Image

കണ്ടം വഴി ഓടിയ കണ്ടൻ ( അവധിക്കഥ - 5- പ്രകാശൻ കരിവെള്ളൂർ )

Published on 02 January, 2023
 കണ്ടം വഴി ഓടിയ കണ്ടൻ ( അവധിക്കഥ - 5- പ്രകാശൻ കരിവെള്ളൂർ )

ഈ ലോകത്ത് ആരെങ്കിലും ഒരു പൂച്ചയ്ക്ക് കണ്ണനുണ്ണി എന്ന് പേരിടുമോ ? എന്നാൽ അനുമോൾ അവളുടെ സുന്ദരൻ പൂച്ചയ്ക്ക് ആ പേരാണിട്ടത്. ഒരു അമ്മപ്പൂച്ച അനുമോളുടെ വീട്ടിലെ ഒലക്കോട്ടിലാണ് കണ്ണനുണ്ണിയെ പ്രസവിച്ചത്. നാലു കുഞ്ഞുങ്ങളുണ്ടായിരുന്നു. മൂന്നിനെയും കടിച്ച് തൂക്കി എങ്ങോ കൊണ്ടു പോയി. ബാക്കിയായ കുഞ്ഞിനെ തിരിഞ്ഞ് നോക്കിയില്ല. അനുമോളുടെ അമ്മ ചായയ്ക്ക് വാങ്ങുന്ന പാലിൽ നിന്നും രണ്ട് സ്പൂണെടുത്ത് ആ പൂച്ചക്കുഞ്ഞിന് കൊടുത്തു. അതു കുടിച്ച് അവൻ വളർന്നു. അനുമോൾ കഥാ പുസ്തകം വായിക്കുമ്പോഴും കണക്ക് ചെയ്യുമ്പോഴും കളിക്കുമ്പോഴുമെല്ലാം കണ്ണനുണ്ണി കൂടെയുണ്ടാകും. വീടിന്റെ ഇറയത്തു വച്ച ഹാർഡ്‌ ബോർഡ് പെട്ടിയിലാണ് അവന്റെ ഉറക്കം.
ദോശയായാലും ഇഡ്ഢലിയായാലും ചോറായാലും കണ്ണനുണ്ണിക്ക് കൂടുതലൊന്നും വേണ്ട. പേരിന് കഴിച്ചെന്ന് വരുത്തി, മറ്റുള്ളവർ തിന്നുന്നത് നോക്കിയിരിക്കും. അവർ തിന്നാൽ അവ നാണ് വയറ് നിറയുന്നതെന്ന് തോന്നും കണ്ടാൽ . കണ്ണനുണ്ണിക്ക് ഏറ്റവും ഇഷ്ടം മീനാണ്. അനുമോളുടെ അച്ഛൻ മീനുമായി വന്നാൽ കണ്ണനുണ്ണി ഗേയ്റ്റ് ചാടി പുറത്തു കടന്ന് അച്ഛനെ ആനയിച്ച് കൊണ്ടു വരും. പിന്നെ, മുറിക്കുന്നത് വരെ അമ്മയുടെ പിറകിൽ നിന്ന് മാറില്ല.
മീനും പരമാവധി പോയാൽ ഒന്ന് മുഴുവൻ . അതിനപ്പുറം വേണ്ട അവന് .
കണ്ണനുണ്ണി ഒരു പാവം പൂച്ചയാണ്. ചുമരരികിൽ വന്ന് കളിക്കുന്ന ചെറുപ്രാണി യേപ്പോലും പിടിച്ച് തിന്നാനറിയില്ല. എല്ലാത്തിനെയും പേടിയാണ്. ചുറ്റു വട്ടത്തെ കുഞ്ഞു പൂച്ച കളടക്കം കണ്ണനുണ്ണിയെ പേടിപ്പിച്ചോടിച്ച് അവന്റെ തീറ്റ സ്വന്തമാക്കും. 
എങ്ങു നിന്നോ വലിയ ശബ്ദത്തിൽ മ്യാവൂ മുരണ്ടു കൊണ്ടെത്തുന്ന ഒരു കണ്ടൻ പൂച്ചയുണ്ട്. കണ്ണനുണ്ണിയെ മാന്തുകയും കടിക്കുകയും തല്ലുകയും ചെയ്യലാണ് അവന്റെ ഇഷ്ടവിനോദം .

അനുമോൾ സ്കൂൾ വിട്ട് വരുമ്പോഴേക്കും വാലോ കൈയോ കാലോ ചെവിയോ മൂക്കോ മുറിഞ്ഞ് സങ്കടത്തിലിരിക്കുന്ന കണ്ണനുണ്ണിയെയാണ് കാണുക.
അവൾ അമ്മയോട് ദേഷ്യപ്പെട്ടു - ഇത് എന്താ അമ്മേ ? എന്റെ കണ്ണനുണ്ണിയെ ശ്രദ്ധിക്കാത്തത് ?

ഞാൻ പറഞ്ഞാ കേൾക്കാതെ ഇവനെന്തിനി കണ്ട കണ്ടന്റെ തല്ല് കൊള്ളാൻ പുറത്ത് പോന്ന്. ആ കണ്ടനാണെങ്കിൽ എറിഞ്ഞ് പായ്ച്ചാലും ഞാൻ കാണാത്തേരം ഇവന വന്ന് കടിക്കീം ചെയ്യും.
ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. അയലത്തെ ബാബുവങ്കിളിന്റെ വീട്ടിൽ കൂട്ടിൽ വളർത്തുന്ന നായയുണ്ട്. ഒരു ഞായറാഴ്ച്ച കണ്ടൻ വന്നപ്പോൾ അനു ആ അങ്കിളിനോട് നായയെ തുറന്നു വിടാൻ പറഞ്ഞു. നായ പുറത്തു വന്ന ഉടൻ ഉറക്കെ കുരച്ചു കൊണ്ട് കണ്ടന്റെ നേരെ ഒരു ചാട്ടം. കണ്ടൻ കണ്ടം വഴി ഓടി ജീവനും കൊണ്ട് രക്ഷപ്പെട്ടു. അതിന് ശേഷം ആ ചുറ്റുവട്ടത്തെ വീട്ടുകാരാരും കണ്ടനെ കണ്ടിട്ടില്ല.
അനുമോൾക്ക് സമാധാനമായി.
ഇപ്പോൾ കണ്ണനുണ്ണിക്ക് ആരിൽ നിന്നും പരിക്കൊന്നും പറ്റാറില്ല. 
അനുമോളുടെ സൈക്കിൾ ബെല്ല് ഗേയ്റ്റിൽ കേൾക്കുമ്പോഴേ അവൻ സന്തോഷത്തോടെ ഓടി വരും - മ്യാവൂ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക