StateFarm

കേരളത്തിന്റെ മുഖഛായ മാറ്റുന്ന ഹൈവേ 66 (ലേഖനം: സാം നിലമ്പള്ളില്‍)

Published on 01 January, 2023
കേരളത്തിന്റെ മുഖഛായ മാറ്റുന്ന ഹൈവേ 66 (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം വേണ്ടന്നുപറഞ്ഞിട്ടും കേന്ദ്രഗവണ്മന്റ് നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പിച്ചതാണ് ഹൈവേ 66 എന്ന ആറുവരിപാത. അമേരിക്കയിലെ നമ്മുടെ നെയ്ബര്‍ഹുഡ്ഡ് റോഡിന്റത്ര വീതിയുള്ള എന്‍ എച്ച് 47 ലൂടെയാണ് ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ പാഞ്ഞുകൊണ്ടിരിക്കുന്നതും അവിടെ നൂറുകണക്കിന് ജീവനുകള്‍ പൊലിയുന്നതും. അവരുടെ കാര്യമോര്‍ത്ത് കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വ്യാകുലപ്പെടുന്നില്ല. അതിനേക്കാള്‍ വലിയ രാഷ്ട്രീയപ്രശ്‌നങ്ങളാണ് അവരെ സംഘര്‍ഷഭരിതരാക്കുന്നത്. കേരളനിലപാട് ഇങ്ങനെയൊക്കെ ആണെങ്കിലും ഹൈവേ ഉണ്ടാക്കിയതീരൂ എന്നവാശിയിലായിരുന്നു കേന്ദ്ര ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്ഗിരി. ഹൈവേ കേന്ദ്രസര്‍ക്കാറിന്റെ ചിലവില്‍ നിര്‍മിച്ചുകൊള്ളാം., സ്ഥമെടുപ്പിന്റെ 25 ശതമാനം മാത്രം സംസ്ഥാനം വഹിച്ചാല്‍മതി. ഇതായിരുന്നു കേരളവുമായിട്ടുള്ള വ്യവസ്ത. 

 മുംബെയിലെ പനവേലില്‍നിന്നും കന്യാകുമാരിവരെ പോകുന്ന ആറുവരിപാതയുടെ ഭൂരിഭാഗവും കേരളത്തിലൂടെയാണ്, ഏകദേശം 600 കിലോമീറ്റര്‍. മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്ര ഗോവ കര്‍ണാടക തമിള്‍നാട് എന്നിവിടങ്ങളില്‍ 60 മീറ്റര്‍ വീതിയില്‍ നര്‍മ്മിക്കുന്നപാത കേരളത്തില്‍ 30 മീറ്റര്‍വീതിയില്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ വാശിപിടിച്ചപ്പോള്‍ പദ്ധതി നഷ്ടപ്പെട്ടുപോകുമെന്ന അവസ്ഥയിലായതാണ്. കേരളത്തിലെ ജനസാന്ദ്രത പരിഗണിച്ച് അവസാനം 45 മീറ്റര്‍ എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

സ്ഥലമെടുപ്പ് കഴിഞ്ഞ് ഹൈവേ നിര്‍മാണം അതിവേഗത്തില്‍ മുന്നേറുമ്പോള്‍ ഗാഡ്ഗിരി പാര്‍ലമെന്റില്‍ പറഞ്ഞത് കേരളം വാക്കുപാലിച്ചില്ലെന്നാണ്. അതായത് സ്ഥലമേറ്റെടുക്കലിന്റെ 25 ശതമാനം വിഹിതം കേരളം ഇതുവരെ നല്‍കിയിട്ടില്ലെന്ന്. നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കേരളസര്‍ക്കാര്‍  കേന്ദ്രത്തെ മൂ-ച്ചെന്ന്. (വിട്ടുപോയഭാഗം പൂരിപ്പിക്കുക.) നിത്യച്ചിലവിന് എവിടുന്നെല്ലാം കടമെടുക്കാമെന്ന് ആലോചിച്ച് തലപുണ്ണാക്കുന്ന പിണറായി സര്‍ക്കാര്‍ എങ്ങനെയാണ് ഹൈവേനിര്‍മിക്കാന്‍ കോടികള്‍ കണ്ടെത്തുന്നത്.

2024 അവസാനത്തോടുകൂടി പാത ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന ഉദ്ദേശത്തോടുകൂടി നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കയാണ്. ഇതിന്റെചില ചിത്രങ്ങളും വീഡിയോയും കണ്ടപ്പോള്‍ അമേരിക്കയില്‍പോലും ഇത്ര മനോഹരമായ ഹൈവേകളില്ലെന്നാണ് തോന്നിയത്. 45 മീറ്ററിന്റെ മദ്ധ്യത്തിലൂടെയാണ് ആറുവരിപാത. അതിന്റെ രണ്ടുവശത്തും സര്‍വീസ് റോഡുകള്‍. അതിന്റെയും വശങ്ങളില്‍ ട്രെയിനേജ്. ആറുവരിപാതയെ സര്‍വീസ്‌റോഡുമായി വേര്‍തിരിക്കാന്‍ ഉയരമുള്ള കോണ്‍ക്രീറ്റ് മതില്‍. ഇടക്കിടെയുള്ള അണ്ടര്‍ പാസ്സുകളും ഓവര്‍ പാസ്സുകളും സര്‍വീസ് റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്നു.

റോഡുനിര്‍മാണം കേരളമാണ് നിര്‍വഹിക്കുന്നതെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ നമ്മുടെ മന്ത്രിമാര്‍ പ്രത്യേകിച്ച് ഗതാഗതവകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  പുരോഗതി പരിശോധിക്കാന്‍ ഇടക്കിടെ വന്നുനോക്കാറുണ്ട്. നിര്‍മാണ തൊഴിലാളികള്‍ അന്യസംസ്ഥാനക്കാരായതിനാല്‍ പരിശോധനക്ക് വന്നിരിക്കുന്നത് കേന്ദ്രത്തിന്റെ ആളുകളാണോ കേരളത്തിന്റേതാണോ എന്നറിയാത്തതിനാല്‍ പ്രതികരിക്കാറില്ല. എന്നാല്‍ വിവരമില്ലാത്ത ജനങ്ങള്‍ വിശ്വസിക്കുന്നത് ഇത് കേരള ഗവണ്മെന്റേതാണന്നാണ്. കേന്ദ്രംകൊടുത്ത അരിയും പലവ്യജ്ഞനങ്ങളും സി പി എമ്മിന്റെ സഞ്ചിയിലാക്കി ജനങ്ങള്‍ക്ക് ഫ്രീയായി കൊടുത്താണല്ലോ പിണറായി തുടര്‍ഭരണം കൈക്കലാക്കിയത്. യു ഡി എഫിന്റെ കഴിവില്ലായ്മയും മറ്റൊരു കാരണമാകാം.

നിര്‍മാണം പൂര്‍ത്തിയായാല്‍ നേര്‍രേഖപോലെകിടക്കുന്ന റോഡിലൂടെ സ്ത്രീകള്‍ക്കുപോലും 120 കി മീ വേഗതയില്‍ കാറോടിച്ചുപോകാന്‍ സാധിക്കും. , പോലീസ് അനുവദിച്ചാല്‍. റോഡില്‍ പൊലിയുന്ന ജീവനുകളുടെ എണ്ണം ഗണ്യമായി കുറയും. വെള്ളമടിച്ച് അമിതവേഗത്തില്‍ പായുന്നവന്‍ തുലഞ്ഞാലും ആരും സഹതപിക്കില്ല. മറ്റുള്ളവരെ ഉപദ്രവിക്കാതിരുന്നാല്‍മതി. തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്താന്‍ അഞ്ചോ ആറോ മണിക്കൂര്‍ മതിയാകും. പിണറായിയുടെ സ്വപ്നപദ്ധതിയായ കെ റയില്‍ വേണമെന്നില്ല.

റോഡുകള്‍ ഒരുരാജ്യത്തിന്റെ നാഡീനരമ്പുകളാണ്. അതിലൂടെയാണ് രാജ്യപുരോഗതി കൈവരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരതമാല പദ്ധതിയിലൂടെ രാജ്യത്തെ പ്രധാന പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചകൊണ്ട് ഹൈവേകള്‍ നിര്‍മിച്ചുകൊണ്ടിരിക്കയാണ്. ചിലതെല്ലാം പണിപൂര്‍ത്തിയായി കഴിഞ്ഞു. രാജ്യം പുരോഗതിയുടെ പാതയിലാണന്ന് അറിയാത്ത മലയാളികള്‍ പൊട്ടക്കുളത്തിലെ തവളകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്. കേരളത്തില്‍ പുരോഗതിയുടെ ലക്ഷണങ്ങളൊന്നും കാണാത്തതുകൊണ്ടാകാം അവര്‍ ഇങ്ങനെ ചിന്തിക്കുന്നത്. ഗള്‍ഫ് പണത്തിന്റെ പുറംപൂച്ച് മാത്രമാണ് കേരളത്തില്‍ കാണുന്നത്. മനോഹരമായ ഇരുനില വീടുകളും റോഡിലൂടെ ഒഴുകുന്ന വിലകൂടിയ കാറുകളും തങ്ങളുടെ ഭരണത്തിന്റെ മേന്മയാണന്ന് അവകാശപ്പെടാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സാധ്യമല്ലാത്തതിനാലാണ് ശബ്ദിക്കാത്തത്. 

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Highway 66 is changing the face of Kerala

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക