Image

ചിതലരിച്ച ചിന്തകൾ (കവിത: ജയശ്രീ രാജേഷ്)

Published on 27 December, 2022
ചിതലരിച്ച ചിന്തകൾ (കവിത: ജയശ്രീ രാജേഷ്)

ചില നേരത്ത്
ചിന്തകളൊക്കെ ശൂന്യമാണ്‌
കതിരുകളെ 
പതിരുകളാക്കുന്ന
കളകളെപ്പോലെ
മനസ്സിലേക്ക് 
അതിക്രമിച്ചു കടക്കുന്ന
പാഴ് ചിന്തകൾ

ചിലതൊക്കെയൊരു
കാത്തിരിപ്പ് മാത്രമാണ് 
ആർക്കോ വേണ്ടി 
എന്തിനോ വേണ്ടി 
വരില്ലെന്നറിഞ്ഞിട്ടും
വഴിക്കണ്ണുമായി
ഒരിക്കലും തീരാത്തൊരു
കാത്തിരിപ്പിന്റെ 
ചിതലരിച്ച ചിന്തകൾ

ചിലയിടങ്ങളിൽ
ജീവിതം വെറുമൊരു 
കോമാളിയാണ്
ഹൃദയം നുറുങ്ങുന്ന
നീറ്റലിലും ചിരിച്ചുകൊണ്ട്
നിറങ്ങളിൽ നിറഞ്ഞാടുന്ന 
വെറുമൊരു കോമാളി

ചിലപ്പോൾ
അറിയാതെ വീണുകിട്ടുന്ന 
ചില നിമിഷങ്ങളുണ്ട് 
ചിലതിനെയൊക്കെ 
ചില നേരെത്തേക്കെങ്കിലും
മറവിയാഴങ്ങളിലാഴ്ത്തുന്ന 
ചില നിമിഷങ്ങൾ .......

യഥാർത്ഥ ജീവിതം
ആ നിമിഷങ്ങളിലാണ്
മറ്റേതെല്ലാം 
വെറും പാഴ്കിനാവുകൾ ......

    

Join WhatsApp News
ജയദേവ് നമ്പ്യാർ 2022-12-28 03:31:21
ജീവിതത്തിന്റെ സൗന്ദര്യം മഹത്തായ ചിന്തകൾകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. ടീച്ചർക്ക് അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക