Image

നമുക്കുമൊരു ലോക കപ്പ് (നർമ്മ ഭാവന: ബാബു പാറയ്ക്കൽ)

Published on 22 December, 2022
നമുക്കുമൊരു ലോക കപ്പ് (നർമ്മ ഭാവന: ബാബു പാറയ്ക്കൽ)

മഹാരാജാവിന്റെ അറിയിപ്പ്: “മന്ത്രിമാരും രാജ സദസ്സിലെ ഉപദേശകരും വിദ്വാന്മാരും ഉടനടി കൊട്ടാരത്തിൽ എത്തണം. അടിയന്തിരമായി ഒരു കാര്യം ചർച്ച ചെയ്യാനാണ്.” 
മിനിറ്റുകൾക്കകം എല്ലാവരും രാജസദസ്സിലേക്കു കുതിച്ചു.. മഹാരാജാവ്  അൽപ സമയത്തിനുള്ളിൽ എഴുന്നെള്ളി സിംഹാസനത്തിൽ ആസനസ്ഥനായി. അത് കഴിഞ്ഞപ്പോൾ എല്ലാവരും അവരുടെ പീഠങ്ങളിൽ പൃഷ്ടസ്ഥരായി.
മഹാരാജാവ് സിംഹാസനത്തിൽ നിന്നും എഴുന്നേറ്റ് അവരെ അഭിവാദ്യം ചെയ്‌തു. അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടു മന്ത്രിമാരുടെയും രാജ സദസ്സിലെ വിദ്വാന്മാരുടെയും ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ഈശ്വരാ, ഇദ്ദേഹത്തിന് ഇതെന്തു പറ്റി? ഒരിക്കലും ചിരിക്കാത്ത ആൾ ചിരിക്കുന്നു! കൊലച്ചിരിയാകുമോ? എന്തായിരിക്കും കാര്യം? മന്ത്രിമാർ അന്യോന്യം നോക്കി.
രാജാവ് എല്ലാവരെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു. 
"പേടിക്കണ്ട. നമുക്കു നല്ലകാലം വരാൻ പോകുന്നു." 
"ഇതിൽ കൂടുതൽ നല്ല കാലമോ?" മന്ത്രിമാർ തമ്മിൽ പറഞ്ഞു. 
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ഖത്തറിൽ ഫിഫാ ലോക കപ്പ് നടത്തിയതിനു മൊത്തം എത്ര ചെലവായി എന്ന് ആർക്കെങ്കിലും പറയാമോ?"
"ആ ആർക്കറിയാം. ഖത്തർ അല്ലേ ചെലവാക്കിയത്? നമുക്കെന്തു കാര്യം?" ഏതോ മന്ത്രി മൊഴിയുന്നതു കേട്ടു.
"തന്നോടല്ലടോ ചോദിച്ചത്? അതിനല്ലേ, രാജസദസ്സിൽ പണ്ഡിതരായ വിദ്വാന്മാരെ തീറ്റിപ്പോറ്റുന്നത്?"
"പ്രഭോ, ഏതാണ്ട് 18 ലക്ഷം കോടി സ്വർണ്ണ നാണയങ്ങൾ ചെലവായതായിട്ടാണ് കാണുന്നത്?"
"താൻ ഗൂഗിളിൽ നോക്കിയാണോ പറയുന്നത്? എങ്കിൽ പിന്നെ നിങ്ങളെ എന്തിനാണ് ...? നാം നേരത്തേ തന്നെ ഗൂഗിളിൽ നോക്കി ഇതൊക്കെ കണ്ടുപിടിച്ചിരിക്കുന്നു. 18 ലക്ഷം കോടി ശരിയുത്തരമാണ്." വിദ്വാൻജി കുനിഞ്ഞിരുന്നു തന്റെ ഫോണിൽ തിരയുന്നത് രാജൻ സിംഹാസനത്തിൽ ഇരുന്നു കാണുന്നുണ്ടായിരുന്നു.
"അതിനു നമുക്കെന്താ? അവർ എത്രയെങ്കിലും ചെലവാക്കട്ടെ. ഉണ്ടായിട്ടല്ലേ!" ഒരു മന്ത്രി ന്യായമായ കാര്യം പറഞ്ഞു..
"അൽപ്പം ക്ഷമിക്കൂ. അദ്ദേഹം മുഴുവൻ പറയട്ടെ." സദസ്സിൽ നിന്നും ഒരു വിദ്വാൻ ഇടയ്ക്കു കയറിപ്പറഞ്ഞു.
എല്ലാവരും വീർപ്പടക്കി ഇരുന്നു. രാജാവ് തുടർന്നു. 
"നല്ലൊരു സന്തോഷ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുകയാണ്. അടുത്ത ഫിഫാ ലോകകപ്പ് നമ്മുടെ രാജ്യത്തു നടത്തുന്നു!"
"അതെങ്ങനെ നടക്കും? ഇത്രയധികം പണം നമ്മൾ എവിടെച്ചെന്നു കണ്ടുപിടിക്കും? നമ്മുടെ ഖജനാവിൽ തൂത്തുപെറുക്കിയാൽ പോലും പത്തു സ്വർണ്ണ നാണയങ്ങൾ ഉണ്ടാവില്ല. അവിടെ കുറെ നാളായി പൂച്ച പെറ്റു കിടക്കുകല്ലേ രാജൻ?"  ചോദിച്ചത് ധന മന്ത്രി ദരിദ്ര സിംഗ് ആയിരുന്നു.
"നമ്മൾ ഉടനെ തന്നെ ഖത്തറിലേക്കു പോകുന്നു. അമീറിനെ കണ്ട് 18 ലക്ഷം കോടി സ്വർണ്ണ നാണയങ്ങൾ കടം വാങ്ങുന്നു. എന്നിട്ടു നമ്മൾ ഇവിടെ കളി നടത്തും." മഹാരാജാവ് മീശ തടവിക്കൊണ്ട് അറിയിച്ചു.
"അതെങ്ങനെയാണ് നമ്മൾ തിരിച്ചടയ്ക്കുന്നത്?" പിഞ്ചുമനസ്സുള്ള ഒരു മന്ത്രി ചിന്തിച്ചുകൊണ്ടു ചോദിച്ചു.
"ആരു തിരിച്ചടയ്ക്കുന്നു? ഇപ്പോൾ തന്നെ നമ്മൾ കടം വാങ്ങിക്കൂട്ടിയിരിക്കുന്ന മൂന്നേമുക്കാൽ ലക്ഷം കോടി സ്വർണ്ണ നാണയങ്ങളിൽ ഒരെണ്ണം പോലും തിരിച്ചു കൊടുക്കുന്നില്ലല്ലോ. അത് നമ്മൾ അടയ്ക്കുന്നില്ല. അതൊക്കെ എന്റെ പിൻഗാമി നോക്കിക്കൊള്ളും.“  മഹാരാജാവിന്റെ ആശയത്തോടു വിയോജിക്കാൻ സദസ്സിൽ ആർക്കും ധൈര്യമുണ്ടായില്ല.
"മൂന്നേമുക്കാൽ ലക്ഷം കോടിയോ ഇപ്പോഴുള്ള കടം?" സദസ്സിലിരുന്ന ഒരു വിദ്വാന് സംശയം അടക്കാനായില്ല. 
"ഞാൻ രാജ്യ ഭരണം ഏറ്റെടുക്കുമ്പോൾ വെറും ഒന്നര കോടിയേ കടം ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അത് എങ്ങനെയാണ് മൂന്നേമുക്കാൽ ലക്ഷം കോടി ആയത്? നമ്മുടെ ധനമന്ത്രി ഉത്തരം പറയണം."
"രാജൻ, അങ്ങ് 23 പ്രാവശ്യമാണ് കുടുംബസമേതം വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പോയത്? കൂടെയുള്ള മന്ത്രിമാർക്കും വിദ്വാന്മാർക്കും വിദൂഷകർക്കും വേണ്ടി ലക്ഷക്കണക്കിനു വിലയുള്ള കുതിരകളെ മാസിഡോണിയയിൽ നിന്നും ഇറക്കുമതി ചെയ്‌തു. 42 ലക്ഷം സ്വർണ്ണ നാണയങ്ങൾ മുടക്കി പശുക്കൾക്കു വേണ്ടി തൊഴുത്തു നിർമ്മിച്ചു. വീട്ടിൽ ലിഫ്റ്റ് വച്ചു. നീന്തൽക്കുളം മോഡി പിടിപ്പിച്ചു. എല്ലാംകൂടി എത്രയോ കോടികൾ ആയി?"
"മതി, മതി. എല്ലാം കൂടി ഇവിടെ വിളമ്പണ്ട! "ഇനി പുറകിലിരിക്കുന്നയാൾ എന്ത് പറയുന്നു? പ്രത്യേക ക്ഷണിതാവായി എത്തിയതല്ലേ വിദൂഷകൻ?"
"മേഴ്‌സിയെ തിരിച്ചു സദസ്സിലേക്കു കൊണ്ടുവരണം. കപ്പു മേഴ്‌സി കൊണ്ടുപോയതു കണ്ടില്ലേ?"
"അനുഭാവപൂർവ്വം പരിഗണിക്കാം."
"രാജൻ, ഇന്ദ്രപ്രസ്ഥത്തിലെ ചക്രവർത്തി ഇനി നമുക്കു കടം തരില്ലെന്നു പ്രത്യേക ദൂതൻ വഴി സന്ദേശം അയച്ചിരിക്കുന്നു." ദരിദ്ര സിംഗ് എഴുന്നേറ്റു.
"അങ്ങനെയോ? നമ്മൾ കടം വാങ്ങുന്നതിനു ഗ്യാരന്റി നിൽക്കുന്നത് അദ്ദേഹമല്ലേ? ഈ രാജ്യവും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഭാഗമല്ലേ? അതുകൊണ്ടു നമുക്ക് വെളിയിൽ നിന്നു വാങ്ങാം."
"അത് നല്ല ആശയമാണ്."
"അപ്പോൾ രാജകുമാരി സ്വയംവരം ചെയ്‌ത എന്റെ മരുമകനും മറ്റു രണ്ടു മന്ത്രിമാരും സദസ്സിൽ നിന്നും ഒരു വിദ്വാനും നാളെ ഖത്തറിലേക്കു പോകുന്നു. ഞാനും രാജ്ഞിയും രാജകുമാരിയും കൂടി അർജന്റീനയ്ക്കു പോകുന്നു. അവിടെ പോയി ഈ സ്വർണ്ണ കപ്പ് എങ്ങനെയാണ് അവർ അടിച്ചുകൊണ്ടുപോയതെന്ന വിദ്യ മനസ്സിലാക്കണം. വേണമെങ്കിൽ അഞ്ചോ പത്തോ അവനും കൊടുത്തേക്കാം. മടങ്ങി വരുമ്പോൾ ഫ്രാൻസ് വഴി പോയി എംബാപ്പയെയും ഒന്ന് കാണണം."
"ആരുടെ ബാപ്പയെ കണ്ടാലും ഖത്തറിൽ നിന്നും 100 പെട്ടി ഈന്തപ്പഴം കൊണ്ടുവരണം." 
"ങ്ഹാ, മുൻ മന്ത്രി സാഹിബ് പുറകിലുണ്ടായിരുന്നോ? ഇക്കുറി നമ്മൾ ഈന്തപ്പഴവും ബിരിയാണി ചെമ്പും ഒന്നും കൊണ്ടുവരുന്നില്ല."
"അതെന്താ മഹാരാജൻ അങ്ങനെ?"
"ഫിഫയുമായി സംസാരിച്ചു 18 ലക്ഷം കോടി സ്വർണ്ണ നാണയങ്ങളുടെ 30 ശതമാനം കമ്മീഷൻ നമ്മൾ അടിച്ചെടുക്കും. അതായത് മൂന്നിലൊന്ന്‌. ഏതാണ്ട് ആറു ലക്ഷം കോടി നമുക്കു സ്വന്തമാകും! പിന്നെ 8 സ്റ്റേഡിയം പണിയുന്നത് നമ്മുടെ മരുമകന്റെ കൺസ്ട്രക്ഷൻ കമ്പനി ആയിരിക്കും. എല്ലാ സ്തുതിപാഠകർക്കും തൊഴിൽ നൽകും. കളി പ്രാക്ടീസ് ചെയ്യാൻ നമ്മുടെ സ്തുതിപാഠകരെ മാത്രം നിയോഗിക്കും. രണ്ടു വർഷത്തെ പ്രാക്ടീസ് കഴിഞ്ഞാൽ അവർക്കെല്ലാം ആജീവനാന്ത പെൻഷൻ. അടുത്ത രണ്ടു വർഷം വേറെ സ്തുതിപാഠകരെ നിയോഗിക്കുക. പകരക്കാരും വേണമല്ലോ. അവർക്കും പെൻഷൻ!"
"നമ്മുടെ സ്തുതിപാഠകർ മാത്രം കളിച്ചാൽ കപ്പ് കിട്ടുമോ? ആൺപിള്ളേർ അതുംകൊണ്ട് പോകില്ലേ?"
"ആരു കൊണ്ടുപോകാൻ? ആ പിപ്പിടിയൊന്നും ഇങ്ങോട്ടു വേണ്ട, കേട്ടോ. അതിവിടെ ചെലവാകുകേല. ഈ രാജ്യത്തെപ്പറ്റി അവർക്കെന്തറിയാം. റെഫറിയും നമ്മുടെ ആൾ ആയാൽ പോരേ?"
"ഹോ എന്തൊരു ബുദ്ധി!" സദസ്സിലിരുന്ന ബുദ്ധിയില്ലാത്ത ഒരു മന്ത്രി തലയിൽ എന്തോ കത്തിയപ്പോൾ പറഞ്ഞു.
"മഹാരാജൻ, അപ്പോൾ നമുക്കു വീണ്ടും രാജഭരണം ഉറപ്പിക്കാമോ?"
"സംശയമെന്താ? കളി കാണാൻ വരുന്ന എല്ലാവർക്കും ഓരോ കിറ്റ് കൂടി കൊടുക്കണം. ഈ രാജ്യം വികസന വിരുദ്ധമാണെന്നല്ലേ കുബുദ്ധികൾ പറഞ്ഞു പരത്തുന്നത്? എന്നാൽ അടുത്ത നാലു വർഷം വികസനത്തിന്റേതായിരിക്കും. ഈ വർഷം തന്നെ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയിട്ടുണ്ട്. വൃത്തികെട്ട മാപ്രകളൊന്നും ഈ വാർത്ത കൊടുക്കില്ല."
"ഒരു ലക്ഷം പുതിയ സംരംഭങ്ങളിൽ ആകെ കൂടി രണ്ടു ലക്ഷം പേർക്കാണ് മഹാരാജൻ തൊഴിൽ ലഭിച്ചത്. അതായത്, ശരാശരി ഒരു സംരഭത്തിന് രണ്ടു പേർ മാത്രം!"
"അതെന്തു സംരംഭങ്ങളാണെടോ? നാം വഴിയിൽ സാമ്പാരം വിൽക്കാൻ ആക്കിയിരിക്കുന്നതുപോലും ഒരിടത്തു രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടല്ലോ!"
"ഇതൊക്കെ ഒരു ഗിമ്മിക്കല്ലേ രാജൻ! നമുക്ക് അടിച്ചുപൊളിക്കാം."
"എങ്കിൽ, യാത്ര പുറപ്പെടാൻ തയ്യാറായിക്കൊള്ളുക. ആരവിടെ?”
"അടിയൻ"
“കട്ടൻ കാപ്പിയും പരിപ്പുവടയുമല്ല ബിരിയാണിയാണ് മരുമകൻ പുറകിൽ അറെയ്ഞ്ച് ചെയ്തിരിക്കുന്നത്. അതൊക്കെ എടുത്തു വയ്ക്കൂ. എല്ലാവരും ഭോജന സംതൃപ്തിയോടെയേ മടങ്ങാവൂ! പിന്നെ ഒരു കാര്യം കൂടി. ലോക കപ്പ് വരും കേട്ടോ. അത് വരിക തന്നെ ചെയ്യും. അതിനു സംശയമൊന്നുമില്ല."
_______________

# A World Cup for Us (Humorous Imaginary: Babu Paraikkal)

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക