Image

മഴയും കുഞ്ഞും (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 04 January, 2023
മഴയും കുഞ്ഞും (കവിത: ദീപ ബിബീഷ് നായര്‍)

കാലത്തെഴുന്നേറ്റു നോക്കി നിന്നപ്പഴോ 

കണ്ടതാ മുന്നിലെ പാടമെങ്ങും

മഴക്കീറിന്‍ ദേഷ്യമായ് വന്നു പതിച്ചതാ

 തുള്ളിക്കൊരു കുടം പേമാരിയായ്

പാടവരമ്പൊക്കെ ചേറും ചെളിയുമായ് കായലിന്നോളങ്ങള്‍ പോലെ തോന്നും

നീര്‍ച്ചാലുകള്‍ പൊങ്ങുന്ന വെള്ളത്തിന്നപ്പുറം 

കാണുന്നു കുടിലുകളങ്ങുമിങ്ങും

ഫണമുള്ള പാമ്പുപോല്‍ വളഞ്ഞു പുളഞ്ഞ- ങ്ങൊഴുകി വരുന്നുണ്ടിതാ നദിയും

പാലമരത്തിന്റെ ചില്ലകളുമെന്റെ തേന്മാവിന്‍ 

കൊമ്പു മൊടിഞ്ഞു പോയി

കടപുഴകുന്ന മരങ്ങളും ദുരിതത്തിന്‍

 കഥപോലെ തോന്നുന്നൊരെന്‍ കൂരയും

നിലംപൊത്തുമെന്നുള്ള ഭീതിയില്‍ ഞാനെന്റെ

 ഉണ്ണിയെ വേഗം വിളിച്ചുണര്‍ത്തി

കണ്ണു തിരുമ്മിയെഴുന്നേറ്റ് നോക്കുമെന്‍ 

ഉണ്ണിക്കൊരായിരം സംശയങ്ങള്‍

കാണാനില്ലമ്മേ ആ പാടങ്ങളൊക്കെയും 

എങ്ങു പോയെന്നായി ചോദ്യമെല്ലാം

ദിനരാത്രം പെയ്‌തൊരാ മഴയിലലിഞ്ഞു പോയ് 

എന്നുണ്ണീയെന്നങ്ങലറിയമ്മ

എങ്ങോട്ടു പോകുമെന്നറിയില്ലയമ്മക്ക്  പേമാരിയെല്ലാം തകര്‍ത്തെറിഞ്ഞു

ഗോതമ്പിന്‍ നിറമുള്ള നെന്‍മണി കൊയ്യുവാന്‍ 

നേരം വെളുക്കട്ടെയെന്ന് പറഞ്ഞൊരാ

നാലുകെട്ടില്‍ പടിവാതിലിലെങ്ങനെ 

പോകുമിന്നരവര്‍ നിറക്കുവാനായ്

നെല്‍ക്കതിര്‍ കൊയ്യുമ്പോള്‍ കിട്ടുന്ന വീതമാം 

നെല്ലാണ് കുടിലിലെ സമ്പാദ്യവും

ഇക്കൊല്ലമെന്താണ് വേണ്ടതെന്നറിയില്ല മിച്ചമൊന്നുമില്ല കയ്യിലിന്നും

കൂടെ കളിക്കുന്ന കുട്ടികള്‍ നിറമുള്ള 

ചേലകളിട്ട് നടന്നീടുമ്പോള്‍

കൊതിയോടെ നോക്കുമാ ഉണ്ണിയെന്‍ കണ്‍കളില്‍ അതിനുള്ള പൊരുളെനിക്കറിയാമല്ലോ

രണ്ടു ദിനമായി പോയതാണുണ്ണി തന്‍ 

താതനകലെയാ പട്ടണത്തില്‍

നാലുകാലില്‍ വരാറുള്ളതാണന്തിക്ക് മോന്തിയ കള്ളിന്റെ വീര്യം കാട്ടാന്‍

ചിന്തിച്ചിരുന്നൊരാ അമ്മതന്‍ മുന്നിലേക്കുണ്ണി 

വന്നെന്തോ മൊഴിയുവാനായ്

ശങ്കിച്ചു നില്ക്കുമെന്നുണ്ണിയെ പുല്‍കിയാ 

മൂര്‍ദ്ദാവില്‍ ചുബിച്ചു ചേര്‍ത്തു നിര്‍ത്തി

കുഞ്ഞിക്കൈ മുന്നിലേക്കായ് കാണിച്ചതാ 

പൈതലിന്‍ സമ്പാദ്യമാകും പണക്കുടുക്ക

അശ്രുകണങ്ങളെ പുഞ്ചിരി കൊണ്ടമ്മ 

മറികടന്നാദ്യമായ് ജീവിതത്തില്‍

ആരൊക്കെയില്ലയെന്നാകിലുമമ്മക്ക് 

പൊന്നുണ്ണി വേണമെന്‍ കൂടെയെന്നും,

 പൊന്നുണ്ണി വേണമെന്‍ കൂടെയെന്നും.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക