നിലാവുറങ്ങുമ്പോള്‍
രാവിന്റെ വിരിമാറിലേക്കൊരു
യാത്ര പോകണം
ഏകാന്തതയുടെ
കരം കവര്‍ന്ന് ...
ഒത്തിരി ചിരിക്കുന്ന
ഇത്തിരി നക്ഷത്രങ്ങളെ
കൂടെ കൂട്ടണം
കണ്ണു ചിമ്മുന്ന അവയെ
കണ്‍പീലികളില്‍
ഒളിപ്പിക്കണം
കാര്‍മേഘങ്ങള്‍ക്കിടയിലൂടെ
നിശാഗന്ധിയില്‍ മയങ്ങിയ
അമ്പിളി പുഞ്ചിരി
ഒളിഞ്ഞൊന്നു നോക്കണം
നിലാവിലേക്ക്
നിഴല്‍ വീഴാതെ ....
മിഴിയിലുടക്കിയ
മൊഴിയുടെ തുണ്ടെടുത്ത്
കാല്പനികതയുടെ
താമര നൂലിനാല്‍
ഹാരമൊന്നൊരുക്കണം
എന്നിട്ടത് മാറോട് ചേര്‍ക്കണം
നിശാ സ്വപ്നത്തിന്റെ
ഈറന്‍ മുടിച്ചുരുള്‍ തുമ്പില്‍
രാത്രിമഴയൊന്നു
തൊട്ടറിയണം
കൊതിതീരെയാ
മഴ വര്‍ണ്ണങ്ങളില്‍
നനഞ്ഞു കുതിരണം
കിനാവുകളിലെ
ചിതറിയ മുത്തുകള്‍
വാരിക്കൂട്ടി
വീണ്ടുമൊരു
മഴനൂല്‍ കോര്‍ത്ത
സൂചിമുനയില്‍
സ്വരം ചേര്‍ക്കണം
പുലരിയിലേക്ക്
ഏകാന്ത യാത്ര ചെയ്യുന്ന
നിശയുടെ നീലക്കമ്പളം
വാരിയങ്ങ് പുതക്കണം ...
അങ്ങനെയെനി -
ക്കെന്റെ മൗനങ്ങളെ
ഹൃദയത്തില്‍ ഒളിപ്പിക്കണം......
ജയശ്രീ രാജേഷ്