Image

പരസ്യമാണഖിലസാരമൂഴിയിൽ...(നർമ്മകഥ:  നൈന മണ്ണഞ്ചേരി)

Published on 01 January, 2023
പരസ്യമാണഖിലസാരമൂഴിയിൽ...(നർമ്മകഥ:  നൈന മണ്ണഞ്ചേരി)

പരസ്യങ്ങളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.ടെലിവിഷനിലുംപത്രങ്ങളിലുമൊക്കെ പരസ്യമേത്,വാർത്തയേത്,പരിപാടിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത സ്ഥിയാണ്.കഴിഞ്ഞ ദിവസം പത്രം  നിവർത്തി പരസ്യങ്ങൾക്കിടയിൽ നിന്നും വാർത്ത കണ്ടു പിടിക്കുന്നതിനിടയിൽ  ആകർഷകമായ ഒരു പരസ്യം ശ്രദ്ധിക്കാതിരിക്കാനായില്ല.’’ദു:ഖങ്ങളൊക്കെയും പങ്കു വെക്കാം’’ എന്ന പേരിൽ ഒരു പരസ്യം കണ്ടാൽ ആരാണ് ശ്രദ്ധിച്ചു പോകാത്തത്.’’നിങ്ങളുടെ ദു:ഖം എത്ര ചെറുതാകട്ടെ,വലുതാകട്ടെ,ഞങ്ങൾ മാറ്റിത്തരുന്നു..ദു:ഖം മാറ്റാൻ ഒരെളുപ്പ വഴി..ദു;ഖ പരിഹാരത്തിന് ഒരു തപാൽ ഫോർമുല..ഉടൻ വിളിക്കൂ..,അല്ലെങ്കിൽ എഴുതൂ.’’

വല്ല തട്ടിപ്പാണോയെന്ന് ഞാൻ ആലോചിക്കാതിരുന്നില്ല.നീന്തലും ഡ്രൈവിംഗും വരെ പോസ്റ്റലായി പഠിപിച്ചു കളയുന്ന കാലമാണിത്.ദു:ഖവും പോസ്റ്റലായി മാറ്റാൻ വല്ല ഫോർമുലയും ആരെങ്കിലും കണ്ടു പിടിച്ചു കാണും.ആരറിയുന്നു കണ്ടു പിടുത്തത്തിന്റെ വഴികൾ? വുഹാനിലെ ലാബിൽ കണ്ടു പിടിച്ച കൊറോണ വൈറസ് ലോകം തന്നെ നിശ്ചലമാക്കി കളഞ്ഞല്ലോ?

എതായാലും തപാൽ വഴി ദു:ഖം മാറ്റാൻ കഴിയുമോയെന്ന് ഒന്ന് ശ്രമിച്ചു കളയാം. ഭാര്യയോട് പോലും വിവരം പറഞ്ഞില്ല.അതു കേട്ട് അവൾ വല്ലതും പറഞ്ഞാൽ പിന്നെ അതിന്റെ പേരിലും ഒരു ദു:ഖമാകണ്ട എന്നു കരുതി.. ദു;ഖ നിവാരണ കേന്ദ്രത്തിലേക്കുള്ള കത്ത് പോസ്റ്റ് ചെയ്യാൻ പോസ്റ്റോഫീസിൽ ചെന്നപ്പോൾ പോസ്റ്റ് ഓഫീസ് അടഞ്ഞു കിടക്കുന്നു.അന്യേഷിച്ചപ്പോഴാണറിയുന്നത്,അന്നേതോ കേന്ദ്ര ഗവർമെന്റ് അവധി ആണെന്ന്.പിറ്റേന്നേ കത്തയക്കാൻ പറ്റൂ എന്നോർത്ത് ഒരു ദു:ഖം കൂടിയായി.എതായാലും പിറേന്ന് അവിലെ തന്നെ കത്ത് പോസ്റ്റ് ചെയ്തു,അധികം താമസിയാതെ മറുപടിയും വന്നു.  മാന്യരേ,ദു:ഖ പരിഹാര തപാൽ കോഴ്സിനെപ്പറ്റി അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചതിന് നന്ദി, ദു;ഖങ്ങൾ ചെറിയ അളവിലെങ്കിലും പരിഹരിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം..വിശദ വിവങ്ങളടങ്ങിയ ലഘുലേഖ ഇതോടൊപ്പം.രജിസ്റ്റർ ചെയ്യുനതിനായി നൂറു രൂപ അയച്ചു തരിക,മാനേജർ,ദു:ഖ നിവാരണ കേന്ദ്രം’’

 നൂറു രൂ[പ അയക്കണോയെന്ന് നൂറു വട്ടം ആലോചിച്ചു.എതായാലും പോകുന്നെങ്കിൽ പോകട്ടെ എന്നു കരുതി അയച്ചു.അധികം താമസിയാതെ അതാ വരുന്നു ഒരു വി.പി.പി.പോസ്റ്റ്. കാശു കൊടുത്ത് അതു കൈപ്പറ്റി.ആകാംക്ഷയോടെ കവർ പോട്ടിച്ചു.ഒരു പുസ്തകമാണുള്ളിൽ..’’ദു”ഖ നിവാരണം,,’’ കൂടെ ഒരു കുറിപ്പും,ഈ പുസ്തകം മൂന്നു തവണ മനസ്സിരുത്തി വായിക്കുക,നിങ്ങളുടെ ഏത് ദു’ഖവും പരിഹരിക്കപ്പെടും..’’

വില കുറഞ്ഞ പേപ്പറിൽ കുനുകുനെ നിറയെ അക്ഷരത്തെറ്റുകളോടെ അച്ചടിച്ചിരിക്കുന്ന ആ പുസ്തകം കണ്ടപ്പോൾ തന്നെ ദു:ഖം തോന്നാതിരുന്നില്ല.ഇതു വായിക്കേണ്ടി വന്നല്ലോ എന്നോർത്തും കാശു പോയല്ലോ എന്നോർത്തും എന്റെ ദു:ഖം കൂടി.കാശു പോയതു കൊണ്ട് ഒന്ന് ഞാൻ തിരുമാനിച്ചു.ഇനി   കാശു കൊടുത്തുള്ള ഒരു ദു:ഖം മാറ്റലിനുമില്ല.അങ്ങനെയിരിക്കെ അടുത്ത ദിവസം പത്രത്തിൽ അതാ  ഒരു പരസ്യം ‘’ഉടൻ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിലേക്ക് അഭിനയിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..’’  എതായാലും ഒരപേക്ഷ ഞാനും അയച്ചു.അധികം താമസിയാതെ മറുപടി വന്നു. ഞങ്ങളുടെ  പുതിയ ചിത്രത്തിലേക്ക് താങ്കളെ സെലക്റ്റു ചെയ്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു,മടക്ക തപലിൽ അഞ്ഞൂറു രൂപ അയച്ചുതരിക. തിരക്കഥയുടെ ചുരുക്കം അയച്ചു തരാം,അതു വായിച്ച് അനുയോജ്യമായ തോന്നുന്ന വേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാം..’

 എന്തൊരു ഔദാര്യവാൻമാർ,തിരക്കഥ നേരത്തെ വായിച്ചേ പ്രമുഖ താരങ്ങൾ അഭിനയിക്കൂ എന്നു കേട്ടിട്ടുണ്ട്.ആദ്യമായി അഭിനയിക്കാൻ പോകുന്ന എനിക്കും അങ്ങനെയൊരവസരം. ഏതായാലും അങ്ങനെ കാശു മുടക്കി സിനിമയിൽ മിന്നിത്തിളങ്ങണ്ട എന്നു തന്നെ ഞാൻ തീരുമാനിച്ചു.വേറെ ജോലിയൊന്നുമില്ലാത്തതു കൊണ്ടാണല്ലോ ഇങ്ങനെയും കലാപരമായ തട്ടിപ്പുകാർ ഇറങ്ങിയിരിക്കുന്നതെന്നോർത്തപ്പോൾ ദു:ഖത്തിന് ചെറിയൊരാശ്വാസം തോന്നാതിരുന്നില്ല,ഇനി ഏതു പരസ്യം കണ്ടാലും ഒൻപതു വട്ടം ആലോചിച്ചേ മറുപടി അയക്കൂ  എന്ന് തീരുമാനിച്ച് അകത്തേക്ക് നടക്കുമ്പോൾ ദു:ഖത്തിന് വല്ലാത്തൊരാശ്വാസം....

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക