Image

2022 (ചെറുകഥ:ദീപ ബിബീഷ് നായര്‍)

Published on 31 December, 2022
2022 (ചെറുകഥ:ദീപ ബിബീഷ് നായര്‍)

അവൾ യാത്ര പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.
വന്നപ്പോ പുതുപെണ്ണിൻ്റെ നാണമായിരുന്നു,മന്ദഹാസമേറി ഒരു പിടി സ്വപ്നങ്ങളുമായാണ് പടി കടന്നെത്തിയത്..
ഇsനെഞ്ചിലൊരായിരം വർണ്ണസ്വപ്നങ്ങൾ നെയ്തു വന്ന അവൾക്കും നേരിടേണ്ടി വന്നത്  കാണാക്കാഴ്ചകളായിരുന്നു...

പുഞ്ചിരിക്കുന്ന വസന്തത്തിലും വിണ്ടുകീറിയ മണ്ണിൻ്റെ നൊമ്പരം അവൾ കണ്ടു...
തളിരിലകൾ പൂക്കാൻ തുടങ്ങുമ്പോൾ അവയെ മാത്രം ശ്രദ്ധിച്ചു കൊണ്ട്, വാടിവീഴുന്ന പഴുത്ത ഇലകളെ ആരും ഗൗനിക്കാതെ പോകുന്നതു പോലെ മനുഷ്യർക്കിടയിലെ മാറ്റങ്ങൾ അവൾ കണ്ടു.

തണുപ്പും കുളിരുമേകി കടന്നു പോകേണ്ട ഋതുക്കൾ നേരും നെറിയുമില്ലാതെ കൊടുംവേനലായി, പ്രളയമായി സംഹാര താണ്ഡവമാടുന്നതും അവൾ കണ്ടു....

ജീവിതമെന്ന പുണ്യത്തിലൊരു സന്തോഷവുമറിയാതെ, സുഖങ്ങളെല്ലാം നൈമിഷികങ്ങളെന്നറിയാതെ പകയോടെ തമ്മിൽ നോക്കുന്ന പല മനുഷ്യരെയും അവൾ കണ്ടു....

പ്രണയമെന്ന മധുരമേറിയ വഞ്ചിയിലേറ്റി നടുക്കടലിലെത്തിയപ്പോൾ കൂട്ടത്തിലൊരാളെ വലിച്ചെറിയുന്ന ദയനീയമായ കാഴ്ചയും അവൾ കണ്ടു...

സ്ത്രീയെന്ന പുണ്യത്തെ മനസിലാക്കാതെ  സ്ത്രീധന പീഠനത്താൽ പങ്കാളിയെ കൊല ചെയ്യുന്ന പല പതിവുകാഴ്ചകളും അവൾ വീണ്ടും വീണ്ടും കണ്ടു...

കുടുംബമില്ലാതാക്കാനും, നരബലി നടത്താനും, ഇന്നും അന്ധവിശ്വാസത്തിൻ്റെ കെണിയിലകപ്പെടുന്ന അനവധി പേരെ അതിശയത്തോടെ അവൾ കണ്ടു...

മഹാവ്യാധിയിലകപ്പെട്ട് വായും മുഖവും മൂടിക്കെട്ടി ഒരാളോട് മിണ്ടാനാകാതെ, ഒന്നാലിംഗനം ചെയ്യാതെ വന്നതും പോകേണ്ടതും ഒറ്റയ്ക്കാണെന്ന് വീണ്ടും കാലമോർമ്മിപ്പിച്ചതും അവൾ കണ്ടു...,

അടുത്തുള്ളവരെ അറിയാതെ അകലങ്ങളിലെവിടെയോ ബന്ധങ്ങൾ തേടുന്ന ആധുനിക മനുഷ്യരെയും അവൾ കണ്ടു...

ദയയും കാരുണ്യവുമില്ലാതെ ഒരു കുഞ്ഞിനെപ്പോലും വെറുതെ വിടാതെ കാടത്തമുള്ള ചെന്നായയുടെ രൂപമുള്ള മനുഷ്യരെയും അവൾ കണ്ടു....

നന്മയുടെ പുൽനാമ്പുകൾ എവിടൊക്കെയോ വിടരുമ്പോഴും തിന്മയുടെ കയത്തിൽ മുങ്ങിത്താഴുന്ന നാടിനെയും നാട്ടാരെയും അവൾ കണ്ടു...,

വയ്യ... ഇനി അവൾക്ക് ഇവിടെ നിൽക്കാൻ കഴിയില്ല... അവൾ പോകാനൊരുങ്ങിക്കഴിഞ്ഞു. ഒരു കുറിപ്പ് എഴുതി വച്ചിട്ടാണ് അവൾ പോകുന്നത്. അതിങ്ങനെയാകാം...

"മറ്റു മനുഷ്യരെ ഇല്ലാതാക്കാൻ പതുക്കെപ്പതുക്കെ സ്വയം ഇല്ലാതായിത്തീരുന്ന സമൂഹമേ, നീ ഉണരുക..
എന്തിനു വേണ്ടിയാണിതൊക്കെ? ആരെ പ്രീതിപ്പെടുത്താനാണിതൊക്കെ? ആത്മസംതൃപ്തിക്കുവേണ്ടിയാണോ നിൻ്റെയീ പാച്ചിൽ? എന്നിട്ട് നിനക്കതിൽ സന്തോഷം കിട്ടുന്നുണ്ടോ? വേണ്ട കേട്ടോ മതിയാക്ക്... പരസ്പരം സ്നേഹിക്കുക നിങ്ങൾ, അതും കറ കളഞ്ഞ സ്നേഹം, ഒന്നിനുവേണ്ടിയും മത്സരിക്കാതിരിക്കുക, ജീവിതമെന്നത് സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനുമുള്ളതാകട്ടെ....
മുറിയിലെ കലണ്ടർ മാറ്റിക്കഴിഞ്ഞാൽ നിങ്ങൾക്കെന്നെ ഓർമ്മ പോലുമുണ്ടാകില്ല, അല്ലേ? അതങ്ങനാണ്, കുഴപ്പമില്ല...
2023 ഒരുങ്ങിത്തുടങ്ങിയിട്ടുണ്ട് ഇവിടേയ്ക്കെത്താൻ. നിങ്ങളവളെ ഹൃദ്യമായി സ്വീകരിക്കുമെന്ന് എനിക്കറിയാം, തുടർന്നുള്ള ദിനങ്ങൾ അവൾക്ക് മധുരമേകുന്നതാകട്ടെ..
മധുരവും കയ്പുമേറിയ അനുഭവക്കാഴ്ചകളോടെ ഞാൻ യാത്ര പറയുന്നു.... "

സ്നേഹപൂർവ്വം 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക