Image

കുള്ളൻ രാക്ഷസന്റെ കുറിയ വാതിൽ പവിഴ ദ്വീപ് (നർമ്മ കഥ: ജയൻ വർഗീസ്)

Published on 04 January, 2023
കുള്ളൻ രാക്ഷസന്റെ കുറിയ വാതിൽ പവിഴ ദ്വീപ് (നർമ്മ കഥ: ജയൻ വർഗീസ്)

( കഥയുടെ പുരാവൃത്തം : ഒരിടത്ത് ഒരു കുള്ളൻ രാക്ഷസൻ ഉണ്ടായിരുന്നു. മുത്തും  പവിഴവും പൂത്തു നിൽക്കുന്നഒരു രത്ന ദ്വീപിന്റെ ഉടമയായിരുന്നു അയാൾ. ദ്വീപിലേക്കുള്ള കവാടത്തിൽ തനിക്കു കടക്കാൻ പാകത്തിന് ഒരുകുറിയ വാതിൽ അയാൾ നിർമ്മിച്ചിരുന്നു. രത്ന തിളക്കത്തിൽ ആകൃഷ്ടരായി   തന്റെ ദ്വീപിൽ എത്തുന്നവരെ  ഈവാതിലിലൂടെ ആയിരുന്നു അയാൾ അകത്തു കടത്തിയിരുന്നത്. തന്റെ വാതിലിനേക്കാൾ വലിപ്പം കൂടിയവർഎത്തിയാൽ കൂടുതലുള്ള ശരീര ഭാഗങ്ങൾ മുറിച്ചു മാറ്റിയിട്ടാണ് അയാൾ തന്റെ വാതിലിലൂടെ അവരെകടത്തിയിരുന്നത്. ഇപ്രകാരം പല പൊക്കമുള്ളവരും കൊല്ലപ്പെട്ടിരുന്ന ഒരു  കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്ഈ കഥ. ) 

അമേരിക്കയിലെ മലയാള സാഹിത്യ കാരൻ  കമന്റ്‌ കുഞ്ഞപ്പന്റെ ഇന്ത്യാ സന്ദർശനം വലിയവർത്തയാവുമെന്നാണ് കുഞ്ഞപ്പൻ പോലും  കരുതിയതെങ്കിലും ഒന്നുമുണ്ടായില്ല. അമേരിക്കയിലെ മൊത്തംമലയാള സാഹിത്യത്തിന്റെ സംഘാടകൻ  ആണല്ലോ താൻ എന്ന ആത്മ വിശ്വാസത്തോടെ, ആണ് കുഞ്ഞപ്പൻടേക് ഓഫ് ചെയ്തത്. അമേരിക്ക സന്ദർശിക്കാൻ ആശ വച്ച് തിളപ്പിക്കുന്ന നാട്ടു സാഹിത്യകാരന്മാരുടെ ഒരുവേലിയേറ്റം തന്നെ കുഞ്ഞപ്പൻ പ്രതീക്ഷിച്ചുവെങ്കിലും അത്  വെറുതെയായി. 

അമേരിക്കൻ ഡോളറിന്റെ തിളപ്പിക്കലിലും, ടർക്കിഷ് ബീവറേജിന്റെ നുരപ്പിക്കലിലും തങ്ങളുംമഹാത്മാക്കളാണെന്ന് വെറുതേ നിനച്ചു പോയ നമ്മുടെ മലയാളി എഴുത്തച്ചായന്മാർ കവിതയിലും, സാഹിത്യത്തിലും ഒക്കെ ഇടിച്ചുകയറി നിന്ന് അർമ്മാദിക്കുമ്പോൾ അവരുടെ  ‘ *കൾപ്പാർട്ടി ‘ കൂട്ടായ്മകളിൽ  അരക്കൈ പയറ്റിയതിന്റെ ആനുകൂല്യങ്ങളിലാണ് കുഞ്ഞപ്പനും ഒരു സാഹിത്യകാരനായത്.

കമന്റെഴുത്ത് ഒരു കലയാക്കി മാറ്റി  എന്നതാണ് കുഞ്ഞപ്പന്റെ മുടിഞ്ഞ ബുദ്ധിയുടെ പ്രധാന  അടയാളപ്പെടുത്തൽ. അതിലൂടെ താനാണ് അമേരിക്കയിലെ മലയാള സാഹിത്യത്തിന്റെ അഭിനവ ആചാര്യൻ എന്ന്വരുത്തിത്തീർക്കുവാൻ കുഞ്ഞപ്പന് കഴിഞ്ഞു. ആദ്യമായി പത്തോളം ഇ മെയിൽ ഐ. ഡി.കൾ വിവിധ പേരുകളിൽരജിസ്റ്റർ ചെയ്തു. ഈ പേരുകളിൽ ഒളിഞ്ഞിരുന്നു കൊണ്ടാണ് കുഞ്ഞപ്പന്റെ കമന്റെഴുത്ത്. ലംബോദരൻ എന്നപണ്ഡിതന്റെ രൂപത്തിൽ കുഞ്ഞപ്പൻ ചിലപ്പോൾ കനപ്പെട്ട കമന്റുകൾ എഴുതുമ്പോൾ മുല്ലക്കാക്ക എന്ന നിഷ്കളങ്കമാനസ്സനായ വിഡ്ഢിയായും കുഞ്ഞപ്പൻ എഴുതി. യുക്തിവാദിയായ നിരീശ്വരനായും, സത്യ സന്ധനയവായനക്കാരനായും കുഞ്ഞപ്പൻ തിളങ്ങി. അത്യാവശ്യ സന്ദർഭങ്ങളിൽ വ്യക്തികളുടെ പേരുകൾ വച്ചും വോഡ്കബ്രാണ്ടി മുതലായ മദ്യങ്ങളുടെ പേര് വച്ചും എഴുതി കുഞ്ഞപ്പൻ തന്റെ സാന്നിധ്യം ഉറപ്പാക്കി. മത്തച്ചൻ മതിലൂക്കരഎന്ന പേരിൽ ഒരു കമന്റു വന്നാൽ അത് കുഞ്ഞപ്പൻ തന്നെയാണെന്ന് പൊതുജനം എങ്ങിനെ അറിയുംഎന്നിടത്താണ് കുഞ്ഞപ്പന്റെ തന്ത്രം. മതിലൂക്കരയിൽ നിന്ന് വന്ന് അമേരിക്കയിലെ മലയാള സാഹിത്യംഭക്ഷിക്കുന്ന ഒരു സാധാ മലയാളി ആണെന്നെ ആരും ചിന്തിക്കുകയുള്ളല്ലോ ? 

താൻ ഒരു മഹാ പണ്ഡിതൻ ആണെന്നും തന്റെ വായന ഭൂമിയെന്ന നക്ഷേത്രപ്പറയുടെ മറുവശംകടക്കുന്നതാണെന്നും തന്റെ വാക്കുകളിലൂടെ കുഞ്ഞപ്പൻ പറഞ്ഞു വച്ചു. ഇത് കേട്ട ചില പെണ്ണെഴുത്തുകാർകുഞ്ഞപ്പന്റെ കടുത്ത ആരാധകരായി രംഗത്തു വന്നു. അവർ കുഞ്ഞപ്പനെപ്പറ്റി പൊക്കിപ്പൊക്കി മറു കമന്റുകൾഎഴുതിക്കൊടുത്തു. കമന്റുകൾ എഴുതാത്തവർ ചെറ്റക്കുടിലിൽ പിറന്ന വിദ്യാഭ്യാസമില്ലാത്തവർ ആണെന്ന്കുഞ്ഞപ്പൻ എഴുതുമ്പോൾ തന്റെ വൃദ്ധ സുന്ദരികൾ  അപ്പക്കാളകളെപ്പോലെ അതും ശരിയാണെന്ന് തലയാട്ടിനിന്നു. 

കുള്ളൻ രാക്ഷസന്റെ കഥയിലെ കുറിയ വാതിൽ പോലെ കുഞ്ഞപ്പനും ഒരു നിലവാര വാതിൽ വച്ചിട്ടുണ്ട്. തന്റെദ്വീപിലെത്തുന്നവരെ രാക്ഷസൻ ഈ വാതിലിലൂടെ കടത്തുകയും, വാതിലിനേക്കാൾ പൊക്കം കൂടിയവർഎത്തിയാൽ കൂടുതലുള്ള പൊക്കം മുറിച്ചു മാറ്റി അവരെ കൊന്നു തള്ളുന്നതുമായിരുന്നു രാക്ഷസന്റെ രീതി. ഇതാണ് കുഞ്ഞപ്പന്റെയും മാനദന്ധം. നിലവാരമില്ലാത്ത അർത്ഥവും ആശയവുമില്ലാത്ത അന്തം രചനകൾവായിച്ചും, വായിക്കാതെയും ‘അപാരം ‘ ‘അത്യുഗ്രം ‘ ‘അമണ്ടൻ ‘ മുതലായ ചൊറിയൻ കമന്റുകൾ കൊണ്ട്കുഞ്ഞപ്പൻ അവയെ  ആശ്ലേഷിക്കും. ഈ ആശ്ലേഷണത്തിന്റെ സുഖം നുകരുന്ന ചിലരെങ്കിലും ‘ സാർ, മഹാനായസാർ  ചക്രവർത്തി ‘ എന്ന് തന്നെ വിളിച്ച് കുഞ്ഞപ്പനെയും ആശ്ലേഷിക്കും. 

പരിണിത പ്രജ്ഞരായ എഴുത്തുകാർ സൃഷ്ടിക്കുന്ന ആശയ വിസ്പോടനങ്ങൾ കണ്ടാൽ മിണ്ടാട്ടമില്ല. ‘  അച്ഛൻചത്തോ, ഞാനറിഞ്ഞില്ലല്ലോ ‘ എന്നതാണ് ഭാവം. അത്തരം രചനകളെ തമസ്ക്കരിക്കാൻ ഒരു പ്രോട്ടോക്കോൾതന്നെ കുഞ്ഞപ്പൻ സൃഷ്ടിച്ചിട്ടുണ്ട്. ആദ്യം ലംബോദരൻ വക ഒരു നിഷ്പക്ഷ കമന്റ്‌. പിന്നെ മുല്ലക്കാക്കയുടെ ഒരുപൊക്കൽ. ഉടൻ വായനക്കാരന്റെ ഒരു അമർഷം. ശഷം നിരീശ്വരന്റെ ഒരു തലവെട്ട്. തന്റെ വാതിലിൽ ഒതുങ്ങാത്തപൊക്കം വെട്ടിമാറ്റി അയാളെ കൊന്ന സംതൃപ്തിയോടെ കുഞ്ഞപ്പൻ ഊറിച്ചിരിക്കുമ്പോൾ ആയിരിക്കും തന്റെആരാധകരുടെ വക ഒരു പരട്ട രചന വരുന്നത്. അതിനെ അങ്ങ് പൊക്കിപ്പൊക്കി ആകാശത്തോളം മുട്ടിക്കും. ഈമുട്ടലും മുട്ടിക്കലുമായി നമ്മുടെ കുഞ്ഞപ്പൻ പാല് കുടിക്കുന്ന പൂച്ചയെപ്പോലെ അങ്ങിനെ വാഴുകയാണ്, തന്റെസ്വന്തം കണ്ണ് മാത്രമേ അടഞ്ഞിരിപ്പുള്ളൂ എന്ന സത്യം അറിയാതെ ! 

എന്നിട്ടും കുഞ്ഞപ്പന്റെ  വക ഒരു മാതൃകാ കൃതി വായിക്കണം എന്ന  അവരുടെ ആശ ഒരിക്കൽപ്പോലുംപൂവണിയാതെ മനസ്സിൽ  മുരടിച്ചു നിന്നു.  അദ്ദേഹത്തെപ്പോലുള്ള ഒരു പ്രതിഭാ ശാലിയുടെ മാതൃകാ കൃതിഎത്രമാത്രം പ്രസവ വേദന അനുഭവിച്ചിട്ടാവും പുറത്തു വരിക എന്നാശ്വസിക്കാനേ അവർക്കും കഴിഞ്ഞുള്ളു. 

തന്റെ തടിയൻ പേനയുടെ രചനാ ശേഷി പരീക്ഷിക്കാൻ പല തവണയും ഏകാഗ്രമായി തപസിരുന്നുവെങ്കിലും ഒരുവരി പോലും എഴുതാൻ കഴിയാത്ത തനി മണുക്കൂസാണ് തന്റെ പേനയെന്നു തിരിച്ചറിഞ്ഞതോടെ കുഞ്ഞപ്പൻതന്റെ അടവൊന്നു മാറ്റിപ്പിടിച്ചു. 

അമേരിക്കൻ ആനകളും, ആമകളും കൂടി ആർക്കും വേണ്ടാത്ത കുറേയെണ്ണത്തിനെ തങ്ങളുടെ പുറത്തേറ്റിആഘോഷിച്ചു കൊണ്ട് വരുന്ന കാലമായിരുന്നു അത്. അവരിൽ നിന്നും ഇക്കൂട്ടരെ കയ്യോടെ കൈയേറ്റ്‌കള്ളടിപ്പിച്ച് സുഖിപ്പിക്കുക എന്ന തന്ത്ര പ്രധാനമായ ചുമതല കുഞ്ഞപ്പൻ ഏറ്റെടുത്തു. ഒന്നും, രണ്ടും മാസങ്ങൾവരെ നീളുന്ന കുഞ്ഞപ്പന്റെ ഇത്തരം സൽക്കാരങ്ങൾ അവരുമായും, അവരുടെ ആശാന്മാരുമായും പരസ്പ്പരംതോളത്ത് കയ്യിടുവിപ്പിക്കുന്ന ‘ വാടാ, പോടാ ‘ ബന്ധങ്ങൾ വരെയായി വളർന്നു മുറ്റി.

എന്നിട്ടും കുഞ്ഞപ്പനെ  വായിക്കാൻ കൊതിച്ചിരുന്ന ആസ്വാദക വൃന്ദം അദ്ദേഹത്തിന്റെ പുറം ചൊരിയൽകമന്റുകൾ മാത്രം വായിച്ച് ക്ഷമ കേട്ടപ്പോൾ കാര്യം‌ മുഖദാവിൽ ഉണർത്തിച്ചതോടെ കുഞ്ഞപ്പൻ ശരിക്കുംവെട്ടിലായി. കുറെ പാശ്ചാത്യ എഴുത്തുകാരുടെ വായിൽകൊള്ളാ പേരുകൾ കാണാപ്പാഠം പഠിച്ച്പ്രയോഗിച്ചുവെങ്കിലും അതൊന്നും തന്റെ ആരാധകരെ തൃപ്തരാക്കുന്നില്ല  എന്ന് കുഞ്ഞപ്പൻ തിരിച്ചറിഞ്ഞു. നാട്ടിലെ മിക്ക എഴുത്ത് പുലികളേയും വെറുതേ പൊക്കിക്കൊണ്ട് നടന്നുവെങ്കിലും തന്റെ മാനം രക്ഷിക്കാൻസമയത്ത് ഒരുത്തനുമില്ലെന്ന് കുഞ്ഞപ്പൻ മനസ്സിലാക്കി. എങ്കിലും എന്തെങ്കിലും എഴുതാതെ എഴുത്തുകാരനായിനടക്കുന്നത് തന്റെ നില നില്പിനെത്തന്നെ ബാധിച്ചു കളയും എന്ന് തിരിച്ചറിഞ്ഞതോടെ കുഞ്ഞപ്പൻമുങ്ങുകയായിരുന്നു. 

അങ്ങിനെയാണ് വളരെ തന്ത്രപരമായി കുഞ്ഞപ്പൻ നാട്ടിലെത്തിയിരിക്കുന്നത്. അമേരിക്കയിൽ വന്ന് തന്റെഹൈബ്രാൻഡ് ബീവറേജ് അടിച്ചു പൂസ്സായി തിരിച്ചു വന്നവരെക്കൊണ്ട് തന്നെക്കുറിച്ച് എന്തെങ്കിലും എഴുതിച്ച്‌മാനം കാക്കാം എന്നായിരുന്നു കുഞ്ഞപ്പന്റെ പ്ലാൻ. 

അതിനായി തന്റെ ‘ വാടാ, പോടാ ‘ സുഹൃത്തുക്കളെ സമീപിച്ചപ്പോളാണ്, അവർ നാട്ടു സാഹിത്യകാരന്മാരല്ല കാട്ടുകള്ളൻമാരാണ് എന്ന് കുഞ്ഞപ്പന് ബോധ്യം വന്നതും, തങ്ങൾ പോലും കള്ളും, കാശും, പിന്നെ ചിലതും കൂടിഇറക്കിയിട്ടാണ് പത്രങ്ങളിലും, ചാനലുകളിലും തിളങ്ങി നിൽക്കുന്നത് എന്ന സത്യം അവർ തന്നെ തുറന്നുപറഞ്ഞതും. 

ചെകുത്താനും, കടലിനും ഇടയിൽ പെട്ടതുപോലെ കുഞ്ഞപ്പൻ കുഴങ്ങി. ഇടത് വരുമ്പോൾ ഇടത്തിന്റെയും, വലത്വരുമ്പോൾ വലതിന്റെയും കാലുകൾ നക്കിയിട്ടും കുണ്ടികൾ താങ്ങിയിട്ടുമാണ് സർക്കാരിന്റെ കലാ - സാഹിത്യപ്രസ്ഥാനങ്ങളുടെ തലപ്പത്ത് തങ്ങൾ പോലും കയറിപ്പറ്റിയിരിക്കുന്നത് എന്ന സത്യം അവർ തന്നെ തുറന്നുപറഞ്ഞപ്പോൾ ഇക്കണക്കിന് ഇനി നാട്ടിൽ നിന്നിട്ടും കാര്യമില്ലെന്ന് കുഞ്ഞപ്പൻ മനസ്സിലാക്കി.

എന്തെങ്കിലും എഴുതിയിട്ടല്ലാതെ തിരിച്ചു ലാൻഡ് ചെയ്യാനും മേല. R. N ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് പണംപിൻവലിക്കുന്നത് അവൾക്കും അത്രക്കങ്ങ് പിടിക്കുന്നില്ല. തന്റെ സൃഷ്ടിയുടെ വേദന അവളെന്താമനസ്സിലാക്കാത്തത് എന്നും, സ്റ്റാറ്റസ്സിന്റെ കാര്യം അവളെന്താ ചിന്തിക്കാത്തത് എന്നും, സ്വയംചോദിക്കാമെന്നല്ലാതെ ആര് കേൾക്കാൻ ? ഇറ്റാലിയൻ ബ്രാണ്ടിക്കും, ബെൽജിയം സ്യൂട്ടിനും,  സ്വർണ്ണക്കണ്ണടക്കും, ലക്ഷ്വറി ജെന്റ്സ് പാർലറിനും ഒക്കെ പണം തന്നെ കൊടുക്കണം എന്ന് അവൾക്കുംഅറിവുള്ളതാണല്ലോ ?

അങ്ങിനെയിരിക്കുമ്പോളാണ് താടി നീണ്ട് മെലിഞ്ഞുണങ്ങിയ ഒരു പട്ടിണിക്കോലം കയ്യിൽ ചുരുട്ടിപ്പിടിച്ച കടലാസ്റോളുമായി ഒരു പ്രമുഖ പത്രമാപ്പീസിൽ നിന്നും ഇറങ്ങി വന്ന് നിരാശനായി ബസ് കാത്തു നിൽക്കുന്നത് ശ്രദ്ധയിൽപെട്ടത്. അന്വേഷണത്തിൽ അയാൾ ഒരെഴുത്തുകാരനാണെന്നും, തന്റെ കഥ ഒന്ന് പ്രസിദ്ധീകരിക്കുമോഎന്നറിയാനായി പത്രമോഫീസുകൾ കയറിയിറങ്ങുകയാണെന്നും മനസ്സിലായി.

“ എന്നിട്ട് എന്തായി ? “ കുഞ്ഞപ്പന്റെ ചോദ്യം അയാളെയും ഒന്ന് ഞെട്ടിച്ചു എന്ന് തോന്നി. 

“ ഒരു രക്ഷയുമില്ല സാറേ ;  ഇവിടെ മുഴുവൻ ‘ ബാൻ’  ആണ് സാറേ. അമേരിക്കയിൽ നിന്നുള്ള ചില വീരന്മാരും  പത്രാധിപ ബന്ധുവായ ഒരു സുന്ദരി സാഹിത്യകാരിയും കൂടി അമേരിക്കയിലെ ചില എഴുത്തുകാരെ ഇവിടെ ബാൻചെയ്തിരിക്കുകയാണ്. അതുപോലെ ഇവിടുത്തെ സാഹിത്യ കോക്കസിൽ ഉൾപ്പെടാതെ നിൽക്കുന്നത് കൊണ്ട്  നമ്മളെയും ബാൻ ചെയ്തിരിക്കുകയാണ്. “ 

പെട്ടെന്ന് കുഞ്ഞപ്പൻ അറിയാതെ ഒന്ന് നടുങ്ങി. താനും, തന്റെ ബന്ധുവും, സുന്ദരിയും  കൂടി അതിരഹസ്യമായിചെയ്തു വച്ചത് ഇപ്പോളെങ്ങിനെ അങ്ങാടിപ്പാട്ടായി എന്നോർത്തങ്ങു നിൽക്കുമ്പോൾ താൻ തമസ്ക്കരിക്കാൻശ്രമിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരുടെ മുഖങ്ങളെ ഒന്നൊന്നായി കുഞ്ഞപ്പൻഓർത്തെടുക്കുകയായിരുന്നു.

“ ഇനി വല്ല ഓർത്തഡോക്സ് മെത്രാന്മാരുടെയോ, പാലക്കാടൻ മേനോന്മാരുടെയോ റെക്കമെന്റേഷൻ ലറ്ററുമായിവന്നാൽ പ്രസിദ്ധീകരിക്കാം എന്നാണ് അവർ പറയുന്നത്. എനിക്കാണെങ്കിൽ ഈ പാർട്ടികളെ ഒട്ടു പരിചയവുമില്ല“ പട്ടിണിക്കോലം തന്റെ ദുരിതക്കിഴി അഴിക്കുകയാണ്. 

“ ഞാനൊന്ന് നോക്കട്ടെ “ കുഞ്ഞപ്പൻ കൈനീട്ടി കടലാസ് വാങ്ങിച്ചു. 

താടിക്കാരന്റെ കഥ വായിച്ച കുഞ്ഞപ്പൻ  ശരിക്കും അന്തം വിട്ടു പോയി. തന്റെ കമന്റെഴുത്ത് സംഘങ്ങളിൽ  മസില്പിടിച്ചു നിൽക്കുന്ന എത്രയോ ജീനിയസ്സുകൾ. ഇത് പോലെ ഒരു വരി എഴുതാൻ അവരിൽ ആർക്കുംസാധിക്കുകയില്ലെന്നു തന്നെ കുഞ്ഞപ്പൻ തിരിച്ചറിഞ്ഞു. 

“ ഇതെനിക്ക് തന്നേക്കാമോ “ ഒരു വിറയലോടെ കുഞ്ഞപ്പൻ ചോദിച്ചു. 

“ സാറിനെന്തിനാ ? ഏതെങ്കിലും പത്രക്കാര് ഇതിനു തരുന്ന പൈസ കിട്ടിയിട്ട് വേണം എന്റെ കുഞ്ഞിന് മരുന്ന്വാങ്ങാൻ “

“ പണം ഞാൻ തരാം “ 

“ എന്നാ സാറെടുത്തോ. പണം തരുമെങ്കിൽ ഇനിയും ഞാൻ സാറിന് എഴുതിത്തരാം. “ 

“ ഒത്തിരി വേണ്ട. മാസത്തിൽ ഒന്ന്. ഓരോന്നിനും  പതിനായിരം രൂപാ. പക്ഷെ പേര് എന്റേതായിരിക്കും ? - എന്താ? “ 

“ സന്തോഷായി സാറേ. എന്റെ കുഞ്ഞിന് ഈ മാസത്തേക്ക് മരുന്നായല്ലോ ! “ 

നോട്ടുകൾ ചുരുട്ടിപ്പിടിച്ച കൈപ്പത്തിയാൽ കണ്ണീർ തുടച്ച് അയാൾ നടന്ന് പോകുമ്പോൾ ഗ്രഹണിക്കുട്ടന്ചക്കക്കൂട്ടാൻ കിട്ടിയ ആനന്ദത്തോടെ കുഞ്ഞപ്പൻ കാറിൽ കയറി. 

പിന്നെ താമസിച്ചില്ല, കൊച്ചിൻ സിയാൽ ഇന്റർനാഷണലിൽ നിന്ന് ന്യൂയോർക്ക് കെന്നഡി ഇന്റർനാഷണലിൽകുഞ്ഞപ്പൻ പറന്നിറങ്ങി. 

* കഥയും, കഥാ പാത്രങ്ങളും തികച്ചും ഭാവനാ സൃഷ്ടികൾ മാത്രം. 

# Humerous Story by- Jeyan varghese

Join WhatsApp News
മുല്ലകാക്ക 2023-01-05 04:44:43
നിൽക്കുക ബറുഗീസ്‌ മാപ്പിളെ നിൽക്കുക . ഇങ്ങള് മോഷ്ടിക്കും അല്ലെ . ബയലാറിന്റ 'പ്രൊക്രൂസ്റ്റസ് കബിത' മോഷ്ടിച്ചിട്ടു ഇങ്ങടെ കഥയാക്കി നാട്ടുകാരെ ബെടക്കാക്കുക്കയാ . ഞമ്മള് മൊഞ്ചുള്ള പെണ്ണുങ്ങളുടെ സല്ലപിക്കുക്കുമ്പോൾ ഇങ്ങക്ക് പെരുത്ത അസൂയ ആണ് . ഞമ്മള് ആടിനെ ബെട്ടും. പിന്നെ പൊക്കം ഉള്ളവരുടെ കൈകാലുകൾ ബെട്ടും . ഞമ്മള് അബരെ വിളിച്ചു മൊഞ്ചുള്ള പെണ്ണുങ്ങളുടെ കൂടെ കട്ടിൽ കിടത്തും . അബൻ ഞമ്മടെ കട്ടിലിനേക്കാൾ ബാലുതാണെങ്കിൽ അബന്റെ കാലുകൾ ബെട്ടും . അബന്റെ കാലുകൾ ചെറുതാണെങ്കിൽ അടിച്ചു നീട്ടും ചുറ്റികകൊണ്ട് അബന്റെ കയ്യും കാലും . ചുറ്റികയും കട്ടിലും മൊഞ്ചുള്ള പെണ്ണും ഞമ്മടെ കയ്യിലുണ്ട് . ഞമ്മളെ ചൂടാക്കല്ലേ !
നിങ്ങളുടെ സ്വന്തം കുഞ്ഞപ്പൻ 2023-01-05 14:44:20
ഹാലോ മിസ്റ്റർ വറുഗീസ് - ദിസ് ഈസ് കുഞ്ഞപ്പൻ സ്പീക്കിങ് . എന്റെ പിന്നാലെ ഒളിഞ്ഞും പാത്തും നിങ്ങൾ ഉണ്ടെന്നുള്ള കാര്യം എനിക്കറിയില്ലായിരുന്നു . ഞാനും നിങ്ങളിൽ നിന്ന് പലതും പഠിക്കുന്നു . സ്നേഹിത, എത്ര കവിത എഴുതിയാലും പുസ്തകങ്ങൾ എഴുതിയാലും കുഞ്ഞപ്പൻമാരില്ലെങ്കിൽ ആർക്കും അമേരിക്കൻ സാഹിത്യലോകത്ത് വിലസാനാവില്ല. ആദ്യം നിങ്ങളുടെ മൊശടു സ്വഭാവം മാറ്റണം . എന്നിട്ട് മുറിക്കകത്തു നിന്ന് പുറത്തേക്ക് വരണം. മീറ്റിങ്ങുകൾ പങ്കുകൊള്ളണം. എന്നെപോലുള്ളവരുമായി ചങ്ങാത്തം സ്ഥാപിക്കണം . സാഹിത്യലോകത്ത് വിൽസനമെങ്കിൽ മദ്യം പെണ്ണ് എല്ലാം ആവശ്യമാണ് . ഇടയ്ക്കിടയ്ക്ക് കേരളത്തിൽ പോകണം . അവിടെ മീറ്റിങ്ങുകൾ വിളിച്ചു കൂട്ടണം. പുറം ചൊറിയൽ അത്യാവശ്യം . അൽപ്പം പണം മുടക്കുണ്ട് . നിങ്ങൾക്ക് ഞാൻ അമേരിക്കൻ അവാർഡ്, സാഹിത്യ ആക്കാര്ഡാമി അവാർഡ് എല്ലാം വാങ്ങി തരാം. എനിക്ക് നിങ്ങളുടെ 'ഭാവന' ഇല്ല. അവളെ ഞാൻ ഒരിക്കൽ അടിച്ചുകൊണ്ടുപോയി കേരളത്തിലെ കലാകാരന്മാരുടെ കൂടെ കിടത്തി, നിങ്ങൾക്ക് അവാർഡ് വാങ്ങിത്തരാം . എന്നെ ഒന്ന് വാങ്ങിയാൽ ഒരു പുസ്തകം വായിക്കാതെ ,(വിക്കി പീഡിയ പോലും വായിക്കണ്ട ) നിങ്ങളെ ഞാൻ മലയാളത്തിലെ മറക്കാനാവാത്ത സാഹിത്യ കാരനാക്കാം . മിസ്റ്റർ വറുഗീസ് . നിങ്ങളുടെ മൊശടു സ്വഭാവം കളഞ്ഞിട്ടു എന്റെ കൂടെ വരൂ . കൈക്കൂലി, പുസ്തകം എഴുതിക്കൽ, കള്ള് പെണ്ണ് ഇല്ലാതെ നിങ്ങൾക്ക് ഒരു സാഹിത്യകാരൻ ആകാൻ പറ്റില്ല . സ്ത്രീകളെ കൊണ്ട് നിങ്ങൾക്ക് ഞാൻ താലപ്പൊലി എടുപ്പിക്കാം, സ്തുതി ഗീതം ങ്ങൾ പഠിക്കാം . എന്നെ പിന്തുടരു . എല്ലാം ശരിയാക്കി തരാം . മലയാള സാഹിത്യലോകത്തിലെ എല്ലാ തരികിടയും പഠിച്ചവനാണ് നിങ്ങൾ സൃഷ്ടിച്ച നിങ്ങളുടെ കുഞ്ഞപ്പൻ. ഈ കുഞ്ഞപ്പൻ നിങ്ങൾ ഭാവനയുടെ ഇണചേർന്നപ്പോൾ ഉണ്ടായതാണ്. ഞാൻ നിങ്ങളെ അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരനാക്കാം . വരൂ പുറത്തേക്ക് വരൂ ഈ വിശാലമായ ലോകം ഒന്ന് കാണു
ലംബോധരൻ 2023-01-06 04:48:39
ഞാൻ നിങ്ങളുടെ കുട്ടിയല്ലേ. ആരും അറിയാതെ ഉണ്ടായ കുട്ടി . അച്ഛന്റെ കവിതകൾ ഞാൻ വായിക്കാറുണ്ട് . അതാണ് നല്ലത് . ഇത് അച്ഛന് ചേർന്ന പണിയല്ല . ഈ വയസ്സ് കാലത്ത് അച്ഛൻ എവിടെയെങ്കിലും കുത്തി ഇരുന്നു കവിത എഴുതു . അല്ലെങ്കിൽ ആ നിരീശ്വരൻ തല വെട്ടും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക