Image

തൊട്ടാവാടിയും ചേമ്പിലയും - അവധിക്കഥ - 8 : പ്രകാശൻ കരിവെള്ളൂർ

Published on 05 January, 2023
തൊട്ടാവാടിയും ചേമ്പിലയും - അവധിക്കഥ - 8 : പ്രകാശൻ കരിവെള്ളൂർ

കാടു പിടിച്ച് കിടന്ന ആ വലിയ പറമ്പിന്റെ കിഴക്കേ അതിരിനോട് ചേർന്ന് ഒരു കൂട്ടം തൊട്ടാവാടിച്ചെടികൾ പടർന്ന് കിടന്നിരുന്നു. നിറയെ മുൾപ്പടർപ്പായിരുന്നതിനാൽ ആരും ആ ഭാഗത്തേക്ക് വരാറില്ല. പൂ പറിക്കാൻ പോകുന്ന കുട്ടികളാരും തന്റെ അടുത്തേക്ക് വരില്ലല്ലോ, തന്റെ പൂക്കൾ ആർക്കും വേണ്ടല്ലോ... ഈ പ്രകൃതി എന്തിനാണോ എന്നെ മാത്രം മേനി നിറയെ മുള്ളുകൾ വാരി വിതറി ഒറ്റപ്പെടുത്തിയത് ? 

അതോർക്കുമ്പോൾ തൊട്ടാവാടിക്ക് സങ്കടവും പ്രകൃതിയോട് ദേഷ്യവും വരും.  എന്നാൽ ഒരു ദിവസം കടിച്ചു പറിച്ചു തിന്നാൻ എവിടെ നിന്നോ കുറേ ആടുകൾ ഓടി വന്നു. നിറയെ മുള്ളുകളായത് കൊണ്ട് തിന്നാൻ കഴിയാതെ അവ തിരിച്ചു പോയി. തൊട്ടാവാടിയുടെ മനസ്സ് കൃതജ്ഞത കൊണ്ട് നിറഞ്ഞു - തന്നെ രക്ഷിക്കാൻ വേണ്ടിയാണല്ലോ പ്രകൃതി ഈ മുള്ളുകൾ തന്നത്. എന്നാലും ഒറ്റയ്ക്കാവുന്നതിന്റെ സങ്കടം എപ്പോഴും തൊട്ടാവാടിയുടെ മനസ്സിൽ ബാക്കിയായിരുന്നു. 

ആകാശത്തു നിന്ന് വിരുന്നെത്തുന്ന മഴദേവതമാത്രമാണ് തൊട്ടാവാടിയുടെ ഒരേ ഒരു കൂട്ടുകാരി . ആദ്യമൊന്നും മഴദേവതയ്ക്ക് തൊട്ടാവാടിയെ ഇഷ്ടമേ ആയിരുന്നില്ല. ചെറിയ ചെറിയ ഇലകൾ . ഭംഗിയില്ലാത്ത പൂക്കൾ . ഈ കൂട്ടുകാരിയെ ഇഷ്ടത്തോടെയൊന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്യാമെന്ന് വച്ചാലോ ? ദേഹമാകെ മുള്ളും തറക്കും. 

പറമ്പിന്റെ കുറച്ചപ്പുറത്തായി നിറയെ ചേമ്പിലച്ചെടികൾ തഴച്ച് വളർന്നിട്ടുണ്ടായിരുന്നു. എന്തൊരു അഴകാർന്ന ഇലകളാണ് ചേമ്പിലയ്ക്ക് . അതും എത്ര വലുത്. മഴ ദേവതയ്ക്ക് ചേമ്പിലയെ കൂട്ടുകാരിയാക്കാനായിരുന്നു മോഹം . പെയ്യുമ്പോൾ വലിയ തുള്ളിയായി പെയ്ത് ചേമ്പിലയിൽ വീണ് മഴ ദേവത തന്റെ സ്നേഹം അറിയിച്ചു.
സ്നേഹത്തിന്റെ കുളിർ മഴത്തുള്ളിയൊന്നും ചേമ്പിലയ്ക്ക് ഒരു വിഷയമേ ആയിരുന്നില്ല. ഇലയിൽ വീണ ഓരോ പളുങ്ക്മഴത്തുള്ളിയേയും ചേമ്പില നിഷ്കരുണം താഴേക്ക് ഉരുട്ടിയിട്ടു. മഴയുടെ സ്നേഹം ഒട്ടും ഉള്ളിൽ കൊള്ളാതെ, എന്തിന് ഇലയെ ഒന്ന് നനക്കുക പോലും ചെയ്യാതെ കൂസലില്ലാതെ ചേമ്പില നിന്നു . 
എത്ര സ്നേഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാത്ത  ചേമ്പിലക്കുട്ടുകാരി മഴ ദേവതയെ സങ്കടപ്പെടുത്തി. 
അപ്പോഴാണ് താനൊന്ന് തൊട്ടാൽത്തന്നെ അടിമുടി കോരിത്തരിച്ച് നിൽക്കുന്ന തൊട്ടാവാടിയെ മഴദേവത ശ്രദ്ധിച്ചത്. താൻ തൊടുന്നത് ഈ തൊട്ടാവാടിക്കൂട്ടുകാരിക്ക് ഇഷ്ടമല്ലാഞ്ഞിട്ടാണോ ഇവൾ ഇങ്ങനെ വാടുന്നത് ? അന്നൊക്കെ മഴദേവത സംശയിച്ചിരുന്നു. അത് ചോദിച്ചപ്പോൾ തൊട്ടാവാടി പറയുകയാണ് - എന്നെ ആരും തൊടാൻ വരാറില്ല മഴ ദേവതേ... ആരെങ്കിലും വന്നൊന്നെന്നെ തൊടുന്നത് എനിക്കെന്തിഷ്ടമാണെന്നോ ? തൊട്ടാലുടൻ ഞാൻ കോരിത്തരിക്കും. അതാ ഈ കാണുന്നത്. അല്ലാതെ ഞാൻ വാടുന്നതൊന്നുമല്ല ...

മഴദേവത സന്തോഷത്തോടെ തിരിച്ചറിഞ്ഞു - ശരിയാണ്, ഭൂമിയിൽ താനൊന്ന് തൊടുമ്പോൾ തൊട്ടാവാടിയോളം കോരിത്തരിക്കുന്നില്ല മറ്റാരും . 
മഴദേവത തൊട്ടാവാടിയുടെ കുഞ്ഞു പൂവിൽ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു - 
തൊട്ടാവാടീ ... നീയാണെന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി . എന്റെ സൗഹൃദത്തിൽ നിന്നോളം നനയുന്നില്ല മറ്റാരും . 

മഴ പെയ്യാത്ത കാലങ്ങളിൽ മേഘങ്ങളുടെ ദേവത മഞ്ഞു തുള്ളികൾ കൊണ്ട് തൊട്ടാവാടിക്ക് സാന്ത്വനമായി.

മഴയും മഞ്ഞും മാറി വേനൽക്കാലം വന്നു. വരൾച്ച . കൊടും ചൂട്. ചെറിയ ഇലയും നേരിയ തണ്ടുമായത് കൊണ്ട് തൊട്ടാവാടിക്ക് പിടിച്ച് നിൽക്കാൻ പറ്റി. എന്നാൽ മാംസളമായ തണ്ടും കടും പച്ച ഇലയും കൊണ്ട് ചേമ്പില പൊള്ളി വെന്തു . ഉഷ്ണക്കാറ്റ് വീശിയടിച്ചു. എങ്ങു നിന്നോ കുറേ ചുട്ടുപൊള്ളുന്ന മണൽത്തരികൾ ആ കാറ്റിൽ ചേമ്പിലകൾക്ക് മേൽ പാറി വീണു. അകവും പുറവും പൊള്ളിയ ചേമ്പില കരഞ്ഞു പോയി - മഴദേവതേ... നീയൊന്ന് പെയ്തെങ്കിൽ .. ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക