കൊച്ചി: ഞാനും സഹധര്‍മ്മിണി മോളിയും 1970 കളില്‍ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കുടിയേറിയവരാണ്.
അമേരിക്കയില്‍ എത്തിയ ആദ്യ 5 വര്‍ഷത്തോളം നാട്ടില- കേരളത്തിലേക്ക് ഒരു സന്ദര്‍ശനത്തിനും ശ്രമിച്ചില്ല. കാരണം കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ഇവിടെ ജീവിതായോധനത്തിനായി കഠിന ശ്രമങ്ങളുടെയും പിടിച്ചുനില്‍പ്പിന്റെയും അഞ്ചു വര്‍ഷങ്ങളായിരുന്നു. ഇവിടത്തെ സാമ്പത്തീകവും ജീവിതമാര്‍ഗ്ഗങ്ങളും മെച്ചപ്പെട്ടതോടെ കുറഞ്ഞ പക്ഷം മൂന്നു വര്‍ഷത്തിലൊരിക്കലെങ്കിലും കേരള സന്ദര്‍ശനം പതിവായിരുന്നു.
വര്‍ഷങ്ങള്‍ പിന്നിട്ട് റിട്ടയര്‍ ആയ ശേഷം ന്യൂയോര്‍ക്ക് വിട്ട് ഹ്യൂസ്റ്റണിലേക്ക് ചേക്കേറിയ ശേഷം എല്ലാ വര്‍ഷവും ഒരു നാടന്‍-കേരള-യാത്ര പതിവാക്കി. എന്നാല്‍ കോവിഡ് 19 പൊട്ടിപുറപ്പെട്ടശേഷം 2022 നവംബര്‍ ഒടുവിലാണ് ഞാനും ഭാര്യ മോളിയും ഒരു കേരളാ സന്ദര്‍ശനത്തിനായി എത്തിയത്. ഹ്യൂസ്റ്റണില്‍ നിന്നും കേരളത്തിലേയ്ക്കായി യാത്ര പുറപ്പെടുമ്പോള്‍ എന്റെ ആരോഗ്യനില അത്ര മെച്ചമായിരുന്നില്ല. 100 വയസു പൂര്‍ത്തിയായ എന്റെ അമ്മ തീര്‍ത്തു അവശയായി കിടപ്പിലായിട്ട്് നാല് മാസം പിന്നിട്ടു കഴിഞ്ഞിരുന്നതിനാല്‍ ഏതു നിമിഷവും നാടു നീങ്ങിയേക്കാവുന്ന ഒരവസ്ഥയിലായിരുന്നതിനാല്‍ 9 മക്കളില്‍ ഏറ്റവും മൂത്തവനായ ഞാന്‍ ഉടന്‍ നാട്ടിലേക്ക് യാത്രതിരിക്കുകയായിരുന്നു. 9 മക്കളില്‍ ഞാനടക്കം ആറ് മക്കള്‍ അമേരിക്കയിലുണ്ട്. എല്ലാവരേയും ഞാന്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്തു ഫാമിലി റിയൂണിഫിക്കേഷന്‍ വിസയില്‍ അമേരിക്കയില്‍ വരുത്തിയതാണ്. ഇപ്പോള്‍ രോഗഗ്രസ്തയായ അമ്മയും ഏതാണ്ട് നാല് വര്‍ഷക്കാലം എന്നോടൊപ്പം ന്യൂയോര്‍ക്കില്‍ 1980കളിലുണ്ടായിരുന്നു.
പിന്നീട് മൂവാറ്റുപുഴ അടുത്തുള്ള പൈങ്ങോട്ടൂര്‍ തറവാട്ടുവീട്ടില്‍ അപ്പന്‍ ആടുകുഴി വര്‍ക്കിചാക്കൊ, മകന്‍ എമ്മാനുവേല്‍ എന്നിവരോടൊപ്പം താമസമാക്കി. 1998 ല്‍ അപ്പന്റെ മരണശേഷം ഏതാണ്ട് 24 കൊല്ലം അമ്മ വിധവയായി ജീവിച്ചു. ഞാന്‍ കൊച്ചിയില്‍ വിമാനമിറങ്ങിയ പിറ്റേന്നു നവംബര്‍ 26 ശനിയാഴ്ച തന്നെ അമ്മ മരിച്ചു. നവംബര്‍ 27 ഞായറാഴ്ച ഉച്ചകഴിഞ്ഞു പൈങ്ങോട്ടൂര്‍ സെന്റ് ആന്റണീസ് ഫെറോന ദേവാലായ സിമിത്തേരിയില്‍ അപ്പന്റെ ശവക്കലറയില്‍ തന്നെ അമ്മയെ സംസ്‌ക്കരിച്ചു. സംസ്‌ക്കാര ചടങ്ങിലും, മറ്റും പങ്കെടുക്കുമ്പോഴും ഉറക്കകുറവ് യാത്രാക്ലേശങ്ങളാല്‍, മറ്റു ശാരീരിക അവസ്ഥകളാല്‍ ഞാന്‍ തീര്‍ത്തും ്അവശനായിരുന്നു. പിറ്റേന്നു എനിക്കു ശ്വാസംതടസം നേരിട്ടു തീരെ അവശനായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ EMC എന്ന സ്വകാര്യ ഹോസ്പിറ്റലില്‍ അഡ്്മിറ്റായി. അവിടെ ഐവി മെഡിക്കേഷന്‍സിന്റെ സഹായത്തോടെ അഞ്ച് ദിവസം കഴിഞ്ഞു. അങ്ങനെ എന്റെ ജീവിതത്തില്‍ ആദ്യമായി ഒരു കേരള ഹോസ്പിറ്റലില്‍ അന്തേവാസിയായി കഴിഞ്ഞു. ഹോസ്പിറ്റലില്‍ കഴിയുമ്പോള്‍ പല ശിഥിലമായ ശോകചിന്തകളും ഒരു സെല്ലുലോയിഡിലെന്നപോലെ എന്നില്‍ മിന്നിമറഞ്ഞു. മരിക്കാറായിട്ടാണെ ഞാനിപ്രാവശ്യം കേരളത്തിലെത്തിയത്? അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ ഫോറസ്റ്റ് പാര്‍ക്ക് സിമിത്തേരിയില്‍ എനിക്കും ഭാര്യക്കും അന്ത്യവിശ്രമം കൊള്ളുന്നതിന് നേരത്തെ തന്നെ സ്ഥലം വാങ്ങിയിട്ടുണ്ട്. അതുപോലെ ഞാനും ഭാര്യയും ലോകത്തെവിടെവച്ച് മരിച്ചാലും ശവം ഹ്യൂസ്റ്റണില്‍ എത്തിക്കാനുള്ള ഒരു ഫ്യൂണറല്‍ ട്രാവല്‍ ഇന്‍ഷ്വറന്‍സും വാങ്ങിയിരുന്നു. ഞാന്‍ നാട്ടിലുള്ള മക്കളെ വിളിച്ച് അക്കാര്യം ഒന്നുകൂടെ ഒര്‍മ്മിപ്പിച്ചില്ല. എന്റെ പേര്‍സില്‍ അതിന്റെ ഒക്കെ ഐഡികാര്‍ഡുകള്‍ ഞാന്‍ രാത്രിയില്‍ എടുത്തു പരിശോധിച്ചു. നമ്മുടെ കേരള ഗവണ്‍മെന്റ് കൊട്ടിഘോഷിക്കുന്നപോലെ ഒരു ലോകോത്തരനിലവാരവും ആരോഗ്യപരിപാലന രംഗത്തു ഞാന്‍ കണ്ടില്ല. പക്ഷെ ഞാന്‍ കിടന്നത് ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ ആയിരുന്നതിനാല്‍ അ്ത്രമോശവുമായിരുന്നില്ല. ഡോക്ടര്‍മാരുടേയും, നഴ്‌സുമാരുടേയും സേവനങ്ങള്‍ മഹത്തരമായി തോന്നി. ചെറുപ്പക്കാരികളും സുന്ദരിമാരുമായി എന്നെ പരിചരിക്കാനെത്തിയ പല നഴ്‌സുമാരും ഉടന്‍ തന്നെ യു.കെ., ്അയര്‍ലന്റ്, ജര്‍മ്മനി, ആസ്‌ട്രേലിയ, ക്യാനഡാ തുടങ്ങിയടങ്ങളിലേക്ക് കുടിയേറാനിരിക്കുന്നവരാണെന്നും പറഞ്ഞു.
ഹോസ്പിറ്റലില്‍ നിന്ന് റിലീസ് ആയെങ്കിലും തുടരെ കഴിക്കാനായി അനവധി മരുന്നുകളും ആന്റിബയോട്ടിക്കുകളുമുണ്ടായിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ഒത്തിരി ദീര്‍ഘമായതും മറ്റ് ഇന്‍ടര്‍ സ്‌റ്റെയിറ്റ് യാത്രകള്‍ ഒഴിവാക്കി കൊച്ചിയിലെ ഫ്‌ളാറ്റില്‍ തങ്ങുകയാണ്. രണ്ടു ദിവസം മുമ്പ് എറണാകുളത്തു നിന്ന് തൃപ്പൂണിത്തറ, തിരുവാങകുളം, പുത്തന്‍ കുരിശ്, കോലഞ്ചേരി, കീഴില്ലം, മൂവാറ്റുപുഴ, വാഴക്കുളം, വഴി തൊടുപുഴയിലും, കലൂരും,കല്ലൂര്‍ക്കാട്ടും, ആയവതയിലും, നാഗപ്പുഴയിലും, മൊതലക്കുടത്തും, വൈലക്കൊമ്പിലും, നെല്ലിമറ്റത്തും, ഊന്നുകുല്ലിലും, കോടികുരുത്തും, കടവൂരും, വണ്ടമറ്റത്തും, കോതമംഗലത്തും, പോത്താനിക്കാടും, കോതമംഗലത്തും പോയി ചില സുഹൃദ് ഭവനങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ നടത്തി. എറണാകുളത്തേക്കുള്ള മടക്കയാത്ര കോതമംഗലം, പെരുമ്പാവൂര്‍, ആലുവാ വഴി ആയിരുന്നു. ട്വെന്റി ട്വെന്റി പാര്‍ട്ടിക്കും, അതിന്റെ അമരക്കാരന്‍ സാബു ജേക്കബിനും സ്വാധീനമുള്ള പഞ്ചായത്തു റോഡുകളിലൂടെയുള്ള യാത്ര കിഴക്കമ്പലം ഭാഗത്തുള്ള യാത്ര വളരെ സുഖകരമായിരുന്നു. കാരണം ആ ഭാഗത്തെ റോഡുകള്‍ അമേരിക്കന്‍ നിലവാരത്തില്‍ തന്നെയുള്ളതായിരുന്നു. പിന്നീട് കാക്കനാട് ഇന്‍ഫോ പാര്‍ക്കു വഴി പട്ടിമറ്റം റോഡിലൂടെ ഒരു ദുരിത-നരക-യാത്രയും നടത്തി. പട്ടിമറ്റം റോഡ് കുണ്ടും കുഴിയും നിറഞ്ഞ് പട്ടി നക്കിയ രീതിയിലാണ്. ഓരോ ചെറിയ യാത്രയാണെങ്കിലും അതുകഴിഞ്ഞ് ഒരു മുഴുവന്‍ ദിവസത്തെ വിശ്രമത്തിനുശേഷം മാത്രമായിരുന്നു എന്റെ മറ്റ് ഓരോ ചെറിയ യാത്രകളും. എറണാകുളത്തെ ഒബറോന്‍ മാളിലും, - പ്ലാസാ മാളിലും അധികം തിര്കകുകളില്ലാ. എന്നാല്‍ കൊച്ചിന്‍ മെട്രോയടുത്ത് ഇടപ്പള്ളിയിലെ യൂസഫ് അലിയുടെ ലുലുമാള്‍ ജനനിബഢമായിരുന്നു. വലിയവലിയ സെയില്‍സ് അല്ലെങ്കില്‍ ഓഫറുകളുടെ പിറകെ അവിടെ ജനം പരക്കം പായുകയാണ്. ലുലു മാളിലും, എറണാകുളം മറൈന്‍ ഡ്രൈവിലും ഞാന്‍ യാത്ര ചെയ്യുമ്പോള്‍ ലോകോത്തരമായ അനേകം ഫാഷനിലും, ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ ധരിച്ച് യുവതിയുവാക്കള്‍ ഒഴുകിനടക്കുക്കുന്നതു കാണാനിടയായി. ചില യുവമിഥുനങ്ങള്‍ അന്യോന്യം പബ്ലിക്കായി കെട്ടിപിടിച്ച് ചുംബിക്കുന്നതും എന്നില്‍ കൗതുകമുണര്‍ത്തി. കാരണം എഴുപതുകളില്‍ ഞാന്‍ ന്യൂയോര്‍്ക്കില്‍ എത്തുമ്പോള്‍ അവിടെ അത്തരം കാഴ്ചകള്‍ സാധാരണമായിരുന്നു. പക്ഷെ അത്തരം കാഴ്ചകള്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലും, ഹ്യൂസ്റ്റണിലും ഒന്നും സാധാരണമായിട്ടില്ല. അതെല്ലാം ഇപ്പോള്‍ കൊച്ചിയിലും കേരളത്തിലുമൊക്കെ ആയി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ടാക്‌സ് കെട്ടാനും മറ്റ് ചില ആവശ്യങ്ങള്‍ക്കുമായി ഞാന്‍ ചില സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി. ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും, പ്രവൃത്തിയിലും ചില ചെറിയ മാറ്റങ്ങള്‍ മാത്രം. അവരുടെ അലസതയും, കാര്യക്ഷമതയില്ലായ്മയും, യജമാന സ്വഭാവവും അങ്ങനെ ഒക്കെ തുടരുന്നു. ഒട്ടും ഡിസിപ്ലിന്‍ ഇല്ലാത്ത പൊതുജനം വേറെയും. ആശുപത്രിയിലും, ഓഫീസിലായാലും ഒരു ക്യൂസിസ്റ്റം പാലിക്കാത്ത ജനം. എവിടെയും ലൈന്‍ തെറ്റിച്ച് ഇടിച്ചു കേറുന്ന ജനം. ലൈനില്‍ രണ്ടാള്‍ മാത്രമുണ്ടായാലും അവിടെയും ഒരാള്‍ മറ്റൊരാളെ വെട്ടിച്ച് കൈയ്യിടുന്നു. എനിക്കു കുറച്ചു മരുന്നുകള്‍ മേടിയ്ക്കാനായി ഒരു അമേരിക്കന്‍ രീതിയില്‍ ഞാന്‍ അരമണിക്കൂര്‍ ലൈനില്‍ നിന്നിട്ടും ഫലമുണ്ടായില്ല. കാരണം മര്യാദക്കും ലൈനില്‍ നിന്ന എന്നെ തള്ളിയിട്ട് മറ്റ് ഓരോരുത്തരായി മിടുക്കരായി മരുന്നും വാങ്ങികൊണ്ടുപോയി. എന്നാല്‍ മരുന്നു എടുത്തു കൊടുക്കുന്ന ആ ഉദ്യോഗസ്ഥന്‍ എങ്കിലും ലൈനില്‍ ആദ്യമായി വന്നു നില്‍ക്കുന്ന എന്നെ കാണുന്നില്ല. ഗൗനിക്കുന്നില്ല എന്നെ തട്ടിമാറ്റി കൈയ്യൂക്കുള്ള ഓരോരുത്തരേയും മാത്രമാണ് ആ ഉദ്യോഗസ്ഥന്‍ ഗൗനിക്കുന്നത്. ദൂരെ ഇതെല്ലാം കണ്ടുനിന്ന ഒരു മറുനാടന്‍ ചേടത്തിയാണെന്നു തോന്നുന്നു. എന്നോടു അനുകമ്പ തോന്നിയിട്ട് എനിക്കൊരു നിര്‍ദ്ദേശം തന്നു. ചേട്ടന്‍ വിദേശത്തുനിന്നു വന്നതാണെന്നു തോന്നു. ചേട്ടനിങ്ങനെ എല്ലാവര്‍ക്കും അവസരം കൊടുത്തു മടിച്ചു മടിച്ചു നിന്നാല്‍ രാത്രിവരെ നില്‍ക്കാം. അങ്ങട്ട് ഇടിച്ചു കേറി കുറിപ്പടികൊട് ചേട്ടാ. അതുകേട്ടമാതി എനിക്കു ധൈര്യം വന്നു. ഞാനും കുറിപ്പടി കിളിവാതിലൂടെ അങ്ങു നീട്ടി കൊടുത്തു അതിന്റെ വില കെട്ടി ഇനി മരുന്നു പിക്കപ്പു ചെയ്യാന്‍ മറ്റൊരു വിന്‍ഡൊയില്‍ പോയി ഇടിക്കണം. ഏകജാലകം പോയിട്ട് പലജാലകത്തില്‍ പോയി ഇവിടെ നമ്മള്‍ കൈയ്യിടണം. നാട്ടില്‍ നിന്നു വരുന്നമന്ത്രിമാരേയും ഉദ്യോഗസ്ഥരേയും നമ്മള്‍ ഫൊക്കാന-ഫോമാക്കാര്‍-വേള്‍ഡ് മലയാളിക്കാര്‍ തോളിലേറ്റും അവര്‍ നമ്മളോടു പല പൊള്ള വാഗ്ദാനങ്ങളും തരും. അത്ര തന്നെ. എല്ലായിടത്തും വഞ്ചിതരാകുകതന്നെ. പ്രവാസിയെ നാട്ടുകാരും, ഉദ്യോഗസ്ഥരും, ഇവിടത്തെ സിസ്റ്റവും വെള്ളം കുടിപ്പിച്ചു തന്നെ വിടും.
തുടരും...