Image

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആര്‍.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്‌ന

Published on 02 January, 2023
ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആര്‍.രാജഗോപാലിന് മാധ്യമശ്രീ, വി.ബി പരമേശ്വരന് മാധ്യമരത്‌ന

കൊച്ചി: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ പി സി എന്‍ എ )ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മാധ്യമശ്രീ അവാര്‍ഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍. രാജഗോപാലും മാധ്യമരത്‌ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരനും അര്‍ഹരായതായി ഇന്ത്യ പ്രസ്‌ക്ലബ് പ്രസിഡന്റ് സുനില്‍ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ് , നിയുക്ത പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, ഉപദേശക സമിതി അംഗം മാത്യൂ വര്‍ഗീസ് എ ന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

1989 ല്‍ വേണാട് പത്രിക സായാഹ്ന പത്രത്തിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച ആര്‍. രാജഗോപാല്‍ 1996 ലാണ് ജോയിന്റ് ന്യൂസ് എഡിറ്ററായി ദി ടെലിഗ്രാഫില്‍ എത്തിയത്. പത്ത് വര്‍ഷം കൊണ്ട് അദ്ദേഹത്തിന് ഉത്തരേന്ത്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ടെലിഗ്രാഫിന്റെ ചീഫ് എഡിറ്ററാകാന്‍ കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയാണ് രാജഗോപാല്‍.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന സംഭവവികാസങ്ങളെ ലോക മലയാളികളെ അറിയിച്ച വി.ബി പരമേശ്വരന്‍ 2001 ല്‍ തീവ്രവാദികള്‍ പാര്‍ലമെന്റ് ആക്രമിച്ചപ്പോള്‍ പാര്‍ലമെന്റിനകത്തുണ്ടായിരുന്ന അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. 20 വര്‍ഷം ഡല്‍ഹിയിലും 12 വര്‍ഷം കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ മൊറാഴ സ്വദേശിയാണ്.

മാധ്യമമേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍ അര്‍ഹനായി. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങിലും കായിക റിപ്പോര്‍ട്ടിങ്ങിലും പ്രാഗത്ഭ്യം തെളിയിച്ച ശശീന്ദ്രന്‍ മാഹി സ്വദേശിയാണ്. മാതൃഭൂമിയില്‍ ബ്യൂറോ ചീഫായും പ്രത്യേക ലേഖകനായും വാര്‍ത്താവിഭാഗം മേധാവിയായും ഡെപ്യുട്ടി എഡിറ്ററായും പ്രവര്‍ത്തിച്ച ശശീന്ദ്രന്‍ ഡെസ്‌കില്‍ പ്ലാനിങ് ആന്‍ഡ് കോര്‍ഡിനേഷന്‍ ചുമതല വഹിക്കുന്നു. മാധ്യമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മലയാള മനോരമ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സുജിത് നായര്‍ക്ക് ലഭിച്ചു. മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോയില്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റായി പ്രവര്‍ത്തിക്കുന്ന സുജിത് നായര്‍ മനോരമയുടെ രാഷ്ട്രീയ ലേഖകന്‍ എന്ന നിലയില്‍ വായനക്കാര്‍ക്ക് ഏറെ പരിചിതനാണ്.മണിച്ചന്‍ മാസപ്പടി കേസിലെ സിപിഎം ബന്ധം അടക്കം കേരള രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നു. സുജിത്തിന്റെ രാഷ്ട്രീയ വിശകലനങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ നേര്‍കണ്ണാടിയായി മാറി. 

മറ്റു പുരസ്‌കാരങ്ങള്‍:
മികച്ച ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ് : ജോഷി കുര്യന്‍ (ബ്യൂറോ ചീഫ് ആന്‍ഡ് സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഏഷ്യാനെറ്റ് ന്യൂസ്), മികച്ച ടി.വി അവതാരക : സ്മൃതി പരുത്തികാട് (സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മീഡിയവണ്‍), മികച്ച ടി.വി അവതാരകന്‍ : ഹാഷ്മി താജ് ഇബ്രാഹിം (സീനിയര്‍ ന്യൂസ് എഡിറ്റര്‍, 24 ന്യൂസ്), മികച്ച റേഡിയോ ജേര്‍ണലിസം പുരസ്‌കാരം : ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഡയറക്ടര്‍, ഹിറ്റ് 96.7 എഫ് എം, ദുബായ്), മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് : വിന്‍സന്റ് പുളിക്കല്‍(സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), മികച്ച ഫീച്ചര്‍: സീമ മോഹന്‍ലാല്‍ (സബ് എഡിറ്റര്‍, രാഷ്ട്ര ദീപിക).

ജനുവരി 6 ന് ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മന്ത്രിമാരായ എം.ബി രാജേഷ് , കെ.രാജന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എം.പിമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, എം.എല്‍.എ മാരായ അനൂപ് ജേക്കബ് ,ടി.ജെ വിനോദ്, കെ.ജെ മാക്സി, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ഡോ. മാത്യു കുഴല്‍നാടന്‍, വി.ആര്‍ സുനില്‍കുമാര്‍, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഉമാ തോമസ് കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗുരുവന്ദനം ചടങ്ങില്‍ കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ടി.ജെ.എസ് ജോര്‍ജ്, ബി ആര്‍ പി ഭാസ്‌കര്‍, പി.രാജന്‍, എം.പി മോഹനന്‍ എന്നിവരെ ആദരിക്കും. ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള മാധ്യമ ശ്രീയും 50,000 രൂപ സമ്മാനത്തുകയുള്ള മാധ്യമ രത്‌നയും കേരളത്തില്‍ അച്ചടി-ദൃശ്യ-റേഡിയോ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡുകളാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക