Image

രാഗം ഭൈരവി.... (ചെറുകഥ: മനോഹർ തോമസ്)

Published on 20 December, 2022
രാഗം ഭൈരവി.... (ചെറുകഥ: മനോഹർ തോമസ്)

എത്രയോ വേഷങ്ങളാണ് ജീവിതത്തിൽ കെട്ടാൻ ഇടവരുന്നത്. .ഏറ്റവും യോജിച്ചവേഷം കിട്ടുന്നവനെ നമ്മൾ ജീവിതവിജയി എന്നൊക്കെ പറയും .ഒട്ടും യോജിക്കാത്ത വേഷങ്ങളുമായി ആടി തീർത്തു രംഗം വിടുന്ന എത്രയോ കഥാപാത്രങ്ങൾ .

ഒരു ഗ്രാമം എന്നും അങ്ങിനെ തന്നെയാണ് . ഒരു പള്ളി ,പള്ളിക്കൂടം പഞ്ചായത്തു ഓഫീസ് ,കോപ്പറേറ്റീവ് സൊസൈറ്റി ,വായനശാല ,വില്ലേജ് ഓഫീസ് ,കുറെ നിഷ്കളങ്കരായ മനുഷ്യർ  .  അതിനിടയിൽ വിരലിൽ എണ്ണാവുന്നന കുറച്ചു ഭീകരജീവികളും ഉണ്ടാകും .അവരുണ്ടാക്കുന്ന വൈകൃതങ്ങളിലൂടെയാണ് യഥാർത്ഥത്തിൽ ഗ്രാമം മുന്നോട്ട് കുതിക്കുന്നത്‌ .

പള്ളികൊണ്ട് മാത്രം ഉപജീവനം കഴിക്കുന്ന കപ്യാര് ഓനച്ചൻചേട്ടന്റെ മകൻ പൗലോസുകുട്ടി അതിമനോഹരമായി പാടും .ദൈവത്തിൻറെ വരദാനം പോലെ കിട്ടിയ ആ കഴിവ് സ്‌കൂളിൽ ഫസ്റ്റ് ആകുക എന്നതിലപ്പുറം ,ഒട്ടും മുന്നോട്ടുപോയില്ല .വീട്ടിൽ കൃസ്തീയ പാട്ടല്ലാതെ ഏതെങ്കിലും പാടിയാൽ അത്താഴപട്ടിണി കിടക്കേണ്ടി  വരും .അതുകാരണം “ ഗോപാലക പാഹിമാം “ എന്ന സെമിക്ലാസ്സിക് തുടങ്ങിയ പാട്ടുകൾ പൗലോസുകുട്ടി റബർതോട്ടം വഴി പാടിനടന്നു .

ആയിടക്കാണ് കാഞ്ഞിരപ്പള്ളിക്കാരൻ ഒരു കൊച്ചച്ചൻ വന്ന് പള്ളിയിൽ ചാർജ് എടുത്തത് . ആ വരവ് പൗലോസുകുട്ടിയുടെ ജാതകം മാറ്റിയെഴുതി . അതിനും തക്കതായ കാരണം ഉണ്ടായി . തൻ്റെ ജീവിതം ദിവസം പ്രതി താഴേക്ക് പോകുകയാണെന്നും , അതിൽ നിന്ന്‌ മോചനം ഇല്ലെന്നും തോന്നിത്തുടങ്ങിയ പൗലോസുകുട്ടി തന്നെയിരുന്നു കരയാനും ,പിറുപിറുക്കാനും തുടങ്ങി.ഇതു കണ്ട കൊച്ചച്ചൻ
അയാളെയും കൂട്ടി സൈക്കോളജി പ്രൊഫെസറായ  ഡോക്ടർ..  വി .കെ .അലക്സാണ്ടറെ കാണാൻ പോയി .കുറച്ചുനാളത്തെ ചികിത്സകൊണ്ട് കാര്യങ്ങൾ ശരിയായി .

ധനവാനായ കൊച്ചച്ചന്റെ കനിവുകൊണ്ട് പൗലോസ്‌കുട്ടി ,പാലക്കാട് ചെമ്പെ സംഗീത കോളേജിൽ ചേർന്നു . വ്യതിരിക്തമായി , ശ്രുതിശുദ്ധതയോടെ പാടാൻ കഴിവുള്ളവരെ കണ്ടെത്താനായി, പൊതുവാൾ സാറ് ക്ലാസ്സിലെ എല്ലാരെക്കൊണ്ടും ഓരോ കീർത്തനങ്ങൾ ചൊല്ലിച്ചു .അതിലൂടെയാണ് , ജന്മസിദ്ധമായ കഴിവുകളോടെ എത്തിയ ദേവേന്ദ്ര പിഷാരടിയെ പൗലോസുകുട്ടി പരിചയപ്പെടുന്നത് .

വേദസാധകം ചെയ്യുന്ന അരയാൽ ചുവട്ടിലിരുന്ന് , പട്ടിണിയാണെങ്കിലും  'അമ്മ പൊതിഞ്ഞു കൊടുത്തുവിടുന്ന പൊതിച്ചോറ് , പകുത്തുകഴിച്ച്  ആ സൗഹൃദം വലുതായി . പഠന കളരിയിൽ നിന്നും കിട്ടുന്ന അറിവ് വിശകലനം ചെയ്യാനും , ഹൃദിസ്ഥമാക്കാനും സൗഹൃദം ഉപകരിച്ചു .വ്യത്യസ്ത വർണ്ണങ്ങൾ
അറിയുമ്പോഴാണ് ,വിവിധ രാഗങ്ങളിൽ അവഗാഹം ഉണ്ടാകുന്നത് എന്ന തിരിച്ചറിവ് അവരെ പാട്ടിൻറെ സോപാന സീമകളിലേക്ക് എത്തിച്ചു . സ്വരങ്ങൾ പഠിച്ചു തുടങ്ങിയപ്പോൾ  പല വരിശകളിലൂടെയും കടന്നുപോയി .പിന്നീട് കീർത്തനം , തില്ലാന , ജാവലികൾ തുടങ്ങിയ വൈവിധ്യങ്ങളിലൂടെ കടന്നുപോകുമ്പോൾ രാഗത്തിന്റെ സൂഷ്മ ഭാവങ്ങൾ ചോർന്നുപോകാതെ
ഭാവവൈവിധ്യങ്ങളിലേക്ക് കൊണ്ടുപോകാനുള്ള കഴിവ് ആർജിക്കുകയാണ് മർമ്മ പ്രധാനം എന്ന് മനസ്സിലാക്കി .

കോളേജിൽനിന്നും പിരിയുമ്പോൾ സംഗിതം എങ്ങിനെ ഒരു ഉപജീവന മാർഗമാക്കും എന്ന വേവലാതിയിലായിരുന്നു പൗലോസ്‌കുട്ടി . തുക മുടക്കി ജോലി തരമാക്കുക എന്നകാര്യം   ചിന്തക്കും അപ്പുറത്തായിരുന്ന കാരണം, മെല്ലെ കംപ്യൂട്ടർ പഠിക്കാൻ തുടങ്ങി . ചെറിയ ജോലികൾ ചെയ്തുകൊണ്ട് പഠിക്കുക വഴി ,പട്ടിണി ഒഴിവായി .

കാലം ഒരു പന്തയക്കുതിരയുടെ വേഗതയോടെ കടന്നുപോയി . ന്യൂയോർക്കിലെ ഒരു കമ്പനിയിൽ പ്രോഗ്രാമെറായി കടന്നുകൂടിയപ്പോൾ ജീവിതം കുറച്ചുകൂടി പച്ചപിടിച്ചു .വാരാന്ത്യങ്ങളിൽ ഒത്തുചേരുന്ന സുഹൃസദസുകളിൽ പാടുന്നതല്ലാതെ പണ്ടുപഠിച്ച സംഗീതത്തിന് മറ്റൊരു
പ്രാധാന്യവും ഇല്ലാതായി .

എന്നിരുന്നാലും ചിലനേരങ്ങളിൽ സംഗീത കോളേജിലെ അച്ചൻറെ ഔദാര്യത്തിൽ , കഴിഞ്ഞുകൂടാൻ ഇടവന്ന നാലുവർഷങ്ങളെപ്പറ്റിയും , തൻ്റെ പ്രാണപ്രിയനായ സുഹൃത്ത് വിരേന്ദ്രപിഷാരടിയെപ്പറ്റിയും ഓർക്കാതിരുന്നില്ല. പിഷാരടിയുടെ വീട്ടിലായിരുന്നു മിക്കവാറും വാരാന്ത്യങ്ങൾ ചെലവഴിച്ചിരുന്നത് .അവിടുത്തെ പട്ടിണിക്ക് ഒരു മധുരമുണ്ടായിരുന്നു . 'അമ്മ മറ്റുചില വീടുകളിൽ ജോലിക്കുപോയാണ്‌ കാര്യങ്ങൾ നടത്തിയിരുന്നത് . കുഴമ്പു മണക്കുന്ന ആ വീട്ടിൽ രാഗങ്ങളും താളങ്ങളും ഇണചേർന്ന് കിടക്കുന്നു. .അമ്മയും നന്നായി കീർത്തനങ്ങൾ പാടുമായിരുന്നു

ഈ ഭൂമിയിൽ തനിക്കും ഒരിടം ഉണ്ടെന്നും ,താനും ജീവിക്കുകയാണെന്നും തോന്നിത്തുടങ്ങിയത് പൗലോസ്‌കുട്ടി ന്യൂയോർക്കിൽ എത്തിയപ്പോഴാണ്  . ഋതുഭേദങ്ങൾ  ഇത്രമാത്രം വ്യതിരിക്തതയോടെ നടമാടുന്ന മറ്റൊരിടം ഉണ്ടാവില്ല .ഓരോ ഋതുക്കൾ മാറുമ്പോഴും ,മറ്റൊന്ന് പുതുതായി വരുന്നുണ്ടെന്ന് ആത്മാർത്ഥമായി പ്രതീക്ഷിക്കാം ,കാത്തിരിക്കാം.
ശിശിരത്തിൻ്റെ തുടക്കത്തിലാണ് ,അവിടെ എത്തിയത് .ഇലകൾ നിറംഭേദങ്ങളോടെ , കുപ്പായം മാറ്റുന്ന കാലം .കാറ്റടിക്കുമ്പോൾ , താളനിബദ്ധമായ ചുവടുകളോടെ കുമ്മാട്ടിയാടുകയാണോ എന്ന് തോന്നിപ്പോകും .മനസ്സും, പ്രകൃതിയും ഒരു സമജ്ഞസ സമ്മേളനത്തിൽ ആലിംഗന ബദ്ധരായപോലെ !!

 തണുപ്പും ,മഞ്ഞും മാറി പ്രകൃതി ഉണർന്നു തുടങ്ങുമ്പോഴേക്കും ,നാട്ടിൽ നിന്നും ഗാനമേളക്കാരും ,സിനിമാ മിമിക്രി ,അവിയലുകാരും വരാൻ തുടങ്ങും . എല്ലാവർഷവും അവർവന്ന് കുറച്ചു ഓളങ്ങളൊക്കെ ഉണ്ടാക്കി മടങ്ങിപ്പോകുന്നു വരാന്ത്യങ്ങൾക്കു , ജീവൻ വച്ച് ഇളക്കങ്ങൾ ഉണ്ടാക്കുന്ന കാലം .
           
ഒരു ദിവസം ഓഫീസിൽ എത്തിയപ്പോൾ സഹപ്രവർത്തക മേഴ്‌സിയാണ് പറഞ്ഞത് ; “ ആത്മീയ പ്രഘോഷണങ്ങളുടെ , ഇതിഹാസ ഗായകനും ,പ്രശസ്ത ക്രിസ്‌തീയ പാട്ടുകാരനുമായ പത്മഭൂഷൺ Dr . ക്രിസ്റ്റഫർ  എബണിസ്സർ ന്യൂയോർക്കിലെ കോൾഡൻ സെന്ററിൽ പാടാൻ വരുന്നുണ്ടെന്ന് .ടിക്കറ്റുകൾ എല്ലാം നേരത്തെ വിറ്റുപോയി .

മേഴ്‌സിയുടെ കാലിൽ വീണാണ് ,പലരെയും പിടിച്ചു് ഒരു സീറ്റ് സംഘടിപ്പിച്ചത് .അത് കാണാതെ കേൾക്കാതെ പോയാൽ പൗലോസുകുട്ടിയെ സംബന്ധിച്ചിടത്തോളം അതൊരു ആത്മഹൂതി തന്നെയാണ് .പല പരിചയക്കാരെയും കണ്ടെങ്കിലും പിടികൊടുക്കാതെ , വെട്ടിമാറി സെന്ററിന്റെ അകത്തെത്തി . അല്ലെങ്കിൽ കാറിൻറെ പുറകിലെ നീരാട്ട് സദ്യയിൽ പങ്കെടുക്കേണ്ടി വരും .

ക്രിസ്റ്റഫർ എബണിസ്സറിന്റെ അപദാനങ്ങൾ പലരും മാറി മാറി വന്ന് സ്റ്റേജിൽ പറഞ്ഞു . കരഘോഷം കൊണ്ട് ജനം ഇളകിയാടി . പള്ളികളുമായി ബന്ധപ്പെട്ടവരാണ് കുടുതലും വന്നിരിക്കുന്നത് . രണ്ടു തിരുമേനിമാർ അകതാരികളോടെ വന്ന് മുമ്പിൽ തന്നെ സ്ഥലം പിടിച്ചു . പാതിരിമാരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു . ഏത്തക്കാപ്പവും , പരിപ്പുവടയും പൊതി പൊതികളായി കൊണ്ടുവന്ന് ,വെട്ടിവിഴുങ്ങുന്നത് കാണാമായിരുന്നു .

ക്രിസ്റ്റഫർ ഒരു ദേവദൂതന്റെ ,വേഷഭൂഷാതികളോടെ രംഗത്തെത്തി . സദസ്സ് ആർത്തിരമ്പി .ധുമപാളികൾക്ക്‌ ഇടയിൽ മാലാഖമാർ പറക്കുന്ന പ്രതീതിസാവധാനം സദസ്സിലെ ആരവം അടങ്ങി .
           
അദ്ദേഹം മെല്ലെ , ശാന്തമായി പാടിത്തുടങ്ങി .കടലലകൾ താണ്ടിയെത്തുന്ന രാഗവീചികളോടെ .പൗലോസുകുട്ടിയുടെ ആത്മാവിൽ ഒരു കൊള്ളിയാൻ മിന്നി .പണ്ടെങ്ങോ കേട്ടുമറന്ന രാഗചുവടുകൾ ,അതേ താളം !!!

ഓരോ പാട്ടിനും തിമർത്തു ഉയരുന്ന കൈയടികൾ . ഹർഷാരവത്തിൽ ജനം ഇളകിയാടി .ദേവസംഗീതത്തിന്റെ മാസ്മരീകത ജന ഹൃദയങ്ങളെ
ഭൗമതീർത്ഥങ്ങളിലേക്ക് ആവാഹിച്ചടുപ്പിക്കുന്നു .അദ്ദേഹം പാടുമ്പോൾ താളവും , രാഗവും ,ലയവും സംയോജിച്ചു ഒരു ഗന്ധർവസംഗീതത്തിന്റെആത്മാനുഭൂതി മനസ്സുകളിലേക്ക് ഒഴുകുന്നു.

പൗലോസ്‌കുട്ടി കണ്ണടച്ചിരുന്നു . രണ്ടര മണിക്കൂർ പോയതറിഞ്ഞില്ല .ഇന്റർവെൽ പോലുമെടുക്കാതെ ആ നാദധാര ഒഴുകി തീർന്നു . ആളുകൾ മെല്ലെ പോകാനൊരുങ്ങുകയാണ് .മനസ്സിനകത്തൊരു തുടിതാളം .
 “ ഒന്നുപോയി കാണേണ്ടതല്ലേ ? ചെറിയൊരു ഉദാസീനത പോലും താങ്ങാവുന്നതിനും അപ്പുറത്തായിപ്പോകും .പിന്നെ മരണം വരെ അതും പേറി നടക്കേണ്ടി വരും . “മനസ്സ് ഞാണിൽ കൊരുത്തപോലെ വലിഞ്ഞു മുറുകി നിന്നു അവസാനം പൗലോസുകുട്ടി,  പോയി കാണാം എന്നു തന്നെ തീരുമാനിച്ചു .
 
തിരക്കുകാരണം ഒരു കണക്കിനാണ് സ്റ്റേജ് വരെ എത്തിയത് . ആളുകൾ വരുന്നു ,ഫോട്ടോ എടുക്കുന്നു ,ഹസ്തദാനം ചെയ്യുന്നു, കുശലം ചോദിക്കുന്നു . സ്റ്റേജിന്റെ ഒരറ്റം മാറി ഒതുങ്ങി നിന്നു . ആളുകൾ ഒഴിഞ്ഞപ്പോൾ അദ്ദേഹം പൗലോസ്‌കുട്ടിയെ കണ്ടു .കൈകാട്ടി വിളിച്ചു .അടുത്തെത്തിയപ്പോൾ വാരി പുണരുകയായിരുന്നു .കണ്ണീരിൻറെ നീരാജനം .

“ നീ വരുമെന്ന് എനിക്കറിയാമായിരുന്നു .നിൻറെ കാര്യങ്ങളെല്ലാം ഞാൻ ചോദിച്ചു മനസ്സിലാക്കിയിരുന്നു . മനസ്സിൽ ഉയരുന്ന ഒരായിരം ചോദ്യങ്ങൾക്ക് ഒറ്റ വാചകത്തിൽ ഉത്തരം പറഞ്ഞോളാം ;
         
“ പരമ ദരിദ്രനും ,പട്ടിണിക്കാരനും ,നിർധനനുമായ ദേവേന്ദ്ര പിഷാരടിക്ക് പാടാൻ ,എന്തിനാ എൻ്റെ പൗലോസുകുട്ടി ,ഒരു സോപാനം . “ !!!!!!!!!

# Cherukhada by Manohar Thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക