ന്യൂ ജേഴ്സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂണിഫൈഡ്, അമേരിക്കന്‍ മണ്ണില്‍ മലയാളികളെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് സെമിനാര്‍ നടത്തി. സൂം പ്ലാറ്റ്‌ഫോമില്‍ നടത്തിയ പ്രോഗ്രാം കേരളത്തില്‍ നിന്നും ബഹു. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉല്‍ഘാടനം ചെയ്തു. ബഹു: മന്ത്രിയെ ചിക്കാഗോ പ്രൊവിന്‍സ് ചെയര്‍മാനും റീജിയന്‍ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനുമായ മാത്തുക്കുട്ടി ആലുംപറമ്പില്‍ സദസിനു പരിചയപ്പെടുത്തി. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതലേ റോഷി അഗസ്റ്റിനുമായി അടുത്ത ബന്ധമുള്ള മാത്തുക്കുട്ടി റോഷി അഗസ്റ്റിനെ വിശദമായി സദസിനു പരിചയപ്പെടുത്തി. എം. എല്‍. ആയും മന്ത്രിയായും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന നേതാവാണ് റോഷി അഗസ്റ്റിന്‍ എന്ന് മാത്തുക്കുട്ടി ആലുംപറമ്പില്‍ പ്രസ്താവിച്ചു. നേതൃത്വ രംഗത്തില്‍ അഗാധ പാടവമുള്ളവരാണ് മലയാളികള്‍ എന്നും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ അവസരം ഉള്ളപ്പോള്‍ അത് നഷ്ടപ്പെടുത്തരുതെന്നും പി. സി. മാത്യു ഊന്നി പറഞ്ഞു. മലയാളികള്‍ മഹാ മനസ്‌കര്‍ ആണെന്നും നേതൃത്വ പാടവം ഉള്ളവര്‍ ആണെന്നും സിവിക് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതര്‍ ആകണമെന്നും പി. സി. തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു വിജയിച്ചവരെ അനുമോദിക്കുന്നതോടൊപ്പം തുടര്‍ന്നും ആവേശം കെടാതെ പ്രവര്‍ത്തിക്കണമെന്നും മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും അടുത്ത കാലത്തു അമേരിക്കയില്‍ പര്യടനം നടത്തുകയും ചെയ്ത മന്ത്രി റോഷി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളില്‍ ന്യൂ യോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിന്‍ ഓലിക്കല്‍, ബഹു: ജഡ്ജ് കെ. പി. ജോര്‍ജ് (ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി), മിസോറി സിറ്റി മേയര്‍ റോബിന്‍ ഏലക്കാട്ട്, സ്റ്റാഫ്ഫോര്‍ഡ് സിറ്റി കൗണ്‍സിലറും മുന്‍ പ്രോടെം മേയറുമായ കെന്‍ മാത്യു, ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജ് സുരേന്ദ്രന്‍ പാട്ടീല്‍, ജഡ്ജ് ജൂലി മാത്യു മുതലായവര്‍ പെടുന്നു.
പ്രസിഡന്റ് എല്‍ദോ പീറ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂനിഫൈഡിന്റെ വിവിധ രാജ്യത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ക്രിസ്റ്റല്‍ സാജന്‍ പാടിയ ഈശ്വര ഗാനത്തോടെ ആരംഭിച്ച സെമിനാറില്‍ മുന്‍ റീജിയന്‍ പ്രെസിഡന്റും സെമിനാര്‍ കോര്‍ഡിനേറ്ററും കൂടി ആയ ശ്രീ സുധിര്‍ നമ്പ്യാര്‍ മുഖ്യാതിഥികള്‍ക്കും സദസിനും സ്വാഗതം ആശംസിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ഇതുപോലെ സെമിനാറുകള്‍ മുന്‍ കാലങ്ങളിലും ഡ്ബ്ലു. എം. സി. നടത്തിയിട്ടുള്ളതായി സുധിര്‍ പ്രസ്താവിച്ചു. റീജിയന്‍ ചെയര്‍മാന്‍ പി. സി. മാത്യു പ്രോഗ്രാം നിയന്ത്രിച്ചു. ഒപ്പം താന്‍ സിറ്റി കൗണ്‍സിലില്‍ മത്സരിച്ച അനുഭവം വിവരിക്കുകയും ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിന്റെയും, സുധിര്‍ നമ്പ്യാരുടെയും പി. സി. മാത്യുവിന്റെയും മറ്റു പങ്കെടുത്തവരുടെയും ചോദ്യങ്ങള്‍ക്കു കെവിന്‍ ഓലിക്കല്‍, ജഡ്ജ് ജൂലി മാത്യു, തുടങ്ങിയവര്‍ മറുപടി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ചപ്പോള്‍ പലര്‍ക്കും ഒരു തമാശയായി തോന്നിയെന്നും എന്നാല്‍ സാമൂഹ്യ സേവനത്തിനു തനിക്കുണ്ടായ ശക്തമായ താല്പര്യം തന്നെ മുന്നോട്ടു നയിച്ചു എന്നും ജഡ്ജ് ജൂലി മാത്യു പറഞ്ഞു. ആദ്യ തെരഞ്ഞടുപ്പില്‍ തന്നെ ജയിക്കുവാന്‍ കഴിഞ്ഞു. കെവിന്‍ ഡെമോക്രാറ്റിക് പാര്ടിയുലൂടെ പ്രവര്‍ത്തിച്ചാണ് സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് ആയി മത്സരിക്കുവാനുള്ള പ്രചോദനം ലഭിച്ചത്. മുന്‍ സ്റ്റേറ്റ് റെപ്രെസെന്ററിവിന്റെ തിരഞ്ഞെടുപ്പില്‍ ഒപ്പം പ്രവര്‍ത്തിച്ചു ലഭിച്ച പ്രവര്‍ത്തന പരിചയം കൂടാതെ തന്റെ അങ്കിള്‍ നല്‍കിയ പിന്തുണയും തുണയേകി. സ്ത്രീകളുടെയും, കുടുംബങ്ങളുടെയും ഉന്നമനം, മൈഗ്രേറ്റ് ചെയ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, മിതമായ ചിലവിലുള്ള ആരോഗ്യ പരിപാലനം, തോക്കുകളുടെ ഉപയോഗ നിയന്ത്രണം മുതലായ നല്ല നല്ല കാര്യങ്ങള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്ന് കെവിന്‍ പറഞ്ഞു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജോര്‍ജ് കാക്കനാട്ട്, സുഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സിലില്‍ മത്സരിച്ചത് അയവിറക്കിയതോടൊപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഉള്ള പ്രചോദനം സെമിനാറില്‍ പങ്കെടുത്തതോടെ തനിക്കു ലഭിച്ചു എന്നും തന്റെ പ്രസംഗ ശേഷം ഒരു ചോദ്യത്തിന് മറുപടി ആയി പറഞ്ഞു.
ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ രാജ്മോഹന്‍ പിള്ളൈ അനുമോദന പ്രസംഗം നടത്തി. അമേരിക്കയുടെ മണ്ണില്‍ ജോലിയും ചെയ്യന്നതോടൊപ്പം ഇത്രയും സാമൂഹ്യ പ്രതിബദ്ധത കാട്ടുന്ന മലയാളികള്‍ കേരളത്തിന് മാത്രമല്ല ഇന്ത്യക്കു തന്നെ അഭിമാനമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബല്‍ പ്രസിഡന്റ് ഡോക്ടര്‍ പി. വി. ചെറിയാന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. പി. മാത്യു, അഡ്വ. ജോര്‍ജ് വര്ഗീസ് അമേരിക്ക റീജിയന്‍ അഡ്ഹോക് കമ്മിറ്റി ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, ജനറല്‍ സെക്രട്ടറി കുരിയന്‍ സഖറിയ, വൈസ് പ്രസിഡന്റ് ഉഷ ജോര്‍ജ്, വൈസ് ചെയര്‍ പേഴ്‌സണ്‍ ശോശാമ്മ ആന്‍ഡ്രൂസ്, മാത്യു വന്ദനത്തു വയലില്‍, അലക്‌സ് യോഹന്നാന്‍ അസ്സോസിയേറ്റ് സെക്രട്ടറി, ഹെല്‍ത്ത് ഫോറം താര സാജന്‍, കള്‍ച്ചറല്‍ ഫോറം എലിസബത്ത് റെഡിയാര്‍, പബ്ലിക് റിലേഷന്‍സ് ജെയ്‌സി ജോര്‍ജ് ., അഡ്വ. ജോര്‍ജ് വര്ഗീസ്, വര്ഗീസ് കയ്യാലക്കകം, മുതലായവര്‍ പ്രസംഗിച്ചു.
ട്രഷറര്‍ ഫിലിപ്പ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചതോടൊപ്പം അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഓരോരുത്തരെയും അനുമോദിക്കുകയും ചെയ്തു.