Image

സിങ്കുലാരിറ്റിയുടെ സിംഹ ഗർജ്ജനങ്ങൾ (ലേഖനം: ജയൻ വർഗീസ്)

Published on 30 December, 2022
 സിങ്കുലാരിറ്റിയുടെ സിംഹ ഗർജ്ജനങ്ങൾ (ലേഖനം: ജയൻ വർഗീസ്)

( ‘ പൊതു പൂർവികനെ തേടി പിന്നട്ട് ? ‘ എന്ന മുൻ ലേഖനവുമായി ചേർത്ത് വായിക്കേണ്ടതാണ്. ) 


1382 കോടി കൊല്ലങ്ങൾക്ക് മുൻപ് സംഭവിച്ച സൂപ്പർ വികാസത്തിലൂടെ പ്രപഞ്ചമുണ്ടായി എന്നതാണ് ഇന്ന്നിലവിലുള്ള അംഗീകൃത ശാസ്ത്ര മതം. ബിഗ്‌ബാംഗിന് മുമ്പുള്ളതെല്ലാം 00 ആയിരുന്നു എന്നും, സ്‌പേസും, സമയവും പോലും ബിഗ്‌ബാംഗിന് മുമ്പ് ഉണ്ടായിരുന്നില്ല  എന്നുമാണ് അവരുടെ വാദം. എന്നാൽ അതിനു മുമ്പ്ഉണ്ടായിരുന്ന ഒരു സിങ്കുലാരിറ്റിയെപ്പറ്റി അവർ ബോധവാന്മാരാണ് എന്നതിനാൽ അവർ അത്സമ്മതിക്കുന്നുമുണ്ട്. എന്താണ് ബിഗ്‌ബാംഗിന് മുമ്പുള്ള സിങ്കുലാരിറ്റി എന്ന് ചോദിച്ചാൽ അറിയില്ല എന്ന്തന്നെയാണ് ഇക്കൂട്ടരുടെ ഇതുവരെയുള്ള ഉത്തരം. അറിയപ്പെടുന്ന പ്രപഞ്ചത്തിൽ ‌എവിടെയും കാണപ്പെടുന്നബ്ലാക് ഹോളുകളുടെ കേന്ദ്രം  പോലും ഒരു സാങ്കൽപ്പിക സിങ്കുലാരിറ്റിയിലാണ് ഉള്ളതെന്ന് ശാസ്ത്രംസമ്മതിക്കുന്നുണ്ട്. എന്നാൽ അത് എന്താണെന്നും ശാസ്ത്രത്തിന് പിടി കിട്ടുന്നില്ലത്രേ ! 

ഇതെല്ലാം സാധിച്ചെടുത്തത് ഡാർക്ക് മാറ്ററിന്റെയും, ഡാർക്ക് എനർജിയുടെയും സാന്നിധ്യത്തിൽ ആണെന്ന്തലകുലുക്കി സമ്മതിക്കുന്ന ശാസ്ത്രത്തിന് ഈ സാധനങ്ങൾ എന്താണെന്ന് ഇത് വരെയും കണ്ടെത്താനുംആയിട്ടില്ല. 

ഏറ്റവും വലിപ്പമേറിയ നക്ഷത്രങ്ങളിൽ സംഭവിച്ച പരിണാമങ്ങളുടെ അവസാനമായി സംഭവിച്ച സൂപ്പർനോവസ്പോടനങ്ങളിൽ ഉളവായ മാസ് അഥവാ ദ്രവ്യം ഉൽ വലിഞ്ഞ് ചുരുങ്ങി ഉണ്ടായിട്ടുള്ളതാണ് ബ്ലാക്‌ഹോളുകൾഎന്ന് ശാസ്ത്രം പറയുന്നു. എങ്കിലും ബ്ലാക് ഹോളുകൾക്ക് അകത്തുള്ള സിങ്കുലാരിറ്റിയുടെ വലിപ്പം 0 ആണെന്ന്ശാസ്ത്രം കണ്ടെത്തിയിട്ടുമുണ്ട്. ഏറ്റവും വലുതിനെ വലിച്ചെടുത്തു സൂക്ഷിക്കുമ്പോൾ ഏറ്റവും ചെറുതായി വലിപ്പംകുറയുന്ന പ്രതിഭാസമാണ് ബ്ലാക്‌ഹോളുകൾ എന്ന് ബോധ്യപ്പെടുമ്പോൾ ഇതെന്തൊരു ഭ്രാന്തൻ സംവിധാനംഎന്നോർത്തു തലകറങ്ങി നിൽക്കുകയാണ് നമ്മുടെ ശാസ്ത്രം. 

ഇതിനു നേർ വിപരീതമായ ഒരു പ്രതിഭാസമാണ് ബിഗ്‌ബാംഗിൾ സംഭവിച്ചത് എന്ന് ശാസ്ത്രം സമ്മതിക്കുന്നില്ല. എങ്കിലും ചിന്താ ശേഷിയുള്ളവർക്ക് അത് പെട്ടെന്ന് മനസ്സിലാക്കാവുന്നതാണ്. ഒരു പ്രോട്ടോണിനേക്കാൾചെറുതായി ബിഗ്‌ബാംഗിനും മുമ്പുണ്ടായിരുന്ന സിങ്കുലാരിറ്റി  ആയിരുന്നു നമ്മുടെ പ്രപഞ്ച വിത്ത് എന്നതിനാൽഈ വിത്താണല്ലോ സൂപ്പർ വികാസത്തിലൂടെ വളർന്ന് ഇന്നറിയുന്ന നമ്മുടെ പ്രപഞ്ചമായത്. 

അതിനു വേണ്ടി വന്ന സമയം എന്ന് പറയുന്നത് ഒരു സെക്കൻഡിൽ താഴെ ആയിരുന്നുവത്രെ ! അത് കൊണ്ടാണ്ബിഗ്‌ബാംഗ് സംഭവിച്ച പോയിന്റ് ഇന്ന് 4200 കോടി പ്രകാശ വർഷങ്ങൾക്ക് അകലെയാണ്  ഉള്ളതെന്ന് ശാസ്ത്രംസമ്മതിക്കുന്നത്. അപ്പോൾ എന്തായിരുന്നിരിക്കണം  ഈ വികാസത്തിന്റെ വേഗത! അത് പ്രകാശ വേഗത്തിനുംഎത്രയോ ഇരട്ടി ആയിരുന്നിരിക്കണം ! പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് രൂപം ഉണ്ടാവുകയില്ലഎന്ന ഐൻസ്റ്റൈൻ തീയറി അനുസരിച്ച്‌ ആണെങ്കിൽ ഇതെങ്ങിനെ  സംഭവിക്കും എന്ന് ശാസ്ത്രം ഞങ്ങൾക്ക്പറഞ്ഞു തരണം.? 

ഇല്ലെങ്കിൽ, പത്തു ബില്യൺ ഡോളർ പുല്ലു പോലെ വലിച്ചെറിഞ്ഞ് സ്വിസ് / ഫ്രഞ്ച് അതിർത്തിയിൽ സേൺ (  S E R N ) നിർമ്മിച്ചെടുത്ത   27 കിലോമീറ്റർ  നീളത്തിലുള്ള ‘ ലാർജ് ഹൈഡ്രോൺ കൊളൈഡർ ‘  എന്ന വളഞ്ഞശാസ്ത്ര മാളത്തിൽ വർഷങ്ങളോളം തല പുകഞ്ഞ് ലോകത്തിലെ തല മൂത്ത ശാസ്ത്രജ്ഞന്മാർ എല്ലാവരും കൂടികണ്ടെത്തിയ പ്രപഞ്ച കാരണ സിദ്ധാന്തം വെറുതെ പൊടിഞ്ഞ് പുകയായിപ്പോകും. 

പ്രപഞ്ചമുണ്ടായത് എങ്ങിനെയാണെന്നറിയാഞ്ഞിട്ട് വയറു വേദന കൊണ്ട് ( ഒരു തരം വയറുവേദനതന്നെയാണല്ലോ വിശപ്പും. ഈ വേദന ശമിപ്പിക്കുന്നതിനുള്ള വേദന സംഹാരികൾ ആയിരുന്നുവല്ലോ ആ പത്തുബില്യൺ ഡോളറുകളിൽ ഒളിഞ്ഞ് കിടന്നിരുന്നത് ? ) വലഞ്ഞിരുന്നവർക്ക് ആശ്വാസമായി  അന്നാണ് വാർത്തപുറത്തു വന്നത്. പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീർന്ന സാധനത്തെ കണ്ടെത്തിയിരിക്കുന്നു എന്നായിരുന്നു ആ വാർത്ത.  ഈ സാധനത്തിന്റെ പേരാണ്  ‘ ഹിഗ്ഗ്സ് ബോസോൺ. ‘ മലയാളം പത്രംഉൾപ്പടെയുള്ള മലയാള മാധ്യമങ്ങൾ അന്ന് ഹിഗ്ഗ്സ് ബോസോണിനു ചാർത്തിക്കൊടുത്ത ഓമനപ്പേരാണ് ' ദൈവകണം'.

കൊത്തലുണ്ണി കളിച്ചു കളിച്ച്  താവളയായിത്തീരുന്നത് പോലെ, കൂത്താടികൾ ഞൊളച്ചു ഞൊളച്ചുകൊതുകായിത്തീരുന്നത്  പോലെ, ഈ  ഹിഗ്ഗ്സ് ബോസോണുകൾ പുളച്ചു പുളച്ചു പ്രപഞ്ചമായിത്തീർന്നൂ പോൽ !  അമേരിക്കൻ കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെടുന്ന ഒരു ബില്ല് പോലെയാണ് സംഭവം എന്ന് സംഘത്തിലെ ഒരുശാസ്ത്രജ്ഞൻ വിശദീകരിച്ചു കഴിഞ്ഞു. ഒരംഗം നിയമത്തിന്റെ ഒരു കരട് കൊണ്ട് വരും. മറ്റ് അംഗങ്ങൾഅതിലേക്ക് വകുപ്പുകളും, ഉപ വകുപ്പുകളും കൂട്ടിച്ചേർക്കും. എല്ലാം കൂടി കൂടിച്ചേർന്ന് അതൊരു ബില്ലായിത്തീരും ! ഇത് പോലെ പിണ്ഡമില്ലാത്ത ഒരു കരടാണ്  ഹിഗ്ഗ്സ് ബോസോൺ. പ്രപഞ്ചമാവാൻ വേണ്ടി ഇതിങ്ങനെസഞ്ചരിക്കും. സഞ്ചരിച്ച് സഞ്ചരിച്ച്  ഒടുക്കം പ്രപഞ്ചമായിരിത്തീരും ! 

' എവിടെക്കൂടി സഞ്ചരിക്കും? 'എന്ന് ബുദ്ധിയില്ലാത്ത നമ്മൾ ചോദിച്ചുപോയാൽ പ്രശ്നമായി. പത്തു ബില്യൺതുലച്ചു കളഞ്ഞു കണ്ടെത്തയത് ചോദ്യം ചെയ്യുന്നോ ? എന്ന് ശാസ്ത്രകോച്ചാട്ടന്മാർ കണ്ണുരുട്ടും. അൽപ്പംകഴിഞ്ഞിട്ട് തികഞ്ഞ ഗൗരവത്തോടെ തങ്ങളുടെ 'അജഗളമൃശു ' തടവിക്കൊണ്ട് ഉത്തരം പറഞ്ഞു തരും.  ഹിഗ്ഗ്സ്ബോസോൺ സഞ്ചരിക്കുന്നത്,  ഹിഗ്ഗ്സ് ഫീൽഡ് എന്ന സർവ വ്യാപിയായ ഊർജ്ജ മണ്ഡലത്തിലൂടെയാണ്. ഇവിടെ നിന്നുള്ള ഊർജ്ജം സ്വീകരിച്ചു കൊണ്ടാണ്, പിണ്ഡമില്ലാതിരിക്കുന്ന  ഹിഗ്ഗ്സ് ബോസോണുകൾ പിണ്ഡംആർജിക്കുന്നത്. ഇപ്രകാരം  ഹിഗ്ഗ്സ് ബോസോണുകൾ ആർജ്ജിച്ച പിണ്ഡമാണ് നിങ്ങൾ കാണുന്നതും, കാണാത്തതുമായ ഈ മഹാപ്രപഞ്ചം.എന്താ തൃപ്തിയായില്ലേ ?

തൃപ്തിയാകാമായിരുന്നു, സാമാന്യ ബുദ്ധി എന്നൊരു സാധനം തലയിലില്ലായിരുന്നെങ്കിൽ? പ്രപഞ്ചമുണ്ടാവുന്നതിന് കാരണമായിത്തീർന്ന ഹിഗ്ഗ്സ് ബോസോണുകൾ സഞ്ചരിച്ചതും, ഊർജ്ജംസ്വീകരിച്ചതും, ഹിഗ്ഗ്സ് ഫീൽഡ് എന്ന ഊർജ്ജ മണ്ഡലത്തിലൂടെയാണല്ലോ? പിണ്ഡ രഹിതമായ ഇവ പിണ്ഡരൂപിയായ  പ്രപഞ്ചമായിത്തീർന്നത് ഇങ്ങനെയാണെങ്കിൽ, ഇവക്ക് സഞ്ചരിക്കുന്നതിനും, ഊർജ്ജംസ്വീകരിക്കുന്നതിനുമായി ഒരു  ഹിഗ്ഗ്സ് ഫീൽഡ് മുൻപേയുണ്ട് എന്ന് സമ്മതിക്കുകയല്ലേ ചെയ്യുന്നത്? അതിലൂടെപ്രപഞ്ചത്തിനും മുൻപേ മറ്റൊരു പ്രപഞ്ചമുണ്ടെന്നാണോ മനസിലാക്കേണ്ടത്? എന്ത് കൊണ്ടെന്നാൽ, കാണുന്നതും, കാണപ്പെടാത്തതുമായ സർവതിന്റെയും സമാഹാരമാണല്ലോ പ്രപഞ്ചം.- ശരിയല്ലേ?

ഇങ്ങിനെ  വരുമ്പോൾ, പ്രപഞ്ചമുണ്ടായത്  ഹിഗ്ഗ്സ് ബോസോണിൽ   നിന്ന് മാത്രമല്ലാ എന്ന് വരുന്നു?  ഇനി  ഹിഗ്ഗ്സ് ഫീൽഡിൽ നിന്നാണോ? അതുമാകാൻ ഇടയില്ല. വീണ്ടും പിന്നോട്ട് പോകണം. പോയിപ്പോയി കാര്യ - കാരണ സിദ്ധാന്തത്തിലെ ആദ്യ കാരണത്തിൽ എത്തണം. അതാണ് സിങ്കുലാരിറ്റി എന്ന  ചിന്ത. ആനയെവരക്കുന്നവന്റെ ചിന്തകളിലാണ് ആദ്യം ആന രൂപംകൊള്ളുന്നത് എന്നത് പോലെ ആ ചിന്ത തന്നെയാണ്  ആദിഎന്ന ഒന്ന്. അതാണ്, അറിയപ്പെടാത്ത 00 യുടെ നിർജീവ സമസ്യയെ അനായാസം അർത്ഥവത്തായിപൂരിപ്പിക്കുന്ന സജീവമായ ഒന്ന് എന്ന ആദി. ആദിയിൽ നിന്ന് തുടങ്ങുകയാണ് സർവസ്വവും. അല്ലെങ്കിൽ ആദിതന്നെയാണ് പ്രപഞ്ചം.

ഈ അനുഭവ സമസ്യയെ ഏതെങ്കിലും പാവങ്ങൾ  തങ്ങൾക്ക് പുറപ്പെടുവിക്കാനാവുന്ന ശബ്ദത്തിലെ ഏതെങ്കിലുംഒരു സംജ്ഞ കൊണ്ട് അടയാളപ്പെടുത്തിയാൽ അവരോട് ക്ഷമിക്കുക. തനിക്കു ലഭ്യമായ ഈ മനോഹര ജീവിതംഅവിടെ നിന്നാണ് ഉണ്ടായിട്ടുള്ളത്  എന്ന അറിവിനാൽ അതിനോട് നന്ദി തോന്നിയിട്ടുണ്ടെങ്കിൽ അയാളോട്ക്ഷമിക്കുക. ഈ നന്ദി അയാൾക്ക്‌ അറിയുന്ന രീതിയിൽ പ്രകടിപ്പിക്കുമ്പോൾ അത് ആരാധനയായിപരിണമിക്കുന്നുണ്ടെങ്കിൽ അയാളോടും ക്ഷമിക്കുക. 

ഇതൊരു സ്നേഹ പ്രവാഹമാണ്. ഈ പ്രവാഹത്തിന്റെ പ്രകടന രൂപമാണ് പ്രപഞ്ചം. ഈ സ്നേഹം, സർവപ്രപഞ്ചത്തിലും സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുകയാണ്. എന്നതിനാൽ മഹാ പ്രപഞ്ചത്തിലെ കേവലഭാഗമായ നമ്മുടെ ക്ഷീര പഥത്തിലും, ക്ഷീര പഥത്തിലെ കേവല ഭാഗമായ നമ്മുടെ സൗര യൂഥത്തിലും, സൗരയൂഥത്തിലെ കേവല ഭാഗമായ നമ്മുടെ ഭൂമിയിലും, നമ്മുടെ ഭൂമിയുടെ കേവല ഭാഗമായ എന്നിലും, എന്റെമുന്നിലെ പൂവിലും, പുല്ലിലും, ,പുഴുവിലും, സ്വാഭാവികമായി തന്നെ നിറഞ്ഞു നിൽക്കുകയാണ്.  ദൈവംസ്നേഹമാണ് എന്നും, ദൈവം സർവ്വ വ്യാപിയാണ് എന്നും ദാർശനികരായ മനുഷ്യ സ്നേഹികൾ പറഞ്ഞുവയ്ക്കാനുണ്ടായ സാഹചര്യങ്ങൾ ഇതായിരുന്നിരിക്കണം !

പ്രപഞ്ചം എന്നത് എന്തായിരിക്കും, എങ്ങിനെയായിരിക്കും എന്ന് ഭാവന ചെയ്യാൻ പോലുമാവാത്തവരാണ്പന്ത്രണ്ടു ഘനയടിയിൽ ഒതുങ്ങുന്ന പ്രപഞ്ച ഖണ്ഡമായ പാവം മനുഷ്യൻ എന്ന ഈ ശാസ്ത്രജ്ഞൻ. ഒരുകൊച്ചുറുമ്പ് അതിരിക്കുന്ന ഒരു വിസ്‌തൃത ഭൂവിഭാഗം കാണുന്നുണ്ടാവാം. അവിടെയിരുന്നു കൊണ്ടാണ് അതിന്റെപ്രപഞ്ച വിസ്താരം.? 

തങ്ങളുടെ കോസ്മോളജി പാടുപെട്ട് കണ്ടെത്തുന്ന ആനക്കാര്യങ്ങളെ യുക്തി ഭദ്രതയോടെ ചോദ്യം ചെയ്യുന്നവരെ( ഉദാ: ഞാൻ ) ഫൂൾ, ഫൂളിഷ് എന്നീ പേരുകൾ  വിളിച്ച് പരിഹസിക്കുന്ന ചിലരെങ്കിലും വലിയ എഴുത്തുകാരും, സാമൂഹ്യ പരിഷ്ക്കർത്താക്കളുമായി നമ്മുടെ ഇടയിൽ വിലസുന്നുണ്ട്.    

ഈ പാരയന്തോണിമാർ  നിരന്തരം ചൂണ്ടിക്കാട്ടി ഉദാഹരിക്കുന്ന ദൈവം ഒരു ഗുരുവായൂരപ്പനോ, ശബരിമലശാസ്താവോ, മലയാറ്റൂർ മുത്തപ്പനോ ഒക്കെ ആയിരിക്കും. അവിടങ്ങളിൽ നിന്ന് പെറുക്കിയെടുക്കുന്ന കുറ്റങ്ങളും, കുറവുകളും നിരത്തി വച്ച് കൊണ്ടും, കറുത്ത പൂച്ച വിലങ്ങനെ ചാടിയാലുള്ള ദോഷങ്ങളെവിലയിരുത്തിക്കൊണ്ടുമുള്ള ബാലിശ വിമർശനങ്ങളാണ്  വലിയ ശാസ്ത്രീയ യുക്തി വാദികളായി വിലസുന്ന  ഈ മഹാ പണ്ഡിതന്മാർ തങ്ങളുടെ അനുയായികൾക്ക് ക്‌ളാസുകളായി എടുത്തു കൊണ്ടിരിക്കുന്നത് ! 

സർവ ശക്തികളുടെയും സമൂർത്ത ഭാവമായ ‘ ദി പവ്വർ ‘ രൂപപ്പെടുത്തുന്ന ചിന്തകളിൽ നിന്നാണ് തുടക്കം എന്ന്അംഗീകരിക്കുവാൻ നമ്മുടെ ശാസ്ത്രക്കോച്ചാട്ടന്മാർക്ക് ഒരു മടി. കണ്ടെത്തുകയും, തെളിയിക്കപ്പെടുകയുംചെയ്താലേ എന്തും വിശ്വസിക്കൂ എന്നൊരു വാശി. ഇതേ മാനറിൽ ഇന്ന് കണ്ടെത്തുകയും, അംഗീകരിക്കപ്പെടുകയും, പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ നാളെമണ്ടത്തരമാണെന്ന് വിളിച്ചു പറയും. രണ്ടിനും ഗവേഷണ ഫലങ്ങളുടെ ഓരോ ക്‌ളീൻ ചീട്ടും ഹാജരാക്കും !

എന്തെങ്കിലും പുതുതായിപ്പറയാൻ തങ്ങൾക്കേ ആധികാരികതയുള്ളു എന്ന  ഒരു ധാരണ പൊതു സമൂഹത്തിൽവളർത്തിയെടുക്കുവാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. അണ്ടിയോ മൂത്തത്?, മാവോ മൂത്തത്? എന്ന് നോക്കി നോക്കിഇവർ കുറച്ചധികം പിന്നോട്ട് പോയിട്ടുണ്ട്. ഇപ്പോഴത്തെ കണക്കിന് ഒരു വെറും 13. 8 ബില്യൺ വർഷങ്ങൾ. ( 2008 വരെ ഇത് പതിനഞ്ചര ബില്യൺ വർഷങ്ങൾ ആയിരുന്നു.) 1927 ൽ ജോർജസ് ലെമായ്റ്റർആവിഷ്‌കരിക്കുകയും, 1929 ൽ എഡ്വിൻ ഹബ്ബിൾ വിശദീകരിക്കുകയും ചെയ്ത ബിഗ് ബാങ്തൊട്ടെണ്ണിക്കൊണ്ടായിരുന്നു ഈ കല ഗണന.

ഒരു സെക്കന്റിനുള്ളിൽ പ്രകാശാതീത വേഗത്തിൽ വികസിച്ചു പ്രപഞ്ചമുണ്ടായിയത്രേ ! അതിനു മുമ്പുള്ളതുവെറും രണ്ട് വട്ടപ്പൂജ്യങ്ങൾ !  ഈ ബിഗ് ബാങ്ങിനു കാരണക്കാരായി നിന്ന കയ്യാളന്മാരാണത്രെ ഹൈഡ്രോൺകൊളൈഡറിൽ നിന്ന് ലോക ശാസ്ത്ര സമൂഹം കണ്ടെടുത്ത  ഹിഗ്ഗ്സ് ബോസോണുകൾ.

നമ്മുടെ സയന്റിസ്റ്റ് ചേട്ടന്മാർ പറയുന്ന ബിഗ് ബാങ്ങിന്റെ സമയത്തും ആകെ പ്രശ്നമാണ്. ബിഗ് ബാങ്ങിന്റെ  തൊട്ടു മുൻപത്തെ നിമിഷം വരെ പ്രപഞ്ചമില്ല. കാരണം, കാണപ്പെടുന്നതും, കാണപ്പെടാത്തതുമായസർവ്വസ്വവുമാണല്ലോ പ്രപഞ്ചം? ഒന്നുമില്ലായ്മയിൽ ഒരു  വികാസം  നടക്കുന്നതെങ്ങിനെ?  വികസനത്തിന് ഒരുകേന്ദ്രം ഉണ്ടായിരിക്കണമല്ലോ ? പാറവെടിയിൽ  സംഭവിക്കുന്നതും ഒരു വികസനമാണ്. ഇത്തരം ഒരു വികസനത്തിൽ കേന്ദ്രമായി വർത്തിക്കുന്ന വെടി മരുന്നിനോ, സിങ്കുലാരിറ്റിയിൽ ആയിരുന്ന ദ്രവ്യത്തിനോ  അത്സ്ഥിതി ചെയ്യുകയായിരുന്ന ഇടത്തിന്റെ  ലക്ഷോപലക്ഷം ഇരട്ടി  ഇടം വേണം ഒന്ന്  വികസിക്കണമെങ്കിൽ.

 ഇവിടെ ഇത് രണ്ടുമില്ല. ഒരു തീക്കുടുക്ക ആയിരുന്നു ബിഗ് ബാങിന് മുൻപുള്ള അവസ്ഥ എന്ന് ഒരു ബ്രിട്ടീഷ്ശാസ്ത്രജ്ഞൻ പറയുന്നു. തീക്കുടുക്കക്കും സ്ഥിതി ചെയ്യാൻ ഇടം വേണമല്ലോ? ഇടം എന്ന അവസ്ഥഉണ്ടാവുന്നത് തന്നെ പ്രപഞ്ചത്തിലാണല്ലോ? പ്രപഞ്ചത്തിനു മുൻപ് എവിടെ ഇടം?

ഇതെല്ലാം കേട്ട് നമ്മുടെ ശാസ്ത്രക്കൊച്ചാട്ടന്മാർ പിൻവാങ്ങുമെന്നാണോ കരുതിയത് ? ഒരിക്കലുമില്ല. അവർപുത്തൻ  ഉത്തരങ്ങളുമായി   വരും. ബിഗ് ബാങ്ങ് നടന്നത് സ്‌പേസിലാണ്, ശൂന്യതയിലാണ്l എന്നവർ പറഞ്ഞുതരും. ആദ്യം കേൾക്കുമ്പോൾ ഒരു സുഖമൊക്കെ തോന്നുമെങ്കിലും, ചിന്തിച്ചു പോയാൽ വീണ്ടും പ്രശ്നം തലപൊക്കുകയായി ?

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ ശൂന്യത എന്നൊന്ന് പ്രപഞ്ചത്തിലില്ലന്ന് വാനശാസ്ത്രം  കണ്ടെത്തിക്കഴിഞ്ഞിരുന്നു.. സദാ ചലനാല്മകവും, ഊർജ്ജ തരംഗങ്ങൾ ( cosmic rays  ) അനവരതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു സജീവ വസ്തുവാണ് ആകാശം എന്നവർ കണ്ടെത്തി. ആ കണ്ടെത്തലിനെപൂർണ്ണമായി അംഗീകരിക്കുന്നതാണ്, പിണ്ഡമില്ലാതെ പിറക്കുന്ന ഹിഗ്ഗ്സ് ബോസോണുകൾ പിണ്ഡംസ്വീകരിക്കുന്നത്  ഹിഗ്ഗ്സ് ഫീൽഡ് എന്ന ഊർജ്ജ മണ്ഡലത്തിലൂടെ സഞ്ചരിച്ചിട്ടാണ് എന്ന പുത്തൻ കണ്ടെത്തൽ!

 എന്താണ്, എന്താണ് ഇതിനൊക്കെ അർഥം?  ഒരിടത്തും ഉറച്ചു നിൽക്കാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ്ശാസ്ത്രം. പ്രപഞ്ച ഭാഗമായ സ്‌പേസിൽ നടന്നുവെന്ന് പറയപ്പെടുന്ന ബിഗ് ബാങ്ങിലൂടെ പ്രപഞ്ചമുണ്ടായി എന്നും, പ്രപഞ്ച ഭാഗമായ  ഹിഗ്ഗ്സ് ഫീൽഡിലൂടെ സഞ്ചരിച്ച് അവിടെ നിന്നുള്ള ഊർജ്ജം സ്വീകരിച്ചു  ഹിഗ്ഗ്സ്ബോസോണുകൾ പ്രപഞ്ചമുണ്ടാക്കി എന്നുമൊക്കെ  ഒരിടത്ത് പറയുമ്പോൾ ബിഗ്‌ബാംഗിന് മുൻപ് ഒന്നുമില്ല വെറും00 ആയിരുന്നു എന്ന് മറ്റൊരിടത്ത് പറയുന്നു. ഇതെന്താ മാഷേ, വെള്ളരിക്കാ പട്ടണമാണോ?

തങ്ങൾ കണ്ടെത്തയത്  ഹിഗ്ഗ്സ് ബോസോൺ തന്നെയാണോ എന്ന സംശയം ശാസ്ത്ര സംഘത്തിലെ ചിലർപ്രകടിപ്പിച്ചു കഴിഞ്ഞു. അല്ലെങ്കിൽ കൂടുതൽ ഗവേഷണങ്ങൾ വേണ്ടി വന്നേക്കുമെന്നും അവർ പറയുന്നു. അടുത്തകുറെ വർഷങ്ങൾ അടിച്ചു പൊളിക്കാനുള്ള മറ്റൊരു പത്തുബില്യൺ അടിച്ചെടുക്കാനുള്ള വേല ഇറക്കിക്കഴിഞ്ഞുഎന്ന് സാരം?

ഈ കണ്ടെത്തൽ കൊണ്ട് ഇപ്പോൾ മനുഷ്യരാശിക്ക് യാതൊരുപ്രയോജനവുമില്ലന്നും, ശാസ്ത്ര സംഘത്തിലെ ചിലർ പ്രസ്താവിക്കുന്നുണ്ട്. ( ഉദാഹരണം : പ്രൊഫസർ  വിവേക് ശർമ്മ, ലീഡർ ഓഫ് കോംപാക്ട് മൂവോസ സോളനോയിഡ്.  മലയാളം പത്രത്തിലെ വാർത്ത, 

ജൂലൈ 18 ).  വേനലും,മഴയും, മഞ്ഞും ഒത്തു വന്നാൽ ഭാവിയിൽ മാവ് പൂത്തേക്കാമെന്നും. പ്രപഞ്ചമുണ്ടായത്എങ്ങിനെയെന്നറിയാതെ വേദനിക്കുന്നവർക്ക് അന്നുണ്ടാവുന്ന മാമ്പഴം തിന്ന് വേദന മാറ്റാം എന്നുമാണോ നാംമനസിലാക്കേണ്ടത്?

ശാസ്ത്ര നേട്ടങ്ങളുടെ തണലിൽ വളർന്നു വന്ന ആധുനിക ലോകത്തിൽ ജീവിക്കുന്ന ഒരംഗം എന്ന നിലയിൽശാസ്ത്രത്തിന്റെ സംഭാവനകളെ ഞാനും ആദരിക്കുന്നുണ്ട്. ശാസ്ത്രകാരന്മാരുടെ അന്വേഷണങ്ങൾമനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക കർമ്മ മേഖലകളിലേക്ക് വഴി തിരിയണം എന്ന് മാത്രമാണ്എന്റെ എളിയ നിർദ്ദേശം.

മനുഷ്യന് വസിക്കുന്നതിനുള്ള ഈ മനോഹര ഭൂമിയെ ഇതുപോലെ നില നിർത്തുന്നതിനുള്ള സപ്പോർട്ടിംഗ്ആക്ടിവിറ്റീസ് നിർവഹിക്കുകയാണ്, ഈ സ്നേഹപ്രപഞ്ച മഹാ സൃഷ്ടിയിലൂടെ ലക്‌ഷ്യം വച്ചിട്ടുള്ളത്. ഈസന്തുലിതാവസ്ഥ താളം തെറ്റിക്കുന്ന ഏതൊരു നീക്കത്തിനുമെതിരെ ശാസ്ത്രം പ്രതിരോധം ഉയർത്തണം. വിഷവിതരണത്തിനെതിരെ, വ്യാവസായിക മാലിന്യങ്ങൾക്കെതിരെ, ആറ്റം സ്പോടനങ്ങൾക്കെതിരെ, ആണവബോംബുകൾക്കെതിരെ?

ശാസ്ത്രവും സാങ്കേതിക വിദ്യയും  മാത്രമല്ല, കലയും സാഹിത്യവുമടക്കമുള്ള എല്ലാം ഇന്നിനെക്കാൾ മെച്ചപ്പെട്ടഒരു നാളെ എന്ന മനുഷ്യരാശിയുടെ മഹാസ്വപ്നത്തിന്മേൽ മുത്തം ചാർത്തുന്നതാവണം.  പ്രകൃതിക്കുംമനുഷ്യനുമിടയിൽ മധ്യസ്ഥനായി നിൽക്കാൻ കഴിയാത്ത ഒന്നും,  ഒരു സിദ്ധാന്തവും കാലത്തെ അതിജീവിച്ചുനില നിൽക്കുകയില്ല  എന്ന സത്യം അറിഞ്ഞിരിക്കുക !

# Jeyan Varghese Article

Join WhatsApp News
നിരീശ്വരൻ 2022-12-31 22:13:02
'ഒരിടത്തും ഉറച്ചു നിൽക്കാതെ ഇരുട്ടിൽ തപ്പിത്തടയുകയാണ് ശാസ്ത്രം' ശാസ്ത്രത്തിന് ഒരിടത്തും ഉറച്ചു നിൽക്കാൻ കഴിയില്ലടോ. അത് അന്വേഷണത്തിന്റെ ഭാഗമാണ് .ദൈവത്തെ തേടലല്ല അതിന്റെ -പൊതു പൂർവ്വികൻ എന്ന മിഥ്യയുടെ പിന്നാലെ അല്ല ശാസ്ത്രം. വായിൽ വരുന്നതെല്ലാം ശാസ്ത്രത്തെ കുറിച്ച് കാളതീട്ടം പോലെ വിളിച്ചു പറഞ്ഞിട്ട് ഒരു വളിച്ച കമെന്റും "ശാസ്ത്ര നേട്ടങ്ങളുടെ തണലിൽ വളർന്നു വന്ന ആധുനിക ലോകത്തിൽ ജീവിക്കുന്ന ഒരംഗം എന്ന നിലയിൽശാസ്ത്രത്തിന്റെ സംഭാവനകളെ ഞാനും ആദരിക്കുന്നുണ്ട്. ശാസ്ത്രകാരന്മാരുടെ അന്വേഷണങ്ങൾമനുഷ്യരാശിയെ സംരക്ഷിക്കുന്നതിനുള്ള പ്രായോഗിക കർമ്മ മേഖലകളിലേക്ക് വഴി തിരിയണം എന്ന് മാത്രമാണ്എന്റെ എളിയ നിർദ്ദേശം." തൻറെ ഈ ലേഖനം വായിക്കുന്ന ഒരു ശാസ്ത്രഞ്ഞന്മാരും കാണില്ലല്ലോ എന്നോർക്കുമ്പോൾ സന്തോഷം - കൊക്കിലൊതുങ്ങുന്നത് ചെയ്യതാൽ പോരെ . ഈ ഭാരിച്ച കാര്യങ്ങളിൽ തല ഇടുന്നതെന്തിനാണ് .
വിദ്യാധരൻ 2022-12-31 23:07:55
അത്ഭുതത്തോടെയാണ് കവികളും എഴുത്തുകാരും സൃഷ്ടിയെ വീക്ഷിച്ചിരുന്നത്. ടോഗോർ എഴുതിയത് , "ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപന ശൈലി എന്നാണ് " അദ്ദേഹത്തിന് ഇതിനെ വർണ്ണിക്കാനുള്ള അറിവ് പരിമിതമാണെന്നാണ് പറയുന്നത് . എന്നാലും ശാസ്ത്രത്തെ അദ്ദേഹം ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നില്ല . വിശ്വരൂപത്തിൽ വി സി ബാലകൃഷ്ണപണിക്കരുടെ (1889 -1914) സമീപനം മറ്റൊന്നാണ് . "ദൈവം മിഥ്യാപ്രവാദം മനുജസുലഭമാം പൗരുഷം തന്നെ സാക്ഷാൽ 'കൈവല്യസ്ഥാന മെന്നിങ്ങനെ കരുതി മദിച്ചമ്പരന്നമ്പിടുന്നോർ തീവണ്ടിപ്പാത, കമ്പിപ്പണി , പുതിയ വിമാനങ്ങളെന്നേവമോരോ ഭാവത്തിൽ പൗരഷത്താൽ മഹിമയെ മഹിയിൽ കൊണ്ടാടിടുന്നു " . ഇവിടെ കവി ദൈവത്തിനാണ് മുൻഗണന കൊടുത്തിരിക്കുന്നത്. അദ്ദേഹം ഇവിടെ ശാസ്ത്രത്തിന്റെ നേട്ടത്തെ വിലയിടിച്ചു കാണിക്കാൻ ശ്രമിക്കുന്നത് കാണാം, " തീവണ്ടിപ്പാത, കമ്പിപ്പണി , പുതിയ വിമാനങ്ങൾ " തുടങ്ങിയവയുടെ നേട്ടങ്ങൾ എങ്ങനെയാണ് ചിലരുടെ വിശ്വാസത്തെ ഇളക്കുന്നത്, എങ്ങനെയാണ് അത് അഹങ്കാരത്തിന് കാരണമായി തീരുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല . നിരീശ്വരൻ പറഞ്ഞിരിക്കുന്നതുപോലെ ഒരു പക്ഷെ ഇത് മത നേതൃത്വങ്ങളുടെ 'ഭയത്തെ' (തങ്ങളുടെ കെട്ടുകഥകളെ ഇളക്കി സത്യം പുറത്തുകൊണ്ടുവരുമോ എന്ന ഭയം) സാധാരണക്കാരനിൽ അടിച്ചേൽപ്പിച്ചു വെറുപ്പ് ഉണ്ടാക്കുന്നതിന്റെ ഫലം ആയിരിക്കും. കാലാവസ്ഥ മാറ്റങ്ങൾ ശാസ്ത്രത്തിന്റെ സൂത്രപ്പണി അല്ലെങ്കിൽ തന്ത്രമാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെ വിശ്വാസികൾ ഇപ്പോഴും ഉണ്ടെന്നുള്ളത് നമ്മൾക്ക് അറിയാവുന്ന സത്യമാണ്. ഇങ്ങനെ ഒക്കെയാണെങ്കിലും വി സി ടാഗോറിനെപ്പോലെ ഒരു കാര്യം സമ്മതിക്കുന്നു . " അങ്ങോട്ട് പോകിലതിരില്ല, ള്ളതിനാകുവോള- മന്വേഷണത്തിനൊരു മാർഗ്ഗവുമില്ല തെല്ലും, ഊഹിക്കയോവലിയ ദുര്ഘടമാണു പിന്നെ - യാകാമാതോക്കെ, വിരമിക്കയാണ് ഭേദം " ശാസ്ത്രലോകം ഏതെങ്കിലും മതവുമായി യുദ്ധത്തിലുള്ളതായി എനിക്കറിയില്ല . മതമാണ് പലപ്പോഴും ന്യുട്ടൺ, ഐൻസ്റ്റയിൻ തുടങ്ങിയവരെ അവരുടെ ചർച്ചകളിലേക്ക് വലിച്ചിഴക്കുന്നത് . ഗലീലിയോയുടെ കാലം തുടങ്ങി മതം ശാസ്ത്രവുമായി ഇടച്ചിലിലാണ്. ന്യായികരിക്കാനാവാത്ത അവരുടെ വിശ്വാസങ്ങളെ ശാസ്ത്രം ഇളക്കുമോ എന്നുള്ള ഭയമില്ലാതെ മറ്റെന്താണ് ഇതിന്റെ പിന്നിൽ ? ശാസ്ത്രത്തെ അതിന്റെ വഴിക്കു വീടു. അത് മനുഷ്യ ജീവിതത്തെ ധന്യമാക്കാനല്ലാതെ മറ്റെന്താണ് ചെയ്യിതിട്ടുള്ളത് . ഇത് പറഞ്ഞന്തുകൊണ്ട് , ശാസ്ത്രം പരിപൂർണ്ണം ആണെന് ആരും അവകാശപ്പെടുന്നില്ല. ശാസ്ത്രാന്വേഷണം തുടരട്ടെ . ഒരു പക്ഷെ മതവും ശാസ്ത്രവും ഒരിക്കൽ എവിടെയെങ്കിലും കണ്ട്മുട്ടും എന്ന് വിശ്വസിക്കാം . "ദോഷാനപി ഗുണികർത്തും ദോഷികർത്തും ഗുണാനപി ശക്തോവാദി ന തത്ത്ഥ്യം ദോഷാ ദോഷോ ഗുണാ ഗുണാഃ" (സുഭാഷിതവലി) ദോഷങ്ങൾ ദോഷങ്ങൾ ആണെന്നും ഗുണം ഗുണമാണെന്നും ദോഷങ്ങളെ ഗുണമാക്കുന്നതിനും കഴിവുവള്ളവർ (കവികൾ ) സത്യം പറയുന്നില്ല . ദോഷം എപ്പോഴും ദോഷവും ഗുണം എപ്പോഴും ഗുണവുമാണ് . ശാസ്ത്രം മനുഷ്യ ജീവിതത്തിന് ഗുണം ചെയ്യുന്നതാണ് . മതം എനിക്കറിയില്ല . "നാനാത്വത്തിൽ ഏകത്വം” വിദ്യാധരൻ
Anthappan 2023-01-01 01:58:00
To raise new questions, new possibilities, to regard old problems from a new angle, requires creative imagination and marks real advance in science.- Albert Einstein The argument by this writer that science has come to a conclusion about all the invention it made is clashing with the thought of Einstein one greatest scientists of the world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക