പുതുവത്സര പ്രാര്‍ത്ഥന...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Image

പുതുവത്സര പ്രാര്‍ത്ഥന...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 31 December, 2022
പുതുവത്സര പ്രാര്‍ത്ഥന...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

പുതുവത്സരത്തിന്റെ പുത്തന്‍ പുലരിയില്‍ 
പുതുമ നിറഞ്ഞൊരു ജീവിതമേകണേ !

കോവിഡും മാരക വ്യാധിയും ദൈവമേ
ഭൂവിങ്കല്‍ നിന്നും തുടച്ചു മാറ്റീടണേ ! 

സൗഹൃദമെന്നും വിളയുവാന്‍ മര്‍ത്യരില്‍
സൗമനസ്സേകണേ കാരുണ്യദീപമേ !

പ്രാര്‍ത്ഥനാലാപത്താല്‍ വത്സരപ്പുലരിയില്‍
പാര്‍ത്തലമെങ്ങും വിളങ്ങി ശോഭിക്കണേ !

സത്യത്തെ മുന്‍നിര്‍ത്തി സല്‍ക്കര്‍മ്മം ചെയ്യുവാന്‍
സദ്‌വൃത്തരാക്കുവാന്‍ കാരുണ്യമേകണേ !

അന്യന്റെ നന്മയിലാഹ്ലാദിച്ചീടുവാന്‍
അന്യൂന മാനസമേവര്‍ക്കുമേകണേ !

ദൈവമേകീട്ടുള്ള നന്മയില്‍ മാനസം
ദൈവികമാക്കുവാന്‍ പ്രാപ്തരാക്കേണമേ ! 

ഉള്ളതിലെന്നെന്നും സംതൃപ്തരാക്കുവാന്‍
ഉല്ലാസമാനസമേവര്‍ക്കു മേകണേ !

സത്യവും ധര്‍മ്മവും വിട്ടുള്ള ജീവിതം
സാത്വിക ശ്രേഷ്ഠനേ ദൂരെയകറ്റണേ !

ആശ്വാസദീപമാ മീശ്വരാ ഞങ്ങളില്‍
ആശിഷമേകണേ നിന്‍പാദം പൂകുമ്പോള്‍,

ആശയറ്റൂഴിയിലാണ്ടുകഴിയുന്നോ 
രാശാ വിഹീനരെ താങ്ങി നടത്തണേ ! 

കൂരിരുള്‍ താഴ്‌വര തന്നിലും സര്‍വ്വേശാ
കാരുണ്യരശ്മികള്‍ കാട്ടിത്തരേണമേ !

 പേറുവാന്‍ പറ്റുന്ന ഭാരങ്ങള്‍ മാത്രം നീ
ഏറ്റുവാന്‍ സന്മനസ്സേകണേ സര്‍വ്വഗാ !

നിന്നെ മറന്നുള്ളതൊന്നും ചെയ്തീടുവാന്‍  
എന്നെയൊരുക്കല്ലേ കാരുണ്യദീപമേ !

നൈമിഷ്യ ജീവിതപ്പന്തയ മീലോകം
നീമാത്രമെന്നുമെന്നാശ്രയം ലോകേശാ !! 

# New Year Poem by Elcy Yohannan Sankarathil

Join WhatsApp News
Sudhir Panikkaveetil 2022-12-31 01:46:58
നന്മ നിറഞ്ഞ ഒരു പുതുവർഷം പ്രദാനം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഒരു കവയിത്രി. എല്ലാവരും ആ പ്രാർത്ഥനയിൽ പങ്കു ചേർന്ന് ദൈവത്തെ പ്രസാദിപ്പിക്കാം. ശ്രീമതി ശങ്കരത്തിൽ നന്മയക്ഷരങ്ങളുടെ കാവൽക്കാരി, ശുഭാപ്തി വിശ്വാസത്തിന്റെ വിളക്കേന്തുന്ന കവയിത്രി. നവ വത്സരാശംസകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക