Image

രാഹുല്‍ ഗാന്ധിയുടെ ദിവാസ്വപ്നങ്ങള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 18 December, 2022
രാഹുല്‍ ഗാന്ധിയുടെ ദിവാസ്വപ്നങ്ങള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

സ്വപ്നംകാണാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകണമെന്ന് രാഹുല്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. അദ്ദേഹത്തെപോലെ നിങ്ങള്‍ക്കും എനിക്കും ആഗ്രഹംകാണും. എന്നാല്‍ അതിനുള്ള കഴിവും യോഗ്യതയും എല്ലാവര്‍ക്കുമുണ്ടോ? കഴിവില്ലാക്കവര്‍ രാജ്യംഭരിച്ചിട്ടില്ലേയെന്ന് ചോദിച്ചേക്കാം. ഉണ്ട്., അതിന്റെ ദുഷ്ഫലം രാജ്യവും ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ അങ്ങനെയുള്ളവരെ തിരസ്‌കരിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കും. കഴിവുകേട് പ്രകടിപ്പിച്ച ഭരണാധികാരികളെയും പാര്‍ട്ടിയേയും ജനം പുറംതള്ളിയതിന്റെ ഉദാഹരണമാണ് കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ ദയനീയാവസ്ഥ. രാഹുല്‍ഗാന്ധി അതില്‍ പരിപൂര്‍ണ ഉത്തരവാദിയല്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബം കോണ്‍ഗ്രസ്സിനെ പടുകുഴിയില്‍ തള്ളിയതിന് കാരണക്കാരാണ്.
ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി , സോണിയാ ഗാന്ധി അവസാനം രാഹുല്‍ ഗാന്ധി ഇങ്ങനെപോകുന്നു കുടുംബവാഴ്ച്ച. ഇനിയും ഗാന്ധികുഞ്ഞുങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ അധഃപതനം ഉദ്ഘാടനംചെയ്തത് ഇന്ദിരാ ഗാന്ധിയാണ്. ഇവരുടെ കുടുംബമാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്. ഏഴാംകൂലികളായ ചിലയാളുകള്‍ ഹൈക്കമാന്‍ഡിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നു.

ഇവര്‍ക്ക് ഗാന്ധിമാര്‍ പറയുന്നതിനെ കയ്യടിച്ച് പാസ്സാക്കാന്‍ മാത്രമെ അധികാരമുള്ളു. സ്വന്തമായി കഴമ്പുള്ളവരെല്ലാം വെളിയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി നിന്നുകൊള്ളണം. അവര്‍ക്ക് പ്രതിഫലമായി എം എല്‍ എ സ്ഥാനവും എം പി  സ്ഥാനവും നല്‍കപ്പെടും., ജനങ്ങള്‍ തെരഞ്ഞെടുത്താല്‍.


നെഹ്‌റുവിനെ അറിയുന്നവരും ആരാധിച്ചിരുന്നവരുടെയും ഒരുതലമുറ ഇന്‍ഡ്യയില്‍ ജീവിച്ചിരുന്നു. അവര്‍ അന്ധമായി കോണ്‍ഗ്രസ്സിനെ ആശിര്‍വദിക്കയും വോട്ടുനല്‍കി അധികാരത്തില്‍ അവരോധിക്കയും ചെയ്തിരുന്നു. അവരുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറയാണ് ഇന്നതെ ചെറുപ്പക്കാര്‍., അവര്‍ക്ക് നെഹ്‌റുവിനെ അറിയില്ല,

ആരാധിക്കില്ല. പണ്ട് നെഹ്‌റുവെന്ന് പേരുള്ളൊരാള്‍ ഇന്‍ഡ്യ ഭരിച്ചിരുന്നു എന്ന് പാഠപുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകളുടെ മകന്റെ മകന്‍ രാഹുല്‍ ഗാന്ധിയെന്നൊരാള്‍ മീശയും താടിയുംവളര്‍ത്തി കണ്ടെയ്‌നറുകളുടെ അകമ്പടിയോടുകൂടി ഇതുവഴി കടന്നുപോകുന്നത് കൗതുകത്തോടെ അവര്‍ നോക്കിനിന്നു. ചിലര്‍ കൂടെനടന്നു. ഇവരെല്ലാം തനിക്ക് വോട്ടുചെയ്യുമെന്ന് ശുദ്ധനായ രാഹുല്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല. 


അദ്ദേഹം ഒരുസിനിമ നടനെപ്പോലെ സുന്ദരനാണ്. പക്ഷേ, അതുകൊണ്ടായില്ലല്ലൊ. രാജ്യംഭരിക്കണമെങ്കില്‍ തലക്കകത്ത് എന്തെങ്കലുമൊക്കെവേണം. അതുകൊണ്ടാണല്ലോ സൗന്ദര്യം അശ്ശേഷമില്ലാത്ത നരേന്ദ്ര മോദിയെ നമ്മള്‍ ഭരണഭാരം ഏല്‍പിച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കിയത്. സുന്ദരനായ മമ്മുട്ടിയെ മുഖ്യമന്ത്രിയാക്കാന്‍ പറ്റുമോ?


രാഹുല്‍ ഗാന്ധിക്ക് പറ്റിയവേഷം ബോളിവുഡിലാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രായത്തിലും അദ്ദേഹത്തിന് അവിടെ പ്രശോഭിക്കാനാകും, ഒരു ബാര്‍ബര്‍ ഷോപ്പില്‍കയറി മീശയൊന്ന് വടിച്ചാല്‍ മതി. നടക്കാത്ത സ്വപ്നത്തിന് പിന്നാലെപോകാതെ മറ്റുവഴികള്‍ തേടുകയല്ലേ നല്ലത്. നടന്നുനടന്ന് ക്ഷീണിക്കാമെന്നല്ലാതെ ജോഡോയാത്രകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ല. 


പക്വതയില്ലാത്തവന്‍ പാഴ്‌വാക്ക് സംസാരിക്കുന്നവന്‍ വിദേശത്തുപോയി സ്വന്തംരാജ്യത്തെ പഴിക്കുന്നവന്‍ എന്നെല്ലാമുള്ള ദുഷ്‌പേര് സമ്പാതിച്ചുകഴിഞ്ഞു. ഒരേയൊരു കോളിറ്റി നെഹ്‌റുകുടുംബത്തില്‍ ജനിച്ചു എന്നുള്ളതാണ്.അല്ലായിരുന്നെങ്കില്‍ ഒരു പഞ്ചായത്ത് പ്രസിഡണ്ടുപോലും ആകുമായിരുന്നില്ല. ഇപ്പോള്‍ ഭാരത ജോഡോയുമായി നടക്കുന്നത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാനാണ്., കോണ്‍ഗ്രസ്സിനെ പുനര്‍ജ്ജീവിപ്പിക്കാനല്ല. കോണ്‍ഗ്രസ്സിന് ജീവന്‍ വെയ്പിക്കാനായിരുന്നെങ്കില്‍  അതിന്റെ പ്രസിഡണ്ടുസ്ഥാനം ഏറ്റെടുക്കണമായിരുന്നു. പ്രസിഡണ്ടും പാര്‍ട്ടിമെമ്പറും അല്ലാത്തൊരാള്‍ ജോഡോയാത്ര നടത്തുന്നതിന്റെ ഉദ്ദേശം സംശയാസ്പദമാണ്.
തെക്കുവടക്ക് നടന്നാല്‍ പ്രധാനമന്ത്രിയാകാമെന്ന്  വിചാരിക്കുന്ന മറ്റൊരാള്‍ ബീഹാറില്‍നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുകയാണ്.ഓരോരുത്തരുടെ അതിമോഹങ്ങളെ!  രാഹുലിന്റെ  ജോഡോയാത്രകണ്ട് പ്രചോതിതരായിതീര്‍ന്ന മറ്റുചിലര്‍ പ്രധാനമന്ത്രിസ്ഥാനം മോഹിച്ച്  യാത്രക്ക് പുറപ്പെട്ടാല്‍ പാവം വഴിയാത്രക്കാരുടെ അവസ്ഥ ദയനീയമായിതീരും.

സാം നിലമ്പള്ളില്‍
samnilampallil@gmail.com

# dreams of Rahul Gandhi- Article by Sam Nilampaiili

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക