Image

വീഞ്ഞ് - നിർമ്മല

Published on 02 January, 2023
വീഞ്ഞ് - നിർമ്മല

വീഞ്ഞ്- ലോകത്തിലെ ആദ്യത്തെ മദ്യം  അതായിരിക്കണം.  നീളൻ തണ്ടുള്ള ഗ്ലാസുകളിൽ ചുവപ്പും സ്വർണവും റോസും നിറത്തിൽ ആഢ്യതയോടെയാണ് വീഞ്ഞ് വിളമ്പുന്നത്.   കുലീനയായ അവളുൾക്കു നേരെ കൈനീട്ടി ആർദ്രതയോടെ ചേര്ത്തു  പിടിച്ചു സാവധാനം  നൃത്തം ചെയ്യണം.  സ്‌ലോ-ഡാൻസ്.   തിരക്കു പിടിച്ചാൽ നിങ്ങൾ  വെറുമൊരു കുടിയനായി മാറും.    

പണ്ടു കാലത്തു ഫ്രാൻസിൽ ചക്കിനകത്തു കയറിനിന്നു ചവിട്ടി മെതിച്ചാണ് മുന്തിരിയിൽ നിന്നും ചാറു ഊറ്റിയെടുത്തിരുന്നത്.   പതുപതുത്ത ചങ്കിൽ ചവിട്ടുമ്പോൾ അതിൽ നിന്നും രക്തം ഊറി വരുന്നതുപോലെ,  മുന്തിരിങ്ങയുടെ സത്ത്  ചവിട്ടേറ്റ് ഊറിയൂറി വരും.  

എത്രയെത്ര തരം വീഞ്ഞുകളുണ്ടെന്നോ ഈ ലോകത്തിൽ!  ചുവന്ന വീഞ്ഞു ഇറച്ചിക്കു കൂടെ കഴിക്കാൻ മെച്ചമാണ്.  തണുപ്പും ചൂടുമല്ലാതെ അന്തരീക്ഷ വായുവിൻ്റെ അതേ  ഊഷ്മാവിലായിരിക്കണം റെഡ് വൈൻ.   ക്രിസ്തു കാനാവിൽ വീഞ്ഞാക്കിയ വെള്ളം ചുവന്ന നിറമായോ അതോ അത് വെള്ള വീഞ്ഞായി മാറിയിരുന്നോ?    വെള്ള വീഞ്ഞു ഫ്രിഡ്ജിൻ്റെ തണുപ്പിൽ നിന്നാണ് വരേണ്ടത്.  ആഭിജാത്യമുള്ള ഗ്ലാസിനു പുറത്ത് നനുത്ത വിയർപ്പുപൊടിഞ്ഞു മന്ദഹസിച്ചിരിക്കും അത്.  ഗ്ളാസിൻറെ നീളത്തിലുള്ള  ആ തണ്ടിൽ പിടിച്ചുവേണം വൈൻ കുടിക്കാൻ. കൈകൊണ്ട് ഗ്ലാസ്സിനെ പൊതിഞ്ഞു പിടിക്കരുത്. അങ്ങനെ ചെയ്‌താൽ കൈയുടെ ചൂടുകൊണ്ട് വീഞ്ഞിനു രുചിഭേദം വന്നേക്കും.

വീഞ്ഞിനു പന്ത്രണ്ടു ശതമാനമാണ്  പൊതുവേയുള്ള ലഹരിയംശം. ഇത് കൂടിയോ കുറഞ്ഞോ ഇരിക്കാം.  പക്ഷെ ഒരു പതിനാറു ശതമാനത്തിന് അപ്പുറത്തേക്ക് പോകാറില്ല.   ഇനി വീഞ്ഞിൻ്റെ  ലഹരി കൂട്ടാൻ വേണ്ടി അതിൽ ബ്രാണ്ടി ചേർക്കാം.   അതാണ് വെർമോത്. വിശപ്പുണ്ടാക്കാൻ സഹായിക്കുന്ന വെർമോത് സാധാരണ  ഒരു ആപ്പിറ്റൈസർ ആയി ഭക്ഷണത്തിനു മുൻപ് വിളമ്പാറുണ്ട്.   ത്രികോണാകൃതിയിലുള്ള ഗ്ലാസ്സിൽ ഈർക്കിലിയിൽ കോർത്തു കിടക്കുന്ന ഒലീവുകളുള്ള  പ്രശസ്തമായ ആ ഡ്രിങ്ക് ഉണ്ടല്ലോ മാർട്ടിനി, അതിൻ്റെ ആധാരം ഈ വെർമോത്ത് ആണ്.     
അല്ല ഈ ബ്രാണ്ടി തന്നെ വീഞ്ഞിനെ വാറ്റി വാറ്റി എടുക്കുന്നതാണ്. മദ്യാംശം കൂടിക്കൂടി മുപ്പത്തിയഞ്ചു മുതൽ നാല്പതു ശതമാനം   എത്തുന്നതുവരെ വാറ്റിക്കുറുക്കി  കഴിയുമ്പോൾ വീഞ്ഞിൻ്റെ  പേര് ബ്രാണ്ടി എന്നായി മാറും. എന്തിനെയും തീവ്രമാക്കണമെങ്കിൽ വാറ്റിയെടുക്കണം. തീയിൽ ആവിയാക്കി രൂപാന്തരം വരുത്തണം.  

ബഹളക്കാരിയായ ഷാമ്പെയിൻ ഒരു കൗമാരക്കാരിയെപ്പോലെയാണ് - പാർട്ടി ഗേൾ. ചിരിച്ചു പതഞ്ഞു കൂക്കിവിളിച്ചു തുളുമ്പും. പക്ഷേ ലഹരി തീരെയുമില്ല.  വെള്ളവീഞ്ഞിൽ തള്ളിക്കയറ്റിയ കാർബൺ ഡയോക്‌സ്ഡ്ൻറെ ഹോർമോൺ ബഹളമാണ് ഷാമ്പെയിനുള്ളത്. ഫ്രാൻസിൻ്റെ വടക്കുഭാഗത്ത് ബെൽജിയത്തിനെ ഉരുമ്മി നിൽക്കുന്ന പ്രദേശമാണ് ഷാംപെയിൻ. കടലിൽ നിന്നും പൊങ്ങി വന്ന ഈ പ്രദേശത്തെ മണ്ണും ചൂടും തണുപ്പും മഴയും കൂടിയാണ് അവിടെ വളരുന്ന മുന്തിരിചെടികൾക്ക് പ്രത്യേക സ്വാദു വരുത്തുന്നത്.   ഓരോ വിഭവത്തിൻ്റെയും സ്വാഭാവിശേഷത്തിനു അതു വന്ന പ്രദേശത്തിനും, ആ ദേശം ഉരുത്തിരിഞ്ഞ വിധത്തിനും പ്രാധാന്യമുണ്ട്.  
ഒന്നും സ്വയം ഉരുത്തിരിയുന്നതല്ല.

വൈൻ കുടിക്കാൻ തുടങ്ങുമ്പോൾ വായിൽ കുറച്ചൊന്നെടുത്തു സ്വാദുമുകുളങ്ങളിൽ സാവധാനത്തിൽ തൊട്ടുഴിഞ്ഞു നോക്കൂ. അതിൻ്റെ  സൂക്ഷ്മമായ  സ്വഭാവഗുണങ്ങളും സ്വാദിൻ്റെ  പ്രത്യേകതയും അറിയാൻ പറ്റും.  അതപ്പോൾ ചതഞ്ഞരഞ്ഞു പോയ പാവം മുന്തിരിങ്ങകളല്ല!    
വീഞ്ഞിൻ്റെ   സ്വാദു നോക്കുന്നതും ഗുണദോഷങ്ങൾ പറയുന്നതും ഒരു വമ്പൻ കാര്യമായിട്ടാണ് കരുതുന്നത്.  കുറെയേറെ പരിചയവും ശീലവും ഉണ്ടെങ്കിലേ ഗുണദോഷങ്ങൾ  കൃത്യമായി പറയാൻ സാധിക്കുകയുള്ളൂ.  അതൊരു കലയാണ്.  എന്നു മാത്രമല്ലയും വീഞ്ഞ് രുചിച്ചു നോക്കി അതിൻ്റെ ഗുണം നിശ്ചയിക്കുന്നത് കുലീനതയുടേയും പ്രമാണികതയുടെയും  വിശേഷാധികാരമായി അഹങ്കരിച്ചിരുന്ന ഒരു കാലവുമുണ്ടായിരുന്നു.   

വീഞ്ഞിനെക്കൂട്ടി തന്നെ അതിനൊരു  ഉന്മത്തമായ ഉദാഹരണമുണ്ട്.     ഇത് നടന്നത് 1976-ലാണ്. അന്നുവരെ ഫ്രഞ്ചുകാർ വൈനിൻ്റെ  ദേവന്മാർ എന്ന് സ്വയം വിശ്വസിച്ചിരുന്നു.  അല്ല, ലോകം മുഴുവൻ അങ്ങനെ വിശ്വസിച്ചിരുന്നു, അല്ലെങ്കിൽ അങ്ങനെ വിശ്വസിപ്പിച്ചിരുന്നു.   

ഫ്രഞ്ചുവൈനിൻറെ നേതാക്കളിൽ ഒരാളായ സ്റ്റീഫനും, സഹപ്രവർത്തക പട്രീഷ്യയും ചേർന്ന് ലോകത്തിലുള്ള വൈനുകൾക്ക് പാരീസിൽ വെച്ച് ഒരു മത്സരം നടത്താൻ തീരുമാനിച്ചു. ഗ്രീക്ക് പുരാണത്തിൽ നിന്നുമുള്ള ആ പഴയ കഥയില്ലേ, മൂന്ന് സുന്ദരികൾ പരിപൂർണ നഗ്നകളായി നിന്നുകൊണ്ടുള്ള ചിത്രങ്ങൾക്ക് ആധാരമായത് - Judgement of Paris, ആ പേരു തന്നെയാണ് ഈ മത്സരത്തിന് ഗൂഢാര്‍ത്ഥത്തിൽ കൊടുത്തത്.    

ഇതിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് ജഡ്ജിമാരിൽ ഒൻപത് പേരും ഫ്രഞ്ചുകാരായിരുന്നു.  ബാക്കി രണ്ടുപേരാണെങ്കിൽ ഫ്രഞ്ച്-വൈൻ വിപണിയിലെ വിജയശ്രീലാളിതരും മത്സര സംഘാടകരുമായ സ്റ്റീഫനും, വൈൻ നിപുണ   പട്രീഷ്യയും. ആഹ, ബഹുരസം! സുപ്രധാന സ്വാദുവിദഗ്ദ്ധരെ കൂട്ടി ഫ്രഞ്ച്-വൈൻ ലോകോത്തരമെന്ന് സ്ഥാപിക്കുക.  അത് ആഘോഷിച്ചു രസിച്ചുല്ലസിക്കുക.   മത്സരത്തിൻ്റെ ഉദ്ദേശം ക്ഷണിക്കപ്പെട്ട വിധികർത്താക്കൾക്കും, ലോകത്തിനും   ഉറപ്പായും അറിയുമായിരുന്നു.   

ഈ മത്സരത്തിൻ്റെ പ്രത്യേകത ഇത് കൺകെട്ടിയുള്ള മത്സരമായിരുന്നു എന്നതായിരുന്നു. കണ്ണു കെട്ടുകയില്ലെങ്കിലും വിധികർത്താക്കൾക്ക് ഏത് വൈനാണ് അവർ രുചിനോക്കുന്നത് എന്നറിയാൻ പറ്റില്ല. വൈനുകൾക്ക് പേരുകൾക്കു പകരം നമ്പറിട്ടായിരുന്നു അവർക്ക് രുചിച്ചു നോക്കാൻ കൊടുത്തത്.    എങ്ങനെ കണ്ണടച്ചു കുടിച്ചാലും ഫ്രഞ്ച് വൈനിൻ്റെ ലോകോത്തര സ്വാദും മേന്മയും മുന്നിൽ നിൽക്കുമെന്ന് ഉറപ്പുണ്ടായിരുന്ന ശ്രേഷ്ടരായ വിധി കർത്താക്കൾ കുറച്ചൊരു തമാശയോടെ വൈനുകൾ  ഒന്നൊന്നായി രുചിച്ചു നോക്കി . 
  

അങ്ങനെ ആത്മവിശ്വാസത്തിൽ സമ്പൂർണമായും ആഘോഷിച്ചുനിന്ന ജഡ്ജികളേയും കാഴ്ച്ചക്കാരേയും ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തു വന്നത്.  ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും  വന്നതു അമേരിക്കൻ വൈനുകളായിരുന്നു.  തീരെ പ്രതീക്ഷിക്കാതെ കാലിഫോർണിയ പാരിസിനെ മലർത്തിയടിച്ചു. 
  

ശരിക്കുള്ള തമാശ തുടങ്ങിയത് ഫലം പുറത്തു വന്നു കഴിഞ്ഞപ്പോഴാണ്.    ഫ്രാൻസിലെ റിവ്യൂ ഓഫ് ഫ്രഞ്ച് വൈൻ, ഫുഡ് ആൻഡ് വൈൻസ് ഓഫ് ഫ്രാൻസ് എന്ന രണ്ടു മാസികകളുടെ പത്രാധിപ ആയിരുന്നു ഒഡേറ്റ് കാൻ വിധികർത്താക്കളിൽ പ്രധാനിയായ ഒരാളായിരുന്നു.  വൈനുകളുടെ അന്താരാഷ്‌ട്ര അക്കാദമി അംഗമായിരുന്ന അവ൪ ഭക്ഷണപാനീയങ്ങളുടെ വക്താവായിട്ടാണ് അറിയപ്പെട്ടിരുന്നതും സ്വയം വിശ്വസിച്ചിരുന്നതും.  ലേബല് നോക്കാതെ സ്വാദുനോക്കിയപ്പോൾ ഒഡേറ്റ് കൂടുതൽ പോയൻ്റ കൊടുത്തത് രണ്ടും കാലിഫോർണിയ വൈനുകൾക്കായിരുന്നു.   അപ്രതീക്ഷതമായ അവസാന ഫലപ്രഖ്യാപനം വന്നപ്പോൾ അവർക്ക് വല്ലാത്ത അരിശം വന്നു. താൻ കൊടുത്ത  മാർക്ക് ഷീറ്റ്  തിരികെ തരണമെന്ന് പറഞ്ഞു അവർ ബഹളമുണ്ടാക്കി.അതോടെ പ്രിയമിത്രമായിരുന്ന മത്സര സംഘാടകൻ സ്റ്റീഫനോടും അവർ പിണങ്ങുകയും, മത്സരത്തിനെ കുറ്റം പറയുകയും ചെയ്തു. സംഘാടകർ എന്ന നിലയിൽ സ്റ്റീഫന്റെയും പട്രീഷ്യയുടെയും മാർക്കുകൾ അവസാന തീരുമാനത്തിൽ കൂട്ടിയതുമില്ല.

ഇങ്ങനെയുള്ള മത്സരത്തിൽ വിധികർത്താക്കളുടെ അഭിപ്രായം അപ്പോഴത്തെ രുചിഭേദമനുസരി ച്ചായിരിക്കുമെന്നും, ഇതേ വൈനുകൾ, ഇതേ ആളുകൾ അടുത്ത ദിവസം പരീക്ഷിച്ചാൽ ഉത്തരങ്ങൾ വ്യത്യസ്ഥമായിരിക്കും എന്നൊക്കെ പ്രഖ്യാപിച്ച് പാവം സ്റ്റീഫൻ തടിതപ്പാൻ നോക്കി.  ഈ സംഭവം അടിസ്ഥാനമാക്കി ഒരു സിനിമയും ഉണ്ട്.  2008 -ൽ ഇറങ്ങിയ ഈ സിനിമയുടെ പേര് ബോട്ടിൽ ഷോക്ക് എന്നാണ്. 

എന്തായാലും അതോടെ കാലിഫോർണിയ വൈൻ ലോകവിപണിയിൽ പ്രശസ്‌തമായി. ഫ്രഞ്ചുകാരുടെ അമിതമായ ആത്മവിശ്വാസം അമേരിക്കക്കു കൊടുത്ത സൗഭാഗ്യം! ഇപ്പോൾ കാലിഫോർണിയ വൈനുകൾ ലോകോത്തര വൈനുകളായി പല മത്സരങ്ങളിലും വിജയിക്കുന്നുണ്ട്. എന്തിന് കാനഡയിൽ നിന്നുള്ള ആരും ശ്രദ്ധിക്കാതെ വിട്ടിരുന്ന  വൈനുകൾവരെയാണ് ഇപ്പോൾ മത്സരങ്ങളിൽ വിജയിക്കുന്നത്.   

അല്ലെങ്കിലും ഏതു കൂട്ടത്തിലും വിജയ സാധ്യതയില്ലാത്ത, അധഃകൃതനായി കരുതിയ ആൾ  വിജയിക്കുന്നത് കാണാൻ ഒരു ചേലുണ്ട് - പരാജയപ്പെടുന്നത് നമ്മളല്ലെങ്കിൽ.എന്നും അണ്ടര്‍ഡോഗായിരിക്കുന്നവർക്ക്  അതിൽ പ്രത്യേകിച്ചൊരു ഉന്മാദം തന്നെ തോന്നും. അത് തങ്ങൾ തന്നെയാണെന്ന് അവർ വിശ്വസിക്കുന്നത് പോലെ.അതുകൊണ്ടാണ് ഇതേപോലെയുള്ള യഥാർത്ഥ സംഭവങ്ങളിൽ അടിസ്ഥാനമായ സിനിമകൾ വിജയിക്കുന്നത്.   

മത്സരങ്ങളിലായാലും ജീവിതത്തിലായാലും വിജയിക്കുന്നവർ, മുന്പന്തിയിലെത്തുന്നവർ കുറവാണ്.ഒരു ക്ലാസിലെ കുട്ടികളിൽ മൂന്നോ നാലോപേരെ മാത്രമേ സമർത്ഥരായി അല്ലെങ്കിൽ വിജയികളായി എല്ലാവരും ഓർത്തിരിക്കാറുള്ളു.  ഏതൊരു കൂട്ടത്തിലും പത്തു ശതമാനത്തിൽ കുറവായിരിക്കും  വിശിഷ്ടരായി, യോഗ്യതയുള്ളവരായി,  ഓർക്കപ്പെടുന്നത്.  ബാക്കിയുള്ള തൊണ്ണൂറു ശതമാനവും ആ പത്തു ശതമാനത്തിൻ്റെ  മൂല്യം കൂട്ടിക്കാണിക്കുനുള്ള ഉപകരണങ്ങളായി മാറും, വിജയികളെ ഉയർത്തിപ്പിടിക്കാനുള്ള ചവിട്ടു പടി. തൊണ്ണൂറു ശതമാനത്തിൻ്റെ തോളിൽ ചവുട്ടി നിൽക്കുന്നത് കൊണ്ടാണ് വിജയികളെന്നു വിശേഷിപ്പിക്കുന്നവരെ ദൂരെവരെ കാണുന്നത്.    

താരതമ്യം ചെയ്യാൻ തോറ്റുകൊണ്ടിരിക്കുന്നവർ ഇല്ലെങ്കിൽ വിജയികൾക്കൊരിക്കലും മുന്നിലെത്തിഎന്ന് പറയാൻ പറ്റില്ല.   ഒരു ക്ലാസിലെ കുട്ടികളെല്ലാം ഒരേ നിലവാരം പുലർത്തുന്ന വരാണെങ്കിലോ?  ഒരു ക്ലാസിൽ ഒരുപോലെ സമർത്ഥരായ ആകെ അഞ്ചു കുട്ടികളെ ഉള്ളെങ്കിലോ?  അത്ര സമർത്ഥരല്ലാത്ത കുറേ കുട്ടികൾ അവരെ ഉയർത്തിപ്പിടിക്കാനില്ലെങ്കിൽ അവരുടെ മൂല്യം കുറയുമോ? പഠിത്തത്തിലും കഴിവിലും സോഷ്യലിസം വന്നാൽ സമർത്ഥന്മാർ എന്ന സങ്കല്പം ഇല്ലാതാവുമോ?    

സത്യത്തിൽ, മദ്യത്തിൻ്റെ, ലഹരിയുടെ ഒരു വിശിഷ്ട ഗുണം  അത് അഹംഭാവവും,പിരിമുറുക്കവും മാറ്റി മനുഷ്യരെ  വെറും മനുഷ്യരാക്കി മാറ്റും എന്നതാണ്.  കുറച്ചുകൂടി തറപ്പിച്ചു പറഞ്ഞാൽ സത്യസന്ധതയുള്ള  പച്ച മനുഷ്യരാക്കി മാറ്റും.അന്ധമായ ലഹരിക്കിടയിൽ ഏറ്റക്കുറച്ചിലുകൾ ഇല്ലാതാവുന്നു.  സുഖദുഃഖങ്ങളും പിരിമുറുക്കങ്ങളും അയയുന്നു.  സത്യവും നീതിയും പുറത്തു വരുന്നു. എന്നാലും ഷേക്സ്പിയർ മാക്ബെത്തിൽ പറഞ്ഞതുപോലെ തൃഷ്‌ണയെ ഉത്തേജിപ്പിക്കുകയും ഉദ്യമത്തെ  നിർവ്വീര്യമാക്കുകയും ചെയ്യുന്ന ലഹരി പാവം മനുഷ്യനെ ഒടുവിൽ പരിഹാസ്യനാക്കുന്നു.   it provokes the desire but it takes away the performance (Shakespeare – Macbeth)
Cheers 2023 !

NIRMALA  - WINE  CHEERS 2023

വീഞ്ഞ് - നിർമ്മല
വീഞ്ഞ് - നിർമ്മല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക