്വപ്നക്കട തുടങ്ങണം. എല്ലാവർക്കും  വേണ്ട സ്വപനങ്ങൾ അവിടെ നിരത്തി വച്ചിരിക്കും. ആവശ്യക്കാർക്ക് വന്നു വാങ്ങികൊണ്ടുപോകാമല്ലോ? എല്ലാവർക്കും  അവരവരുടെ സ്വപനങ്ങൾ ലഭിക്കും. എത്ര മഹത്തായ ആശയമാണ് ആ കുട്ടിയുടെ മനസ്സിൽ നിന്നും വന്നത്.  എല്ലാവരുടെയും സ്വപനങ്ങൾ നിറവേറ്റികൊടുക്കുക. ഒരു പക്ഷെ മുതിർന്നവരേക്കാൾ  ഭാവിതീരുമാനിക്കുന്നതിൽ കുട്ടികൾ  നല്ല തീരുമാനങ്ങളിൽ എത്തുമെന്നും ഇവിടെ സൂചന കിട്ടുന്നു.


ഈ കഥ കുട്ടികളിൽ ആത്മവിശ്വാസവും, ചിന്താശക്തിയും, സ്വാർത്ഥതയില്ലാതെ  മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും  ചെയ്യുക എന്ന സേവനമനോഭാവവും വളർത്താൻ പര്യാപ്തമാണ്. കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന ഈ കഥയിൽ ചന്ദ്രമതി ടീച്ചർ അവരുടെ തനത് രചനാകൗശലവും എപ്പോൾ എങ്ങനെ വായനക്കാരന്റെ ശ്രദ്ധപിടിച്ചുപ്പറ്റി അവനെക്കൊണ്ട് കഥയുടെ ആസ്വാദ്യത  മുഴുവൻ ഉൾകൊള്ളാൻ പ്രാപ്തനാക്കുക എന്ന തന്ത്രവും വളരേ ലളിതമായി പ്രകടിപ്പിച്ചിട്ടുണ്ട്. കുരുന്നുമനസ്സുകൾക്ക് കേട്ട് പരിചയമുള്ള ഒരു പ്രമേയം അവർക്ക് രസകരമാം വിധം ആവിഷ്കരിച്ചിരിക്കുന്നു. മുതിർന്നവരും കുട്ടികളെപ്പോലെ തന്നെ ഈ കഥ ഇഷ്ടപ്പെടുകയും ആവർത്തിച്ച് വായിക്കാൻ പ്രലോഭിതരാവുകയും ചെയ്യും. 

ശുഭം

# review of Chandramati's story

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക