'നല്ലൊരു ക്രിസ്മസ് ആയിട്ടും ഏതവനാടാ ക്രിസ്തുവിനെപ്പറ്റി പറയുന്നത്?' എന്നു പണ്ട് ക്രിസ്മസ് 'ലഹരി'യില്‍ മുഴുകിയ ആരോ, ആരോടോ ചോദിച്ചെന്ന് കേട്ടിട്ടുണ്ട്.
യേശുക്രിസ്തുവിന്റെ ജന്മദിനാഘോഷമാണ് ക്രിസ്മസ് എങ്കിലും, ഇന്ന് ആഘോഷങ്ങളില്‍ നിന്നും ക്രിസ്തുവിനെ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്.
ക്രിസ്തുമസിന്റെ നായക പരിവേഷം മുഴുവന്‍ സാന്റാക്ലോസിനു ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്. വെറുംകയ്യോടെ വരുന്ന ക്രിസ്തുവിനേക്കാള്‍, കൈനിറയെ സമ്മാനങ്ങളുമായി വരുന്ന സാന്റാക്ലോസിനോടാണ് കുട്ടികള്‍ക്ക് കൂടുതല്‍ പ്രിയം.
ലഹരി വിമുക്ത പരിപാടികള്‍ അരങ്ങേറുന്നുണ്ടെങ്കിലും, ലഹരി പാര്‍ട്ടികള്‍ക്കാണ് ഇന്ന് ഡിമാന്റ്. കേരളത്തിലെ മിക്കവാറും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 'തിങ്കളാഴ്ച' ഏതാണ്ട് മൗനമായി അംഗീകരിക്കപ്പെട്ട ഒരു അവധി ദിവസമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ അടിച്ച് പൂക്കുറ്റിയാകുന്നവന്, തിങ്കളാഴ്ച രാവിലെ തലപൊക്കാന്‍ പറ്റാത്തത് തന്നെ കാരണം.
ക്രിസ്മസ് സീസണ്‍ അമേരിക്കയിലെ മലയാളി പള്ളിക്കാരെ സംബന്ധിച്ചടത്തോളം കൊയ്ത്തുകാലമാണ്. വലിയ മുടക്കുമുതലൊന്നുമില്ലാതെ, പത്ത് പുത്തന്‍ കൈയ്യില്‍ കിട്ടുന്ന ഇടപാടാണ്- കോവിഡ് കാലത്ത് മുടങ്ങിപ്പോയ ഈ പിരിവ് പരിപാടി, ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയായി പുനരാരംഭിച്ചിരിക്കുന്നു.
എന്റെ ഒരു സ്‌നേഹിതന്റെ വീട്ടില്‍ കരോള്‍ സംഘം സന്ദേശം അറിയിക്കാന്‍ എത്തിയപ്പോള്‍ 'മുടിഞ്ഞ മക്കളേ! കന്യാമറിയം ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ നീയൊക്കെ പിരിവ് തുടങ്ങിയോ?' എന്നു ചോദിച്ചത്രേ.!
ക്രിസ്തുവിനെപ്പറ്റി എനിക്കുമുണ്ട് ഒന്നു രണ്ട് ബാല്യകാല സ്മരണകള്‍. 'സണ്‍ഡേ സ്‌കൂളിന്റെ' ലേബലിലാണ് കാരളിംഗ് എങ്കിലും, സ്ത്രീകള്‍ ഒഴികെ ആബാലവൃദ്ധം ജനങ്ങളും അതില്‍ പങ്കെടുത്തിരുന്നു. സൂസിയുടേയും, ലൂസിയുടേയും, കൊച്ചമ്മിണിയുടേയുമൊക്കെ വീടുകളില്‍ പാടാന്‍ ചെല്ലുമ്പോള്‍, അവരുടെ കണ്ണുകള്‍ നമ്മുടെ കണ്ണുകളുമായി ഉടക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു കുളിര്- ഹെന്റമ്മോ! അതൊക്കെയായിരുന്നു ഒരു അനുഭൂതി!
ഒരു വലിയ കരോള്‍ സംഘത്തില്‍, മൂന്നും നാലും പേരടങ്ങിയ ചെറിയ ഗ്രൂപ്പുകളുമുണ്ടായിരുന്നു. ഞങ്ങളുടെ സംഘത്തില്‍ എന്നെ കൂടാതെ, ബാബു, ജോസ്, പൊടിമോന്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍. ചേപ്പാടിയിലെ കുഞ്ഞുമോനായിരുന്നു 'മെസ്സി'യുടെ സ്ഥാനം.
ഇടയ്ക്കിടെ ഞങ്ങള്‍ വലിയ സംഘത്തില്‍ നിന്നും ഒന്ന് തെന്നി മാറും. ഞങ്ങളില്‍ നിന്നും പിരിവെടുത്ത കാശുമായി കുഞ്ഞുമോന്‍ കൈയ്യില്‍ കരുതിയിരുന്ന, അക്കാലത്ത് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ 'പാസിംഗ് ഷോ' എന്ന സിഗരറ്റ് വലിക്കുന്നതാണ് പ്രധാന പരിപാടി. ആദ്യമായി ഒരു സിഗരറ്റ് പുക വായിലേക്ക് വലിച്ചുകയറ്റിയ ആ ദിവസം, ഒരു തെറ്റു ചെയ്യുന്നതിന്റെ ആനന്ദം ഞാന്‍ അനുഭവിച്ചു.
ഒന്നു രണ്ട് സീസണ്‍ കൂടി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പരിപാടിയുടെ സ്റ്റാറ്റസ് ഒന്നുകൂടി വര്‍ധിപ്പിച്ചു. പാട്ട് പാടാന്‍ ഇറങ്ങുന്നതിന്റെ മുമ്പായി കൊച്ചുവീട്ടിലെ പാപ്പന്റെ കടയില്‍ നിന്നും ഒരു 'പൊടികുപ്പി' ചാരായവും ,ഒരു താറാമുട്ട പുഴുങ്ങിയതും. 'പാസിംഗ് ഷോയില്‍' നിന്നും 'ചാര്‍മിനാറി'ലേക്ക് മാറിയതും അക്കാലത്താണ്.
അങ്ങിനെ, ഒരു ശരാശരി മലയാളിയുടെ അംഗീകരിക്കപ്പെട്ട ശീലങ്ങളായ പുകവലിയും, മദ്യപാനവും ഞാന്‍ അഭ്യസിച്ചത് ഒരു ക്രിസ്മസ് കാലത്താണ് എന്നുള്ള കാര്യം, എന്റെ ഓര്‍മ്മകളില്‍ മങ്ങാതെ മായാതെ നില്‍ക്കുന്നു.
'അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം
ഭൂമിയില്‍ പ്രസാദമുള്ളവര്‍ക്കെന്നും ശാന്തി....'
സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.
# Christmas Article by Raju Mylapra