Image

2022 വിട പറയുന്നു; തിരിഞ്ഞു നോക്കുമ്പോൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 31 December, 2022
2022 വിട പറയുന്നു; തിരിഞ്ഞു നോക്കുമ്പോൾ (മാത്യു ജോയിസ്, ലാസ് വേഗാസ്)

അവൾ പറയുന്നു, കുറെ മണിക്കൂറുകൾ കഴിഞ്ഞാൽ ഞാൻ പോകുകയാണ് . ഇനി ഞാൻ മടങ്ങിവരില്ല. കഴിഞ്ഞ മുന്നൂറ്റിഅറുപത്തിയഞ്ചു ദിനരാത്രങ്ങൾ എന്നോടൊപ്പം പങ്കിട്ടതിനും സ്നേഹത്തിനും ഒരിക്കൽ കൂടി നന്ദി. ഇനിയും നന്മയും സന്തോഷവും പിന്തുടരട്ടെ... ആശംസകളോടെ 2022.

സൈക്ലോൺ ബോംബ് വാരിവിതറിയ മഹാശൈത്യത്തിന്റെ വിറങ്ങലിക്കുന്ന 2022 ന്റെ അന്ത്യനിമിഷങ്ങളിൽ സ്നോയിൽ തെന്നി മലർന്നടിച്ചു വീണുകിടന്നപ്പോളാണ്,  ചുറ്റും കുമിഞ്ഞു കൂടിക്കിടക്കുന്ന മഞ്ഞുമലകൾ എത്ര ഭയാനകമായിരിക്കുന്നു എന്ന ബോധ്യമുണ്ടായത് . അപ്പോൾ തോന്നി ഈ വർഷത്തിലെ  അത്ര വലുതും ചെറുതുമല്ലാത്ത ചില സംഭവ വികാസങ്ങളെ ഒന്ന് സ്മൃതിപഥത്തിൽ വിന്യസിപ്പിക്കാൻ ഒരു ശ്രമം നടത്തിയാലോ എന്ന്.

ചരിത്രത്തിൽ ആദ്യമായി  മിഡിൽ ഈസ്റ്റിൽ, അതും ഖത്തറിൽ   ആദ്യ ഫിഫ ലോകകപ്പ്  കളി നടന്നു. ഇന്ത്യക്ക് പിന്നെ കളി കാണാൻ പോലും യോഗ്യത കിട്ടാത്തതിനാൽ, ചരിത്രം മാറ്റിക്കുറിക്കേണ്ടി വന്നില്ല. ലോകത്താകമാനം ഉദ്വേഗം നിലനിർത്തിയ ഫൈനലിൽ അർജന്റീന 36 വർഷങ്ങൾക്കുശേഷം ലോകകിരീടം നേടി, ലയണൽ മെസ്സിയുടെയും അജന്റീനയുടെയും സ്വപ്നം സാക്ഷാൽക്കരിച്ചു. ഒരു പക്ഷേ അർജന്റീനയുടെ മഹാവിജയത്തിൽ ഏറ്റവും സന്തോഷം ആഘോഷിച്ചതും മലയാളി ആയിരിക്കാം.

അതിനും മുമ്പാണ് ബ്രിട്ടീഷ്   പ്രധാനമന്ത്രിയായി ഋഷി സുനക്കിനെ തിരഞ്ഞെടുത്തത്. ചരിത്രത്തിൽ ഈ ഉന്നതസ്ഥാനം  വഹിക്കുന്ന ആദ്യത്തെ  ഏഷ്യക്കാരനും ഹിന്ദുവും ഇൻഡ്യാക്കാരനും.  അഭിമാനിക്കാൻ   കിട്ടിയ അനര്ഘനിമിഷം ! ഇതോടൊപ്പം ഓർമ്മയിൽ ഇത്രയും കാലം തിളങ്ങി 70 വർഷത്തെ ഭരണത്തിന്റെ സാരഥ്യം വഹിച്ചു നിന്ന ബ്രിട്ടന്റെയും  മറ്റ് 14 കോമൺ‌വെൽത്ത് രാജ്യങ്ങളുടെയും രാജ്ഞി  എലിസബത്ത് II, സെപ്റ്റംബർ 8-ന് മരിച്ചു, കിരീടം മകൻ ചാൾസ് മൂന്നാമന് കൈമാറിയതും റ്റിവിയിലൂടെ കാണാൻ കഴിഞ്ഞു

ഇതിനിടയിൽ ഞാൻ വസിക്കുന്ന ലാസ് വേഗാസ് സിറ്റിയിലെ ഒരു കൊച്ചു കാര്യം കൂടി പറയാതിരിക്ക വയ്യ. 27 വർഷമായി ഒരു ദിവസം പോലും ജോലി നഷ്ടപ്പെടുത്താത്ത ഒരു ബർഗർ കിംഗ് ജീവനക്കാരന് $270K-ൽ അധികം സംഭാവനയായി ലഭിച്ചുവെന്നത്  നിസ്സാര സംഗതിയല്ലല്ലോ. കെവിൻ ഫോർഡ് (54) കഴിഞ്ഞ 27 വർഷമായി നഗരത്തിലെ മക്കാരൻ  ഇന്റർനാഷണൽ എയർപോർട്ടിലെ ബർഗർ കിംഗിൽ പാചകക്കാരനായും കാഷ്യറായും  ജോലി തുടരുന്നു. ഇത്രയും കാലം  താൻ ഒരു ദിവസം പോലും ജോലി നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് ഫോർഡ് പറഞ്ഞു. ജോലി കിട്ടിയിരുന്നെങ്കിൽ അവധിയെടുക്കാമായിരുന്നു എന്ന് പറഞ്ഞു നടക്കുന്ന നടക്കുന്ന നമുക്ക് ഒരു അപവാദം!

ലഹരിയിൽ ലോകം മുങ്ങിക്കൊണ്ടിരിക്കുമ്പോൾ, സിഗരറ്റിനേക്കാൾ കൂടുതൽ അമേരിക്കക്കാർ മാർവാണ/കഞ്ചാവ് വലിക്കുന്നുവെന്നത്  ലോകത്തെ ധരിപ്പിക്കണമല്ലോ.
ആഗസ്റ്റിൽ  പുറത്തിറക്കിയ ഒരു ഗാലപ്പ് റിപ്പോർട്ടിൽ അമേരിക്കക്കാർ സിഗരറ്റിനേക്കാൾ കൂടുതൽ  കഞ്ചാവ് വലിക്കുന്നതായി വെളിപ്പെടുത്തി. വെളിവാകാത്തത് എത്രയോ മടങ്ങായിരിക്കാം.

ഇതിനിടയിൽ ഒരു  ഒരു കാര്യം പറയാൻ മറന്നു. റഫറിമാർ പൊതുവേ ആണുങ്ങൾ ആണല്ലോ. കളിക്കുന്നത് ആണുങ്ങളായാലും പെണ്ണുങ്ങളായാലും, വിസിൽ അടി ആണുങ്ങൾ. പക്ഷെ ആണുങ്ങളുടെ കളിക്ക് ഒരു വനിതാരത്നം റഫറി ആയാൽ കളി വേറെ ലെവൽ ആകുമോ ? കണ്ടില്ലേ പുരുഷ ലോകകപ്പിൽ വനിതാ റഫറി! ഡിസംബറിൽ ഖത്തറിൽ നടന്ന കോസ്റ്റാറിക്കയും ജർമ്മനിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ചപ്പോൾ ഫ്രാൻസിന്റെ സ്റ്റെഫാനി ഫ്രാപ്പാർട്ട് പുരുഷ ലോകകപ്പ് മത്സരത്തിലെ ആദ്യ വനിതാ ലീഡ് റഫറിയായി. ചുമ്മാതല്ല, ഫ്രാൻസിന് ഇത്തവണ ഫൈനലിൽ കപ്പ്‌ കൈവിട്ടുപോയത് .

വനിതകളെ ഒട്ടും അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ. ഈയിടെ ഡെൻവറിൽ നിന്നും പ്ലെയിനിൽ കയറി പകുതി ചെന്നപ്പോഴാണ് ഒരു കാര്യംഅറിഞ്ഞത്‌ . സൗത്ത് വെസ്റ്റ് ഫ്ലൈറ്റിലെ പൈലറ്റുമാർ,  ക്യാപ്റ്റൻ ഹോളി പെറ്റിറ്റും അവളുടെ മകൾ ഫസ്റ്റ് ഓഫീസർ കീലി പെറ്റിറ്റും ആയിരുന്നു കോക് പിറ്റിൽ. കമ്പനി അതിന്റെ ഫ്ലൈറ്റുകളിൽ ആദ്യം ഒരു  അമ്മയും മകളും പൈലറ്റുമാരായി പരീക്ഷണം നടത്തിയത് അന്നായിരുന്നു. അമ്മയും മകളും പൈലറ്റ് എന്ന  അവരുടെ സ്വപ്നം സാക്ഷാത്കരിച്ചതിൽ അങ്ങനെ ഭാഗഭാക്കായി. ഏതായാലും അമ്മായിയമ്മയും മരുമകളും ആകാഞ്ഞതിനാൽ,  ഇത് ഇപ്പോഴെങ്കിലും എഴുതാൻ ഭാഗ്യമുണ്ടായി.

ഇങ്ങനെ കാര്യങ്ങളെ വളരെ ലഘുവായി പറയുമ്പോൾ, സംഗതികൾ അത്ര ശോഭനമല്ലായിരുന്നതായും പറയേണ്ടിയിരിക്കുന്നു. എല്ലാ വർഷത്തേയും പോലെ, 2022 ന് ജയങ്ങളുടെയും തോൽവികളുടെയും ഒരു നീണ്ട ശ്രുംഖല ഉണ്ടു്. കോവിഡ് പാൻഡ്മിക്കിനു ശേഷം ചില പ്രതിരോധം ഉണ്ടാക്കിയെങ്കിലും, ഈ വർഷം ലോകത്തെ പല സംഭവങ്ങളും പിടിച്ചുകുലുക്കി. അത്  റഷ്യയുടെ ഉക്രെയിൻ പിടിച്ചടക്കാൻ തൂടങ്ങി വെച്ച യുദ്ധം മുതൽ ഭക്ഷ്യവിലക്കയറ്റം, ഉയർന്ന പലിശനിരക്ക്, പടർന്ന അശാന്തി എന്നിങ്ങനെ പലതുമുണ്ട്. ഒരു മൂന്നാം ലോക മഹായുദ്ധത്തിനു സാധ്യതകൾ ഉണ്ടാക്കി വെച്ച പുട്ടിൻ , തങ്ങളുടെ കൈവശമുള്ള ആറ്റോമിക് കെമിക്കൽ ആയുധങ്ങൾ ഏത് സമയത്തും പ്രയോഗിക്കും എന്ന ഭീഷണിയിൽ ലോകത്തെ മുൾമുനയിൽ നിർത്തി. പെട്രോൾ വില വർധന മുതൽ ലോകത്തെ സകലരെയും, ഉയർന്നുകൊണ്ടിരിക്കുന്ന ജീവിതച്ചെലവിന്റെ ബലിയാടുകളാക്കിയതിൽ  മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല.

നമ്മുടെ മാതൃരാജ്യത്തേക്കു വന്നാലോ ?

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ പ്രസിഡന്റ് ആയി  തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഈ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതയുമാണ് മുർമു. അപ്പോൾ അതൊരു ചരിത്ര സംഭവമാണ്.

ബി ജെ പി  യും ആം ആദ്മി പാർട്ടിയും കു‌ടെ ഓരോരോ സംസ്ഥാനങ്ങൾ കൈപ്പിടിയിലൊതുക്കുമ്പോൾ, രാഹുൽ പയ്യൻ ഇൻഡ്യ പിടിച്ചടക്കി വീണ്ടും കോൺഗ്രസ്‌ ഭരണത്തിലാക്കാം എന്ന് ഉത്‌ഘോഷിച്ചുകൊണ്ട് , തെക്ക് കന്യാകുമാരിയിൽ നിന്നും കാഷ്മീരിലേക്ക് നടന്നു നടന്ന് നടന്ന് കോൺഗ്രസ്സുകാരുടെ ചെരിപ്പ്  തേയ്ച്ചു കളയുന്ന രണ്ടാം "ദണ്ഡി " യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു.  അത് കഴിഞ്ഞു ക്ഷീണിക്കുമ്പോൾ ദാഹം തീർക്കാൻ ഉപ്പിട്ട് നാരങ്ങാ വെള്ളം കുടിച്ചു വീണ്ടും "ഉപ്പുസത്യാഗ്രഹം" പുനരാവർത്തിച്ചേക്കാം. എന്നാലെങ്കിലും കോൺഗ്രസ്‌ രക്ഷപ്പെടുമോ ? തൊഴുത്തിൽ കുത്തിന്റെ വീരന്മാർ മലയാളിയായ തരൂരിനെ ഒറ്റക്കെട്ടായി എതിർത്തിട്ട് എന്ത് നേടി?

ഇന്ത്യയെ താഴ്ത്തിക്കെട്ടുകയൊന്നും വേണ്ട. കാരണം 2022 ഡിസംബർ 1-ന് അടുത്ത വർഷത്തേക്കുള്ള ജി-20 പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തത് ചില്ലറക്കാര്യമൊന്നുമല്ല. ഈ ഒരു വർഷത്തിനുള്ളിൽ 32 വ്യത്യസ്ത വർക്ക് സ്ട്രീമുകളിലായി 50-ലധികം നഗരങ്ങളിലായി 200-ലധികം മീറ്റിംഗുകൾ ഇന്ത്യ നടത്തും.

IMF പ്രവചനങ്ങൾ അനുസരിച്ച്, ഇന്ത്യ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി, മാറിക്കഴിഞ്ഞിരിക്കുന്നു. നവംബർ 15-ന് ലോകജനസംഖ്യയും 8 ബില്യണിലെത്തിയതും ചരിത്രസംഭവങ്ങൾ തന്നെ.

കെ റെയിലിന്റെ മഞ്ഞക്കുറ്റിയിൽ ഇടതന്റെ അടി പറിഞ്ഞു നിൽക്കുമ്പോൾ, ഗവർണറെ  നീക്കാൻ ചീഫ് മിനിസ്റ്ററും, കൂട്ടത്തിൽ പ്രതിപക്ഷവും കൂടുന്നതിന്റെ "പൊളിറ്റിക്കൽ ഹിഡ്ഡൻ അജണ്ട" റേഷനരി കഴിക്കുന്നവർക്കും മനസിലായിക്കഴിഞ്ഞു.

സ്വര്ണക്കടത്തിന്റെ ബ്യുറോക്രസി തരികിടകൾക്കിടയിലും അടിവസ്ത്രത്തിൽ രണ്ടു കിലോ സ്വർണം കടത്തിക്കൊണ്ടുവരാൻ 19 വയസുകാരിയെ വരെ ദുരുപയോഗിക്കുമ്പോൾ, മലയാളത്തനിമ യുടെ പേരു മാറ്റാൻ സമയമായി.
ദിവസ്സവും പീഡനത്തിന്റെ വിവിധ രീതികൾ മുഖ്യധാരയിലൂടെ  കേട്ടുണർന്ന ഒരു വര്ഷം , പിഞ്ചുകുഞ്ഞും മുതുകിളവിയും പോരാഞ്ഞിട്ട് സ്വവർഗ്ഗവും നടമാടി, പുതിയൊരു  സംസ്കാരത്തിന് വഴിയൊരുക്കുന്നതിൽ, നെറികെട്ട കുറെ പോലീസ് ഏമാന്മാരും ഉണ്ടെന്ന് അറിയുമ്പോൾ,  വിദ്യാസമ്പന്നരുടെ പന്നത്തരം കൊടികുത്തി വാഴുന്ന കേരളം, പെണ്ണിനും പണത്തിനും വേണ്ടി,  ലഹരിയും നരബലിയും കൂട്ടിനു ചേർത്ത കേരളം, "കേരളമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം" എന്ന് പറഞ്ഞു നടന്ന പ്രവാസിമലയാളീ, "കുമ്പിട്ടു പോകുന്നുവോ അറിയാതെ നിൻ ശിരസ്സിന്നു ലജ്ജയാൽ ?".

സെന്റ്‌ മേരീസ് ബസ്ലിക്കയിലെ നീച മാനസ്സങ്ങളുടെ നെറികേടുകൊണ്ടോ, ഇത്രയും കാലം പൂജിച്ച തിരുവോസ്‌തിയെ പുച്ചിച്ചതോ, അങ്ങ് റോമിലിരിക്കുന്ന മുൻ മാർപാപ്പ പോലും അറിഞ്ഞതിനാലാണോ, ഹൃദയം നുറുങ്ങി ഗുരുതരാവസ്ഥയിൽ എത്തിയതെന്ന് ഒരു സംശയമില്ലാതില്ല. ലോകക്രിസ്തീയസമൂഹത്തിനു തന്നെ കളങ്കമാണ് എറണാകുളം- അങ്കമാലി രൂപതയിലെ മെത്രാന്മാരും അടിപിടി കത്തോലിക്കരും. വിനാശകാലേ വിപരീത ആരാധന!
ഇതൊക്കെയാണ് പെട്ടെന്ന് മനോമുകുരത്തിൽ തെളിഞ്ഞു വന്നത്.

ചെറിയ കാരുണ്യപ്രവൃത്തികൾ മുതൽ വിസ്മയിപ്പിക്കുന്ന സംഭവങ്ങൾ വരെ, 2022ഇൽ സന്തോഷവും ചിരിയും സന്തോഷകരമായ കണ്ണീരും നൽകിയ പലതും നിങ്ങളുടെ ഓർമ്മയിൽ ഉണ്ടാകാം.

ഇൻഡ്യയുടെ വാനമ്പാടിയും, ഫുട്‍ബോൾ ഇതിഹാസപുരുഷൻ പെലെയും കടന്നുപോയ ദുഖമുണ്ടെങ്കിലും,  നാട്ടിൽനിന്നും വിളിച്ചു ക്ഷേമം അന്വേഷിക്കുന്നവരോട് സുഖമാണ് എന്ന് പറഞ്ഞു സ്നേഹം പങ്കിടാം. എന്നൊക്കൊണ്ട് ഇത്രയും ഒക്കെ ഓർപ്പിക്കാൻ സാധിച്ചെങ്കിൽ, ഈമലയാളിയുടെ പ്രിയ വായനക്കാർ ബാക്കി പൂരിപ്പിച്ചോളു.

എല്ലാവർക്കും ശുഭാപ്തിവിശ്വാസത്തോടെ ഈ വർഷത്തിന് വിട പറയാം.

# 2022 says goodbye; Looking back - Article by Mathew Jois Lasvegas

Join WhatsApp News
ബ്ലെസ്സൺജി 2022-12-31 04:53:32
വളരെ രസകരമായി ഒരു വർഷത്തെ വാക്കുകളിൽ ഒതുക്കി ഓർമ്മകളുടെ ഒരു നീണ്ട നിര തന്നെ വായനക്കാർക്ക് മുന്നിൽ നിരത്തിയത് മനോഹരമായിരിക്കുന്നു. സരസമായി പറയുവാൻ ജോയ്സ്സ് സാറിനോളം മിടുക്ക് അധികം പേർക്കില്ല... 💐
Just A Reader 2022-12-31 11:33:33
Avall pokum ennu ariyllairunno? Saramilla , oru varsham koode prayamundenkilum veroruvall varumallo; avaleyenkilum sariyai nekkoo allenkil avallum thechechu povum. "just remember that" !!!
Uma Saji 2022-12-31 21:40:17
വളരെ രസകരമായി ഒരുവർഷത്തെ സ്വതസിദ്ധമായ ശൈലിയിൽ വിവരിച്ചു. വായനസുഖം ചോരാതെ പോയ വർഷം വായിച്ചെടുക്കാനായി.
Joy Pallattumadom 2023-01-02 06:38:20
Dr. Mathews Joys, I read it, always with a smile on my face! When she brought my noon salad, wife asked me - what happened? I told her I am reading something better than your vegetable salad ! She also read it with a continuous smile with rainbows of little sadness - while me looking back! Appreciate the way you narrated things with a mosaic icing of different sentiments - ‘navarasangal’! Thank you Dr. Mathews Joys for your exclusive write up - ‘Thirinju Nokumbol’ ( While Looking Back). Keep writing ✍️ Joy Pallattumadom, Dallas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക