Image

ശുഭരാത്രി (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 19 December, 2022
ശുഭരാത്രി (കവിത: മാര്‍ഗരറ്റ് ജോസഫ്)

നാലായിരത്തോളമാണ്ടുകള്‍ പിന്നിട്ട്,
പ്രത്യാശയായ് ശുഭരാത്രി;
 മഞ്ഞലതോരണം ചാര്‍ത്തിയ ബേത്‌ലെഹെം,
കോള്‍മയിര്‍ കൊള്ളിച്ച രാത്രി;
പുത്തനുണര്‍വിന്‍ വെളിച്ചമായ് താരകം,
വീഥിയൊരുക്കിയ രാത്രി;
കാലിത്തൊഴുത്തും പവിത്രമാക്കി, ദൈവ-
കുഞ്ഞാടിറങ്ങിയ രാത്രി;
മാലാഖമാര്‍ സ്തുതിവീണകള്‍ മീട്ടിയ,
സ്വര്‍ഗ്ഗീയ സുന്ദര രാത്രി;
'അത്യുന്നതന് മഹത്ത്വം, ധരിത്രിയില്‍,
സന്മനസ്സുള്ളോര്‍ക്ക് ശാന്തി';
കാറ്റിന്റെ തന്ത്രിയില്‍ കാലംനിരന്തരം,
ഏറ്റേറ്റുപാടുന്ന രാത്രി;
ആടുകള്‍പോലുമുറങ്ങാതെയാലയില്‍,
കാതോര്‍ത്ത മംഗളരാത്രി;
അജ്ഞരാമാട്ടിയന്മാര്‍ക്ക് ദര്‍ശന-
സായൂജ്യമേകിയ രാത്രി,
ക്രിസ്തുമസ്സാചരിക്കുന്ന ക്രിസ്ത്യാനി ഞാന്‍,
ക്രിസ്തുവെന്‍ ഹൃത്തിലില്ലാതെ;
തീനും കുടിയുമായാടിത്തിമര്‍ക്കുന്ന,
ഭൗതികാഘോഷമെനിക്ക്.
മാനവരാശിക്കനന്തരമാം രക്ഷയായ്,
ആത്മീയ സാധനയെങ്കില്‍,
ഞാനോ, നിശൂന്യമനസ്സുമായുത്സവ-
മോടികള്‍ മാത്രം തേടുന്നു.
സ്‌നേഹാര്‍ദ്രഭാവങ്ങളന്യമായെന്മനം,
കോപവും വൈരവുമാര്‍ന്ന്,
ഏറുമഹന്തയാലന്ധമായ്, ദീനരില്‍,
നിന്നും മുഖം തിരിക്കുന്നോ?
മാറ്റൊലിക്കൊള്ളുന്ന ഗീതാഞ്ജലികളായ്,
പാടും കരോളിന്റെ മുന്നില്‍;
നീളന്‍ വടിയും വെണ്‍താടിയുമേന്തിയ,
സാന്താക്ലോസാമെനിക്ക്,
ഭക്തനാണെന്നു നടിക്കിലും കാപട്യം,
മാത്രമെന്‍ കൈമുതലായി;
പൂജയ്ക്കു പള്ളിയില്‍ മുന്നിലാണെങ്കിലും
ദുഷ്ടവിചാരങ്ങളെത്ര;
കമ്രനക്ഷത്രദീപങ്ങളലംകൃത-
വര്‍ണ്ണാഭമാം കലാശില്പം,
എന്മണിമന്ദിരം, നശ്വരസത്രമായ്,
എത്രയശാന്തമീ വാഴ്‌വില്‍.
നിര്‍മ്മാണചാതുരിയോടതിന്‍ ചാരത്ത്
ചാരുതയാര്‍ന്ന 'പുല്‍ക്കൂടും',
കണ്‍കരള്‍ കവരുന്ന ട്രീയുമതിശയം,
തേജോമയം, പ്രഭാപൂരം!
മത്സരവേദിയിലൊന്നാമനാകുവാന#,
ദൃശ്യങ്ങളെല്ലാമൊരുക്കി;
മേല്‍ത്തര 'മുണ്ണി'യെ വാങ്ങാന്‍നടക്കയായ്,
അങ്ങാടിതോറുമി 'ക്കേമന്‍'.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക