അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ നേരറിവിന്റെ വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര ദാന സമ്മേളനത്തിന് ഇനി ഏതാനും ദിവസങ്ങള്‍, അല്ല മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടില്‍ പൈതൃകം പൂത്തുലഞ്ഞു നില്‍ക്കുന്ന ബോള്‍ഗാട്ടി പാലസിന്റെ നടുമുറ്റത്തുവച്ചാണ് മാധ്യമശ്രീ, മാധ്യമ രത്‌ന ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ സമ്മാനിക്കപ്പെടുന്നത്.
അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിക്കുന്ന ഈ മാധ്യമ വിരുന്ന് ആസ്വാദ്യകരമാക്കാന്‍ സസ്‌പെന്‍സോടെ കാത്തിരിക്കുകയാണ് മാധ്യമസ്‌നേഹികള്‍.
ഇതിനിടെ നാം കാത്തുകാത്തിരുന്ന അവാര്‍ഡ് പ്രഖ്യാപനം നടന്നു കഴിഞ്ഞു. മാധ്യമശ്രീ അവാര്‍ഡിന് ദി ടെലിഗ്രാഫ് ഡെയിലി എഡിറ്റര്‍ ആര്‍. രാജഗോപാലും മാധ്യമരത്‌ന പുരസ്‌കാരത്തിന് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ വി.ബി പരമേശ്വരനും അര്‍ഹരായതില്‍ ഏറെ സന്തോഷം.
മാതൃഭൂമി ഡെപ്യുട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍. മലയാള മനോരമ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് സുജിത് നായര്‍, ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ആന്‍ഡ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജോഷി കുര്യന്‍, സ്മൃതി പരുത്തികാട് (സീനിയര്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍, മീഡിയവണ്‍), ഹാഷ്മി താജ് ഇബ്രാഹിം (സീനിയര്‍ ന്യൂസ് എഡിറ്റര്‍, 24 ന്യൂസ്), ഷാബു കിളിത്തട്ടില്‍ (ന്യൂസ് ഡയറക്ടര്‍, ഹിറ്റ് 96.7 എഫ് എം, ദുബായ്), വിന്‍സന്റ് പുളിക്കല്‍ (സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്), സീമ മോഹന്‍ലാല്‍ (സബ് എഡിറ്റര്‍, രാഷ്ട്ര ദീപിക) തുടങ്ങിയവരും പുരസ്‌കാര പ്രഭയിലാണ്.
അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രബലവും കെട്ടുറപ്പുള്ളതുമായ ഒരേയൊരു സംഘടനയാണ് ഐ.പി.സി.എന്‍.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ഈ മഹാപ്രസ്ഥാനം കേരള മണ്ണിലെത്തി ഇവിടുത്തെ പുകള്‍പെറ്റ പ്രിന്റ്-വിഷ്വല്‍ മീഡിയകളിലെ സിംഹങ്ങളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നു എന്നത് തീര്‍ച്ചയായും ആഹ്ലാദകരമാണ്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ കേരളത്തിലെ മാധ്യമ കേസരികളെ ആദരിച്ച മുഹൂര്‍ത്തങ്ങള്‍ തികഞ്ഞ അഭിമാനത്തോടെയാണ് ഓര്‍ക്കുന്നത്.
ബോള്‍ഗാട്ടി പാലസില്‍ 2019 ജനുവരി 13-ാം തീയതിയിലെ സായം സന്ധ്യയില്‍ ഐ.പി.സി.എന്‍.എയുടെ 'ബെസ്റ്റ് ഫീച്ചര്‍ റൈറ്റര്‍' അവാര്‍ഡ് ഏറ്റുവാങ്ങാന്‍, കേസരിയൊന്നുമല്ലെങ്കിലും എളിയവനായ എനിക്കും ഭാഗ്യമുണ്ടായി. പ്രസിഡന്റ് മധു കൊട്ടാരക്കര, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ് തുടങ്ങിയ ടീമായിരുന്നു അന്ന് ഐ.പി.സി.എന്‍.എയുടെ ചുക്കാന്‍ പിടിച്ചിരുന്നത്. അന്നത്തെ ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം ഇന്ന് പ്രസിഡന്റായി മറ്റൊരു അവാര്‍ഡ് സെറിമണിക്കായി കൊച്ചിയിലെത്തുന്നുവെന്നതും ആഹ്ലാദകരം തന്നെ.
അവാര്‍ഡുകള്‍ തീര്‍ച്ചയായും വലിയ പ്രചോദനവും പ്രോത്സാഹനവുമാണ്. അത് നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മിലേയ്ക്ക് കൂടുതലായി വന്നു ചേരുന്ന ആ ഉത്തരവാദിത്വങ്ങള്‍ കണിശതയോടെ നിറവേറ്റപ്പെടുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥത്തില്‍ പുരസ്‌കാരത്തിന് യോഗ്യതയുണ്ടായിരുന്നോ എന്ന് വിലയിരുത്തപ്പെടുക.
നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ ആദരിക്കപ്പെടേണ്ടവര്‍ തന്നെയാണ്. എന്നാല്‍ കര്‍മഭൂമിയിലെ തങ്ങളുടെ ജോലി, കുടുംബം തുടങ്ങിയ തിരക്കും സ്‌ട്രെസ്സും നിറഞ്ഞ ജീവിത സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തനത്തെ മനസാവരിച്ച് വാര്‍ത്തകളും വിശേഷങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും ലേഖനങ്ങളും ഫീച്ചറുകളും മറ്റും എഴുതുകയും ചെയ്യുന്ന അമേരിക്കയുടെ മലയാളി മാധ്യമ പ്രവര്‍ത്തകരെയും അകമഴിഞ്ഞ് ആദരിക്കേണ്ടതുണ്ട്.
വ്യക്തികള്‍ക്ക് ലഭിക്കുന്ന അംഗീകാരങ്ങള്‍ തീര്‍ച്ചയായും നിലനില്‍പ്പിനായി നെട്ടോട്ടമോടുന്ന അമേരിക്കന്‍ മലയാളി മാധ്യമ മേഖലയ്ക്ക് നവജീവനേകും. ആദരിക്കപ്പെടേണ്ട മാധ്യമ പ്രവര്‍ത്തകര്‍ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഉണ്ടല്ലോ. ഈ വിഷയം ഇന്ത്യ പ്രസ് ക്ലബ് ഗൗരവമായ ചര്‍ച്ചയ്‌ക്കെടുക്കട്ടെയെന്ന് ആശിക്കുന്നു.
മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ പറ്റാത്ത പത്രാഭിമുഖ്യത്തെ നമ്മുടെ കര്‍മ്മഭൂമിയില്‍ നട്ടുനനച്ചു വളര്‍ത്തിയെടുക്കുന്നതില്‍ ഓരോ അമേരിക്കന്‍ മലയാളിയും തനതായ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ഇവിടുത്തെ മലയാള പ്രസിദ്ധീകരണങ്ങള്‍. അവയ്‌ക്കെല്ലാം താങ്ങും തണലുമായി ഒരു മഹാമേരു കണക്കെ നിലകൊള്ളുന്നതാണ് അക്ഷര ചൈതന്യം ആവാഹിച്ചെടുത്ത ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക.
ആശയവിനിമയം അസാധ്യമായിരുന്ന ഒരു കാലത്ത് കടല്‍ക്കോളിന്റെ ദുരന്തങ്ങള്‍ മുഖാമുഖം കണ്ട കൊളംബസ് കണ്ടെത്തിയ ഈ നാട്ടില്‍ മലയാളത്തിന്റെ ഹരിത വിത്തുകള്‍ പാകിയ പിതാമഹന്മാരെ ആദരവിന്റെ അക്ഷരത്തളികയില്‍ നെയ്ത്തിരി കത്തിച്ചു തന്നെ പ്രണമിക്കണം.
അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തനത്തിന്റെ തുടക്കവും വളര്‍ച്ചയും വികാസ പരിണാമവുമെല്ലാം നമ്മള്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. കാലാകാലങ്ങളില്‍ പിറവി കൊണ്ടതും പല വിധ കാരണങ്ങളാല്‍ അകാലത്തില്‍ നിലച്ചുപോയതുമായ പ്രസിദ്ധീകരണങ്ങള്‍ അനവധി ഉണ്ട്.
അക്ഷരത്തിന്റെ കൂടിച്ചേരല്‍ അറിവാണ്. അതാണ് അഗ്നി എന്ന് ഉദ്‌ഘോഷിക്കപ്പെട്ടുകൊണ്ടാണ് ഇന്ത്യ പ്രസ് ക്ലബ് കര്‍മഭൂമിയില്‍ ഒരു നവമാധ്യമ സംസ്‌കാരത്തിന് അടിത്തറ പാകിയത്. ഇവിടെ നമ്മുടെ മാധ്യമങ്ങള്‍ ജനിച്ചു...വളര്‍ന്നു. ഇനി നിലനില്‍പ്പാണ് സുപ്രധാനം. നാടിന്റെയും നമ്മുടെ ചുറ്റുവട്ടത്തിന്റെയും കണ്ണാടിയായി അവ നിലനിന്നേ പറ്റൂ.
അച്ചടി മാധ്യമം എന്നും എക്കാലത്തും ഒരു ഡോക്യുമെന്റാണ്. ഇന്നലെയുടെ അനുഭവ ചരിത്രങ്ങള്‍ ഉള്‍ക്കൊണ്ട് ഇന്നീ നിമിഷത്തിന്റെ വര്‍ത്തമാന സത്യമറിഞ്ഞ് നാളെയുടെ നിശ്ചയങ്ങളിലേക്ക് തൂലിക ചലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് മാധ്യമപ്രവര്‍ത്തകര്‍.
സമകാലിക വിഷയങ്ങളെ, പ്രശ്‌നങ്ങളെ, ആഗ്രഹങ്ങളെ, ആശങ്കകളെ സത്യസന്ധതയുടെ മഷിപ്പടര്‍പ്പിലേക്കെത്തിക്കുവാന്‍ സാധിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്ളിടത്തോളം കാലം ഈ മേഖലയ്ക്ക് ഒരു ഭീഷണിയും മൂല്യച്യുതിയും സംഭവില്ലെന്നുറപ്പിക്കാം.
കോര്‍പ്പറേറ്റുകളുടെയും ജാതിമത വര്‍ഗീയ ശക്തികളുടെയും തീവ്രവാദ പ്രസ്ഥാനങ്ങളുടെയും കൂലിയെഴുത്തുകാരായി അല്ലെങ്കില്‍ പേറോളുകാരായി ഇനിയും അധഃപതിക്കാതിരുന്നാല്‍ നമുക്ക് സമൂഹത്തിന്റെ നേര്‍സാക്ഷ്യമാകാം. ജനാധിപത്യത്തിന്റെ ആ നാലാം തൂണ് ഉടഞ്ഞ് തകര്‍ന്ന് വീഴാതിരിക്കട്ടെ.
ഏതായാലും കൊച്ചിയില്‍ മറ്റൊരു മാധ്യമോത്സവത്തിന്റെ കേളികൊട്ട് പുതുവര്‍ഷാരംഭത്തില്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു. അക്ഷരത്തിന്റെ ജ്വാലയില്‍ പ്രകാശമാനമാവട്ടെ ബോള്‍ഗാട്ടി പാലസിലെ ജനുവരി ആറാം തീയതിയുടെ ശുഭസായാഹ്നം. സുനില്‍ തൈമറ്റത്തിനും അദ്ദേഹത്തിന്റെ അഭിമാന ടീമിനും അഭിവാദ്യങ്ങള്‍...
# India Press Club of North America