Image

കളിപ്പാട്ടം  (കവിത:  ഡോ. ഇ. എം. പൂമൊട്ടില്‍)          

Published on 30 December, 2022
കളിപ്പാട്ടം  (കവിത:  ഡോ. ഇ. എം. പൂമൊട്ടില്‍)          

ഒരു മുറിക്കുള്ളില്‍ കളിക്കുന്ന കുഞ്ഞിനെ  
ഒരു ദിനം ഞാന്‍ കൌതുകത്തോടെ നോക്കവെ  
നിര്‍മ്മല പുഞ്ചിരി തൂകുന്ന പൊന്‍ മുഖം 
ദിവ്യമാം ചൈതന്യ ഭാവമായ് കണ്ടു !

ഏകനായ് കേളി ചെയ്യുന്നൊരാ പൈതലിന്‍ 
മേല്‍ത്തരമാം കളിപ്പാട്ടങ്ങളത്രയും
ഉടയവനാരുമേ ഇല്ലയതെന്നപോല്‍ 
ചുറ്റും  ചിതറിക്കിടന്നിരുന്നു !

വര്‍ണ്ണ പ്രഭ വിതറീടും കളിപ്പാട്ടം  
എണ്ണത്തിലേറെയുണ്ടെന്നാകിലും
നിഷ്പ്രഭം വേറെ ചിലതിനെയും ഒപ്പം
ഇഷ്ടമോടെ അവന്‍ ചേര്‍ത്തു വയ്ക്കുന്നു ! 
ഏറെ വികൃതമതെങ്കിലും പലതിനെ
വേറിട്ട കൌതുകത്തോടെ സൂക്ഷികവെ
വേറെ ചിലതതിസുന്ദരമെങ്കിലും
വേഗത്തില്‍ അര്‍ഭക‍ന്‍ എറിയുന്നു ദൂരെ !

എന്തിനീ കുഞ്ഞിങ്ങനെ ചെയ്വതെന്നു ഞാന്‍
ചിന്തിച്ചതിന്‍ പൊരുള്‍ തിരയുന്ന നേരം
കണ്ടു ഞാന്‍ മാനവ ചിന്തയ്ക്കതീതനാം 
സര്‍വ്വജ്ഞനീശ്വര രൂപമാ പൈതലില്‍,
വ്യക്തം പരിമിതിക്കുള്ളില്‍ നിയോഗിച്ച
മര്‍ത്ത്യരായാ കളിപ്പാട്ടങ്ങളെയും !!
                  ************* 

Join WhatsApp News
Sudhir Panikkaveetil 2022-12-31 13:49:47
നിഷ്കളങ്കനായ ഒരു ശിശുവിന് എല്ലാ കളിപ്പാട്ടങ്ങളും ഒരു പോലെയാണ്. കളിപ്പാട്ടങ്ങൾ അവനു സന്തോഷം നൽകുന്നു എന്നാണു അവൻ ചിന്തിക്കുന്നത്. കളിപ്പാട്ടങ്ങളുമായി കളിച്ചുകൊണ്ടിരിക്കുന്ന ശിശുവിൽ ഈശ്വരനെ ദർശിക്കുന്നു കവി. കളിപ്പാട്ടങ്ങളായി മനുഷ്യരെയും. "നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു." മാത്യു 18 3. ശിശുവിന്റെ ഹൃദയനൈർമ്മല്യം ഉണ്ടാകുമ്പോൾ എല്ലാ കളിപ്പാട്ടങ്ങളും ഒരു പോലെ. ദൈവം നൽകുന്ന എല്ലാ അനുഗ്രഹങ്ങളെയും ഒരു പോലെ കാണുക. അതിൽ സന്തോഷിക്കുക. പുതുവത്സരത്തിന്റെ ആരംഭത്തിൽ ഡോക്ടർ പൂമൊട്ടിൽ സാർ ചിന്തോദീപകമായ ഒരു വിഷയം നൽകുന്നു. സാറിനും കുടുംബത്തിനും ഐശ്വര്യപൂർണമായ നവവത്സരം ആശംസിക്കുന്നു.
Easow Mathew 2023-01-02 21:40:57
Thank you Sudhir for the appreciative words about the poem, Kalippattam. Your ability in seeing the inner meaning of a piece of poetry is really great. Greater still is your sincerity in expressing it in the comment column. Wish you all the BEST!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക