Image

ലൂസിയാമ്മയും ഞാനും; രണ്ട് ജീവിതങ്ങൾ (കഥ : ആൻസി സാജൻ)

Published on 28 December, 2022
ലൂസിയാമ്മയും ഞാനും; രണ്ട് ജീവിതങ്ങൾ (കഥ : ആൻസി സാജൻ)

ആ ടാങ്കർ ലോറി സ്പീഡ് കുറഞ്ഞ് സാവധാനം അവൾക്കരികിലേക്ക് നിരങ്ങിനിരങ്ങി വന്നു..
സാധനം വാങ്ങുന്നതിനുള്ള സഞ്ചിയും കൈയിൽ പിടിച്ച് കാറ്റിൽ പറക്കുന്ന, വിലകുറഞ്ഞ കോട്ടൺ സാരിയുടെ തുമ്പൊതുക്കി അവളും ഒതുങ്ങി നിന്നു.
ഡ്രൈവർ വെളിയിലേക്ക് - അവളിലേക്ക് നോക്കി ചോദിച്ചു.
മാർക്കറ്റിലേക്കാ..?
ങാ..
ഞാൻ കൊണ്ടുപോകാം..
അവൾ പരുങ്ങി , ലജ്ജയോടെ നിന്നു..
ആ ലജ്ജയത്രയും ആസ്വദിച്ച് അവൻ ചോദിച്ചു.
സോഫിയ മൈസൂര് വന്നിട്ട് എവിടെയൊക്കെ പോയി..?
എങ്ങും പോയില്ല..
അവനെ നോക്കിയും നോക്കാതെയും അവളുടെ മറുപടി..
യ് യെങ്ങും..? പ്രതീക്ഷിച്ച ഉത്തരം അവൾ പറഞ്ഞെങ്കിലും തമാശപോലെ അവൻ നീട്ടിച്ചോദിച്ചു.
ഉ ഉം..അവളുടെ മറുപടി..
എങ്കിവാ .. ഒരര മണിക്കൂറ് കൊണ്ട് ഞാൻ കുറച്ചു സ്ഥലങ്ങളൊക്കെ കാണിച്ചു തരാം. കൂട്ടത്തിൽ മാർക്കറ്റിലും കേറാം..

റോഡരുകിൽ സന്ദേഹത്തോടെ സോഫിയ നിന്നു..
ചെറിയ ഒരു ചിരിയോടെ അവളെ നോക്കി അവൻ - സോളമൻ - പിന്നെയും ചോദിച്ചു.
പിന്നേ.. അതിന്റെ അടുത്ത ലൈൻ വായിച്ചോ ...?
വായിച്ചു..
പറഞ്ഞപ്പോൾ സോഫിയയിൽ ലജ്ജ തുളുമ്പി.
എന്നിട്ട് ..?
സോളമൻ കുസൃതിയോടെ അവളെ നോക്കിച്ചിരിച്ചു.
ഒന്നൂല്ല..
സോഫിയ വല്ല വിധേനയും പറഞ്ഞു.
സോളമൻ എന്ന കാമുകൻ ചിരിച്ചു. അവളെ വായിച്ചെന്ന പോലെ.

അവന് എല്ലാം മനസ്സിലായി.
വരൂ .. ആ ബാഗിങ്ങു തരൂ..
അവൾ ഇടംവലം നോക്കിനിന്നു.
കം..
ബാഗ് വാങ്ങി വണ്ടിയിൽ വച്ചിട്ട് അവളെ കൈനീട്ടി വിളിച്ചു സോളമൻ .
വിശ്വാസത്തോടെ സോഫിയ അവളുടെ കൈ നീട്ടിക്കൊടുത്തു..
ദാ അവിടെച്ചവിട്ടി..
അവിടെ..
സോഫിയ ഉയർന്നു. വണ്ടിക്കുള്ളിലേക്ക് ..
വാതിൽ വലിച്ചടച്ച് സോളമൻ ടാങ്കർലോറി സ്റ്റാർട് ചെയ്തു..
അവരെയും കൊണ്ട് വണ്ടി നീങ്ങി ...
മൈസൂർക്കാഴ്ചകളിലേക്ക് ..
പാട്ടിന്റെ അകമ്പടിയോടെ ..

എന്തിനാണ് ഈ സ്വപ്നം ഞാനിപ്പോൾ കണ്ടത്. യൂ ട്യൂബ് തിരഞ്ഞ് പഴയ പാട്ടുകൾ കാണുന്നത് ശീലമായിരിക്കുന്നു. ഇന്നലെ രാത്രിയിലും ഏറെ നേരം ഉറങ്ങാതെ ഓരോന്ന് കണ്ടു നേരം വൈകി. സോളമനും സോഫിയയും തമ്മിലുള്ള ഡയലോഗുകൾ ഒരെണ്ണം പോലും വിട്ടു പോകാതെയാണ് സ്വപ്നത്തിലും കണ്ടത്.
സിനിമ കാണാൻ പോയി വന്ന് അടുക്കായി കഥ പറയുന്ന ശീലമുണ്ടായിരുന്നെനിക്ക്.

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും അതിനു മുൻപ് ദേശാടനക്കിളി കരയാറില്ല എന്ന സിനിമയും കോളജിൽ നിന്നാണ് കാണാൻ പോയത്.
സമരക്കാർ വന്ന് ക്ളാസ്സ് വിടുവിച്ച ഒരു ദിവസം മാറ്റിനിയ്ക്കായിരുന്നു മുന്തിരിത്തോപ്പുകൾ കണ്ടതെന്ന് കൃത്യമായോർക്കുന്നു. ദേശാടനക്കിളിയിലെ പൂച്ചക്കണ്ണുള്ള ശാരിയാണ് ഇതിലും ...
പിന്നെ മോഹൻലാലങ്ങനെ ചിറകുയർത്തി സ്വപ്നാകാശങ്ങളിൽ പറന്നു നടക്കുന്ന സമയവും.

മലയാളിയെ മുഴുവൻ ബൈബിൾ തുറക്കാൻ പ്രേരിപ്പിച്ച പത്മരാജന്റ പ്രതിഭ പ്രേമഭംഗിയുടെ അത്യപാരത കാട്ടി.
'അവിടെ വച്ച് എന്റെ പ്രേമം ഞാൻ നിനക്ക് തരും ..'
മുന്തിരിത്തോപ്പുകളിൽ പൂത്തുതളിർത്തു മധുരവും വീര്യവും പകരുന്ന ശലമോന്റെ പ്രേമം ഹൃദയങ്ങളെ കവിഞ്ഞൊഴുക്കിക്കളഞ്ഞ കഥ..

ഇവിടെ സോളമന്റെ സോഫിയ മഴച്ചാറ്റലിനൊപ്പം മാദകമായി വിടർന്ന ക്ലാരയെക്കാൾ ഉയരത്തിലാകുന്നു.

പരിശുദ്ധനും ഹൃദയാലുവും ധീരനുമായ സോളമൻ ...

കൂട്ടുകാർ തമ്മിൽതമ്മിൽ കഥ പറഞ്ഞുനടന്ന പകൽകടന്ന രാത്രികളിൽ അവൻ ടാങ്കർ ലോറിയേറി വന്നു .. സോളമന്റെ
വിളികേൾക്കാൻ കാതോർത്തിരുന്നു അന്നത്തെ പെൺപിള്ളേർ.. വിളഞ്ഞു പഴുത്ത മുന്തിരിത്തോട്ടങ്ങളിൽ അവനോടൊപ്പം ഉറങ്ങിയുണരാനും അന്ന് യുവതികളായിരുന്നവർ കൊതിച്ചിരുന്നു.

എന്തായാലും ഈ പാട്ട് മോൾക്കയച്ചു കൊടുത്തേക്കാം..
എത്ര തിരക്കായാലും കണ്ടിട്ട് അമ്മൂന്റെയൊരു പാട്ട് എന്നും പറഞ്ഞ് ഉമ്മ സ്മൈലികളയയ്ക്കുമവൾ.

പരിശുദ്ധനും ഹൃദയാലുവുമായ വേറൊരു കാമുകനെ ഓർമ്മ വരുന്നു. അങ്ങേര് ഒരിക്കലും സോളമനെപ്പോലെ ധീരനല്ലായിരുന്നു. അയാളൊരു കാമുകനാണെന്നു പോലും ആരും അറിയാതെ പോയി..
സുന്ദരിയും  സുശീലയും പിന്നെ പരിശുദ്ധയും പരമഭക്തയുമായ എന്റെ സ്വന്തം ചേച്ചിയായിരുന്നു അയാളുടെ കാമുകി.
അതും ആരുമറിഞ്ഞില്ല.

നാലഞ്ചു വീടുകൾക്കപ്പുറം ഞങ്ങടെ വീടിന്റെ എതിർ ദിശയിലായിരുന്നു ആ വീട് .. തടിത്തൂണുകളും അരപ്ലേസുമുള്ള അമ്പലം പോലൊരു വീട്. അവിടെപ്പോയി പവിത്രയുമായി ഓടിക്കളിച്ചിരുന്നത് ഞാനാണ്. എന്നിലും ഏഴെട്ടുവയസ്സിന് മൂപ്പുള്ള ചേച്ചി അങ്ങോട്ടൊന്നും വരികേയില്ല.
പിന്നെങ്ങനെയാണ് പവിത്രയുടെ പരമേശ്വരനാങ്ങളയും ലൂസിയാമ്മയെന്ന എന്റെ ചേച്ചിയും കാമുകനും കാമുകിയുമായത്..! അതും അത്രമേൽ ഒതുക്കത്തിൽ  ..!

ഒരു ദിവസം കളിക്കാനോടിപ്പോകുന്നതിനിടയിലാണ് ചേച്ചി ' മയ്യഴിപ്പുഴയുടെ  തീരങ്ങളിൽ ' എന്റെ കൈയിലേൽപിച്ച് പറഞ്ഞത്..
ഈ പുസ്തകം പരമേശ്വരന് കൊടുത്തേക്കണേ.. വായിക്കാൻ മേടിച്ചതാ'
എപ്പം, എങ്ങനെ എന്നൊക്കെയോർത്ത് ഒന്നു വിലങ്ങിയെങ്കിലും പുസ്തകം ഞാൻ കൈപ്പറ്റി...

ഓട്ടത്തിനിടയിൽ ഓട്ടം നിർത്തി മയ്യഴിപ്പുഴയൊന്നു കുലുക്കിക്കുടഞ്ഞു ഞാൻ.
ദാണ്ടെ നാലായി മടക്കിയ കടലാസൊന്നു താഴത്ത്.
എടുത്തു നിവർത്തിയപ്പോൾ ലൂസിയാമ്മപ്രേമം അതിലാകെ വേറൊരു പുഴയായി.

അമ്പടി കള്ളിച്ചേച്ചീ എന്നു വിചാരിച്ചെങ്കിലും അവരുടെ വീട്ടിൽച്ചെന്ന് പവിത്രപോലും കാണാതെ ഞാനത് പരമേശ്വരനെ ഏൽപ്പിച്ചു.

പ്രധാനകാര്യങ്ങൾ വിട്ടു പറയാതെ ഒതുക്കിപ്പിടിക്കാൻ അവിടം മുതൽക്കാണ് ഞാൻ പഠിച്ചതെന്നു തോന്നുന്നു.
വീട്ടിൽ ഇതേപ്പറ്റി ഒരക്ഷരം മിണ്ടാൻ പോയില്ല. ഇച്ചാച്ചനും അമ്മയും അമ്മച്ചിയും അറിഞ്ഞാൽ എന്റെ ചേച്ചി മിച്ചം കാണില്ല.

അന്ന് രാത്രി മുഴുവൻ ലൂസിയാമ്മയെന്ന കാമുകിയുടെ പ്രണയം പൂവിടുന്നത് ഞാൻ സ്വപ്നം കണ്ടു.
ആണ്ടിൽ മുഴുക്കനും , പെസഹാക്കാലത്ത് പ്രത്യേകിച്ചും പള്ളീന്നെറങ്ങാത്ത ചേച്ചിയും പരമേശ്വരനും ഒളിച്ചോടിപ്പോകുന്നവരെ കണ്ട് വെളുപ്പാൻകാലത്തെങ്ങാണ്ടാണ് ഞാൻ കണ്ണടച്ചത്.

ഉറക്കത്തിനിടയിൽ ഒരു പാട്പ്രാവശ്യം ഉണരുന്ന സ്വഭാവവും എനിക്ക് കൈവന്നത് അതു മുതൽക്കുതന്നെ.

രണ്ട് ദിവസം കഴിഞ്ഞ് പവിത്രയുടെ കൂടെ ടീച്ചറുംകുട്ടിയും കളിച്ച് തിരിച്ച് വീട്ടിലേക്കോടുമ്പോഴാണ് 'ഖസാക്കിന്റെ ഇതിഹാസം' പരമേശ്വരൻ തന്നുവിടുന്നത്. കുറച്ചോടിയിട്ട് ഇതിഹാസം മറിച്ചു തിരിച്ചപ്പോൾ താഴെവീണു നാലായിട്ട് മടക്കിയ കടലാസ്.
അമ്മച്ചീം ഇച്ചാച്ചനും അമ്മേം കാണാതെ ഞാനത്  ചേച്ചിക്കാമുകിയ്ക്ക് കൊടുത്തു , വകതിരിവില്ലാത്ത കളിപ്രാന്തഭിനയിച്ച് ഓടിപ്പോയി.

പിന്നെയങ്ങോട്ട് 'നാലുകെട്ടാ'യി 'ഉമ്മാച്ചു' വായി 'മുൻപേ പറക്കുന്ന പക്ഷി'കളായി 'സ്മാരകശിലകളായി ' ..

രസം അതല്ല . ലൂസിയാമ്മ ഈ പുസ്തകങ്ങളൊന്നുപോലും വായിക്കുന്നത് ഞാൻ കണ്ടില്ല. വായിച്ചിരുന്നേൽ ഇച്ചാച്ചനേം അമ്മേമൊക്കെ തൃണവൽഗണിച്ച് ഉറപ്പായിട്ടും ചേച്ചി പരമേശ്വരന്റെ കെട്ടിയവളായേനേ.

പക്ഷേ , പരമേശ്വരൻ സകലതും വായിച്ചു. അയാളുടെ കൺതടങ്ങളിൽ ആ വായന കറുപ്പ് വരച്ചു. പിന്നെ തുടുത്തുനിന്ന മുഖത്ത് മീശതാടികൾ നിറച്ചു.
പാവം പരമേശ്വരൻ .. പ്രേമക്കിറുക്കൻ..!

ഒരു ഞായറാഴ്ച, ഉച്ചയൂണും കഴിഞ്ഞ്  ഇച്ചാച്ചൻ കട്ടിലേൽ കൂർക്കം വലിച്ചുറങ്ങുന്നതു കണ്ടാണ് ഞാൻ പവിത്രേടെ വീട്ടിലോട്ടിറങ്ങിയത്.
മുറ്റത്തെ മാവിൻ ചോട്ടിലെത്തിയപ്പോൾ ഒരു പ്ളാസ്റ്റിക്ക് കവറിലാക്കിയ 'നെല്ലും' കൊണ്ട് ചേച്ചി വന്നു.
എന്റെ മനസ്സിൽ ചിരി പൊട്ടി. ചേച്ചി വീട്ടിലോട്ടു കേറിപ്പോയപ്പോഴാണ് പവിത്രയ്ക്ക് കൊടുക്കാൻ ഇലക്കുമ്പിളിൽ പറിച്ചുവച്ച മൾബറിക്കായയുടെ കാര്യം ഞാനോർത്തത്. മാവിൻചോട്ടിൽ ഇച്ചാച്ചനിരിക്കുന്ന ബെഞ്ചിന്ററ്റത്ത് 'നെല്ലു'വച്ചിട്ട് മൾബറിയെടുക്കാൻ ഞാനോടി..

തിരിച്ചു വന്നപ്പം ഇച്ചാച്ചൻ മാഞ്ചോട്ടിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
 
'നെല്ലു'മെടുത്ത് ഞാൻ കളിക്കാനോടി.

പിറ്റേ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ജെയിംസുകുട്ടിച്ചേട്ടനും രണ്ട് പെങ്ങന്മാരുമൊക്കെക്കൂടി ലൂസിയാമ്മേ പെണ്ണുകാണാൻ രണ്ട് കാറിലായി വന്നത്.
ചെറുക്കനും പെണ്ണും കൊച്ചുമുറീലിരുന്ന് ഒറ്റയ്ക്ക് സംസാരിച്ചു.
പെങ്ങന്മാര് കിലുകിലാന്ന് ഓരോന്ന് പറഞ്ഞ് അമ്മേടെ കൂടെ ചിരിച്ചു. അവരുടെ കെട്ടിയവന്മാരും ഇച്ചാച്ചനും മുറ്റത്തെ മാഞ്ചോട്ടിൽ കാറ്റുകൊണ്ടിരുന്ന് കാര്യങ്ങൾ പറഞ്ഞു.

എന്നാണേലും ആ മാസംതന്നെ ഏറ്റുമാനൂര് പള്ളീൽവെച്ച് ബാങ്ക് ജോലിക്കാരൻ ജെയിംസുകുട്ടിച്ചേട്ടൻ സ്വന്തം ജ്യേഷ്ഠനായ പുരോഹിതന്റെ പ്രധാന കാർമ്മികത്വത്തിൽ ലൂസിയാമ്മയ്ക്ക് മിന്നുകെട്ടി.

അന്തംവിട്ടുപോയ ഞാനും കല്യാണത്തിലങ്ങ് മുഴുകിനടന്നു.

ചില കാര്യങ്ങൾ ദഹിക്കാൻ വിഷമിയ്ക്കുമെങ്കിലും ഇഷ്ടമുള്ളവരെ തള്ളിപ്പറയരുതെന്ന് ഞാൻ പഠിച്ചതും അന്നു മുതലായിരിക്കണം.

പാവം എന്റെ ചേച്ചി..

മനപ്പൂർവം പരമേശ്വരനെ ഞാനോർത്തതേയില്ല.

പിന്നൊരിക്കൽ ഇച്ചാച്ചന്റെ മേശയുടെ അറയിൽനിന്ന് ലൂസിയാമ്മ പരമേശ്വരനെഴുതിയ ഒടുവിലത്തെ പ്രേമലേഖനം കണ്ടെത്തിയ അന്നാണ് കാര്യങ്ങൾ വ്യക്തമായത്.

അന്ന്
മാഞ്ചോട്ടിൽ , പുറകിൽ കൈകെട്ടി അങ്ങോട്ടുമിങ്ങോട്ടും നടന്ന ഇച്ചാച്ചനെ ഞാനോർത്തു.

'നെല്ല് ' മാത്രമാണന്ന് പരമേശ്വരന് കിട്ടിയത്.
ലൂസിയാമ്മേടെ പ്രേമം ഇച്ചാച്ചൻ മേശേടെ അറയിലിട്ട് പൂട്ടി, ഏറ്റുമാനൂരിലേക്ക് കെട്ടുകെട്ടിച്ചു.

പിന്നെ എന്റെ പ്രേമം..
ഇച്ചാച്ചന് മറുത്തൊന്നും പറയാൻ പറ്റാത്ത പോലെയാണ് ഞാൻ പ്രേമിച്ചത്..
അന്ന് കോളജിൽ  ചങ്ങനാശ്ശേരിക്ക് പോകാൻ കടത്ത് കടന്ന് കെ.എസ്. ആർ.ടി.സി. ബസിൽ പോണമായിരുന്നു.

കടവിനടുത്തായിരുന്നു ഇച്ചാച്ചന്റെ പലചരക്കുകട. ആലപ്പുഴയിലും എറണാകുളത്തും പോയി ഞങ്ങടെ നാട്ടുകാർക്കാവശ്യമുള്ള സകല സാധനങ്ങളും വാങ്ങിച്ച് ഇച്ചാച്ചൻ കടനിറച്ചിരുന്നു. അതുപോലൊരു പലചരക്കുകട അന്നവിടെ വേറെയില്ലായിരുന്നു.
പുളിങ്കുന്നീന്ന് കടത്തുകടക്കുന്നതുവരെ ഇച്ചാച്ചന്റെ നോട്ടം കടേന്നു വന്ന് എന്നെ ചുറ്റിനിൽക്കുന്നതും കണ്ടാണ് വള്ളത്തേന്നിറങ്ങുന്നത്. കടത്തിനിപ്പുറം ചങ്ങനാശ്ശേരി ക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കാത്തു കിടക്കും.
അങ്ങനെ പോയീം വന്നുമാണ് എന്റെ പ്രേമം പൂത്തുലഞ്ഞത്.
ദേശാടനക്കിളീം മുന്തിരിത്തോപ്പുകളുമൊക്കെ കണ്ടതും കഥ.

ഇച്ചാച്ചന്റെ പലചരക്കു കടേലാണ് ആലോചനയുടെ ആദ്യ സന്ദർശനം..
പിന്നെ കാറേവന്ന പെണ്ണുങ്ങൾ വീട്ടിനകത്ത് അമ്മയോടും അമ്മച്ചിയോടും കിലുകിലാ പറഞ്ഞും മുറ്റത്ത് മാഞ്ചോട്ടിൽ ഇച്ചാച്ചൻ ആണുങ്ങടടുത്ത് ബെഞ്ചിലിരുന്നും ആലോചനയെ ഉറപ്പിച്ചു.

ലൂസിയാമ്മേം ചേട്ടനും കളിച്ചു ചിരിച്ച് നടക്കുന്ന കണ്ട് കല്യാണം അങ്ങനാന്നായിരുന്നു എന്റെ വിചാരം. രണ്ട് പിള്ളേരൊണ്ടായിട്ടും അവരെ അങ്ങനെ കളിച്ചു ചിരിച്ചാണ് എപ്പഴും കണ്ടിട്ടുള്ളത്.

വേലായുധനോടു പറയുന്ന പോലെ കല്യാണം കുട്ടിക്കളിയല്ലെന്ന് മോളുണ്ടാവുന്നതിനു മുമ്പേ എനിക്കു മനസ്സിലായി. പൊട്ടി കളിച്ചു നിൽക്കാൻ പറ്റാഞ്ഞതു കൊണ്ട് കുഞ്ഞിനേം തോളിലിട്ട് വീട്ടിലോട്ട് വരേണ്ടി വന്നു.

വന്നപ്പം തൊട്ട് അമ്മ കരച്ചിലും നെഞ്ചത്തടീം.
'ഒന്നടങ്ങ് മേരിക്കുഞ്ഞേ'ന്ന് അമ്മച്ചി പറഞ്ഞിട്ട് അമ്മയൊണ്ടോ അടങ്ങുന്നു.

അച്ചന്മാരൊക്കെയൊള്ള വീട്ടിൽ പള്ളീം പ്രാർത്ഥനയുമായി ചിരിച്ചുകളിച്ച് ജീവിക്കുന്ന ലൂസിയാമ്മയെ ഓർത്തായിരുന്നു അമ്മയ്ക്ക് പരവേശം. അമ്മേടെ 'കുഞ്ഞിനെ' എന്റെ കാര്യമറിഞ്ഞ് നാണംകെട്ട് ജയിംസുകുട്ടിച്ചേട്ടൻ ഉപേക്ഷിച്ച് വീട്ടിക്കൊണ്ടാക്കുമെന്നു പറഞ്ഞ് അമ്മ പതം പെറുക്കി.

മോളെ അമ്മച്ചീടെ കയ്യിൽ കൊടുത്തിട്ട് ഇച്ചാച്ചൻ കടയടച്ച് വരുന്നവരെ ഞാൻ മുറിയടച്ച് അകത്തിരുന്നു.
കതകിൽതട്ടി ഇച്ചാച്ചൻ വിളിക്കുന്നതും കാത്ത് .

എന്നാടീ കൊച്ചേ.. വന്നേ..

ഞാനും ഇച്ചാച്ചനും അമ്മച്ചീം കഞ്ഞി കുടിച്ചു. അമ്മ കഞ്ഞിവിളമ്പി മുഖവും കൂർപ്പിച്ചു നിന്നു .
'മോള് പാത്രമൊക്കെ കഴുകിവച്ചിട്ട് അങ്ങോട്ടു വാ ' ന്നും പറഞ്ഞ് ഇച്ചാച്ചൻ മാഞ്ചോട്ടിലേക്ക് പോയി.

അമ്മ, ലൂസിയാമ്മേ ഫോൺ വിളിച്ചു കരയുന്നതും കേട്ടാണ് ഞാൻ മുറ്റത്തേയ്ക്ക് ചെന്നത്.
നിലാവിന്റെ വെട്ടം വീണ മാഞ്ചോട്ടിൽ ഇച്ചാച്ചന്റെ ബെഞ്ചിൽ അമ്മച്ചീടെ മടിയിലായിരുന്നു മോള്.

ഞാനും ഇച്ചാച്ചനും മുറ്റത്തൂടെ നടന്ന് കാര്യങ്ങൾ പറഞ്ഞു.
മാഞ്ചോട്ടിലെ നിലാവെട്ടം ഇച്ചാച്ചന്റെ മുഖത്ത് മിന്നിമറിഞ്ഞു.
എനിക്ക് കരച്ചിലേ വന്നില്ല.
ഒടുവിൽ ,
ഞാനിനി അങ്ങോട്ടു പോകുന്നില്ലെന്ന് പറഞ്ഞപ്പോൾ
ഇച്ചാച്ചൻ എന്റെ കൈയിൽ പിടിച്ചു .പിന്നെ
അമ്മച്ചീടടുത്തൂന്ന്, ഉറങ്ങിക്കിടന്ന മോളെ എടുത്ത് തോളത്തിട്ട് ഞങ്ങൾ നാലു പേരും വീട്ടിലേക്ക് കയറി.

കടത്ത് മാറ്റാൻ ആറിനു കുറുകെ  പാലംപണി തുടങ്ങിയപ്പോൾ മോള് സ്കൂളിലെത്തിയിരുന്നു. ഒന്നര വർഷത്തിലധികമെടുത്തു അക്കരെ നിന്നും ബസും മറ്റ് വണ്ടികളും പാലം കടന്നുവന്ന് ആലപ്പുഴക്കും എറണാകുളത്തുമൊക്കെ പോക്ക് തുടങ്ങാൻ.

ഇച്ചാച്ചന്റെ കടയിരുന്ന ഭാഗം ഒരുപാട് മാറി. ഷോപ്പിങ് കോംപ്ളക്സായി സൂപ്പർ മാർക്കറ്റായി. അങ്ങനെ പലചരക്കുകടയിൽ ആള് കുറഞ്ഞു.
കടപൊളിച്ചു ..

അപ്പഴേയ്ക്കും
ലൂസിയാമ്മ ഓടി വന്നു. തടിയൊക്കെ കൂടിയതുകൊണ്ട് ചേച്ചീടെ വർത്താനങ്ങൾക്കിടയിലെല്ലാം കിതപ്പ് കിരികിരുത്തു.
ഒടുവിൽ
ബാങ്കിൽ നിന്നും വിരമിച്ച ചേട്ടൻ ഇച്ചാച്ചന്റെ പലചരക്കുകട ഇരു നിലക്കെട്ടിടമാക്കി മുറികളെല്ലാം വാടകയ്ക്ക് കൊടുത്തു.

മോളെ പഠിപ്പിക്കാനൊക്കെ
കുറെ കഷ്ടപ്പെട്ട കാലമായിരുന്നു.
ലോണൊക്കെ എടുക്കേണ്ടിവന്നു.
എൻ.ഐ.ടിയിൽ ബി.ടെക്ക് പഠിച്ചിട്ട് സ്കോളർഷിപ്പു കിട്ടി അവൾ സ്വീഡനിൽ പോകും വരെ ഇച്ചാച്ചൻ മരിക്കാതെ എനിക്ക് കൂട്ടായി നിന്നു.

കോട്ടയത്തെ മൈതാനത്തുവച്ച്  മാലേം വളേമൊക്കെ പ്രാർത്ഥനാ സമ്മേളനത്തിൽ  പരസ്യമായി ഊരിക്കൊടുത്ത ലൂസിയാമ്മ ഇച്ചാച്ചനും അമ്മേം മരിച്ചശേഷം വീണ്ടും കിതപ്പുംകൊണ്ട് വന്നു.
മാഞ്ചുവടും മുറ്റവും വീടും ലൂസിയാമ്മയെടുത്തു.

'നെല്ലി'നകത്ത് പ്രേമലേഖനമെഴുതി , കളിപ്രാന്ത് അഭിനയിച്ചു നിന്ന എന്നെ പരമേശ്വരനടുത്തേക്ക് പറഞ്ഞയച്ച പഴയ ലൂസിയാമ്മ വളർന്നുവളർന്ന് വർത്താനം പറയുമ്പോൾ കിതക്കുന്ന പരുവമായി.

പരമേശ്വരൻ എവിടെയാണോ ?

മോള് സ്വീഡനിൽ ജോലിയെടുത്ത് കുടുംബവുമൊത്ത് താമസിക്കുന്നു.
അവൾ കളത്തിപ്പടിയിൽ വാങ്ങിയ ഫ്ളാറ്റിലാണിപ്പോൾ ഞാൻ.
കൂട്ടിന് ബീനയുണ്ട്. കട്ടപ്പനക്കാരി. കെട്ടിയവന്റെ ഇടിയും ശല്യങ്ങളും അവഗണിച്ച് എന്റെയൊപ്പമാണ് ബീന.

മോളുടെ കൂടെപ്പോയി സ്ഥിരമായി സ്വീഡനിൽ ഞാൻ താമസമാക്കാതിരിക്കാൻ  ബീന പ്രത്യേകം പ്രാർത്ഥിക്കുന്നുണ്ട്.

വല്ലപ്പോഴും അവിടൊന്നു പോയി വരുന്നുവെന്നല്ലാതെ ഇവിടം വിട്ട്  ഞാനെങ്ങോട്ടുമില്ലെന്ന് അവൾ മനസ്സിലാക്കുന്നില്ല.

സാമ്പത്തിക വളർച്ചയിൽ ഇന്ത്യ വലിയ രാജ്യങ്ങളെ പിന്തള്ളുന്നുവെന്ന വാർത്ത മറുനാടന്റെ 'യു ട്യൂബിൽ '
കാണുകയാണിപ്പോൾ ഞാൻ . സൂര്യനസ്തമിക്കാത്ത രാജ്യം വരെ ഇന്ത്യയ്ക്ക് പുറകിലാണു മോളെ. നിന്റെ സ്വീഡൻ പോലെ മലയാളിക്ക് അനാഘ്രാതമായിരുന്ന ഒരു പാട് രാജ്യങ്ങളിലേക്ക് ഇപ്പോൾ ആളുകൾ പോകുന്നു. എതിർ ഫ്ളാറ്റിലെ നഴ്സ് കുട്ടി കഴിഞ്ഞയാഴ്ചയാണ് ക്രൊയേഷ്യയ്ക്ക് പോയത്. നീയിതൊന്നു കണ്ടു നോക്ക് ..

ബീന വിളിക്കാൻ വന്നപ്പോൾ , ഷാജന്റെ യൂട്യൂബ് വാർത്ത മോൾക്ക് അയയ്ക്കാൻ ഞാൻ ഷെയറിൽ വിരൽ ചേർക്കുകയായിരുന്നു.

# Luciamma and I; Two lives- Ancy Sajan

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക