Image

അമേരിക്കയിലേക്കും ഇന്ത്യയിലേക്കുമുള്ള അഭയാർത്ഥി പ്രവാഹം വര്‍ധിക്കുന്നു (കോര ചെറിയാന്‍)

Published on 20 December, 2022
അമേരിക്കയിലേക്കും ഇന്ത്യയിലേക്കുമുള്ള അഭയാർത്ഥി പ്രവാഹം വര്‍ധിക്കുന്നു (കോര ചെറിയാന്‍)

ഫിലാഡല്‍ഫിയ: കരമാര്‍ഗ്ഗം 3145 കിലോമീറ്റര്‍ അഥവാ 1954 മൈല്‍ സുദീര്‍ഘമായ അമേരിക്കന്‍- മെക്‌സിക്കോ അതിര്‍ത്തി കടന്നു അമേരിക്കയില്‍ എത്തിച്ചേരുന്ന അനധികൃത അഭയാര്‍ത്ഥികള്‍ പ്രതിദിനം ശരാശരി 5,560 ലധികം വര്‍ദ്ധിച്ചതായി ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് വിജ്ഞാപനം ഉദ്ധരിച്ചു സി. എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. 141 കോടിയിലധികം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഇന്‍ഡ്യയിലേയ്ക്ക് അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ദാരിദ്ര്യം മൂലവും കൊടുംക്രൂര കുറ്റകൃത്യങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്നവരും അടക്കം പ്രതിവര്‍ഷം 3 ലക്ഷത്തിലധികം ജനാവലി യാതൊരുരേഖയും ഇല്ലാതെ കുടിയേറുന്നതായി എന്‍.ഡി.എ. ഗവണ്മെന്റ് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഹോം അഫയേഴ്‌സ് കിരണ്‍ രാജു പാര്‍ലമെന്റ് സമ്മേളനത്തില്‍ പരസ്യമായി പ്രസ്താവിച്ചു. ഇന്‍ഡ്യയിലെ 2021 സെന്‍സസ് രേഖാനുസരണം 139.2 കോടി ഇന്‍ഡ്യന്‍ പൗരന്മാരും 2 കോടിയിലധികം അനധികൃത കുടിയേറ്റക്കാരും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
    
മെക്‌സിക്കോയില്‍നിന്നും അനധികൃതമായി അമേരിക്കന്‍ അതിര്‍ത്തി സ്റ്റേറ്റായ ടെക്‌സാസിലേക്കു കുടിയേറിയവരില്‍ 81 അംഗങ്ങളെ രണ്ടു ബസ്സില്‍കയറ്റി രണ്ടാഴ്ച മുന്‍പ് ഫിലാഡല്‍ഫിയായിലേക്ക് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് യാതൊരു മുന്നറിയിപ്പും ഇല്ലാതെ അയച്ചതായി ലോക്കല്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ടുചെയ്തു. പലതവണകളായി 150 തിലധികം അനധികൃത കുടിയേറ്റക്കാര്‍ ഏതാനും ആഴ്ചകളായി ഫിലാഡല്‍ഫിയായില്‍ എത്തിച്ചേര്‍ന്നതായി സിറ്റി ഭരണാധികാരികള്‍ വ്യസനസമേതം അറിയിച്ചു. 
    
ചെറിയ ബോട്ടുകളിലും പുറംകടലില്‍ എത്തിച്ചേരുന്ന വന്‍ കപ്പല്‍മാര്‍ഗ്ഗവും ഇംഗ്ലണ്ടിലേക്കും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുമായി അനുദിനം ആയിരങ്ങള്‍ അനധികൃതമായി എത്തിച്ചേരുന്നു. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കൊടും വിശപ്പുമൂലം തളര്‍ന്നു വിവശരായി എത്തിച്ചേരുന്നവരെ തീരദേശസേന സാമാന്യ മനുഷ്യത്വത്തിന്റെ പേരില്‍ സഹതാപപൂര്‍വ്വം പരിരക്ഷണം നല്‍കുന്നു. പിടിക്കപ്പെട്ട അഭയാര്‍ത്ഥികളില്‍ അധികവും തീരദേശസേനയുടെ ജാഗ്രതക്കുറവുള്ള താത്ക്കാലിക തടങ്കല്‍ പാളയത്തില്‍നിന്നും കൗശലബുദ്ധിയോടെ പുറത്തുചാടി വ്യാജമായി വിവിധ ജോലികളില്‍ പ്രവേശിക്കുന്നു.

   
അഭയാര്‍ത്ഥിപ്രവാഹം സാമാന്യ സാമ്പത്തിക ഭദ്രതയുള്ള പല രാജ്യങ്ങളിലേക്കും വര്‍ദ്ധിക്കുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ലോകവ്യാപകമായിത്തന്നെ നിയമവിരുദ്ധമായ മനുഷ്യ ഒഴുക്ക് പരിപൂര്‍ണ്ണമായി അവസാനിപ്പിക്കുവാന്‍ ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങളും സംഘടിതമായി പ്രവര്‍ത്തിക്കണം.
    
കഴിഞ്ഞ ജനുവരി 19 ന് യു.എസ്.-
കനേഡിയന്‍ അതിര്‍ത്തിക്കു സമീപമായി കനേഡിയന്‍ സൈഡില്‍ 39 വയസ്സുള്ള ജഗ്ദീഷ് കുമാര്‍ പാട്ടിലും, 37 വയസ്സുള്ള ഭാര്യ വൈശാലി ബെന്നും, 11 വയസ്സുകാരി മകള്‍ വിഹാന്‍ഗിയും പൈതലായ 3 വയസ്സുള്ള മകന്‍ ധാര്‍മിക് പട്ടേലും ഒരു ലക്ഷം ഡോളര്‍ കൈക്കൂലി കൊടുത്തു അമേരിക്കന്‍ അതിസുഖം അനുഭവിക്കുവാനുള്ള ദുരാഗ്രഹം മൂലം യാത്രാമദ്ധ്യേ കൊടും തണുപ്പുമൂലം മരവിച്ചു മരിച്ചു. വ്യാജമായി അമേരിക്കയിലേക്കു എത്തിച്ചേരുവാനുള്ള ദുര്‍മോഹംമൂലം സാമ്പത്തികമായി ഉന്നതപദവിയില്‍ സസുഖം ഗുജറാത്തില്‍ ജീവിച്ചവര്‍ കൊടും തണുപ്പിന്റെ ക്രൂരതയില്‍ ബലിമൃഗമായി മാറി. അമേരിക്കന്‍ ആനന്ദത്തിനുവേണ്ടിയുള്ള രഹസ്യപ്രയാണത്തിന്റെ തുടക്കത്തില്‍ത്തന്നെ കനേഡിയന്‍ അതിര്‍ത്തി പോലീസ് ഈ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു ഇന്‍ഡ്യയിലേക്കു മടക്കി അയക്കുവാനുള്ള യാതൊരു ശ്രമങ്ങളും നടത്താഞ്ഞതില്‍ ഇന്‍ഡ്യന്‍ സമൂഹം ശക്തമായി പ്രതിഷേധിച്ചതായി കനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പ്പോറേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
    
ഈ സമ്പന്ന കുടുംബത്തെ നിയമവിരുദ്ധമായി അമേരിക്കയിലേക്കു ക്ഷണിച്ചവരേയും കാനഡായില്‍ സഹായിച്ചവരേയും നിയമാനുസരണമുള്ള ശിക്ഷയ്ക്കു വിധേയരാക്കണം.
     
സകല ലോകരാജ്യങ്ങളും സ്വന്തം പൗരന്മാരെ നാടോടികളായി മാറ്റാതെ പരിരക്ഷിക്കുവാനുള്ള ഉദ്യമവും ഉത്തരവാദിത്വവും ശക്തമായി പ്രകടിപ്പിക്കണം.

#The flow of refugees to America and India is increasing

Join WhatsApp News
truthlover 2022-12-21 04:40:35
Liberal Democrats promotes illegal immigration .What are their intentions ? for money or for their votes .? One thing is sure our current government openly supports illegal immigration to destroy the nation. But most of our Malayali Achayans always say Trump is root cause for all problem when he is not .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക