Image

കോപ്പ മറഡോണക്കുള്ളത് (ലേഖനം: സാം നിലമ്പള്ളില്‍)

Published on 20 December, 2022
കോപ്പ മറഡോണക്കുള്ളത് (ലേഖനം: സാം നിലമ്പള്ളില്‍)

ഖത്തറിലെ ഫുട്ട്ബാള്‍ മാമാങ്കം അവസാനിച്ചു. അര്‍ജന്റീന കപ്പുംകൊണ്ട് അവരുടെ നാട്ടിലേക്കുപോയി. 36  വര്‍ഷങ്ങള്‍ക്കുമുന്‍പ് മറഡോണയെന്ന ഫുട്ട്‌ബോള്‍ മാന്ത്രികന്‍ കരസ്ഥമാക്കിയ കപ്പാണ് ഇപ്പോള്‍ മെസ്സിയെന്ന മറ്റൊരു മാന്ത്രികന്റെ കാല്‍വിരുതില്‍ വീണ്ടുംനേടിയെടുത്തത്. അനേകവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍. മറഡോണ ജീവിച്ചിരുന്നപ്പോള്‍ വളരെയധികം ആഗ്രഹിച്ചത് മെസ്സി സഫലമാക്കി. അദ്ദേഹം അങ്ങേലോകത്തിരുന്ന് ആഹ്‌ളാദിക്കുന്നുണ്ടാകും. 

മെസ്സിയും കൂട്ടരും നല്ലകളി ഫുട്ട്‌ബോള്‍ ആസ്വാദകര്‍ക്ക് നല്‍കയാണ് കപ്പ് നേടിയെടുത്തത് എന്നുള്ളതില്‍ തര്‍ക്കമില്ല. ആദ്യകളിയില്‍ സൗദി അറേബ്യയോട് പരാജയപ്പെട്ട അര്‍ജന്റീനയെ എല്ലാവരും എഴുതി തള്ളിയിരുന്നു. ഇവര്‍ ക്വാര്‍ട്ടറിനപ്പുറം പോകില്ലെന്ന് ഫുട്ട്‌ബോള്‍ ആശാന്മാര്‍ വിധിയെഴുതി. ഡി മരിയയെപോലുള്ള വയസ്സന്‍ന്മാരുമായി വന്ന ടീമിന് വിജയിക്കാന്‍ അര്‍ഹതയില്ലെന്ന് ഞാനും എഴുതി. പ്രസ്താവന ഞാനിപ്പോള്‍ തിരുത്തുന്നു. ഫൈനലിന്റെ ആദ്യപകുതിയില്‍ എത്ര അദ്ഭുതകരമായ കളിയാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. പന്തുതട്ടി ഡാന്‍സുചെയ്യുന്ന ഡി മരിയയെ തടയാന്‍ ഫ്രാന്‍സിന്റെ ഡിഫന്‍സ് പാടുപെട്ടു. അങ്ങനെ ഒരുഗോളിലേക്കും ഒരു പെനാല്‍റ്റിയിലേക്കും മരിയ വഴിതെളിച്ചു. അര്‍ജന്റീന രണ്ടുഗോളിന് മുന്നില്‍. 

ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് കീഴടങ്ങിയെന്ന് നമ്മളെല്ലാം വിധിയെഴുതി. ഫ്രാന്‍സിനെ അങ്ങനെയങ്ങ് എഴുതിതള്ളാന്‍വരട്ടെയെന്ന് റഫറി തീരുമാനിച്ചു. ഈകളി ഫൈനല്‍ ഷൂട്ടൗട്ടില്‍ അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഫൈനലിനൊരു എരുവുംപുളിയുമൊക്കെ വേണ്ടേ? ചുമ്മാതങ്ങ് 90 മിനിറ്റ് കളിച്ച് കോപ്പയുമായി പോയാല്‍ എന്തുരസം. അതിന് അദ്ദേഹം പലവിദ്യകളും പ്രയോഗിച്ചു. ഫ്രാന്‍സിന് അനുവദിച്ച രണ്ടാമത്തെ പെനാല്‍റ്റി ഉള്‍പ്പെടെ.

 ഫ്രാന്‍സിന്റെ ഫോര്‍വേഡ് മോംപേ ഒരു മന്ത്രികന്‍ തന്നെയാണ്. അയാളുടെ രണ്ടാമത്തെ ഗോള്‍ അത്ഭുതകരമായ ഒന്നായിരുന്നു. അവസരം കിട്ടിയാല്‍ ഏത് ആംഗിളില്‍നിന്നും ഗോളടിക്കാന്‍ വിദഗ്ധന്‍. പക്ഷേ , അദ്ദേഹത്തിന് വളരെക്കുറച്ച് അവസരങ്ങളാണ് കിട്ടിയത്. ഫ്രാന്‍സിന്റെ മറ്റൊരു കളിക്കാരനായ ഗ്രീസ്മാന് പ്രശോഭിക്കാന്‍ സാധിക്കതെപോയ ഒന്നായിരുന്നു ഈ വേള്‍ഡുകപ്പ്. കഴിഞ്ഞ വേള്‍ഡുകപ്പില്‍ ഫ്രാന്‍സിന് കപ്പ് നേടിക്കൊടുത്ത അസാധാരണ കളിക്കാരന്‍. പ്രായം കൂടിവരുന്നത് ഗ്രീസ്മാന് തടസം. പ്രായംതന്നെയാണ് റൊണാള്‍ഡോക്കും  പ്രശ്‌നം. 2022 വേള്‍ഡുകപ്പില്‍ പ്രശോഭിക്കാന്‍ സാധിക്കാതെ പോയവരാണ് റൊണാള്‍ഡോയും ബ്രസീലിന്റെ നെയ്മറും. മെസ്സിയെ പ്രായം ബാധിച്ചിട്ടില്ല., അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചറിയണം.

റഫറി വിചാരിച്ചാല്‍ ഒരു ടീമിനെ വിജയിപ്പിക്കാനും തോല്‍പിക്കാനും സാധിക്കുമെന്ന് കഴിഞ്ഞൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നു. കുറ്റമററ റഫറിയിങ്ങ് ചിലമത്സരങ്ങളില്‍ കണ്ടിരുന്നു. ഫൈനലിലെ റഫറിയുടെ പ്രകടനം മോശമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അര്‍ജന്റീന ജയിച്ചകളി അവസാനനിമിഷം തിരിച്ചുവിട്ട അദ്ദേഹത്തിന്റെ നടപടി ഫ്രാന്‍സ് ജയിക്കണമെന്ന് ആഗ്രഹിച്ച എനിക്കുപോലും സ്വീകാര്യമായി തോന്നിയില്ല. മനഃപൂര്‍വം കൈകൊണ്ട് പന്തില്‍ സ്പര്‍ശ്ശിച്ചാലാണ് പെനാല്‍റ്റി അനുവദിക്കാവുന്നത്.  പെനാല്‍റ്റി കിട്ടാന്‍വേണ്ടി പന്ത് എതിര്‍കളിക്കാരന്റെ കയ്യിലേക്ക് അടിച്ചാല്‍ സാധാരണഗതിയില്‍ റഫറിമാര്‍ അവഗണിക്കുകയാണ് പതിവ്. ഇവിടെ പോളണ്ടുകാരന്‍ റഫറി രണ്ടാമത്തെ പെനല്‍റ്റി ഫ്രാന്‍സിന് അനുവദിച്ചത് അന്യായമായിരുന്നു. ഷൂട്ടിങ്ങ് വിദഗ്ധനായ മോംപേ അത്‌ഗോളാക്കി മാറ്റി. അങ്ങനെ ടൂര്‍ണമന്റിലെ ആദ്യത്തെ ഹാട്രിക്കും അദ്ദേഹം നേടി.
മുറിവാല്.

2022 വേള്‍ഡുകപ്പ് കഴിഞ്ഞു., ജനം ആര്‍ത്തുവിളിച്ചിരുന്ന ഗ്യാലറികള്‍ ഒഴിഞ്ഞു. ഇനി 2026 ല്‍ ലോസ് ഏന്‍ജല്‍സിലാണ് കളി. ഖത്തറിലെ ടുര്‍ണനമെന്റ് ഭംഗിയായി നടത്തിയെന്ന് ആ ചെറുരാജ്യത്തിന് അഭിമാനിക്കാം. അതിന്റെ പിന്നലെ കഥകളെന്തായാലും ലോകം മറക്കും. പക്ഷേ, അവിടെചൊരിഞ്ഞ കണ്ണീരിന്റെ കഥമറക്കാന്‍ ഹൃദയമുള്ളവര്‍ക്ക് സാധ്യമല്ല. ഇന്‍ഡ്യ, പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍, ശ്രീലങ്ക, ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങള്‍ ഇവിടങ്ങളില്‍നിന്നൊക്കെയാണ് ഖത്തര്‍ ഉത്സവം കേമമാക്കാന്‍ തൊഴിലാളികള്‍ എത്തിയത്.

 അവരെ ഏജന്‍സികള്‍ എത്തിച്ചത്. വന്നപ്പോള്‍തന്നെ അവരുടെ പാസ്സ്‌പോര്‍ട്ടുകള്‍ ഏജന്‍സി വാങ്ങിവച്ചു. 50 ഡിഗ്രിചൂടില്‍ പണിയെടുത്ത തൊഴിലാളികളില്‍ 6500 ല്‍പരംപേര്‍ മരിച്ചെന്നാണ് മനുഷ്യവകാശ സംഘടനകളുടെ ഏകദേശ കണക്ക്. അവശേഷിച്ചവര്‍ തീരാരോഗികളായി അവരവരുടെ നാട്ടിലേക്ക് മടങ്ങിപോയി. ശിഷ്ടകാലം തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ചിലവില്‍ കഴിയാന്‍. അങ്ങനെയുള്ള ഒരു ഇന്‍ഡ്യക്കാരനെ (അതോ നേപ്പാളിയോ) ടീവിയില്‍ കാണാനിടയായി. തകരംകൊണ്ട് മേല്‍ക്കൂരയുള്ള ഒരു മണ്‍വീടിന്റെ മുറ്റത്ത് ഒരുകോണിലിരുന്ന് ഖത്തര്‍ റിട്ടേണ്‍ഡ് ചുമച്ചുതുപ്പുന്നു. അയാളുടെ ഭാര്യ മുറ്റത്ത് അടുപ്പുകൂട്ടി എന്തോ പാചകം ചെയ്യുന്നു. മൂന്നാല് ചെറിയകുട്ടികള്‍ കീറിപ്പറിഞ്ഞ വസ്ത്രവുംധരിച്ച് കഥയറിയാതെ ഓടിക്കളിക്കുന്നു. വലിയ സ്വപ്നങ്ങളുമായി ഖത്തറില്‍പോയ പാവപ്പെട്ടവനാണ് നിത്യരോഗിയായി തിരിച്ചെത്തിയിരിക്കുന്നത്. അയാളുടെ സ്വപ്ന സൗധമാണ് തകരംമേഞ്ഞ മണ്‍വീട്. സില്‍ക്ക്‌സാരിയണിയാന്‍ മോഹിച്ചവളാണ് മുഷഞ്ഞസാരിയുടുത്ത് മുറ്റത്തിരുന്ന് പാചകം ചെയ്യുന്നഭാര്യ. കുഞ്ഞുങ്ങള്‍ ഒന്നും അറിയുന്നില്ലല്ലൊ. 

220 ബില്ല്യണ്‍ ഡോളര്‍ ചിലവാക്കി 2022 വേള്‍ഡുകപ്പിനെ കൊഴുപ്പിച്ച ഖത്തറിന് ഇവരെ കയ്യൊഴിയാന്‍ സാധിക്കില്ല. രണ്ടോ മൂന്നോ ബില്ല്യണ്‍ ഡോളറുകൊണ്ട് ഇവരുടെ കണ്ണീരൊപ്പാന്‍ ഖത്തറെന്ന സമ്പന്നരാജ്യത്തിന് നിസ്സാരമായി സാധിക്കും. അതിനുള്ള മനസുണ്ടാകുമോ., ഹൃദയവിശാലത ഉണ്ടാകുമോ അറബിരാജ്യത്തന്? 

 # Qatar's football Article by Sam Nilampallil

Abdul Punnayurkulam 2022-12-20 08:47:14
Good sports review, Sam. Qatar did good job, despite the tragedies. If authorities indicate the incidents to the governments, of course the Qatar will assist the needy family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക