Image

മഹാരാജാവിനു മൃതസഞ്ജീവനി, എയര്‍ ഇന്‍ഡ്യാ താരാപഥത്തില്‍ റോയ്, തുളസി, രഘു.(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 31 December, 2022
മഹാരാജാവിനു മൃതസഞ്ജീവനി, എയര്‍ ഇന്‍ഡ്യാ താരാപഥത്തില്‍ റോയ്, തുളസി, രഘു.(കുര്യന്‍ പാമ്പാടി)

ടാറ്റ തിരികെപ്പിടിച്ച  ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ എയര്‍ ഇന്ത്യ വികസനക്കുതിപ്പില്‍. ബോയിങ്, എയര്‍ബസ് കമ്പനികളില്‍ നിന്ന് 100 ബില്യണ്‍ ഡോളറിനു 500 വിമാനങ്ങള്‍ വാങ്ങുന്നുവെന്നു കേള്‍ക്കുമ്പോള്‍  ആഹ്‌ളാദം അമര്‍ത്തിവയ്ക്കാന്‍ കഴിയാത്ത  മൂന്നു മലയാളികള്‍ ഉണ്ട്--എയര്‍ഇന്ത്യയെ നയിച്ച ഐഎഎസ് കാര്‍ റോയ് പോള്‍,  വി. തുളസി ദാസ്, രഘു മേനോന്‍.

എയര്‍ ഇന്ത്യ പുതിയ ചക്രവാളങ്ങള്‍ തേടി

ഇപ്പോള്‍ ബോയിങ്, എയര്‍ബസ് ഇനങ്ങളില്‍ പെട്ട 218 വിമാനങ്ങളാണ്  എയര്‍ ഇന്ത്യക്കുഉള്ളത്. എയര്‍ഇന്ത്യ എക്‌സ്പ്രസിന് 24. എയര്‍ ഏഷ്യയില്‍ നിന്ന് വിസ്താര പൂര്‍ണമായി ഏറ്റെടുത്തതോടെ അവരുടെ വിമാനങ്ങളും സ്വന്തമായി. എന്നാല്‍ ആഭ്യന്തര രംഗത്ത് ഇന്‍ഡിഗൊയ്ക്കാണ് ഒന്നാം സ്ഥാനം. അന്താരാഷ്ട്രരംഗത്ത് മേധാവിത്തം ഗള്‍ഫ് കമ്പനികള്‍ക്ക് .

ഇതെല്ലാം മാറ്റി ഏഷ്യയിലെ  ഏറ്റവും വലിയ വിമാനക്കമ്പനിയായി വളരാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ക്യാമ്പ്‌ബെല്‍ വിത്സണ്‍ പറയുന്നു. ബോയിങ്, എയര്‍ബസ് കമ്പനികള്‍ക്ക് ഓര്‍ഡര്‍ വീതിച്ച് നല്‍കാനാണ് ഉദ്ദേശം. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്‌കൂട്ട്  എന്ന ലോ കോസ്‌റ് സ്ഥാപനത്തിന്റെ മേധാവി ആയിരുന്നു അദ്ദേഹം. ന്യൂസീലന്‍ഡുകാരനാണ്.

തുളസി ദാസ്: എയര്‍ ഇന്ത്യ എക്സ് പ്രസിന്റെ  തുടക്കം

ജെആര്‍ഡി ടാറ്റാ 1932ല്‍ സ്ഥാപിച്ച എയര്‍ ഇന്ത്യ ഗവര്‍മെന്റ് ഏറ്റെടുക്കുന്നത് 1953 ല്‍ ആണ്.  ദേശത്തിന്റെ അഭിമാനമായി വളര്‍ന്ന  സ്ഥാപനം ക്രമേണ കെടുകാര്യസ്ഥതയുടെ വിളനിലമായി കലാശിച്ചു. മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്വങ്ങളുടെ കറവപ്പശു.  സര്‍വ ബാധ്യതകളൂം ഏറ്റെടുത്തുകൊണ്ട് ടാറ്റ ഇക്കൊല്ലം ആദ്യംവീണ്ടും സ്ഥാപനം സ്വന്തമാക്കി.

ചീഫ് സെക്രട്ടറി ആയിരുന്ന ഡി. ബാബു പോളിന്റെ ഇളയ സഹോദരനാണ് ബീഹാര്‍ കേഡറില്‍ സേവനം ചെയ്ത റോയ് പോള്‍. വ്യോമയാന വകുപ്പു സെക്രട്ടറിയും എയര്‍ഇന്ത്യ ചെയര്‍മാനുമാകുന്ന ആദ്യത്തെ മലയാളി.  എയര്‍ഇന്‍ഡ്യാ ഊഴവും യുപിഎസ് സി അംഗത്വവും കഴിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയുമായി കോട്ടയത്ത് ഗോള്‍ഡന്‍ എന്‍ക്ലേവില്‍ വിശ്രമ ജീവിതം.

കണ്ണൂരില്‍ ഗോഎയറിന്റെ പ്രതിദിന ദുബായ് സര്‍വീസ് ഉദ്ഘാടനം

ത്രിപുരയില്‍ ചീഫ് സെക്രട്ടറിയായിരുന്ന ശേഷം വ്യോമയാന വകുപ്പ് സെക്രട്ടറിയും എയര്‍ഇന്ത്യ ചെയര്‍മാനായും മാനേജിങ് ഡയറക്ടറുമായ വി. തുളസിദാസ് കണ്ണൂര്‍ എയര്‍പോര്‍ട് യാഥാര്‍ഥ്യമാക്കിയ ശേഷം തിരുവനന്തപുരത്തുണ്ട് --ശബരി എയര്‍പോര്‍ട്ട്  സ്‌പെഷ്യല്‍ ഓഫീസര്‍ ആയി. വെള്ളായണിക്കടുത്ത് പൂങ്കുളത്തു വീട്.

എയര്‍ഇന്ഡ്യാ സിഎംഡി ആയിരുന്ന രഘു മേനോന്‍ പാലക്കാടു വേരുകള്‍ ഉള്ള ആളാണെങ്കിലും മാതാപിതാക്കള്‍ ജോലി ചെയ്തിരുന്ന ഒറീസയിലാണ് പഠിച്ചതും വ ളര്‍ന്നതും. ഒറീസകാരിയെ  പ്രണയിച്ച് വിവാഹം ചെയ്തു. ഐഎഎസ് കിട്ടിയത് നാഗാലാന്‍ഡ് കേഡറില്‍.

എയര്‍ ഇന്ത്യ സാരഥികള്‍ റോയ് പോള്‍, തുളസിദാസ്, രഘു മേനോന്‍.

കൊഹിമയില്‍ സേവനം ചെയ്യുന്ന കാലത്ത് സൗമ്യനും സത്യത്തെ മുറുകെപ്പിടിക്കാന്‍ ആര്‍ജവം കാണിച്ച ആളുമായിരുന്നുവെന്നു സീനിയര്‍ ഉദ്യോഗസ്ഥ ആയിരുന്ന കോട്ടയംകാരി സെലിന്‍ ഗാസ്പര്‍ ഓര്‍മ്മിക്കുന്നു. 'അന്ന് ഇടയ്ക്കിടെ തനിക്കു സ്‌പോണ്ടിലൈറ്റിസ് (നടുവേദന) ഉണ്ടെന്നു പറയുമായിരുന്നു. മലയാളത്തോട് സ്നേഹമായിരുന്നു. ഞങ്ങളോടൊക്കെ നല്ല മലയാളം പറയുകയും ചെയ്തു.'

രഘു മേനോന്‍ 2018ല്‍ 66 ആം വയസില്‍ ഡല്‍ഹിയില്‍ അന്തരിച്ചു.   

റോയി പോളിനെ ഞാന്‍ ആദ്യമായി കാണുന്നത് മലയാള മനോരമക്കുവേണ്ടി ബീഹാര്‍ ഇലക്ഷന്‍ റിപ്പോര്‍ട് ചെയ്യാന്‍  എത്തിയ നാളിലാണ്. പട് നയിലെ ഡിവിഷനല്‍ കമ്മീഷണര്‍ ഓഫിസില്‍ പോയി കാണുമ്പോള്‍ അവിടത്തെ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍.  പക്ഷെ ദേശീയ പ്രധാന്യമുള്ള ഒരു ദൗത്യം കിട്ടിയതായി അറിഞ്ഞു.

മഹാരാജാവിനെ കൊന്നതാര്: പ്രഫുല്‍ പട്ടേല്‍, അജിത് സിംഗ്?

പ്രധാനമന്ത്‌റി ഇന്ദിരാഗാന്ധി ബാങ്ക് ദേശവല്‍ക്കരണം തുടങ്ങി  ഒരുപാട് ജനകീയ പരിഷ്‌ക്കാരങ്ങള്‍ നടാപ്പിലാക്കിക്കൊണ്ടിരുന്ന കാലം. അടിമപ്പണി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനം പ്രാവര്‍ത്തികമാക്കാന്‍  ഇന്ത്യയില്‍ ആദ്യം ചുമതല കിട്ടിയത് റോയിക്കാണ്. ഫ്യൂഡല്‍ വ്യവസ്ഥിതി കൊടികുത്തി വാഴുന്ന  ഇന്ത്യയില്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ വളരെ വലുതാണെന്നു റോയി വിശദീകരിച്ചു. ബിഹാറില്‍ അദ്ദേഹം അത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.

കിംഗ് ഫിഷറിനെ ആശ്ലേഷിച്ച  വ്യോമയാന മന്ത്രി

റിട്ടയര്‍ ചെയ്തു കോട്ടയത്ത് സ്ഥിരമാക്കിയ റോയിയെ ഇക്കഴിഞ്ഞ ദിവസം വിളിച്ചു.  പഴയ ഓര്‍മകള്‍ തൊട്ടുണര്‍ത്തിക്കൊണ്ടു സംസാരിച്ചു. 'ഓഹോ അങ്ങിനെയോ? വളരെ മുമ്പല്ലേ? ഞാനതൊക്കെ മറന്നു.'  വളരെ പ്രക്ഷുബ്ദ്ധ കാലത്താണ് റോയി വ്യോമയാണവകുപ്പു സെക്രട്ടറി ആകുന്നതും അങ്ങിനെ എയര്‍ ഇന്‍ഡ്യാ ചെയര്‍മാന്‍ ആകുന്നതും.

റോയി എയര്‍ ഇന്ത്യയുടെ അധ്യക്ഷപദം  എല്ക്കുമ്പോള്‍ വാജ്പേയിയാണ്  പ്രധാനമന്ത്രി. ഒരുദിവസം  പ്രധാനമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറി  വിളിച്ചു. 'നിങ്ങളുടെ മന്ത്രി പ്രധാനമന്ത്രിയെക്കണ്ടു നിങ്ങളെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. എന്താണ് പ്രശ്‌നം?'

ദൈവത്തിന്റെ കരം നീണ്ടത് വാജ്പേയി വഴി: റോയ് പോള്‍

റോയി ഇത്രയും പ്രതീക്ഷിച്ചതല്ല. ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിരിക്കുന്നു ! എല്ലാം പ്രാര്‍ഥന കൊണ്ട് നേരിട്ട ആളാണ്. ഉടനെ  അദ്ദേഹത്തെ പോയി കണ്ടു. മന്ത്രിയുടെ ഇടപെടലുകള്‍ എങ്ങിനെ ഭരണത്തിന് തടസമാകുന്നു എന്ന് ഉദാഹരണ സഹിതം വിശദീകരിച്ചുവെന്നു റോയി പോള്‍ ഓര്‍മ്മിക്കുന്നു. അടുത്ത മന്ത്രിസഭാപുനസംഘടനയില്‍  മന്ത്രിയെ ആ വകുപ്പില്‍ നിന്ന് മാറ്റിക്കൊണ്ടാണ് പ്രധാനമന്ത്രി തന്നെ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു. 'എല്ലാം ദൈവത്തിന്റെ കൃപ.'

 

'എന്റെ ഭരണകാലത്ത് എയര്‍ഇന്ത്യ എന്നും ലാഭത്തിലെ പറന്നിട്ടുള്ളൂ. കൂടുതല്‍ ലാഭകരമാക്കാന്‍ വേണ്ടി അതിനു കീഴില്‍  ചെലവ് കുറഞ്ഞ ഒരു വിമാന കമ്പനി ആരംഭിക്കണമെന്നത് എന്റെ ആശയം ആയിരുന്നു.  ലോകമാകെയുള്ള ട്രെന്‍ഡ്.' റോയ് ഓര്‍മ്മിപ്പിച്ചു.  തുളസീദാസ് സിഎംഡി ആയിരുന്ന കാലത്ത് കൊച്ചി ആസ്ഥാനമാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആരംഭിച്ചു. 

കണ്ണൂര്‍ താവളത്തില്‍ ഓണാഘോഷം

തുളസീദാസിനെ ഞാന്‍ ആദ്യം കാണുന്നത് ത്രിപുരയില്‍ സെക്രട്ടറി ആയിരിക്കുന്ന കാലത്താണ്. അന്ന് ചീഫ് സെക്രട്ടറി ആയിട്ടില്ല. പിന്നീട്  കണ്ണൂരില്‍ എയര്‍പോര്‍ട് മാനേജിങ് ഡയറക്ടറായി വന്നപ്പോള്‍ ടിവിയില്‍ കണ്ടത് മാത്രം. ഇത്തവണ വിളിച്ചു പഴയകാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചുകൊണ്ടു സംസാരിച്ചു 75  എത്തിയ ആ ഓണാട്ടുകരക്കാരന്‍. ഹരിപ്പാട് മുട്ടത്ത് ഹെഡ് മാസ്റ്റര്‍  ജികെ വാസുദേവന്‍ പിള്ളയുടെ മകന്‍. 

 

'രാമായണമാനസ്'എഴുതി മാനവഹൃദയത്തില്‍ സ്ഥാനം പിടിച്ച പതിനാറാം നൂറ്റാണ്ടിലെ കവിയാണല്ലോ  തുളസിദാസ്. ആ നാമധാരിയെങ്കിലും ടിഎസ് എലിയറ്റിനെ എന്നും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ്.  ഇംഗ്ലീഷ് എംഎക്ക് കേരളയൂണിവാഴ്‌സിറ്റിയില്‍ നിന്ന് ഫസ്‌റ്ക്ലാസ്സ് ഫസ്റ്റ് റാങ്ക് നേടി.

കിയാല്‍ ഉദ്ഘാടനം, കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പിണറായി, ഇ.പി. ജയരാജന്‍, തുളസിദാസ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷില്‍ ഒരു നിര മികച്ച അദ്ധ്യാപകര്‍--കെപികെ മേനോന്‍, അയ്യപ്പ പണിക്കര്‍, സിപികെ തരഗന്‍, എം മാനുവല്‍, ഏലിയാസ് വാലന്‍ന്റൈന്‍, വയലാ വാസുദേവന്‍പിള്ള. ഡോ.മാനുവലിന്റെ കീഴില്‍ ഡോക്ടറല്‍ ഗവേഷണത്തിന് അദ്ദേഹം രജിസ്റ്റര്‍  ചെയ്തുവെന്നു കെപികെ മേനോന്റെ പുത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുമായിരുന്ന ഡോ. എം. രാധ പറയുന്നു. 'അച്ഛനുമായി തുളസിദാസ് വലിയ അടുപ്പത്തിലായിരുന്നു,'. 

 

ബിരുദം കഴിഞ്ഞപ്പോഴും എംഎ നേടിയശേഷവും തുളസിദാസ് കുറേക്കാലം ഇരിങ്ങാലക്കുട ക്രൈസ്ട് കോളേജില്‍ പഠിപ്പിച്ചു. ഫാ. ഗബ്രിയേല്‍ ചിറമേല്‍ പ്രിന്‍സിപ്പിലായിരിക്കുമ്പോള്‍. 'അദ്ധ്യാപനം ഉപേക്ഷിച്ചു  ഗവേഷണത്തിന് പോയത് അദ്ദേഹത്തിന് ഒട്ടും രസിച്ചില്ല, മരണം വരെ എന്നോട് ക്ഷിമിച്ചിട്ടുമില്ല,' തുളസിദാസ്  എന്നോട് രഹസ്യം പറഞ്ഞു.

ഇനി ശബരിഗിരീശ നമോ നമോ

ഐഎഎസ് കിട്ടിയതോടെ ഡോക്ടറല്‍ സ്വപ് നത്തോടു വിടവാങ്ങി ത്രിപുരയിലേക്കു പോയി. അവിടെ പല തസ്തികളില്‍ സേവനം ചെയ്തു  ചീഫ് സെക്രട്ടറിയായി പിരിഞ്ഞു.  എട്ടര വര്‍ഷം  (1995-2003) ചീഫ് സെക്രട്ടറിയായിരുന്നു എന്ന അഭിമാനവുമായി.

തുളസിദാസ് സിഎംഡി ആയിരുന്ന കാലത്ത് പ്രഫുല്‍ പട്ടേല്‍ ആയിരുന്നു  വ്യോമ ഗതാഗത മന്ത്രി. എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും സംയോജിപ്പിച്ച് ഒരൊറ്റ കമ്പനിയാക്കുക  എന്ന അജണ്ടയുമായി മന്ത്രി മുന്നോട്ടു പോയി. എതിര്‍പ്പു പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍മാരെ വെട്ടിനിരത്തി. പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ രണ്ടു കമ്പനികളും കോടിക്കണക്കിനു രൂപ കടം വാങ്ങി.

എയര്‍ലൈന്‍സ് സംയോജനം വന്നപ്പോള്‍  സീനിയോരിറ്റിയുടെ പേരില്‍ പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചു. 300 സീനിയര്‍ പൈലറ്റുമാര്‍  പണിമുടക്കി, ഇന്ത്യന്‍ ഏവിയേഷന്‍ കണ്ട ഏറ്റവും രൂക്ഷമായ സമരം. വിമാനങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ അട്ടി കിടന്നു. പിന്നീട് വന്ന മന്ത്രി അജിത് സിങ്ങിനും സ്വന്തം അജണ്ട ഉണ്ടായിരുന്നു. അന്ന് എയര്‍ ഇന്ത്യ സിഎംഡി ആയിരുന്ന രഘുമേനോന്‍ 'നടുവേദന മൂലം' അവധിയെടുത്ത് വീട്ടിലിരുന്നു എന്നാണ് കഥ. 

എയര്‍ഇന്ത്യയുടെ കടം 38,423  കോടിയായി വര്‍ദ്ധിക്കുന്നതു കണ്ടുകൊണ്ടാണ് പത്തുവര്‍ഷം ഭരിച്ച ശേഷം പ്രഫുല്‍ പട്ടേല്‍ ഇറങ്ങിപ്പോയതെന്നു  'എയര്‍ ഇന്ത്യയെ  കൊന്നത് ആര്? (ഹു കില്‍ഡ്   എയര്‍ ഇന്ത്യ?) എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ടുഡേ 2012  ജൂണ്‍ 4നു പ്രസിദ്ധീകരിച്ച സഞ്ജയ്  സിംഗിന്റെ കവര്‍ സ്റ്റോറി ആക്ഷേപിച്ചു. 

മന്ത്രിയുടെ ധൂര്‍ത്തിനു നിരവധി ഉദാഹരണങ്ങള്‍ പത്രങ്ങള്‍ കൊട്ടി ഘോഷിച്ചു. ഏവിയേഷന്‍ വകുപ്പില്‍നിന്ന് മാറിയിട്ടും മന്ത്രിയായി തുടര്‍ന്ന പട്ടേലിന്റെ മകള്‍ അവനിക്കും ഭര്‍ത്താവ് പ്രശാന്ത് ദേശ് പണ്ടേക്കും ബന്ധുക്കള്‍ക്കും ബിസിനസ് ക്ലാസ് നല്‍കാനായി 2012 ഏപ്രില്‍ 25നു ബാംഗ്‌ളൂരില്‍ നിന്ന് മാല്‍ദീപിലേക്കുള്ള  എയര്‍ബസ് എ 319 വിമാനത്തിനു പകരം വലിപ്പം കൂടിയ എ 320  പറത്തിയതാണ് അവയിലൊന്ന്. അങ്ങോട്ടുള്ള ഫ്‌ലൈറ്റില്‍ 55സീറ്റും മടക്ക ഫ്‌ലൈറ്റില്‍ 57 സീറ്റും ആളില്ലാതെ കിടന്നു!  

മന്ത്രിയായിരുന്ന കാലത്ത് 2009-2010 സാമ്പത്തികവര്‍ഷം പട്ടേല്‍ നടത്തിയ ആഭ്യന്തര വിമാന യാത്രകളില്‍ 70  ശതമാനവും വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സില്‍ ആയിരുന്നുവെന്നു മറ്റൊരു റിപ്പോര്‍ട്ട പറഞ്ഞു. 'മന്ത്രിയെന്ന നിലക്ക് ഞാന്‍ എയര്‍ ഇന്ത്യയുടേയോ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയോ മന്ത്‌റി മാത്രമല്ല , ' എന്നായിരുന്നു മറുപടി.

ഏവിയേഷന്‍ രംഗത്തെ പരിചയസമ്പത്തിന്റെ പേരില്‍ തുളസീദാസിനെ ഒമാന്‍ എയറില്‍ ഡയറക്ടര്‍ ആയി  ക്ഷണിച്ചു.  രണ്ടു വര്‍ഷം മസ്‌കറ്റില്‍ ആയിരുന്നു. മടങ്ങി വന്നപ്പോള്‍ സിപിഎം  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  വിളിച്ചു. 'എവിടെയാണ്   താങ്കള്‍ സ്ഥിരതാമസത്തിനു ഉദ്ദേശിക്കുന്നത്?  ഞങ്ങള്‍ക്ക് കണ്ണൂരില്‍ ഒരു പ്രോജക് റ്റ്  ഉണ്ട്. സമ്മതമെങ്കില്‍ അതിന്റെ ചുമതല വഹിച്ചു നടപ്പാക്കി തരണം,' കോടിയേരി പറഞ്ഞു. 

കിയാല്‍ എന്ന കണ്ണൂര്‍ ഇന്റര്‍നാഷണല്‍  എയര്‍പോര്‍ട്ട്  ഏറ്റെടുക്കുന്നത് അങ്ങിനെയാണ്. സമയബന്ധിതമായി പണിതീര്‍ത്തു ഉദ്ഘാടനം ചെയ്തു.  എയര്‍ ഇന്‍ഡ്യാ എക്‌സ്പ്രസിന്റെ ഷാര്‍ജ ഫ്‌ലൈറ്റ് ആയിരുന്നു  ആദ്യത്തെ അന്താരഷ്ട്ര സര്‍വീസ്. 

ത്രിപുര കാലത്തെപ്പറ്റി തുളസീദാസിന് എന്നുമോര്‍മ്മിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന ഈസ്‌റ് പാക്കിസ്ഥാന്‍ എന്ന ബംഗ്‌ളാ ദേശിലേക്ക് ഇറങ്ങിക്കിടക്കുന്ന, മൂന്ന് ചുറ്റിനും ബംഗ്‌ളാദേശുള്ള നാടാണ്. ത്രിപുരയില്‍ നിന്ന് കൊല്‍ക്കത്തക്കുണ്ടായിരുന്ന പഴയ റെയില്‍ ലൈന്‍ പുതുക്കിപ്പണിയുന്ന തിരക്കിലാണ് ഇരുരാജ്യങ്ങളും. 2023ല്‍ പണി തീര്‍ന്നാല്‍ കേരളത്തിലേക്ക് നേരിട്ട് ട്രെയിന്‍ വരാം.

ചീഫ് സെക്രട്ടറി  ആയിരിക്കുമ്പോള്‍ ത്രിപുരയും ബംഗ്‌ളാദേശും തമ്മിലുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പരിശ്രമിച്ചു. ധാക്കയില്‍ നിന്ന് അഗര്‍ത്തലക്കുള്ള ബസ് സര്‍വീസ് 2001 ല്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് അദ്ദേഹം ത്രിപുരയോടു വിടപറയുന്നത്. 2003ല്‍ കൊല്‍ക്കൊത്ത-ധാക്ക ബസ് സര്‍വീസ് ഓടിത്തുടങ്ങി.

കേരളത്തില്‍ നിന്ന് നാലായിരം കി മീ അകലെയാണെങ്കിലും കേരളത്തിലെ വെയിലും മഴയും മലയും താഴ് വാരവുമുള്ള സംസ്ഥാനമാണ് ത്രിപുര. റബറിനു പറ്റിയ മണ്ണും കാലാവസ്ഥയും. മഹാരാജ ബീര്‍സിങ്ങിന്റെ പേരിലുള്ള കോളജില്‍ അദ്ധ്യാപകരായി വന്ന പിവി നായര്‍, എസ്എം പണിക്കര്‍,  ഐജി എന്‍ രാജശേഖരന്‍ (ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍) തുടങ്ങിയവരുമായി നല്ല സൗഹൃദം.  

ഇനിയിപ്പോള്‍ കേരളം നോക്കിപ്പാര്‍ത്തിരിക്കുന്ന അഞ്ചാമത്തെ എയര്‍പോര്‍ട് എരുമേലി ചെറുവള്ളി ഗ്രാമത്തില്‍ കരുപ്പിടിപ്പിക്കണം. സ്ഥലം ഏറ്റെടുത്തുകൊണ്ട് ഗവര്‍മെന്റ് ഉത്തരവ് ആയിട്ടുണ്ട്. കടമ്പകള്‍ ഇനിയും ഒരുപാടുണ്ട്. പക്ഷെ ബ്രഹ്‌മപുത്രയും ബുരി ഗംഗയും പത്മാ നദിയും പതഞ്ഞൊഴുകി കണ്ണീര്‍ കായലാക്കുന്ന, ചൈന, ഇന്ത്യ എന്നി മഹാജനപദങ്ങളുടെ നടുവില്‍ ശയിക്കുന്ന, ബംഗ്‌ളദേശിനെ മെരുക്കാമെങ്കില്‍  എരുമേലി എത്രയോ  നിസാരം!  ത്രിപുരക്കു കൂടുതല്‍ റബര്‍ വേണം. എരുമേലിയില്‍ റബര്‍ വെട്ടണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക