Image

പുഴയിൽ വീണ ചന്ദ്രൻ - ( അവധിക്കഥ - 3, പ്രകാശൻ കരിവെള്ളൂർ )

Published on 30 December, 2022
പുഴയിൽ വീണ ചന്ദ്രൻ - ( അവധിക്കഥ - 3, പ്രകാശൻ കരിവെള്ളൂർ )

നക്ഷത്രങ്ങളില്ലാത്ത രാത്രിയായിരുന്നു. ആകാശം വെള്ളി വെളിച്ചം തുള്ളിക്കളിക്കുന്ന മൈതാനമായി. വെൺ മേഘങ്ങൾക്കിടയിലൂടെ ഓടിയ ചന്ദ്രൻ കാല് തെറ്റി പുഴയിൽ വീണു. പുഴയിലെ ഒരു മീൻ ചന്ദ്രനെ കൊത്തി വിഴുങ്ങി . അതോടെ ആ മീൻ ഉജ്ജ്വലമായി പ്രകാശിക്കാൻ തുടങ്ങി. വെളിച്ചം ചിതറുന്ന മീനിനെക്കണ്ട് മറ്റു മീനുകളെല്ലാം പേടിച്ചോടി . അതുകണ്ട് പുഴയുടെ ദേവതയ്ക്ക് ദേഷ്യം വന്നു. അവൾ ചോദിച്ചു - നിനക്കെവിടെ നിന്നാണ് ഈ കണ്ണ് പൊട്ടിക്കുന്ന വെളിച്ചം കിട്ടിയത് ?

മീൻ പരുങ്ങി - അറിയില്ല ദേവതേ , കഴിഞ്ഞ രാത്രിയിൽ ആകാശത്തിന്റെ വട്ടത്തിലുള്ളൊരു തുണ്ടം പുഴയിൽ വീണു. ഞാനത് കൊത്തി വിഴുങ്ങി . 
ദേവത ആകെ കുഴങ്ങി.

ചന്ദ്രനെ കാണാതെ നിലാവിന്റെ നാട്ടിലാകെ പരിഭ്രാന്തി പരന്നു . നക്ഷത്രക്കുട്ടന്മാർ ഭൂമിയിലേക്ക് നോക്കി . ഒരു പുഴയിൽ ഒരു വെളിച്ചം പാഞ്ഞു നടക്കുന്നത് കണ്ടു. അവർ ഉടനെ ഒരു ചൂണ്ടലെടുത്ത് കുളത്തിലിട്ടു. ചന്ദ്രമത്സ്യം അതിൽ കൊത്തി. നക്ഷത്രക്കുട്ടന്മാർ ചൂണ്ട മുകളിലോട്ട് വലിച്ചു . ചേക്കേറാൻ വൈകിയ ഒരു പരുന്ത് ചൂണ്ടലിൽ നിന്നും മീനെ യും കൊത്തിപ്പറന്നു . മീന്റെ തല ചൂണ്ടൽക്കൊളുത്തിലും  ഉടൽ പരുന്തിന്റെ കൊക്കിലുമായി . മീന്റെ കുടലിൽ നിന്നും ചന്ദ്രൻ ഊർന്ന് വീണ്ടും താഴേക്ക് വീണു. ഇത്തവണ ചെന്നെത്തിയത് ഒരു ഓലക്കുടിലിന്റെ മീതെയായിരുന്നു. കുടിൽ വല്ലാത്ത വെളിച്ചത്തിൽ ജ്വലിച്ചു. പരിസരത്തെ വീട്ടുകാർ കുടിലിന് തീ പിടിച്ചതാണെന്ന് കരുതി വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു. എത്ര വെള്ളമൊഴിച്ചിട്ടും കെടുത്താനാവുന്നില്ല. നനഞ്ഞു കുളിച്ച ചന്ദ്രൻ പറഞ്ഞു - തണുത്തു വിറക്കുന്നു. .ഒന്ന് നിർത്തുമോ ? 

വെളിച്ചത്തിൽ നിന്നുയർന്ന സംസാരം കേട്ട് നാട്ടുകാർ അമ്പരന്നു. സംഗതി ചന്ദ്രനാണെന്നറിഞ്ഞ് ആളുകൾ വന്നു കൂടാൻ തുടങ്ങി. 

ഈ സമയം ചൂണ്ടയിൽ മീൻ തല മാത്രം കിട്ടിയ നക്ഷത്രക്കുട്ടന്മാർ നിരാശരായി, ഇരുട്ട് നിറഞ്ഞ് ആകാശത്തു നിന്ന് അവർ വീണ്ടും ഭൂമിയിലേക്ക് ചുഴിഞ്ഞു നോക്കി. ഒരു ഓലക്കുടിലിന്റെ മുകളിൽ കാണുന്ന വെളിച്ചം ചന്ദ്രൻ തന്നെയാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. പക്ഷേ മൂപ്പരെ എങ്ങനെ തിരിച്ച് കൊണ്ടു വരും? ഒരു നക്ഷത്രക്കുട്ടൻ വിളിച്ച് ചോദിച്ചു - ഭൂമിയമ്മേ... ചന്ദ്രൻ നിന്റെ മടിയിലാണ്. തിരിച്ച് ആകാശത്തെത്തിക്കാൻ എന്താണൊരു വഴി ?

ഭൂമിയമ്മയ്ക്ക് ഒരു സൂത്രം തോന്നി. വേഗത്തിലൊന്ന് കറങ്ങി . പെട്ടെന്നങ്ങ് നിന്നു . ചന്ദ്രൻ ഒരൊറ്റ തെറിക്കൽ ഭൂമിയുടെ ആകർഷണ പരിധിയുടെ പുറത്തേക്ക് . മേഘക്കൊടുമുടികൾക്കിടയിൽ തന്റെ പതിവിടത്ത് തിരിച്ചെത്തിയപ്പോൾ ചന്ദ്രന് ആശ്വാസമായി . . ഒരു രാത്രിയും പകലും പേരറിയാത്ത ഒരു ഇരുളിൽ നീന്തുകയായിരുന്നില്ലേ ? അതെവിടെയായിരുന്നു. ഒരു സന്ധ്യയ്ക്ക്  ആകാശത്ത് പറക്കുകയും ചെയ്തു. അതെങ്ങനെയായിരുന്നു ?
ചന്ദ്രൻ അമ്പരന്നു . ആ സമയം ഭൂമിയിലെ മുഴുവൻ ജനങ്ങളും മറ്റൊരമ്പരപ്പിലാണ് - ഒറ്റയടിക്ക് ഒരു രാവും പകലും മാറി മറിഞ്ഞ് വന്നല്ലോ ! ജീവിതത്തിൽ ഇന്നു വരെയുണ്ടാവാത്ത അനുഭവം . 
അതെങ്ങനെ സംഭവിച്ചു?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക