ഓർമ്മകളിൽ ക്രിസ്മസ്...
കറുകപ്പുൽ നാന്പുകളിൽ മിന്നും
പ്രഭാത നക്ഷത്രങ്ങൾ...
ഈറ്റപ്പൊളികൾ കൂട്ടിക്കെട്ടി
ബഹുവർണ പേപ്പർ ഒട്ടിച്ച്
മണ്ണെണ്ണ നിറച്ച പാട്ടവിളക്ക് വെച്ച്
പുൽക്കൂടിനു മുകളിൽ കെട്ടിയ
നക്ഷത്രവിളക്ക്
കളിമണ്ണിൽ മെനഞ്ഞആടുകൾ
ഇടയൻമാർ പൂജരാജാക്കന്മാർ
കൊച്ചരുവികൾ ജലധാരകൾ പച്ചവയലുകൾ
അറക്കപ്പൊടിയിട്ട വീഥികൾ
ഉണക്കപ്പുല്ലു വിരിച്ച പുൽക്കൂട്
ഉണ്ണിയെ നോക്കിനിൽക്കും കാലികൾ
പുഞ്ചിരിതൂകും പൈതൽ
ഇരുവശവും 'ഔസേപ്പിതാവും മാതാവും'
പൊന്നും മീറയും കുന്തിരിക്കവുമായി
കിഴക്കുനിന്നെത്തിയ രാജാക്കന്മാർ
കത്തി മിന്നുന്ന മത്താപ്പൂത്തിരി
പൂക്കുറ്റി ബീഡിപ്പടക്കം ഓലപ്പടക്കം
തീപാറിക്കറങ്ങുന്ന ചക്രത്തിരി
കള്ളപ്പത്തിന്റെ ഇറച്ചിക്കറിയുടെ
കൊതിയൂറും മണം...
നേരിയ വെള്ള നെറ്റ് തലയിലിട്ട മൂടൽമഞ്ഞു
മുഖം കുനിച്ച് പതിനെട്ടാംപടി കുന്നു കേറി
പാതിരാ കുർബാനക്ക് നടന്നങ്ങിനെ പോകും
മഞ്ഞു പെയ്യുന്ന മലമടക്കുകളുടെ
പാട്ടുകൾ പാടി കരോൾ ഗായകരും
തോളിൽ സമ്മാന സഞ്ചിയുമായി
നീണ്ട വെള്ളത്താടി വെച്ച അപ്പൂപ്പനും
കുന്നിറങ്ങി വീടുകേറി വരും
ഓർമ്മകളിലെ ഒരു ക്രിസ്മസിന്...
മണ്ണെണ്ണ വിളക്കു മറിച്ചിട്ട്
എന്റെ കൊച്ചു നക്ഷത്രത്തെ കത്തിച്ചത്
കുന്നിറിങ്ങി വന്ന കാറ്റായിരുന്നോ
യൂദയായിൽ നിന്നും മലകടന്നെത്തിയ
ഹേറോദിന്റെ കൽപ്പനയോ?
കത്തിയെരിഞ്ഞ നക്ഷത്രം!
പുൽക്കൂട്ടിലെ ഉണ്ണിയുടെ മുന്നിൽ
പൊന്നും മീറയും കുന്തിരിക്കവും
നീലാകാശത്തിൽ തെളിഞ്ഞ
ഏകതാരത്തെ അനുഗമിച്ചെത്തിയ
ജ്ഞാനികളായ പൂജരാജാക്കന്മാരെ
പുൽക്കൂട്ടിൽ നിന്നും കാണാതായിരിക്കുന്നു!
# Christmas Poem by Joseph Nambimoadom