അങ്ങനെ ഒരു വര്‍ഷംകൂടി കടന്നുപോകുന്നു.
ലാഭനഷ്ടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍, ലാഭത്തിനാണു മുന്‍തൂക്കമെങ്കിലും, സുഖദുഖങ്ങളുടെ അളവില്‍ ദുഖത്തിന്റെ നനവാണ് മുന്നില്‍.
അമേരിക്കന്‍ മലയാളികളുടെ ആദ്യകാല തലമുറ മെല്ലെ മെല്ലേ യവനികയ്ക്ക് പിന്നിലേക്ക് മറയുകയാണ്. വല്ലപ്പോഴുമൊരിക്കല്‍ കേട്ടിരുന്ന മരണവാര്‍ത്ത, ഇന്നു ദിവസേന മൂന്നും നാലും എന്ന തോതില്‍ വര്‍ധിച്ചിരിക്കുന്നു.
ജീവിതപങ്കാളികള്‍ നഷ്ടപ്പെട്ട പലരും ഇന്ന് മക്കളോടൊത്ത്, കൊച്ചുമക്കളുടെ കളിയും ചിരിയും ആസ്വദിച്ച് കഴിയുന്നു. കൊച്ചുമക്കള്‍ വളര്‍ന്നു കഴിയുമ്പോള്‍, നമ്മുടെ ആരോഗ്യസ്ഥിതി കുറച്ചുകൂടി മോശമാകുമ്പോള്‍, അവിടെ നമ്മള്‍ അധികപ്പറ്റാണെന്ന് അവര്‍ക്കും, നമ്മള്‍ക്കും തോന്നിയാല്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടൊന്നും കാര്യമില്ല. ഇവിടുത്തെ ജീവിത സാഹചര്യം അങ്ങനെയാണ്.
സെന്റിമെന്‍സ് തല്‍ക്കാലം അവിടെ നില്‍ക്കട്ടെ! കോവിഡാനന്തരമുള്ള ഫൊക്കാന, ഫോമ കണ്‍വന്‍ഷനുകള്‍ ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു. കാര്യപരിപാടികളുടെ നിലവാരം പങ്കെടുത്തവര്‍ തീരുമാനിക്കട്ടെ!
ഏതായാലും ഈ സംഘടനകള്‍ രണ്ടും ഒരു പുതിയ ഊര്‍ജം പകര്‍ന്നതില്‍, ജോര്‍ജി വര്‍ഗീസിനും, അനിയന്‍ ജോര്‍ജിനും അഭിമാനിക്കാം.
ഫോമ, ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരം പതിനെട്ടടവും പയറ്റിക്കൊണ്ടായിരുന്നു. ('ആന കൊടുത്താലും ആശ കൊടുക്കരുത്' എന്നൊരു അഭ്യര്‍ത്ഥന ഫൊക്കാന തലതൊട്ടപ്പന്മാരോട് എനിക്കുണ്ട്- സംഗതി പിടികിട്ടി കാണുമെന്നു കരുതുന്നു).
ജയിച്ച ഭാരവാഹികള്‍, ഒരു നിമിഷം പോലും പാഴാക്കാതെ, അടുത്ത വിമാനത്തില്‍ കയറി കേരളത്തിലേക്ക് പറന്നു. വാര്‍ഡ് മെമ്പര്‍മുതല്‍, ഗവര്‍ണര്‍ വരെയുള്ള ഭരണകര്‍ത്താക്കളെ കണ്ട് അമേരിക്കന്‍ മലയാളികളുടെ നീറുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. സ്വത്ത് സംരക്ഷണം മുതല്‍ യാത്രാക്ലേശം വരെയുള്ള പ്രശ്‌നങ്ങള്‍!
'അനുഭാവപൂര്‍വ്വം പരിഗണിക്കാം' എന്ന പതിവ് മറുപടി കിട്ടി. മന്ത്രിമാരുമൊത്തുള്ള ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് സായൂജ്യമടഞ്ഞു.
ദോഷം പറയരുതല്ലോ! അതിനൊക്കെത്തന്നെയല്ലേ ഇവര്‍ ഇത്രയും പണം ചെലവാക്കി പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആകുന്നത്.
ഇവിടെ മിക്കവാറും എല്ലാ ദേശീയ മലയാളി സംഘടനകള്‍ക്കും അപരന്മാരും പാരകളുമുണ്ട്. പലരും കോടതി വരാന്ത നിരങ്ങുന്നുമുണ്ട്- എന്തിനുവേണ്ടി? ആര്‍ക്കറിയാം?
കേരളത്തിലാണെങ്കില്‍ എന്നും ദുരന്തവാര്‍ത്തകളുടെ പ്രളയമാണ്. നിരാശപൂണ്ട കാമുകീ കാമുകന്മാര്‍ പെട്രോളൊഴിച്ചും കത്തി കുത്തിയും, കഴുത്തറത്തും പക തീര്‍ക്കുകയാണ്.
ഗ്രീഷ്മ എന്നൊരു പെണ്‍കൊച്ച്, കഷായത്തില്‍ ജ്യൂസ് കലര്‍ത്തി കൊടുത്ത് കാമുകനെ പരലോകത്തിലേക്ക് പറഞ്ഞയച്ചു. പോലീസുകാരോടൊപ്പം തെളിവെടുപ്പിനുവേണ്ടി കളിച്ച് ചിരിച്ച് നടക്കുന്ന അവളെ കണ്ടാല്‍, ഏതോ വലിയ സെലിബ്രിറ്റിയാണെന്ന് തോന്നും.
ഇത്തവണ നാട്ടില്‍ പോയപ്പോള്‍, 'കുറച്ച് ദശമൂലാരിഷ്ടം വാങ്ങിച്ചുകൊണ്ടുപോകാം- വയസുകാലത്ത് ഇങ്ങേര്‍ക്ക് കുടിക്കാന്‍ പറ്റിയതാ' എന്നുള്ള എന്റെ ഭാര്യയുടെ നിര്‍ദേശം ഞാന്‍ ബുദ്ധിപൂര്‍വ്വം നിരസിച്ചു.)
അനേക പീഡന കേസുകളുടെ കൂട്ടത്തില്‍ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടപ്പെട്ടവനായ ഒരു എം.എല്‍.എയും, മറ്റൊരു സിനിമാക്കാരനും ഉള്‍പ്പെട്ടു.
'ആടിപ്പാടി, അവളൊന്നു ചിരിച്ചു
കൈവള കിലുങ്ങി...'
എന്ന പാട്ടും പാടി പഞ്ചനക്ഷത്ര ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും അര്‍മാദിച്ചു നടന്ന ഇവര്‍, വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ക്കെതിരേ പീഡനമാരോപിച്ചു. നല്ല രണ്ട് പെട പെടച്ചാല്‍ തീരുന്നതേയുള്ളൂ ഇത്തരക്കാരുടെ അരിപ്പ്-
മലയാള സാഹിത്യത്തില്‍ ഈവര്‍ഷം ശ്രദ്ധേയമായ രണ്ട് കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വര്‍ണ്ണക്കടത്തു കേസില്‍ വെറുതെ ആരോപിതനായ സത്യസന്ധനായ ശിവശങ്കര്‍ സാര്‍ എഴുതിയ, 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന പുസ്തകവും, അദ്ദേഹത്തെ അന്നും ഇന്നും പൊന്നുപോലെ ആരാധിക്കുന്ന സ്വപ്ന സുരേഷ് എന്ന സ്വര്‍ണ്ണ സുന്ദരി എഴുതിയ 'ചതിയുടെ പത്മവ്യൂഹം' എന്ന ഗ്രന്ഥവും- 'കേരള സാഹിത്യ അക്കാദമി അവാര്‍ഡിന്' അര്‍ഹതയുള്ള ഉത്തമ കൃതികളാണ് ഇവ രണ്ടും.
മലയാള ചലച്ചിത്ര ലോകത്ത് കാര്യമായ ചലനങ്ങളൊന്നുമുണ്ടിയിട്ടില്ല. 'കടുവാ'മാത്രമാണ് ഇച്ചിരെ ഉച്ചപ്പാടുണ്ടാക്കിയത്.
'പാലാപ്പള്ളി, തിരുപ്പള്ളി' എന്ന ഗാനം സൂപ്പര്‍ ഹിറ്റായി.
അമിതാബച്ചനെ പോലെ ഉയരത്തിലായിരുന്ന കോണ്‍ഗ്രസ്, വെറും ഇന്ദ്രന്‍സിനെപ്പോലെയായി' എന്നൊരു മന്ത്രിപുംഗവന്‍ നടത്തിയ പ്രസ്താവന തരംതാണതായിപ്പോയി. ഏതൊരു അളവുകോല് വെച്ച് നോക്കിയാലും, ഏതൊരു സൂപ്പര്‍ താരങ്ങളേക്കാളും മികച്ച അഭിനയ മികവാണ് അടുത്തകാലത്തായി നടന്‍ ഇന്ദ്രന്‍സ് കാഴ്ചവയ്ക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഗതിയില്‍ ശത്രുക്കള്‍ക്ക് പോലും സഹതാപമുണ്ട്. എണ്‍പത് കഴിഞ്ഞ യുവനേതാവിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത്, പാര്‍ട്ടിക്ക് പുതിയ ഊര്‍ജം നല്‍കാനാണ് പരിപാടി. 'ഏതപ്പ കോതമംഗലം' എന്ന മട്ടില്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ് തെക്കുവടക്ക് ഓടി നടന്നു 'ജോഡോ യാത്ര' നടത്തുന്നു- ഒരു കാര്യവുമില്ല.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ, ശശി തരൂര്‍ കേരളത്തില്‍ ഒന്നു രണ്ട് പരിപാടികളില്‍ പങ്കെടുക്കാനെത്തി. അപ്പോഴേയ്ക്കും മുഖ്യമന്ത്രിക്കസേരയിലേക്ക് വെറുതെ കണ്ണും നട്ടിരുന്ന നേതാക്കന്മാരെല്ലാം ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുകയും, പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. രണ്ട് കോളത്തില്‍ ഒതുങ്ങേണ്ട ഒരു വാര്‍ത്ത, അങ്ങനെ ഒന്നാം പേജില്‍ തന്നെ സ്ഥാനം പിടിച്ചു. ചുരിക്കിപ്പറഞ്ഞാല്‍ അവരെല്ലാംകൂടി 'ഓന്ത് പരമുവിനെ പിടിച്ച് ചട്ടമ്പിപ്പരമുവാക്കി' ഉയര്‍ത്തിവിട്ടു.
ഓര്‍ത്തഡോക്‌സ് -യാക്കോബായ തര്‍ക്ക സമരങ്ങളെ വെല്ലുന്ന തരത്തില്‍, എറണാകുളം ബസലിക്കയില്‍ 'തല്ലുമല' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ബിഷപ്പുമാരും പുരോഹിതന്മാരും തങ്ങളുടെ റോളുകള്‍ ഡ്യൂപ്പില്ലാതെ തന്നെ അഭിനയിച്ചു. കുറച്ചുനേരം, തെക്കോട്ടും പിന്നെ വടക്കോട്ടും തിരിഞ്ഞു നില്‍ക്കണമെന്നും, അതുവേണ്ട കിഴക്കോട്ടു മാത്രം മതി എന്നും മറ്റുമാണ് തിരക്കഥ. 'ശരിയായ ദിക്കിലേക്ക് തിരിഞ്ഞുനിന്ന് കുര്‍ബാന ചൊല്ലിയില്ലെങ്കില്‍ 'ആളെ വിട്ട് തല്ലിക്കുമെന്ന്' കര്‍ത്താവ് പറഞ്ഞത്രേ.
പണ്ടൊക്കെ കമ്യൂണിസ്റ്റുകാര്‍ എന്നു പറഞ്ഞാല്‍ അഴിമതി തൊട്ടുതീണ്ടാത്തവര്‍ എന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോഴത്തെ അവസ്ഥ നമ്മള്‍ക്കറിയാമല്ലോ! വട്ടപ്പൂജ്യത്തില്‍ നിന്ന് തുടങ്ങിയവരൊക്കെ അദാനി- അംബാനിമാരുമായിട്ടൊക്കെ 'എടാ പോടാ' ലെവലിലാണ്.
'വിഷം വാങ്ങിക്കാന്‍ പോലും പത്തുപൈസാ കയ്യിലില്ലെന്നു' വിലപിച്ചുനടന്ന ധനകാര്യമന്ത്രി, മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും വിദേശയാത്രകള്‍ നടത്താനും, ആഢംബര കാറുകള്‍ വാങ്ങാനും പണം വാരിക്കോരി നല്‍കുന്നു.
'കൊള്ളാവുന്ന വീട്ടിലെ പിള്ളേര് ചോദിച്ചാല്‍ എങ്ങനാ കൊടുക്കാതിരിക്കുന്നത്?' എന്നൊരു ലൈനാണ് അദ്ദേഹത്തിന്റേത്.
ആധുനിക ആരോഗ്യപരിപാലനത്തെപ്പറ്റിയും, വിദ്യാഭ്യാസ രീതികളെപ്പറ്റിയും പഠിക്കുവാന്‍ മുഖ്യനും പരിവാരങ്ങളും ഉഗാണ്ട, സോമാലിയ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ പരിഷ്‌കൃത രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. എവിടെപ്പോയാലും മടക്കം ദുബായ് വഴി. അവിടെ ഒരാഴ്ച തങ്ങും - തികച്ചും സ്വകാര്യ സന്ദര്‍ശനം.
'പക്ഷെ അതിനുള്ള പണം ചിലവാക്കുന്നത് സ്വന്തം പോക്കറ്റില്‍നിന്നാണണ്-എന്നൊരു വനിതാ മന്ത്രി തട്ടിവിട്ടു. അതൊക്കെ ജനം കണ്ണുമടച്ച് വിശ്വസിക്കും- കാരണം പൊതുജനങ്ങളുടെ പോക്കറ്റാണല്ലോ, മന്ത്രിമാരുടെ പോക്കറ്റ്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ഇതുവരെ അവസാനിച്ചിട്ടില്ല.
മതിയായ യോഗ്യതകളില്ലാത്ത, ഒരു പ്രമുഖ സഖാവിന്റെ പത്‌നിയെ യൂണിവേഴ്‌സിറ്റി ചാന്‍സിലറാക്കാനുള്ള നീക്കത്തില്‍ നിന്നുമാണ് ഇതിനു തുടക്കം.
'എന്നെ ചൊറിഞ്ഞാല്‍, നിങ്ങളെ ഞാന്‍ മാന്തും' എന്നാണ് ഈ ഝാന്‍സി റാണിയുടെ വീമ്പിളക്കല്‍. ഈ ഒരൊറ്റ വാചകത്തില്‍ നിന്നും വിദ്യാഭ്യാസ മേഖലയെ നയിക്കാനുള്ള അവരുടെ യോഗ്യത നമുക്ക് മനസിലാക്കാം.
പുതിയ പാര്‍ട്ടി സെക്രട്ടറി വന്നപ്പോള്‍, ചെറിയൊരു മാറ്റം പ്രതീക്ഷിച്ചിരുന്ന പ്രവര്‍ത്തകര്‍ക്ക് പാടെ തെറ്റി. റിസോര്‍ട്ട് നിര്‍മാണത്തില്‍ വന്ന ക്രമക്കേടുകള്‍ വീണ്ടും വെളിച്ചത്ത് വന്നപ്പോള്‍, അദ്ദേഹത്തിന്റെ തനിനിറം പുറത്തുവന്നു. താളത്തിനൊത്ത് തുള്ളാന്‍ മാഷ് എത്രവേഗമാണ് അഭ്യസിച്ചത്.
ജനാധിപത്യ വ്യവസ്ഥയില്‍, അഴിമതിയുടെ പുഴുക്കുത്തുകള്‍ ബാധിച്ചപ്പോള്‍, വീണ്ടും ഒരു രാജഭരണം ആഗ്രഹിച്ചവരില്ലേ? ദൈവകൃപയാല്‍ നമുക്കത് ലഭിച്ചിരിക്കുന്നു.
സത്യത്തില്‍ ഇന്ന് കേരളവും കേന്ദ്രവും ഭരിക്കുന്നത് കിരീടമില്ലാത്ത രാജാക്കന്മാര്‍ തന്നെയല്ലേ?
ഏവര്‍ക്കും ഐശ്വര്യപൂര്‍ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു.
# 2022 Goodbye...Article by Raju Mailapra