ഒരിക്കൽ ! ഒരിക്കലെങ്കിലും ഈ തേർത്തടത്തിൽ ഒന്നുറഞ്ഞു തുള്ളണം .
അതിനാണ് ,അതിനുവേണ്ടി മാത്രമാണ് ഈ ത്യാഗങ്ങളെല്ലാം .ഒരുപക്ഷെ ഒടുക്കം അമ്പേറ്റു വീഴുമായിരിക്കും .എന്നാലും തുള്ളിയിരിക്കും ! മനസ്സിൽ
ഉറപ്പിച്ചുകഴിഞ്ഞാൽ കാര്യങ്ങൾ എത്ര എളുപ്പമായി .
ഞാൻ വാണീവൃതബാബു -എത്ര അലങ്കോലപ്പെട്ട പേര് .അല്ലേ ? അച്ഛൻ അറിഞ്ഞുതന്നതാണ് . പാലിയേടത്തു പരമേശ്വരൻ നായരുടെ ഏക മകൻ . ആയില്യം നാൾ .അഞ്ചടിആറിഞ്ചു പൊക്കം .നിഷ്കളങ്ക വാശിക്കാരൻ ചാരു ദയാശീലൻ .
ന്യൂയോർക്കിൻറെ ഒരൊഴിഞ്ഞ കോണിൽ എങ്ങിനെയോ യൂദൻ വെട്ടിപ്പിടിച്ച മൂന്നേക്കറിലാണ് ഈ ഏഴുനിലകെട്ടിടം ഇരിക്കുന്നത് ..നാൽപ്പത്തെട്ടു റീറ്റെയ്ൽ സ്റ്റോറുകളുള്ള പ്രസ്ഥാനത്തിന്റെ ആസ്ഥാനം .
ഏഴാം നിലയിലാണ് ഈതൽ കോ എന്ന തലമൂത്ത യൂദൻറെ ഓഫീസ്.
സ്റ്റോർ മാനേജർ മാരെ അയാൾ നേരിട്ട് ഇന്റെർവ്യൂ ചെയ്തെടുക്കുന്നു .ഇന്റർവ്യൂ കഴിഞ്ഞു നമ്മൾ പുറത്തുകടക്കുമ്പോൾ അയാൾ ആരെയും കാണാപാഠം പഠിച്ചിരിക്കും ,അയാളതിന് വിദഗ്ദ്ധനാണ് !
ഏത് ഇന്റർവ്യൂന് പോകുമ്പോഴും എൻ്റെ പകപ്പുകണ്ട് അച്ഛൻ പറയാറുള്ള വാക്കുകൾ ലിഫ്റ്റിൽ നിന്ന് പുറത്തേക്ക് കടക്കുമ്പോൾ മനസ്സിൽ കിടന്നു തിളങ്ങി .
“ അങ്ങേ അറ്റം വന്നാൽ അവർ പറയും, നിന്നെ അവർക്കു വേണ്ടെന്ന് . ഈ വീടിവിടെ ഉണ്ട് ,മേശപ്പുറത്തു ചോറുണ്ട് ,ഞാനിവിടെ ഉണ്ട് .നീ പോയി വാടാ !! “
സ്യൂട്ടിനകത്തു പെട്ടുപോയപോലെ മെലിഞ്ഞുണങ്ങിയ ഒരാൾ ആ വലിയ മുറിയിൽ ഒറ്റക്കിരിക്കുന്നു .അയാൾ സാവധാനം പറഞ്ഞുതുടങ്ങി ;
“ കാര്യം ഇന്ത്യയിൽ ആണെങ്കിലും ,റീറ്റെയ്ൽ തസ്തികയിൽ ,സ്വന്തമായി കടനടത്തി പത്തുവർഷത്തെ പരിചയം അതുകൊണ്ടുമാത്രമാണ് തനിക്ക് മാനേജർ പദവി തരുന്നത് .അല്ലെങ്കിൽ സെയിൽസ് മാനിലൂടെ ,അസിസ്റ്റൻറ്
മാനേജരിലെത്തി ,അവസാനം മാനേജരായെന്ന് വരാം .പിന്നെ ലോകത്തെവിടെ ആണെങ്കിലും വാണിജ്യം ഒന്നുതന്നെയാണ് . ഒരു വിലക്ക് വാങ്ങി കൂടുതൽ വിലക്ക് വിൽക്കുമ്പോൾ ലാഭം ഉണ്ടാകുന്നു .
“ എല്ലാ കച്ചവടക്കാർക്കും അവരവരുടെ രീതികളുണ്ട് .എനിക്കുമുണ്ട് !! താനത് സാവധാനം പഠിക്കും . പക്ഷെ മുന്ന് കാര്യങ്ങൾ ചുരുക്കി പറയുന്നു .
1 . എന്റേതായ ഒന്നും മോഷ്ടിക്കരുത് . 2 . മാനേജരായിരിക്കുന്ന കാലത്തോളം എൻ്റെ സാധനങ്ങൾ സൂക്ഷിക്കണം . 3 . എൻ്റെ പണം കൃത്യസമയത്തു ബാങ്കിൽ അടക്കണം . തനിക്ക് നാളെ മുതൽ ആറാം അവന്യുവിലെ അമ്പത്തിരണ്ടാം തെരുവിലെ സ്റ്റോറിൽ മാനേജരായി തുടങ്ങാം .
കാര്യങ്ങൾ പച്ചയായി പറയാൻ യാതൊരു മടിയുമില്ലാത്ത യൂദൻറെ ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ പുതിയൊരദ്ധ്യായം മുമ്പിൽ കണ്ടു .
പിറ്റേദിവസം രാവിലെ ,ഏഴരക്ക് ,സ്റ്റോറിലെത്തുമ്പോൾ അവിടെ ചെറിയൊരു യുദ്ധത്തിന്റെ പ്രതീതി .സ്റ്റോറിന്റെ വശത്തായി നിർത്തി ഇട്ടിരിക്കുന്ന ട്രൈലറിൽ നിന്ന് , ചക്രങ്ങൾ ഘടിപ്പിച്ച ഒരിരുമ്പ് പലകയിലുടെ
കാർട്ടൻസ് ഒഴുകി നേരെ ബേസ്‌മെന്റിൽ എത്തുന്നു .നല്ല ഇട്ടിക്കണ്ടപ്പന്മാരായ
മൂന്നു കറമ്പന്മാർ മുകളിലും മുന്ന് പേർ താഴയും നിന്ന് കാര്യങ്ങൾ നയിക്കുന്നു .
പുറകിലത്തെ വാതിലിലൂടെ അകത്തേക്ക് കടക്കുമ്പോൾ “ ഗുരുവായൂരപ്പാ താങ്ങിക്കോളണെ “ എന്നറിയാതെ പറഞ്ഞുപോയി . പന്ത്രണ്ടു തട്ടുകളുള്ള ഒരു
സ്‌റ്റാന്റിൻറെ മുകളിൽ നിന്ന് എലിക്കുഞ്ഞു പോലിരിക്കുന്ന ഒരാൾ കൈവീശി കാണിച്ചു .അതുവരെ അമ്പത്തിരണ്ട് പണിക്കാരുള്ള സ്റ്റോർ ഒറ്റക്ക് ഭരിച്ച ധീര പരാക്രമിയാണ് അയാളെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി .
കൃത്യം എട്ടരയ്ക്ക് മുൻവശത്തെ വാതിൽ തുറക്കുമ്പോൾ ,പല പല രാജ്യങ്ങളിൽ നിന്നായി , സ്വപ്നങ്ങൾ വാങ്ങാനെത്തിയ മുപ്പത്തിരണ്ട് ലലനാമണികൾ അകത്തേക്ക് പ്രവേശിക്കുന്നു .യൗവ്വനത്തിന്റെആത്മാവിൽ തീ കോരിയിട്ടുകൊണ്ട് “ഉർവശി ,മേനക ,രംഭ ,തിലോത്തമമാർ “ എഴുന്നള്ളുന്നു . പടകൾ വന്നാൽ സ്റ്റോർ അകെ ഒന്നങ്ങു ഉണരും പത്തൊൻപതുപേർ റെജിസ്റ്ററിൽ
വിൽക്കുന്ന പൈസ വാങ്ങാൻ വേണ്ടി മാത്രം . ബാക്കിയുള്ളവർ പെട്ടിപൊട്ടിച്ചു
സ്റ്റോക്ക് നിറക്കുന്നു . പുതിയ മാനേജരുടെ അരങ്ങേറ്റം ചെറിയൊരു മർമ്മരം പോലെ വായുവിൽ പതയുന്നതു ശ്രദ്ധിക്കാതിരുന്നില്ല .
അധികം ചിരിക്കാതെ ,കൂടുതൽ സംസാരിക്കാതെ ദിവസം മുന്നോട്ട് ഇഴഞ്ഞു
നീങ്ങി .പോകെ പോകെ ഞാനാ പത്മതീർത്ഥത്തിന്റെ ആത്മാവിലലിഞ്ഞു .
അപരിചിതത്വം മായിച്ചുകളയാനുള്ള ശ്രമത്തിനിടയിൽ ,പേരുകളും ,മുഖങ്ങളും ,ഓർമ്മിക്കാൻ ശ്രമിച്ചു . നഗരത്തിന്റെ ഇരുണ്ട ഇടനാഴികകളിൽ നിന്നും , ജോലിക്കെത്തുന്ന കറുമ്പൻറെ ഇറുകിയ ജീൻസിനുള്ളിൽ കനത്ത തോക്കുകൾ പതിയിരിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു . വാക്കിലും ,പ്രവർത്തിയിലും ,താളം തെറ്റാതിരിക്കാൻ , മനസ്സിൽ ദീപാരാധനയുമായി
നടന്നു .
ഉച്ചക്ക് ഭക്ഷണ സമയത്ത് ,മാനേജർ മാർക്ക് മാത്രമുള്ള സ്റ്റോറിന്റെ പുറകിലെ മുറിയിൽ വച്ചാണ് സഹയാത്രികനായ ധീരനെ പരിചയപ്പെടുന്നത് .
കനത്ത അറബിച്ചുവയുള്ള ഇംഗ്ലീഷിൽ ; “ എൻ്റെ പേര് ശുക്രി ,ഈജിപ്തിൽ നിന്നാണ് “ . അയാളെന്നെ സസൂഷ്മം ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി .പ്രതീക്ഷിച്ച പോലെ
അടുത്ത ചോദ്യം പിടച്ചു ചാടി .
“ ന്യൂയോർക്കിൽ വന്നിട്ടെത്ര കാലമായി ? “
“ ഒരാഴ്ച “
“ വീരാധി വീരനായ ഇത്തൽ കോഹനെ പറഞ്ഞു വീഴ്ത്തി ഒരാഴ്ചക്കുള്ളിൽ ഇവിടെ മാനേജരുടെ ജോലി അടിച്ചെടുക്കണമെങ്കിൽ ഞാനങ്ങയെ ഗുരോ എന്ന് തന്നെ വിളിക്കണം .”
ഞാൻ ചിരിക്കേണ്ടതാണ് .എന്തുകൊണ്ടോ കഴിഞ്ഞില്ല .
ശുക്രി പറഞ്ഞു തുടങ്ങി ; “ കണക്കുകൾ ,പണം .ബാങ്ക് ഈ മേഖലകൾ
താൻ ശ്രദ്ധിക്കുക .കാലാൾ പടയെ മേക്കുന്ന കാര്യം ഞാനേറ്റു .”
“ ശരീരം ചെറുതാകുമ്പോൾ ബുദ്ധി കുടും “ എന്ന് അച്ഛൻ പറഞ്ഞു തന്ന ബാലപാഠം ഓർമയിൽ വന്നു .സ്വതവേ വാചാലനായ അയാൾ ഗുളിക രൂപത്തിലാണ് കാര്യങ്ങൾ പറഞ്ഞു തന്നത് . ഈ നീണ്ട യാത്രക്ക് അതൊരു സഹായമായി .എൻ്റെ പ്രായത്തെ വിലയിരുത്തിയിട്ടെന്നോണം അയാൾ
തുടർന്നു : “ ഇതൊരു നിറങ്ങളുടെ ലോകമാണ് .അത് രാവിലെ മനസ്സിലായല്ലോ
ആസ്വദിക്കാം ! പക്ഷെ , ആകൃഷ്ടനാകരുതു . അതുപോലെ കറമ്പനോട് നയത്തിൽ ഇടപെടുക . പുറമെ നിന്നും വരുന്ന അജ്ഞാത ശക്തികളുടെ കാര്യമാണ്!! .” ഇത്രയും പറഞ്ഞിട്ട് അയാളൊന്ന് നിർത്തി . എന്തോ ഒരു ദുരൂഹത
അയാളുടെ മുഖത്ത് നിഴലിച്ചിരുന്നു .മനസ്സൊന്ന് പിടഞ്ഞു .
സ്റ്റോറിന് ചുറ്റും ഓഫീസുകളുടെ മേഖല പരന്നു കിടക്കുന്നു .രാവിലെ ജോലിക്ക് കയറുന്നതിന് മുമ്പും ,ഉച്ചക്ക് ഭക്ഷണ സമയത്തും ,വൈകുന്നേരം
വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പും ജനങ്ങളെത്തുന്നു . ഭാരിച്ച സഞ്ചികളുമായി തിരിച്ചു പോകുന്നു .ആലുവാ മണപ്പുറത്തെ പോലെ മണലുവാരിയിട്ടാൽ താഴാത്ത ജനപ്രവാഹം . ചെറിയ ലാഭവീതം വച്ച് ആളുകളെ ആകർഷിക്കുന്ന
കോഹന്റെ വാണിജ്യ തന്ത്രം ഇവിടെ വിജയിക്കുന്നു .
സ്റ്റോറിലെ സ്ത്രി ജനങ്ങൾ നിയന്ത്രിക്കുന്ന പത്തൊൻപത് രെജിസ്റ്റർ മെഷിനുകളിൽ ഡോളർ കുമിഞ്ഞുകൂടുന്നു .അത് ദിവസത്തിൽ രണ്ടുപ്രാവശ്യം
പെറുക്കി ,എണ്ണി , കണക്കുണ്ടാക്കി ,ബാങ്കിൽ അടക്കുക എന്ന പ്രക്രിയ അത്ര നിസ്സാരമായ കാര്യമല്ലെന്ന് പോകെ പോകെ മനസ്സിലായി .രാവിലെ മുതൽ സ്റ്റോറിനു മുമ്പിൽ കാവൽ നിൽക്കുന്ന ,സെക്യൂരിറ്റി മൈക്കിൾ ,ബാങ്കിലേക്കുള്ള എൻ്റെ യാത്രക്ക് അകമ്പടി സേവിക്കുന്നു .തോക്കുധാരിയായ ,
കരാട്ടെക്കാരന്റെ കൂടെയുള്ള യാത്ര അൽപ്പം ആശ്വാസമായിരുന്നു .
ഓരോ പ്രാവശ്യം പണം ശേഖരിക്കാൻ രെജിസ്റ്ററുകളിൽ എത്തുമ്പോഴും
സുന്ദരാങ്കികൾ എൻ്റെ വ്യക്തി ജീവിതത്തിന്റെ ഉള്ളറകളിലേക്ക് ,ചോദ്യങ്ങൾ കൊണ്ടൊരു തേരോട്ടം നടത്തും .മാത്രമല്ല പുറത്തു മാറിടത്തിന്റെ മാർദ്ദവം
പകർന്നുകൊണ്ടുള്ള ആ ചോദ്യങ്ങൾ തുടക്കത്തിൽ ഒരിക്കിളിയായി. .പിന്നീടാണ് അതിനു പുറകിലെ അപകടം തിരിഞ്ഞത് .കണക്ക് കൂട്ടി ഒപ്പിക്കുമ്പോൾ അഞ്ചു ഡോളറിന്റെ വരെ വ്യത്യാസം മാനേജർക്ക് കണ്ണടയ്ക്കാൻ അധികാരമുണ്ട് . പക്ഷെ ഒരു സാൻഡ്‌വിച്ചിനും ,രണ്ടു സബ്‌വേ
ടോക്കണും ആ തുക മതിയാകും .
ഓരോ വട്ടം അരികിലെത്തുമ്പോഴും വിഷാദചിരിയുമായി മാറിനിൽക്കുന്ന ,ചാരനിറക്കാരിയെ ഒന്ന് നോക്കിവച്ചു .ആദ്യം വിചാരിച്ചതു ഇന്ത്യയിലെ ഏതെങ്കിലും ഗ്രാമത്തിൽനിന്നാണെന്നാണ് .എനിക്ക് തെറ്റി .ഗയാനയിൽനിന്ന് സ്വപനങ്ങൾ വാങ്ങാനെത്തിയതാണ് .
“ എന്താടി പെണ്ണെ നിൻറെ പേര് ? “
“ മൂൺവാട്ടി ലാൽധാരി . മീനു എന്ന് വിളിക്കും . “
“ ആർഷഭാരതം അരച്ചുകലക്കിയപോലുണ്ടല്ലോ പേരുകേട്ടിട്ട് . “
“ കളിയാക്കണ്ട .എൻ്റെ പൂർവികർ രാജസ്ഥാനിൽ നിന്നാണ് .തനി ക്ഷത്രിയർ
അമ്മുമ്മ എന്നെ ഹിന്ദി പറയാൻ പഠിപ്പിച്ചിട്ടുണ്ട് .’
അവളെൻറെ മനസ്സിലെവിടെയോ ലേശം തീ കോരിയിടാതിരുന്നില്ല !!
എന്നും സ്റ്റോർ അടച്ചിറങ്ങുമ്പോൾ ശുക്രിയും ഞാനുമെ ഉണ്ടാകാറുള്ളൂ .വായ് നിറയെ ബിസ്കറ്റിട്ടു ചവച്ചുകൊണ്ട് , രണ്ടു കൈയിലും കനത്ത ബാഗുകളുമായി അയാൾ വരും .
ഒരു ദിവസം ചോദിച്ചു ; “ എന്താ ശുക്രി ഈ ബാഗിലെല്ലാം ? എന്നും വാങ്ങി കൊണ്ടുപോകുന്നത് കാണാമല്ലോ “
“ പതിനൊന്നു വർഷമായി കോഹനെ സേവിക്കാൻ തുടങ്ങിയിട്ട് . ശമ്പള കുടുതലും , ഉദ്യോഗ കയറ്റവും വെറുമൊരു സ്വപ്നം മാത്രമാണ് .കഴുതയുടെ
മുമ്പിൽ കാരറ്റുകാണിക്കുന്ന പോലെ വർത്തമാനം കേൾക്കാം .ഒന്നും സംഭവിക്കില്ല .വീട്ടു ചിലവിനുള്ള സാധനങ്ങൾ എല്ലാദിവസവും കുറേശ്ശെ
കൊണ്ടുപോകും .ഒരു കുടുംബത്തിന്റെ ചക്രം തിരിയെണ്ടേ ?
വീടിൻറെ തെക്കുവശത്തു അച്ഛൻറെ പഴമ മണക്കുന്ന ഓഫീസ് മുറി .ചിലന്തിവലയും ,കണക്കുപുസ്തകങ്ങളും ആലിംഗനം ചെയ്തു കിടക്കുന്നു .
എപ്പോൾ നോക്കിയാലും ആ ചൂരൽ കസേരയിൽ ഇരുന്ന് കൂട്ടുകയും ,കിഴിക്കുകയും ചെയ്യുന്ന കാണാം .വീടിന്റെ ചുറ്റും കൂപ്പിൽ നിന്നും വരുന്ന തടികൾ ചിതറി കിടക്കുന്നു .തടിയും ,മരവും കണക്കുകളുമായിരുന്നു
അച്ഛന് എന്നും പ്രിയം .ഒത്ത വണ്ണവും ,നീളവും ഉള്ള ഒരു തടി കണ്ടാൽ
അച്ഛൻ മണിക്കൂറുകളോളം ആ നിന്നനിൽപ്പ് നിൽക്കും . അങ്ങിനെയാണ് “തടിപ്പാച്ചു “ എന്ന ഓമന പേരുവീണത് .
ഓഫീസിലിരുന്ന് അച്ഛൻ കണക്കുകൾ കുത്തിക്കുറിക്കുമ്പോൾ എതിർ വശത്തെ കസേരയിലിരുന്ന് മേശപ്പുറത്തെ സാധനങ്ങൾ എടുത്തുകളിക്കുക
എൻ്റെ പതിവായിരുന്നു .ഒരിക്കൽ സിഗററ്റുവാങ്ങാനായി അച്ഛൻ രേണുക ചേടത്തിയെ അയച്ചപ്പോൾ ഞാനും കൂടെ പോയി . മിട്ടായിക്കുപ്പിയുടെ മുകളിലിരുന്ന ,ഒരു സ്വർണനിറമുള്ള പിന്ന് ശ്രദ്ധയിൽ പെട്ടു .മടങ്ങുമ്പോൾ ഞാനതും കൈയിൽ എടുത്തു .മേശപ്പുറത്തു അതിട്ടുകളിക്കുമ്പോൾ അച്ഛൻ ശ്രദ്ധിച്ചു .
‘
എവിടുന്നു കിട്ടിയെടാ ഇത് ? “
“അബ്ദുല്ലയുടെ മിട്ടായിടിന്നിനു മുകളിൽ നിന്ന് “
“‘എടുക്കുമ്പം ചോദിച്ചോ ? “
‘ ഇല്ല “
“ വേഗം തിരിച്ചുകൊണ്ടുപോയി കൊടുക്ക് “
“ഞാൻ പോവൂല്ല .”
വീപ്പ ചിറ്റിന്റെ സ്‌കെയിലുകൊണ്ടുള്ള അടി കടവരെ കിട്ടി . എൻ്റെ അലമുറയിട്ട കരച്ചിൽ .അതിനിടക്ക് ഇത്രയും കേട്ടു .
“ എന്തിനാ ചേട്ടാ ആ പാവം കൊച്ചിനെ ഇങ്ങനെ ഹേമിക്കണത് ? അതൊരു വെറും പിന്നല്ലേ ? “ അച്ഛനലറി ; “ തനിക്കതൊരു വെറും പിന്നാകും ,എനിക്കെന്റെ മകൻറെ സ്വഭാവവും .”
ഉറങ്ങുന്നതിനു മുമ്പ് തിണർത്തുകിടന്ന പാടുകളിൽ എണ്ണതിരുമ്മുമ്പോൾ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ,” എൻ്റെ കണ്ണൻ തന്റേതല്ലാത്ത ഒന്നും എടുക്കരുത് . “
ചില വടുക്കൾ ദേഹത്തും ,ചിലത് മനസ്സിലും പതിയുന്നു .മനസ്സിലെ വടുക്കൾ മരണം വരെയാണ് .
തികഞ്ഞ സംസാരപ്രിയനായ ശുക്രി ,വാതോരാതെ ഓരോന്ന് പറയും . “ കണ്ണും ,കാതും ,കൂർപ്പിച്ചു നിന്നോളണം .ഇവിടെ എല്ലാം പെട്ടന്നാണ് സംഭവിക്കുന്നത് .ചിലപ്പോൾ നമ്മുടെ ചിന്തയിൽ ഒതുങ്ങില്ല .ജീവിച്ചിരിക്കുക
അതാണല്ലോ പ്രധാനം” .
സ്റ്റോറിൽ ആളൊഴിഞ്ഞ ഒരു മദ്ധ്യാഹ്നം . സെക്യൂരിറ്റി ഭക്ഷണത്തിന് പോയ
തക്കം നോക്കി നെടിയഒരാൾ കടന്നുവരുന്നത് ഞാനകലെ കണ്ടു. ആറു തട്ടിന്റെ സ്റ്റാൻഡിന് മുകളിലേക്ക് മീനു എടുത്തുതരുന്ന ചുരുട്ടും ,സിഗരറ്റും അടുക്കുകയായിരുന്നു . മുൻവശത്തെ ബട്ടണുകൾ ഇടാതെ ,
അലസമായി കിടന്ന കോട്ടിന് പുറത്തായി ,തുകലിന്റെ ചേളാകം തൂക്കി ഇട്ടിരിക്കുന്നു . പകപ്പുകലർന്ന ,രൂക്ഷവും , പരുഷവുമായ നോട്ടം .ശ്രദ്ധയുള്ള
കാൽവെപ്പുകളോടെ ,ബാറ്ററിയും ,ഫിലിമുകളും അടുക്കിയ റാക്കിലേക്കു അയാൾ നടന്നു .ചുറ്റും ഒന്ന് പാളിനോക്കി ,എന്നിട്ട് സാധനങ്ങൾ ചേളാകത്തിൽ
നിറക്കാൻ തുടങ്ങി .
കോണിയുടെ മുകളിൽ നിന്ന് ഒറ്റച്ചാട്ടത്തിന് ഞാനയാളെ പുറകിൽ നിന്ന് പിടിച്ചു . “ ശുക്രി “ എന്ന എൻ്റെ അലർച്ചക്കുപുറകെ അയാളെത്തി .പക്ഷെ ഒരു കാര്യം പിഴച്ചു .ഓടിവന്നത് അയാളുടെ മുമ്പിൽകൂടി ആയിപ്പോയി .ഒറ്റ ചവിട്ടിനു ,ശുക്രി ഇരുപതടി അകലേക്ക് തെറിച്ചുപോയി ,ഒരു സ്റ്റാൻഡിൽ തട്ടി
മയങ്ങിവീണു .
പുലിയെ പുറകിൽ നിന്ന് പിടിച്ച പ്രതീതി .പിന്നെ സംഭവിച്ചതെല്ലാം ഞൊടിയിടകൊണ്ട് കഴിഞ്ഞു . ചീങ്കണ്ണിയെ വെട്ടാൻ പോന്ന കത്തി അയാൾ കോട്ടിനുള്ളിൽ നിന്ന് വലിച്ചെടുത്തു .ഒറ്റ വീശ് . ടൈയുടെ പകുതിയും ,മുഖത്തും ,കഴുത്തിലും ഓരോ മുറിവുകളുമായി കത്തി പാളി .ചീറ്റി തെറിച്ച ചോരയിൽ ,ഷൂസ് തെന്നി മാറിക്കൊണ്ടിരുന്നു .എന്നിട്ടും പിടി ഞാൻ വിട്ടില്ല .
ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം പിന്നെയാണ് നടന്നത് . ബാക്കി എല്ലാവരും നോക്കിനിൽക്കെ മീനു കൈയിൽ കിട്ടിയതെന്തോ വച്ച് അയാളെ മുന്നിൽ നിന്ന് നേരിട്ടു .അയാൾ കത്തി ആഞ്ഞു വീശി .അവളയാളുടെ കൈയിൽ ആഞ്ഞു കടിച്ചു . ഒരലർച്ചയോടെ ,കുതറിയോടി അയാൾ രക്ഷപ്പെട്ടു .
വേദനകൊണ്ട് പുളഞ്ഞു ആംബുലൻസിൽ കിടക്കുമ്പോൾ മീനു
പതുക്കെ ചെവിയിൽ പറഞ്ഞു .
“ നമ്മുടെ സിരകളിൽ ഓടുന്നത് ഒരേ രക്തമാണ് .! അതു മറക്കണ്ട !!”
രണ്ടാഴ്ചത്തെ വിശ്രമം കഴിഞ്ഞു ,ഒരു തിങ്കളാഴ്ച ,ദിവസം പതിനെട്ടു കുത്തിക്കെട്ടുകളുമായി ,സ്റ്റോറിലെത്തുമ്പോൾ ,എല്ലാം പണ്ടത്തെപ്പോലെ ശാന്തം .തണുപ്പുകാലം തുടങ്ങിയിരുന്നു .ഗ്ലൗസും ,തൊപ്പിയും ,കോട്ടും
സ്റ്റോറിലൂടെ ഉലാത്താൻ തുടങ്ങിയിരുന്നു .ജനപ്രവാഹത്തിന് ഒരു കുറവുമില്ല .
സ്റ്റോറിന്റെ പുറകിലെ മുറിയിലിരുന്ന് ,കുഴഞ്ഞു കിടക്കുന്ന കണക്കുകൾ വെടിപ്പാക്കാൻ ശ്രമിക്കുമ്പോൾ ,ശുക്രി കടന്നുവന്നു .
“ രണ്ടു ദിവസം ബാങ്ക് അവധിയായതുകൊണ്ട് പണം അടച്ചിട്ടില്ല .സേഫുകൾ
നിറഞ്ഞിരിക്കുകയാണ് . “
“ എനിക്കറിയാം, ഇന്നത്തെ കളക്ഷൻ അടക്കം ഫോർ ഹൺഡ്രഡ് തൗസൻഡ് കഴിയും . “
അയാൾ എൻ്റെ കസേരയുടെ മുമ്പിൽ അടുത്തിരുന്നു .നേരെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി .അവ്യക്തവും ,ദുരൂഹവുമായ ഒരു ഭാവം മുഖത്ത് തത്തി
കളിക്കുന്നത് കാണാമായിരുന്നു .അർത്ഥഗര്ഭവും ,വാചാലവുമായ ഒരുനിമിഷത്തെ മൗനത്തിനുശേഷം അയാൾ ചോദിച്ചു ;
“ ഈ വാഗ്‌ദത്ത ഭൂമിയിൽ സ്വപ്‌നങ്ങൾ വാങ്ങാൻ എത്തിയതല്ലേ .”
“ അതെ . എൻ്റെ പാതകളിലൂടെ !! “
“ഞാനെൻറെ പാത തിരഞ്ഞെടുത്തു കഴിഞ്ഞു . “
ശുക്രിയുടെ മുഖം ശാന്തമായിരുന്നു .
വൈകുന്നേരം സ്റ്റോറിൽനിന്നും ,അവസാനമായി യാത്രപറഞ്ഞിറങ്ങുമ്പോൾ രണ്ടു നിറമിഴികൾ പിന്തുടരുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു .
#Story of Gold Pin (Manohar Thomas)