Image

ശൈത്യത്തെ അതിജീവിച്ചവൾ! മഞ്ഞിൽ ഒരുവൾ : വിധു ഫിലിപ്പ്

Published on 05 January, 2023
ശൈത്യത്തെ അതിജീവിച്ചവൾ! മഞ്ഞിൽ ഒരുവൾ : വിധു ഫിലിപ്പ്
തൃശൂരിൽ പോയപ്പോൾ ഫൊക്കാനയുടെ ബെന്നി നെച്ചൂർ സാർ പറഞ്ഞിട്ടാണ് ഞാൻ ഗ്രീൻ ബുക്സിന്റെ ഓഫീസിൽ ചെന്നത്. അദ്ദേഹം  എഡിറ്റ് ചെയ്ത അമേരിക്കൻ കഥക്കൂട്ടം എന്നൊരു  പുസ്തകം സമ്മാനം ആയി തരാം എന്ന് കേട്ട പാതി ഞാൻ ഗ്രീൻ ബുക്സിന്റെ ഓഫീസിൽ എത്തി. ഗ്രീൻബുക്‌സിലെ  സ്വപ്ന എനിക്ക് അമേരിക്കൻ കഥക്കൂട്ടത്തോടൊപ്പം വളരെ സ്നേഹത്തോടെ മറ്റൊരു പുസ്തകവും സമ്മാനമായി നൽകി.
കാനേഡിയൻ എഴുത്തുകാരി നിർമ്മലയുടെ ,  ഗ്രീൻ ബുക്ക്സ് പ്രസിദ്ധീകരിച്ച "മഞ്ഞിൽ ഒരുവൾ" എന്ന പുസ്തകമായിരുന്നു അത്.
 
മഞ്ഞിൽ ഒരുവൾ എന്ന പേര് ഞാൻ മുമ്പും കണ്ടിട്ടുണ്ടായിരുന്നു. രാത്രി ഉറക്കത്തിലേക്ക് തെന്നി വീഴാൻ magzter എടുത്തു മറിച്ചു നോക്കുമ്പോൾ എപ്പോഴോ കണ്ട ഒരു പേര്. പന്ത്രണ്ടു വർഷങ്ങൾ ആയി കാനഡയിൽ താമസിച്ചിട്ടും മഞ്ഞിനോടും, മഞ്ഞ് എന്ന വാക്കിനോട് പോലും രമ്യതപ്പെടാൻ കഴിയാത്ത ഞാൻ സ്വയം സഹതപിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ആണ് " മഞ്ഞിൽ ഒരുവൾ". ഇനി മറ്റൊരാളുടെ   മഞ്ഞു കഥ വായിക്കേണ്ട എന്ന തീരുമാനത്തിൽ രണ്ടാമതൊന്നു നോക്കാതെ കടന്നു പോയതാണ്. പുസ്തകം കണ്ടപ്പോൾ " ദേ അത് വീണ്ടും എന്നെ വിടാതെ പിന്തുടർന്ന് വന്നിരിക്കുന്നല്ലോ " എന്ന് ഞാൻ എന്നോട് തന്നെ പരിതപിച്ചു.
 
ചുമ്മാ കിട്ടിയത, എപ്പോഴെങ്കിലും വായിച്ചു നോക്കാം എന്ന് കരുതി പുസ്തകങ്ങൾ പാക്ക് ചെയുന്ന കൂട്ടത്തിൽ മഞ്ഞിൽ ഒരുവളെയും ഞാൻ പെട്ടിയിൽ അടുക്കി വെച്ചു.  കാനഡയിൽ എത്തി ജെറ്റ് ലാഗിന്റെ ആലസ്യത്തിൽ പുസ്തകങ്ങൾ എല്ലാം വാരി കൂട്ടി ഒരു ഷെൽഫിൽ വലിച്ചിട്ടു. എന്റെ കിടക്കയിൽ കിടന്നു നോക്കിയാൽ കാണുന്ന രീതിയിൽ ആണ് പുസ്തകങ്ങളുടെ ഇരുപ്പ്. ഓരോ ദിവസവും കണ്ണ് തുറന്നു നോക്കുമ്പോൾ മഞ്ഞിൽ ഒരുവൾ എന്നെ തുറിച്ചു നോക്കുന്നു. ഇത് വലിയ കഷ്ടമായല്ലോ? വേറെയും സുഹൃത്തുക്കൾ സ്നേഹത്തോടെ പുസ്തകങ്ങൾ തന്നിട്ടുണ്ട്. അത് പോലും വായിക്കാൻ സമയം കിട്ടിയില്ല. ഈ പുസ്തകം എന്തിനാ എന്നെ തുറിച്ചു നോക്കുന്നത് എന്ന് വീണ്ടും ഞാൻ പരിതപിച്ചു.
 
ഇത്രേം തുറിച്ചു നോക്കി കൊണ്ടിരിക്കുന്നത് അല്ലെ എന്നാൽ ഒന്ന് വായിച്ചു നോക്കാം എന്നുള്ള തോന്നലിൽ ഒരു രാത്രി പുസ്തകം എടുത്തു വായന തുടങ്ങി. ആദ്യത്തെ അധ്യായം വായിച്ചപ്പോഴേ സംഗതികളുടെ പോക്ക് മനസിലായി. കാൻസർ ആണ് സംഭവം. രാത്രി ഉറങ്ങാൻ പോകുന്നതിനു മുമ്പ് വായിക്കേണ്ട വിഷയം തന്നെ!. എന്തോരം പേരുടെ കാൻസർ കഥകൾ കേട്ടിരിക്കുന്നു, അതൊക്കെ ഇപ്പൊ നിത്യ സംഭവം അല്ലെ? കാൻസർ വന്ന നായിക, കാൻസർ ചികിത്സ നടത്തുന്നു. ഒന്നുകിൽ മരിക്കും അല്ലെങ്കിൽ രോഗം കാർന്നു തിന്നുന്ന രോഗിണിയായി ജീവിക്കും. ചുറ്റും ഉള്ളവർ സഹതപിക്കും അത്രേന്നെ! അല്ലെങ്കിൽ തന്നെ ഒരു കാൻസർ രോഗിയെ കുറിച്ച് ഇതിൽ അപ്പുറം എന്തെഴുതാൻ? പുസ്തകം അടച്ചു വെച്ചു, പുതച്ചുമൂടി കൂർക്കം വലിച്ചു സുഖമായി കിടന്നുറങ്ങി.
 
മഞ്ഞിൽ ഒരുവൾ എന്നെ വിട്ടില്ല. വീണ്ടും ഒരു രാത്രി ആദ്യം മുതൽ  വായന തുടങ്ങി. രണ്ടാമത്തെ അധ്യായത്തിന്റെ പകുതി ആയപോഴേ പുസ്തകം താഴെ വെയ്ക്കാൻ കഴിയാത്ത പോലെ കഥ പറച്ചിൽ  എന്റെ മനസ്സിൽ കടന്നു കൂടി.
 
വായനക്കാർക്ക് എഴുത്തു പ്രിയപെട്ടതാകാൻ ഉള്ള മുഖ്യകാരണം അതിൽ അവർക്ക് അവരെ തന്നെ കാണാൻ കഴിയുമ്പോഴ് ആണ് .  മഞ്ഞിൽ ഒരുവളിൽ ഒരുപാടിടങ്ങളിൽ ഞാൻ എന്നെ തന്നെ കണ്ടു. കഥ പറയുന്നതിനോടൊപ്പം തന്നെ ജീവിതത്തിനോട് അടുത്തു നിൽക്കുന്ന ഒരുപാട് കൊച്ചു കൊച്ചു  നിരീക്ഷണങ്ങൾ വായനക്ക് ഒരു പ്രത്യേക സുഖം നൽകി.
 
ഉദാഹരണത്തിന്, എന്റെ മുടി ഇപ്പോഴും എനിക്ക് ഒരു പ്രശ്നം ആണ്. കേരളത്തിൽ ജീവിക്കുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പം കാരണം എന്റെ ചുരുണ്ട മുടി എത്രെ ഈരി വെച്ചാലും അനുസരകേട്‌ കാട്ടി പൊങ്ങി പൊങ്ങി പോകും. കാനഡയിൽ വന്നപ്പോഴും മുടി എന്നും ഒരു പ്രശ്നം തന്നെ. മദാമ്മമാരുടെ പോലെ പട്ടു മുടി ഇല്ലാത്തവർ കെരാട്ടിൻ ചികിത്സ നടത്തി നിർബന്ധിച്ചു പട്ടു പോലെ ആക്കി മുടി വിടർത്തി ഇട്ടപ്പോൾ, മുടിയിൽ പ്രത്യേകിച്ച് ഒന്നും ചെയ്യില്ല എന്ന വാശിയിൽ നടക്കുന്ന പഴഞ്ചൻ മലയാളി ആണ് ഞാൻ. “സമയത്തിനു വെട്ടാതെ പാറിപറന്നു കിടക്കുന്ന മുടിയാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഒറ്റുകാരൻ”  എന്ന് കഥാനായിക അശ്വിനി കണ്ടു പിടിക്കുമ്പോൾ അങ്ങിനെ ഒരു ഇന്ത്യക്കാരി ആണല്ലോ ഞാനും എന്ന് ഓർത്തു തലയിൽ കൈ വെച്ചുപോയി.
 
മലയാളികളുടെ ഒരു നേർ ചിത്രം കൂടി ആണ് " മഞ്ഞിൽ ഒരുവളിൽ" വരച്ചിടുന്നത്. ദാരിദ്ര്യവും ദുരിതവും  പിടിച്ച കാലങ്ങളിൽ മലയാളികളുടെ ശീലങ്ങളിൽ ഒന്നായിരുന്നു കീറിയ തുണികൾ തയ്ച്ചു വീണ്ടും കീറുന്നത് വരെ ഉപയോഗിക്കുക എന്നത്. പുതിയത് വാങ്ങിയാലും പഴയതു കളയാൻ ഉള്ള മലയാളികളുടെ മടിയെ  കഥാകാരി കളിയാക്കുന്നുണ്ട്,. " കീറുന്നത് വരെ ഉപയോഗിക്കുക എന്ന പഴയ കേരള മോഡൽ അശ്വിനി ഉപേക്ഷിച്ചു " എന്ന് വായിച്ചപ്പോൾ കാനഡയിൽ വന്നിട്ടും, ഇഷ്ടം പോലെ വസ്ത്രങ്ങൾ ഉണ്ടായിട്ടും, ഇപ്പോഴും എനിക്ക് ഉപേക്ഷിക്കാൻ സാധികാത്ത ഒരു ശീലം ആണല്ലോ അത് എന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.
 
വളരെ ഗൗരവമേറിയ ഒരു കഥാതന്തു കൈകാര്യം ചെയുന്നതിനിടയ്ക്ക് അല്പം കാര്യത്തിലും അതിലുപരി കളിയായും ചേർത്ത് വെച്ച ഇത്തരം നിരീക്ഷണങ്ങൾ ആണ് മടുപ്പില്ലാതെ " മഞ്ഞിൽ ഒരുവൾ" വായിച്ചു പോകാൻ സഹായിക്കുന്ന ഘടകങ്ങളിൽ ഒന്ന്.
 
ഓരോ വ്യക്തിയുടെയും മനസിന്റെ അഗാധതയിൽ വെളിച്ചം കാണാത്ത ഒരു പാട് ചിന്തകൾ ഉണ്ടാകും. ഒരുപക്ഷെ ആ വ്യക്തി പോലും തിരിച്ചറിയാത്ത ആഴമാർന്ന ചിന്തകൾ!. അത്തരം ചിന്തകളെ ഖനനം ചെയ്തു എടുത്തു എഴുതി വെച്ചിരിക്കുകയാണ് "മഞ്ഞിൽ ഒരുവളിൽ" എഴുത്തുകാരി.നർമത്തിൽ പൊതിഞ്ഞ പൊള്ളുന്ന യാഥാർഥ്യങ്ങൾ!
" കാനഡയിലെ കുട പോലെ ആണ് കെട്ട്യോന്മാർ. ഒരു ചന്തത്തിനു കൊണ്ട് നടക്കാം. ശക്തിയായിട്ടൊരു മഴയോ കാറ്റോ വന്നാൽ പിന്നെ സംരക്ഷണം എന്ന ഉപയോഗം ഇല്ലാതാവും." തൃശ്ശൂരിൽ വെയിലത്തും മഴയത്തും കുട കൊണ്ട് നടന്ന ശീലത്തിൽ ആദ്യ കനേഡിയൻ മഴയിൽ തുറന്ന കുട അയ്യോ പത്തോ ന്നു പൂർണമായും മുകളിലേക്ക് മലർന്നപ്പോൾ അന്ധാളിച്ചു നിന്ന ദിവസം ഓർത്തു പോയി ഇത് വായിച്ചപ്പോൾ.! പലപ്പോഴും കൂട്ടുകാരികൾ പറഞ്ഞു കേട്ട കെട്ടിയോൻകഥകളിലെ മലർന്ന കുടപോലത്തെ കെട്ടിയോന്മാർ ഓര്മയിലും തെളിഞ്ഞു.
 
കഥ പറച്ചിലിൽ ഉപയോഗിച്ചിരിക്കുന്ന ആധുനിക  കേരളത്തിലെ ഇംഗ്ലീഷ് കലർന്ന മലയാളം, കുട്ടിക്കാലത്തു വായിച്ചിട്ടുള്ള പല കഥകളുടെയും പാട്ടുകളയുടെയും സൂചനകളും ഒട്ടും മുഴച്ചു നില്കുന്നില്ല. വളരെ സുഗമമായി കഥ പറഞ്ഞു പോകാനുള്ള ഉള്ള കഥാകാരിയുടെ ചാതുര്യം " മഞ്ഞിൽ ഒരുവളുടെ" വായനയ്ക്ക് മിഴിവേകുന്നു.
രോഗവും ദുരിതങ്ങളും വ്യക്തിപരമായ പരാജയങ്ങൾ ആയി സമൂഹം കണക്കാകുമ്പോഴും അതിനെ എല്ലാം അതിജീവിച്ചു, ധീരമായി ജീവിതത്തെ നേരിട്ട്, ഒറ്റയ്ക്ക് ഒരുവൾക്ക് മുന്നേറാം എന്ന അശ്വിനി കാണിച്ചു തരുന്നു. സ്നേഹരാഹിത്യത്തിന്റെയും, ഒറ്റപെടുത്തലുകളുടെയും ശൈത്യത്തെ അതിജീവിച്ചവൾ! മഞ്ഞിൽ ഒരുവൾ !
VIDHU PHILIP # MANJIL ORUVAL NIRMALA
 
ശൈത്യത്തെ അതിജീവിച്ചവൾ! മഞ്ഞിൽ ഒരുവൾ : വിധു ഫിലിപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക