Image

കാവൽ മാലാഖ (ചിഞ്ചു തോമസ്‌)

Published on 04 January, 2023
കാവൽ മാലാഖ (ചിഞ്ചു തോമസ്‌)

ആനി കരിമ്പടത്തിന്റെ ഉള്ളിൽ കിടന്ന് പുസ്തകം വായിക്കുകയാണ്. ആ പുസ്തകം അജ്ഞാതമായ പ്രതിഭാസങ്ങളെക്കുറിച്ചും മനുഷ്യരുടെ പിടികിട്ടാത്ത അനുഭവങ്ങളെക്കുറിച്ചുമുള്ളതായിരുന്നു…

 അവൾ വായിച്ചു:

പണ്ട് ഒരാൾക്കുണ്ടായിരുന്ന മൊട്ടക്കുന്ന് ഭാഗിച്ച് അയാൾ പലർക്കായി വിൽപ്പന നടത്തി. വാങ്ങിയവർ ഓരോരുത്തരായി അവിടെ വീടുവെച്ച് താമസമാക്കി. നാളുകൾ കടന്നുപോകുംതോറും അവിടെ വീടുവെച്ച കുടുംബത്തിലെ ഗൃഹനാഥന്മാർ ഓരോരുത്തരായി ഓരോ അസുഖങ്ങളാൽ മരിച്ചു. അവിടെ ഗൃഹനാഥന്മാർ ഇല്ലാത്ത ഇടമായി. വിധവകൾ തമ്മിൽ തമ്മിൽ നോക്കി. അവരുടെ വളർന്നു വരുന്ന ആൺകുട്ടികളെ നോക്കി. അവിടെ താമസിച്ചവർ അങ്ങനെ ഓരോരുത്തരായി സ്ഥലമൊഴിഞ്ഞുപോയി. ആ കുന്ന് ശാപം കിട്ടിയ കുന്നായി അറിയപ്പെട്ടു. അങ്ങനെ ആ മൊട്ടക്കുന്ന് വിജനമായി പിന്നെയും അവശേഷിച്ചു.

ആരിൽനിന്നാകും ആ പാവം മൊട്ടക്കുന്നിന് ശാപം കിട്ടിയിട്ടുണ്ടാകുക ? ആനി കുറേ നേരം അത് ചിന്തിച്ചിരുന്നു.

അവൾ അടുത്ത കഥയിലേക്ക് പോയി. കാലൻ ഒരു നാട്ടിലിറങ്ങിയ കഥ…

കാലൻ ഒരിക്കൽ ഒരു സ്ഥലത്ത് ഒരാളെ യമലോകത്തേക്ക് കൊണ്ടുപോകാൻ കറങ്ങി നടക്കുകയാണ്. അയാളാണെങ്കിൽ കാലന്റെകൂടെ പോകാൻ കൂട്ടാക്കുന്നില്ല താനും. അയാൾ ദൈവത്തോട് തന്റെ ആയുസ്സ് നീട്ടിക്കിട്ടാൻ പ്രാത്ഥിച്ചുകൊണ്ടിരുന്നു. ദൈവം അയാൾക്ക്‌ ഒടുക്കം ആയുസ്സ് നീട്ടിക്കൊടുത്തു. കാലൻ അതറിയാതെ അവിടെ ചുറ്റിത്തിരിയുകയാണ്. അയാൾ പോകാനൊട്ട് കൂട്ടാക്കുന്നുമില്ല. കലിമൂത്ത് കാലൻ അയല്പക്കങ്ങളിലുള്ള വീടുകളിലെ ഓരോരുത്തരെയായി മാസങ്ങളുടെ ഇടവേളകളിൽ യമലോകത്തേക്ക്  കൊണ്ടുപോയി. അയാൾക്ക് പിടിവീഴും എന്ന് പ്രതീക്ഷിച്ച് കാലൻ പിന്നെയും അവിടെത്തന്നെ നിൽക്കുകയാണ്. കാലൻ കയർ കഴുത്തിലേക്കെറിയുമ്പോഴൊന്നും അയാളുടെ കഴുത്തിൽ കുരുക്ക് വീഴുന്നില്ല. ഒടുവിൽ കുരുക്ക് വീണത് അയാളുടെ വീട്ടിലെ നായക്ക്. കാലൻ നായയെക്കൊണ്ട് സംതൃപ്തിയടഞ്ഞ്‌ ആ പ്രദേശത്തുനിന്ന് മാറിപ്പോയി. 

“പാവം നായ ആ വീട്ടിൽത്തന്നെ വന്ന് പെട്ടുപോയതുകൊണ്ടെല്ലേ”, ങ്ഹാ…

ആനി അനന്തതയിലേക്ക് നോക്കിയിരുന്ന് ശാപം കിട്ടിയ മൊട്ടക്കുന്ന് ഇന്നും തനിച്ച് ജീവിക്കുന്ന കഥയും കലിപൂണ്ട കാലനും കാലന്റെ കലിക്ക് ഇരയാകേണ്ടിവന്ന ഒന്നുമറിയാത്ത അയല്പക്കത്തെ ജനങ്ങളേയും നായയെയുമൊക്കെ ഓർത്ത് അങ്ങനെ ഉറങ്ങിപ്പോയി. 

ആ രാത്രി ശൈത്യം അതിന്റെ സർവ്വശക്തിയും പുറത്തെടുത്ത് വിരുന്ന് വന്നു.. അവിടെയുള്ള എല്ലാ വീടുകളും തന്റെ നാടിനും നാട്ടാർക്കും വേണ്ടി യുദ്ധത്തിൽ പോരാടി സംരക്ഷണയേകുന്ന ഓരോ വീരന്മാരെ പ്രതിനിധീകരിച്ചു. ആ നാട് തണുത്തുറഞ്ഞു.

രണ്ട് ദിവസമായിരുന്നു ആനി വാതിൽതുറന്നു പുറത്തിറങ്ങിയിട്ട്. അവൾ കമ്പിളി വസ്ത്രങ്ങളിൽ അഭയം കണ്ടെത്തിയിരിക്കുകയാണ്. കമ്പിളി കൊണ്ടുണ്ടാക്കിയ ചെരുപ്പ് കയറ്റിയിട്ട് അവൾ വരാന്തയിലേക്ക് ഇറങ്ങിനിന്നു. വൃക്ഷങ്ങളെല്ലാം മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ് നഗ്നതയിൽ നാണിച്ചു നിൽക്കുന്ന കുട്ടികളെപ്പോലെ തോന്നിച്ചു. 

നിരനിരയായി വെട്ടിനിർത്തിയ പുൽപ്പടർപ്പിലേക്ക് ആനി കണ്ണോടിച്ചു. വളർന്ന് ക്രമാധീതമായി വർദ്ധിച്ചു കണ്ണിലേക്കിറങ്ങിക്കിടക്കുന്ന ആൺകുട്ടികളുടെ മുടിപോലെ നിൽക്കുന്ന ചെടികളെ ഭാസ്കരൻ ഒരു മുടിവെട്ടുകാരന്റെ സൂക്ഷ്മതയോടെയും കരവിരുതോടെയും വെട്ടിമിനുക്കുകയായിരുന്നു. ഇത്രെ തണുപ്പത്ത് ഭാസ്കരൻ എങ്ങനെ ഈ പണികളൊക്കെ ചെയ്യുന്നു , എന്നവൾ ആശ്ചര്യപ്പെട്ടു.

ഭാസ്കരാ ഇങ്ങു വരൂ..
അയാൾ ധൃതിയിൽ അവളുടെ അടുത്തേക്കോടിവന്നു. 

കുറച്ച് വെയിലായിട്ട് ഈ പണികൾ ചെയ്താൽ പോരേ? , അവൾ ചോദിച്ചു.

അതിന് എനിക്കിതൊരു തണുപ്പല്ല കുഞ്ഞേ.
അയാൾ സ്വെറ്ററും മങ്കിക്യാപ്പും മഫ്ളറും ധരിച്ചിരുന്നു എങ്കിലും താഴോട്ട് ഒരു നേർത്ത കൈലിയും പാരഗൺ ചപ്പലും മാത്രമായിരുന്നു.

എന്താ അങ്ങ് പുൽത്തകിടിയിൽ വെള്ള നിറത്തിൽ കാണുന്നത് ?, അവൾ ഒരു വശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ചോദിച്ചു.

അത് ഒരു കിളിയെ തിന്നിട്ട് ഇട്ടേക്കുന്നതാണ്. അതിന്റെ കാൽപാദങ്ങളും തൂവലുകളും മാത്രമാണ് അവിടെ ബാക്കിയുള്ളത്. അതാ കണ്ടൻപൂച്ചയുടെ പണിയാകും. അതിനെ ഇവിടെയൊന്നും കാണുന്നില്ല.

അവളുടെ ഉള്ളൊന്ന് പിടഞ്ഞു. ഇതിനുമുമ്പ് ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. വീട്ടുമുറ്റത്ത് വേപ്പ് മരത്തിന്റെ ചോട്ടിലായി കിളിയുടെ അവശിഷ്ട്ടം.  

അവൾ വീടിന്റെയുള്ളിലേക്ക് പോയി ചാരുകസേരയിൽ ഇരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അവൾക്ക് അനുഭവപ്പെട്ടതിനെ കുറിച്ച് അവൾ ഓർത്തു..

‘ആ സമയം സൂര്യനുദിച്ചിരുന്നില്ല. അവൾ ഉറക്കമുണർന്നിരുന്നില്ല എങ്കിലും അവളുടെ ഹൃദയതാളം അവൾക്ക് അനുഭവപ്പെടുമാറ് ടപ് ടപ് അടിച്ചുകൊണ്ടിരുന്നു. പിന്നെ കുറച്ചു നിമിഷങ്ങൾ ഹൃദയം നിലച്ചു. ഹൃദയം തുടിക്കാതെ എത്ര നിമിഷങ്ങളുണ്ടായിരുന്നു എന്ന് അവൾക്ക് നിശ്ചയമില്ല. പിന്നെയും ഹൃദയം താളമടിച്ചുതുടങ്ങി ടപ് ടപ്. ആനിക്ക് ഹൃദയം ഇരിക്കുന്ന ഭാഗം അനുഭവപ്പെട്ടു. ആ ഭാഗത്ത് വേദനയുണ്ടായി. . അവൾ മരണത്തിൽനിന്ന് തിരിച്ചുനടന്നു.അവൾ കണ്ണുതുറന്നു. നെഞ്ചിൽ വേദന അപ്പോഴുമുണ്ട്. നടന്നത് യാഥാർത്ഥ്യമോ എന്നറിയാതെ കടന്നുപോയ കുറേ നിമിഷങ്ങൾ..’!

സമയം കളയാതെ അവൾ ഫോണെടുത്ത് അപ്പായെ വിളിച്ചു.

എനിക്ക് അപ്പ കാണുന്ന ഹൃദ്രോഗ വിദഗ്ധനെ ഒന്ന് കാണണം , അവൾ പറഞ്ഞു.

‘അതിനെന്താ മോളെ .. കാണാമല്ലോ. ഞാൻ ആശുപത്രിയിൽ വിളിച്ച് ബുക്ക് ചെയ്തേക്കാം’, എന്തിനെന്ന് പോലും ചോദിക്കാതെ അപ്പ മറുപടി പറഞ്ഞു.

അമ്മ ചോദിച്ചു ,’ എന്താ മോളെ കാര്യം ‘?

ഉറക്കത്തിൽ ആയിരിക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് ഇടയ്ക്ക് കുറച്ചുനേരത്തേക്ക് നിന്നുപോയി .

അങ്ങനെ ഹൃദയം നിന്നാൽ മരിക്കില്ലേ ? നീ വെല്ല സ്വപ്നവും കണ്ടതാകും.

ചിലപ്പോൾ ആയിരിക്കാം . എങ്കിലും ഡോക്ടറോട് സംസാരിക്കുന്നതിൽ തെറ്റില്ലല്ലോ . ഡോക്ടർ എന്നെ കളിയാക്കുമോ ഞാനിങ്ങനൊക്കെ പറയുമ്പോൾ ?, അവൾ അമ്മയോട് ചോദിച്ചു.

ഇല്ല , ആ ഡോക്ടറോട് എന്തുവേണമെങ്കിലും പറയാം. ആൾ ഒരു രസികനാണ്. നമ്മൾ എന്ത് പറഞ്ഞാലും ഡോക്ടർ ശ്രദ്ധയോടെ കേട്ടിരിക്കത്തേയുള്ളൂ.

ആനിക്ക് അതുകേട്ട് ആശ്വാസമായി.

അമ്മേ കഴിഞ്ഞയാഴ്ച്ച ഞാൻ വെള്ളയപ്പം ഉണ്ടാക്കിയിരുന്നു. അത് ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ അതിൽ വിള്ളൽ ഉണ്ടായിരുന്നു. ആനി അമ്മയോട് ആ വിവരം പറഞ്ഞതുകേട്ട് അടുക്കളയിൽ ജോലിയിലായിരുന്ന വേലക്കാരി ഭാരതി അവരുടെ അടുത്തേക്ക് വന്നു. ഭാരതിയുടെയും അമ്മയുടെയും മുഖത്ത് ഭയം നിഴലിച്ചു കാണാമായിരുന്നു. അതിനുള്ള കാരണം ആനിക്ക് അറിയാമായിരുന്നു.

‘പണ്ട് മുതുമുത്തച്ഛന്മാർ ജോലിസംബന്ധമായി ഈ നാട്ടിലേക്ക് വന്ന് സ്ഥലം വാങ്ങി വീട് പണിത കാലം. അന്നത്തെ വീട്ടുകാരണവത്തി ഒരു ദിവസം വെള്ളയപ്പം ഉണ്ടാക്കി. അത് വിണ്ടുകീറിയിരുന്നു. അവർ അന്നുവരെ ഉണ്ടാക്കിയിരുന്ന വെള്ളയപ്പത്തിനൊന്നും അങ്ങനെയൊന്ന് കണ്ടിട്ടില്ല. അവർ അത് പലരോടും പറഞ്ഞു വിഷമിച്ചു. അവർക്ക് അതൊരു ദുസ്സൂചനപോലെ തോന്നിച്ചു. പിന്നെ ഒരിക്കൽക്കൂടി വെള്ളയപ്പം ഉണ്ടാക്കാൻ അവർ ഉണ്ടായില്ല. അത് അവരുടെ മക്കളിലും മരുമക്കളിലും പേടിയുണ്ടാക്കി. കാലങ്ങൾക്കിപ്പുറം ഒരു മകൾ വെള്ളയപ്പമുണ്ടാക്കിയപ്പോൾ ഇതേ വിണ്ടുകീറൽ കണ്ടു. അവർ പേടിച്ചു. അവർ വേഗമൊരു ഡോക്ടറിനെപ്പോയിക്കണ്ടു. ഡോക്ടർ അവരിൽ ജീവഹാനി ഉണ്ടാക്കുന്ന ഒരസുഖം കണ്ടുപിടിച്ചു. ചികിത്സിച്ചു. അവർ ഇന്നും ജീവിച്ചിരിക്കുന്നു. അങ്ങനെ ആ വീട്ടിലുള്ള പല പിന്തലമുറക്കാരായ മക്കൾക്കും മരുമക്കൾക്കും ഇതേ അനുഭവം ഉണ്ടാവുകയും അവരിൽ ഉടൻതന്നെ ഓരോ അസുഖങ്ങൾ കണ്ടുപിടിക്കപെടുകയും ചെയ്തു. അമ്മച്ചി കാവലായുണ്ട് എന്നായിരുന്നു അന്ന് മുതൽ ആ വീട്ടിലെ പെണ്ണുങ്ങളുടെ വിശ്വാസം.’ 
ആനിയുടെ അമ്മയോ ഭാരതിയോ പിന്നെ  ഒന്നും പറഞ്ഞില്ല. അവർ ഭയന്നിരുന്നു.

ആനിക്ക് ഡോക്ടറെ കാണാനുള്ള ദിവസമെത്തി. അവൾ ഡോക്ടറോട് ഹൃദയമിടിപ്പ് ശെരിയല്ല എന്ന് തോന്നുന്നു എന്ന് മാത്രം പറഞ്ഞു.

ഹൃദയം നിന്ന് പോയതുപോലെ തോന്നിയോകുട്ടിക്ക്?  ഡോക്ടർ ചോദിച്ചു.

അതെ എന്നവൾ ഉത്തരം പറഞ്ഞു.

കുട്ടി എന്ത് ചെയ്യുന്നു?

ഞാൻ എഴുതാറുണ്ട്.

ഡോക്ടർ അവളെ ഏറുകണ്ണിട്ടു നോക്കി. ഇതൊക്കെ എഴുതുമോ ?

അറിയില്ല. ചിലപ്പോൾ…

ഡോക്ടർ ശബ്ദം ശെരിയാക്കി. അല്പ്പം ഗൗരവ ഭാവം ഇട്ടു. ഞാനിനി സൂക്ഷിച്ചു വർത്തമാനം പറയണമെല്ലോ !
അവൾ അതിന് ഒരു ചിരി മാത്രം മറുപടി നൽകി.

‘ഇവൾ ഭയങ്കര ഓട്ടക്കാരിയും ചാട്ടക്കാരിയുമാണ് ഡോക്ടറേ ‘, അപ്പ ഇടയ്ക്ക് മകൾക്ക് പാരപണിഞ്ഞ്  ഒറ്റി.

അവൾ അപ്പയെ നോക്കി കണ്ണുരുട്ടി.

‘ അതിനെന്താ , അച്ചായന് ഈ പ്രായത്തിൽ ഓടാൻ പറ്റുമോ ? അവൾക്ക് ചെയ്യാൻ പറ്റുന്നതെല്ലാം അവൾ ചെയ്യട്ടെ ‘ , ഡോക്ടർ മറുപടി പറഞ്ഞു.

ഡോക്ടർ പരിശോധന നടത്തി. ‘ഹൃദയമിടിപ്പ് അറുപത്തിമൂന്നാണ്. സാധാരണയിൽനിന്ന് കുറവാണ് എന്ന് വേണമെങ്കിൽ പറയാം. നമുക്ക് ഹൃദയമിടിപ്പ് എത്രെയൊക്കെപ്പോകുമെന്ന് അറിയണം. അതൊരു മെഷീനിന്റെ സഹായത്തോടെ കണ്ടു പിടിക്കാൻ സാധിക്കും’ , ഡോക്ടർ പറഞ്ഞു. ആ മെഷീൻ ഘടിപ്പിക്കുമ്പോൾ എന്നും എന്തൊക്കെ ചെയ്യുന്നോ അതെല്ലാം ചെയ്യണം, കഥ എഴുതുകയോ, തലകുത്തി മറിയുകയോ, എന്തൊക്കെ ദിവസവും ചെയ്യുമോ അതെല്ലാം ചെയ്യണം. 

ശരി ഡോക്ടർ.

ഡോക്ടർ അവളെ ചിരിച്ചുകൊണ്ട് യാത്രയാക്കി.

അവൾ പുറത്തിറങ്ങി. അപ്പയും അമ്മയും മുമ്പേ കാറിലേക്ക് നടന്നു. അവൾ പുറകിലായും. അവളുടെ കൈയ്യിൽ ആരോ പിടിച്ചു. അവൾ തിരിഞ്ഞു നോക്കി. അവൾ പറഞ്ഞുകേട്ട കഥകളിലെ അവളുടെ മുതുമുത്തശ്ശി ആണ് എന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി.

അമ്മച്ചി എന്താ എന്റെ അടുത്ത് ?, അവൾ ചോദിച്ചു.

വെറുതെ. നിന്റെ കൂടെ കുറച്ചുനേരം നടക്കാൻ.

അമ്മച്ചിക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ ?

ഒന്നുമില്ല കൊച്ചേ, ചുമ്മാ നിന്റെ കൂടെ ഒന്ന് നടക്കാൻ വന്നതാ..

എന്നാൽ എനിക്കുണ്ട് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ , ആനി പറഞ്ഞു.

എന്നതാ?

അമ്മച്ചി  ആയകാലത്ത് ജവഹർലാൽ നെഹറുവുമായി പ്രണയത്തിലായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
അതിൽ വെല്ല കാര്യവുമുണ്ടോ ? അതോ അമ്മച്ചിയുടെ തള്ളായിരുന്നോ?

അമ്മച്ചി മോണകാട്ടി നാണം കലർന്ന ഒരു ചിരി ചിരിച്ചു. ങ്ഹാ നിന്നെ കുറിച്ച്‌ ഞാനും ചിലത് അറിയുന്നുണ്ട് !

എന്ത് ? ആനിക്ക് ആശങ്കയായി.

ഒന്നുമില്ല നീ നടക്ക്..

അമ്മച്ചി അവളുടെ കൈയ്യും പിടിച്ച് പെയ്യെ പെയ്യെ അവളുടെ കൂടെ നടന്നു ഒരു കാവൽ മാലാഖയായി.

# Kaval Malakha- by Chinchu thomas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക