Image

തന്നെടേ, അപ്പീ ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 28 December, 2022
തന്നെടേ, അപ്പീ ? (ലേഖനം: സാം നിലമ്പള്ളില്‍)

കേരളത്തില്‍ അടുത്തഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുലക്ഷംസംരഭകര്‍ വ്യവസായങ്ങള്‍ തുടങ്ങുമെന്നും അതിന്റെ മുന്നോടിയായിട്ടാണ് കണ്ണൂരില്‍ ഒരുബിസ്‌ക്കറ്റ് ഫാക്ട്ടറി മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തതെന്നും സര്‍ക്കാര്‍ പറയുന്നു. ഇതുകേട്ടപ്പോള്‍ സംശയാലുവായ കാട്ടാക്കടക്കാരന്‍ പങ്കജാക്ഷന്‍ സഹാവ് ചോദിച്ചേക്കാം,  തന്നടേ, അപ്പീയെന്ന്. എന്തായാലും കേരളം പുരോഗതിയുടെ പാതയിലാണ്. കണ്ണൂരിലെ ബിസ്‌കറ്റ് ഫാക്ട്ടറി ഇന്‍ഡ്യയില്‍ ഒരു വ്യവസായ വിപ്‌ളവംതന്നെ സൃഷ്ടിച്ചേക്കാം. ഗള്‍ഫിലും അമേരിക്കയിലുമുള്ള പണക്കാര്‍ക്ക് കേരളത്തില്‍ മുതല്‍മുടക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. പിണറായി സഹാവ് നാടുഭരിക്കുന്നിടത്തോളം സംരഭകര്‍ക്ക് ഭയപ്പെടാതതന്നെ കാശുമുടക്കാം.

അപ്പോ നമ്മക്ക് നോക്കുകൂലിയും ചട്ടമ്പിക്കാശുമൊക്കെ കിട്ടുമോടെ, അപ്പീ ?

നോക്കാം. അവന്മാരൊക്കെ വരട്ടടേ. പാവപ്പെട്ട നമ്മളെപ്പോലുള്ള തൊഴിലാളികളെ പിഴിഞ്ഞല്ലേ അവന്മാരൊക്കെ കാശുണ്ടാക്കിയത്. അമ്പാനിയടെയും അദാനിയുടെയും പണമൊക്കെ തൊഴിലാളികളെ ചൂഷണംചെയ്ത് ഉണ്ടാക്കിയതാണന്നല്ലേ, നമ്മുടെ പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍ സഹാവ് പറഞ്ഞത്. അവരുടെ കാശൊക്കെ നമുക്കുകൂടി അവകാശപ്പെടതാ.

അവരുടെകാശ് നമുക്ക് കിട്ടണമെങ്കില്‍ കേന്ദ്രത്തില്‍ മോദിയെ മറ്റി നമ്മുടെ പിണറായി സഹാവിനെ പ്രധാനമന്ത്രിയാക്കേണ്ടിവരും. ഗോവിന്ദന്‍ സഹാവായാലുംമതി. അതിനുള്ള സാധ്യതവല്ലതും കാണുന്നുണ്ടോടേ, അപ്പി.

എലക്ഷനിലൂടെ ജയിക്കാമെന്ന് തോന്നുന്നില്ല., വിപ്‌ളവത്തിലൂടെ ആണെങ്കില്‍ ചാന്‍സുണ്ട്. പക്ഷേ, അതിനുള്ള അവസരവും കാണുന്നില്ല. വടക്കേ ഇന്‍ഡ്യന്‍ ബൂര്‍ഷ്വാസികള്‍ക്ക് കേരളീയരെപ്പോലെ രാഷ്ട്രീയബോധം ഇല്ലല്ലോ.

ബോംബെയിലും ബീഹാറിലും പഞ്ചാബിലുമൊക്കെ പണ്ട് കമ്മ്യൂണിസ്റ്റുകാര്‍ ഉണ്ടായിരുന്നല്ലോ. അവരൊക്കെ എവിടെപ്പോയി. 

അവരൊക്കെ ശിവസേനക്കാരും ബി ജെ പിക്കാരുമായി മാറിയില്ലേ. ഇനിയൊരു കമ്മ്യൂണിസ്റ്റെന്നുപറയാന്‍ യെച്ചൂരി സഹാവ് മാത്രമെയുള്ളു വടക്കേ ഇന്‍ഡ്യയില്‍.

കഷ്ടംതന്നെ, അല്ലേടേ, അപ്പീ.
 ഇതൊന്നും അറിയാതെയാണ് അമേരിക്കയിലും ഗള്‍ഫിലുമുള്ള ബൂര്‍ഷകളൊക്കെ കാശുമായി കേരളത്തിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്നത്. കേരളം വ്യവസായസൗഹൃദ സംസ്ഥാനമായിമാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അവിശ്വസിക്കേണ്ടതുണ്ടോ. പണിമുടക്കുകളും ഹര്‍ത്താലും നോക്കുകൂലിയുമൊക്കെ പഴങ്കഥകളായി മാറിയെന്നല്ലേ അദ്ദേഹം പറഞ്ഞത്. വ്യവസായികളെ ആനയും അമ്പാരിയുമായി സ്വീകരിക്കാന്‍ കേരളം തയ്യാറായി കഴിഞ്ഞു. നിങ്ങള്‍ പണംനിറഞ്ഞ സ്യൂട്ട്‌കേസുകളുമായി വന്നോളു. പണംമുടക്കി വ്യവസായങ്ങള്‍ തുടങ്ങിക്കൊള്ളു. ഒരു വ്യവസായത്തില്‍ പത്തുപേര്‍ക്ക് ജോലികൊടുത്താല്‍ ഒരുലക്ഷം വ്യവസായത്തില്‍ പത്തുലക്ഷംപേര്‍ക്ക് ജോലികിട്ടും. അങ്ങനെ കേരളം മധുരമനോജ്ഞ  ചൈനപോലെ സമ്പന്നമായിതീരും. യുവജനങ്ങള്‍ തൊഴില്‍തേടി അലയാത്ത ചൈനയെന്ന് നമ്മള്‍ പാടിയത് ഓര്‍മയില്ലേ.
അപ്പോ പണയെടുക്കേണ്ടി വരുമോടെ, അപ്പി.

നമ്മളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ ദൈവംതമ്പുരാന്‍ വിചാരിച്ചാലും സാധിക്കില്ല. പണിയെടുക്കാതെ നോക്കുകൂലിയുംവാങ്ങി ജീവിച്ചവരല്ലേ നമ്മള്‍. ഇനിയും അങ്ങനെതന്നെ. ബംഗാളികളും ബീഹാറികളുംവന്ന് ജോലിചെയ്യട്ടെ. നമ്മള്‍ നോക്കുകൂലിവാങ്ങി ജീവിക്കും.

തകഴിയെന്ന ഗ്രാമത്തില്‍ ഒരു പ്രവാസി സംരംഭകന്‍ കോടികള്‍മുടക്കി ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ പദ്ധതിയിട്ട കഥ നിങ്ങള്‍ പത്രത്തില്‍ വായിച്ചില്ലേ. പാര്‍ട്ടിക്കാരും പ്രബുദ്ധരായ തൊഴിലാളികളും പഞ്ചായത്ത് സെക്രട്ടറിയും മറ്റ് വകുപ്പ്‌മേധാവികളും എല്ലാവരുംകൂടി പാവത്തിനെ ഒരുപരുവമാക്കി. അവസാനം ആത്മഹത്യചെയ്യണോ നാടുവിടണോ എന്ന അവസ്തയില്‍ താന്‍ എത്തിയെന്നാണ് അദ്ദേഹം പറഞ്ഞത്. എങ്ങനുണ്ട് വ്യവസായ സൗഹൃദം. ആത്മഹത്യചെയ്യാന്‍ ഉദ്ദേശമുണ്ടെങ്കില്‍ പണംമുടക്കി വ്യവസായം ചെയ്യാന്‍ കേരളത്തിലേക്ക് പുറപ്പെട്ടോളു. 

മുറിവാല്.

മനോഹരമായി ചിരിക്കുന്ന രണ്ടുപേരുണ്ട് തിരുവനന്തപുരത്ത്, മേയറൂട്ടി ആര്യയും  ആനാവൂര്‍ നാഗപ്പനും. അവരുടെ ചിരികണ്ടാലറിയാം രണ്ടുപേരും നിഷ്‌കളങ്കരാണന്ന്. മേയറൂട്ടി പാര്‍ട്ടിസെക്രട്ടറി നാഗപ്പന് കത്തെഴുതിയെന്ന് പ്രതിപക്ഷക്കാര് പറഞ്ഞുണ്ടാക്കിയതാണ്. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കയായ പെണ്‍കകൊച്ച്‌സഹാവിനെ തിരുവനന്തപുരം മേയറാക്കിയപ്പോള്‍തന്നെ ഇന്‍ഡ്യാ മഹാരാജ്യം പുളകംകൊണ്ടത് നിങ്ങളറിഞ്ഞില്ലേ. അങ്ങനെയുള്ള ആര്യയെപറ്റി ഇല്ലാവചനം പറഞ്ഞുണ്ടാക്കിയ കോണ്‍ഗ്രസ്സുകാരും ബി ജെ പിക്കാരും നശിച്ചുപകട്ടെ. തിരുവനന്തപുരം ജില്ലാസെക്രട്ടറി ആവന്നൂര്‍ നാഗപ്പന്‍ എത്ര പരിശുദ്ധനാണെന്ന് അദ്ദേഹത്തിന്റെ ചിരികണ്ടാല്‍ മനസിലാകും. അദ്ദേഹം അഖിലലോക ചിരിമത്സരത്തില്‍ പങ്കെടുക്കണമെന്നാണ് എന്റെ അഭിപ്രായം. 

കേരളത്തില്‍ പല്ലുന്തിയതിന്റെപേരില്‍ ഒരുയുവാവിന് ജോലിനിഷേധിച്ചെന്ന് പത്രവാര്‍ത്ത. നാഗപ്പന് പല്ല് ഉന്തിയതിന്റെപേരില്‍ പാര്‍ട്ടിസെക്രട്ടറിസ്ഥാനം ഇല്ലാതാകില്ല. പല്ല് ഉന്തിയതാണെങ്കിലും അദ്ദേഹത്തിന്റെ ചിരി മനോഹരം തന്നെയാണ്. അത് അണികളെ ഉത്തേജിപ്പിക്കയും മേയറൂട്ടിയുടെ കത്ത് കിട്ടിയില്ലെന്ന് സ്ഥാപിക്കാന്‍ ഉതകുകയും ചെയ്യും. 

ചിരി പാര്‍ട്ടിവിരുദ്ധമാണെന്ന് വിശ്വസിക്കുന്നവനാണ് പിണറായി വിജയന്‍.. അതിനാലാണ് അദ്ദേഹം ഓണത്തിനും സംക്രാന്തിക്കുംമാത്രം ചിരിക്കുന്നത്. അദ്ദേഹത്തിന്റെചിരി അത്രമനോഹരമൊന്നുമല്ല., മനുഷന്മാരെ കളിയാക്കുന്നതുപോലെയാണ് തോന്നുന്നത്. മാര്‍ക്‌സിസ്റ്റുകാര്‍ ചിരിക്കാതിരിക്കയാണ് നാടിന് നല്ലത്. ചിരിക്കാനുള്ള വകയൊന്നും കോണ്‍ഗ്രസ്സുകാര്‍ക്കില്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ ജോഡോയാത്രകൊണ്ട് കേരളത്തിലെങ്കിലും പ്രയോജനം ഉണ്ടാകുമെന്നുള്ള വിശ്വാസംകൊണ്ട് അവര്‍ ചിരിക്കട്ടെ. ചിരിച്ചുകൊണ്ടേ ഇരിക്കട്ടെ.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെല്ലാം പുതുവത്സാശംസകള്‍ നേര്‍ന്നുകൊണ്ട്.


സാം നിലമ്പള്ളില്‍.

samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക