Image

ശിവനുശേഷം ആർ? ( കഥ: സുധീർ പണിക്കവീട്ടിൽ)

Published on 07 January, 2023
ശിവനുശേഷം ആർ? ( കഥ: സുധീർ പണിക്കവീട്ടിൽ)

ജന്മദിനങ്ങൾ ആനന്ദദായകങ്ങളാണ്.  കുട്ടികളായിരുന്നപ്പോൾ മുതിർന്നവർ നമുക്കായി സംഘടിപ്പിച്ച ആഘോഷങ്ങളാണ് എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുക. അയാൾക്കും അങ്ങനെയായിരുന്നു. അയാളെ സംബന്ധിച്ചേടത്തോളം അയാളുടെ കുട്ടിക്കാല ജന്മദിനങ്ങൾ  ഓർക്കുന്നത് തന്നെ വളരെ സന്തോഷകരം. മരിച്ചുപോയ മുത്തശ്ശി കൂടെയുണ്ടെന്ന സങ്കൽപ്പത്തിൽ ഈ വർഷം ജന്മദിനം തനിയെ ആഘോഷിച്ചുകളയാമെന്നു അയാൾ തീരുമാനിച്ചു. അപ്പോഴാണ് അതൊക്കെ എഴുതി ഒരു കഥയാക്കിയാലോ എന്ന ചിന്ത അയാളിൽ നിറയുന്നത്. സ്വന്തം പിറന്നാൾ ദിനത്തെക്കുറിച്ച് എഴുതിയവർ ഉണ്ടാകുമായിരിക്കാം. ഉണ്ടായിക്കൊള്ളട്ടെ. അവരിൽ ഒരാൾ താനും എന്ന് ലോകം രേഖപ്പെടുത്തട്ടെ എന്നയാൾ അഭിമാനിച്ചു.
ചിലർക്കെല്ലാം അവരുടെ മാത്രമായ സ്വന്തം ലോകം. അയാളും അയാളുടെ മാത്രം ഒരു ലോകം സ്വയം സൃഷ്ടിച്ചു. അങ്ങനെ ഈ വർഷം അയാളുടെ ജന്മദിനം മരിച്ചുപോയ മുത്തശ്ശിയോടൊപ്പം ആഘോഷിക്കുമ്പോൾ അനിർവചനീയമായ അനുഭൂതിയിൽ അയാൾ നിർവൃതിപൂണ്ടു. വിവരം പറഞ്ഞപ്പോൾ തന്നെ മുത്തശ്ശി തോള് മുട്ടുന്ന തോട ഇട്ടിരുന്ന ഒഴിഞ്ഞ ചെവി ആട്ടികൊണ്ട് ചിരിച്ചു. നാക്കില കിഴക്കോട്ടു വച്ച് നിലവിളക്കും ഇടങ്ങഴയിൽ നെല്ലും നിറച്ചുവച്ച് മുത്തശ്ശി അവരുടെ ഉണ്ണിക്ക് പിറന്നാൾ സദ്യ വിളമ്പിക്കൊടുത്തുകൊണ്ടിരുന്നു. ഉപ്പേരിയും (കായ വറുത്തത്) നിർബന്ധമാണത്രെ. അമ്മ മരിച്ചുപോയ ഉണ്ണിക്ക് അമ്മയുടെ അമ്മ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം.  ഉണ്ണി കുറച്ച് ബാക്കി വയ്ക്കണമെന്ന് മുത്തശ്ശി. പിന്നെ നല്ല പായസം ഉണ്ണി കൈകൊണ്ടു ഇലയിൽ നിന്നും കോരി കുടിക്കുന്നു. അപ്പോൾ ഉണ്ണിയുടെ അമ്മയെ ഓർത്ത് മുത്തശ്ശി കണ്ണുനീരൊഴുക്കും. ഉണ്ണി കാണാതെ മുത്തശ്ശി കണ്ണുനീർ തുടക്കുമെങ്കിലും ഉണ്ണി ചോദിക്കും. അമ്മയ്ക്ക് ഇതൊക്കെ കാണാൻ പറ്റുമോ? 
മുത്തശ്ശിക്ക് സങ്കടം വരുമെങ്കിലും അവർ പറയും. പിന്നെ ഉണ്ണിയുടെ അമ്മ ഇതൊക്കെ കാണുന്നുണ്ട്. അപ്പോൾ വീട്ടുമുറ്റത്ത് മാവിൽ നിറയെ കാക്കകൾ ശബ്ദം വയ്ക്കും. മരിച്ചവർ കാക്കയായി വരുമോ  എന്ന ചോദ്യം മുത്തശ്ശിക്കിഷ്ടമല്ല. ഏയ് കാക്കയായിട്ടൊന്നുമല്ല അവർ വരിക.  വളരെ അന്തസ്സോടെ വരും. നമുക്കരികിൽ ഇരിക്കും നമുക്ക് കാണാൻ വയ്യ. മുത്തശ്ശി അത് പറയുമ്പോൾ വിതുമ്പുന്നുണ്ടായിരിക്കും. അപ്പോഴേക്കും ചെറിയമ്മമാർ വന്നിരിക്കും  ഉണ്ണിയുടെ കാണപ്പെട്ട അമ്മമാരല്ലേ ഞങ്ങൾ. ഉണ്ണിക്ക് അവർ ഒത്തിരി പായസം വിളമ്പി വയർ നിറയ്ക്കും.
ഉണ്ണിയുടെ വളരെ കുട്ടിക്കാലത്തെ കഥകൾ കേൾക്കുന്നത് ഉണ്ണിക്കിഷ്ടമാണ്. അത് ഏറ്റവും ചെറിയ ചെറിയമ്മയാണ്. പറയുക. ഉണ്ണിക്ക് അത് എത്ര കേട്ടാലും മതിയാകില്ല. ഉണ്ണി ഭൂമിയിലേക്ക് എത്തിയ ദിവസം മുത്തശ്ശി എങ്ങനെ ആഘോഷിച്ചുവെന്നാണ് ഉണ്ണിക്കറിയേണ്ടത്. ചെറിയമ്മ വിവരിച്ചത് ഇത്തിരി സാഹിത്യവാസനയുള്ള ഉണ്ണിയുടെ ഭാഷയിൽ കേൾക്കാം. തിരുവാതിരയുടെ ആലസ്യത്തിൽ നിന്നും കേരളക്കരക്ക് പിറ്റേന്ന് ഉണരാൻ മടി. ധനുമാസ ശിശിരകുളിരിൽ പ്രകൃതിയും സൂര്യനോട് പുതപ്പ് ചോദിച്ച് കൊഞ്ചി നിൽക്കുന്നു. മുത്തശ്ശി പരവശയാണ്. മകൾ പത്തം തികഞ്ഞിരിക്കുന്നു. ഏതു നിമിഷവും വിവരം എത്താം. തെക്കേ സമുദ്രത്തിലെ ഒരു ദ്വീപിലാണവർ ഭർത്താവുമൊത്ത് താമസിക്കുന്നത്.  മുത്തശ്ശിക്ക്  അവരുടെ അരികിൽ എത്തണമെന്നൊക്കെ മോഹമുണ്ട്. എഴുത്തിലൂടെയാണ് വിവരങ്ങൾ അറിയുന്നത്. കിഴക്കോട്ടു മുഖമുള്ള ഒരു ഇരുനിലകെട്ടിടത്തിന്റെ പടിഞ്ഞാറേ ഇറയത്ത്‌ വടക്കോട്ട് നോക്കി മുത്തശ്ശിയും സ്‌കൂൾ വിദ്യാർത്ഥികളായ മൂന്ന് ചെറിയമ്മമാരും ബാലനായ ഒരു ആൺകുട്ടിയും ഇരുന്നു. അവരുടെ അമ്മയുടെ അക്ഷമ ചേച്ചിയുടെ വിവരമറിയാഞ്ഞിട്ടാണെന്ന് മനസ്സിലാക്കി അവരും മൂകരാണ്. നേരം അപരാഹ്നം. ചെറിയമ്മയുടെ കണ്ണുകൾ റോഡിലൂടെ   ധൃതിയിൽ നടന്നുവരുന്ന ഒരു കാക്കിക്കുപ്പായക്കാരനെ കാണുന്നു. 
അയല്പക്കത്തെ ഒരു സ്ത്രീയും ഓടി വന്നു. കമ്പി ശിപായി തന്നെയായിരുന്നു.  പെരുമാറ്റത്തിൽ ഒരു മുശടൻ എന്ന് തോന്നുമെങ്കിലും അയാൾ ഒരു പാവം പിഷാരടിയാണ്. അയാളോട് മുത്തശ്ശി കമ്പി വായിച്ച് തരാൻ അഭ്യർത്ഥിക്കുന്നു അയാൾ അത് തുറന്നു "മോള് പെറ്റു”ആൺകുട്ടീ" എന്ന് പറയുന്നു. മുത്തശ്ശിയുടെ മനസ്സാകെ സന്തോഷത്തിന്റെ തിരത്തള്ളൽ. മുത്തശ്ശി ഉടനെ വീട്ടിൽ പണിചെയ്തിരുന്ന വേലുവിനെ വിളിക്കുന്നു. “വേലു വേഗം വരിക ഒരു ഇളനീരിട്ട് പിഷാരടിക്ക്  കൊടുക്കാ”. കൂടെ അയാൾക്ക് ചില്ലറയും കൊടുത്തു. അങ്ങനെ ഒരു ശിശുവിന്റെ ഭൂമിയിലേക്കുള്ള അവതാരം ആഘോഷിക്കപ്പെട്ടു. മുത്തശ്ശി വീട്ടിലുള്ളവരുടെ ജാതകം പരിശോധിക്കുന്ന പണിക്കർക്ക് (കണിയാൻ} ഉണ്ണിയുടെ ഭാവിഫലം അറിയാൻ നാളും സമയവും കുറിച്ച് ഒരാളെ വിട്ടു. അയാൾ വന്നു പറഞ്ഞത് മുത്തശ്ശിക്ക് സന്തോഷവും പിന്നെ പരിഭ്രമവും നൽകി. കണിയാൻ പറഞ്ഞു ജാതകം ബഹുകേമം. മുഴുവൻ കുറിച്ചാലേ വിശദമായി പറയാൻ പറ്റുകയുള്ളു. ഒരു വിഷമം കാണുന്നുണ്ട്  "ശത്രു സമ്പന്നത". മുത്തശ്ശി വിഷമിക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മമാർ സമാധാനിപ്പിച്ചു. അത് നല്ലതല്ലേ. ഉണ്ണി അസൂയാർഹമായ നേട്ടങ്ങൾ ഉണ്ടാക്കും, അപ്പോൾ ശത്രുക്കൾ  ഉണ്ടാകുമല്ലോ.മുത്തശ്ശി ഉടനെ ദേവസേനാപതി സുബ്രമണ്യൻറെ കോവിലിൽ പ്രതിവർഷം പഞ്ചാമൃതം അഭിഷേകം കഴിപ്പിക്കാനുള്ള ഏർപ്പാട് ചെയ്തു. 
ഉണ്ണി മുതിർന്ന  ക്ളാസുകളിൽ എത്തിയപ്പോൾ പിഷാരടിയുടെ കമ്പി വായന അത്ര തൃപ്തിയായി തോന്നിയില്ല. ഉണ്ണി അവന്റെ അച്ഛനോട് ചോദിച്ചു. എങ്ങന്യാ കമ്പി അടിച്ചത്. അച്ഛൻ പറഞ്ഞപ്പോഴാണ് പിഷാരടിയുടെ പരിഭാഷയുടെ മികവ് ഉണ്ണിക്ക്  മനസ്സിലായത്.അച്ഛൻ പറഞ്ഞു. വസുമതി ഡെലിവെർഡ് എ ബോയ് അറ്റ് 11 എ എം . ഉണ്ണി അച്ഛനോട് ചോദിച്ചു എന്തെ പിഷാരടി അത് ശരിക്കും പരിഭാഷ ചെയ്തില്ല. അച്ഛൻ പറഞ്ഞു അതിന്റെ ആവശ്യമില്ല. വിവരം അറിഞ്ഞല്ലോ.
ഉണ്ണിയെ കൗമാരം കൈവെടിഞ്ഞു യൗവ്വനം മാടിവിളിക്കുന്നു. സൗന്ദര്യമുള്ളത് കണ്ടാൽ ഉണ്ണിക്ക് ആനന്ദമാണ്. പ്രകൃതിയും ചുറ്റുപാടും ഉണ്ണിയെ മോഹിപ്പിച്ചുകൊണ്ടിരുന്നു. അമ്മയുടെ വീടിന്റെ മുറ്റത്ത് നിലം എന്നുപറയുന്നപോലെ പറമ്പിനോട് ചേർന്ന വിശാലമായ പാടങ്ങൾ. രണ്ടുമൂന്നു പറമ്പുകൾ കഴിഞ്ഞാൽ അടങ്ങാത്ത ഓളങ്ങളുമായി അടങ്ങിയൊതുങ്ങി ഒഴുകുന്ന പുഴ പലതരം പക്ഷികൾ പറന്നു കളിക്കുന്ന  അനവധി മരങ്ങൾ.ഓരോ ഋതുക്കളും അവരുടെ ഭംഗി പ്രദർശിപ്പിക്കുന്ന മനോഹരമായ ഗ്രാമം. പാടത്തിന്റെ നടുവിലൂടെ ഉയർത്തികെട്ടിയ നടപ്പാത. അതിലൂടെയാണ് പിഷാരടി വെപ്രാളപ്പെട്ട് ഒരു കുട്ടിയുടെ ജനനം അറിയിക്കാൻ ഓടി വന്നത്. 
മുത്തശ്ശന്റെ സൂക്ഷിപ്പിൽ ഉള്ള ഹിന്ദുപുരാണഗ്രന്ഥങ്ങൾ വായിച്ച് രസിച്ചിരിക്കുമ്പോഴാണ് ഉണ്ണിയുടെ മനസ്സിൽ ഒരു ആശയം ഉദിക്കുന്നത്. ഉടനെ ചെറിയമ്മയുടെ മക്കളെ ഒക്കെ വിളിച്ച് അത് അവതരിപ്പിച്ചു. അവർക്ക് മുഴുവനായി വിശ്വാസായില്ല. ചേട്ടൻ പതിവുപോലെ അവരെ രസിപ്പിക്കാൻ തമാശകൾ അടിക്കയാണ് എന്നവർ അതിനെ തട്ടിക്കളഞ്ഞു. പക്ഷെ പരമശിവനുമായി ബന്ധപ്പെട്ടായതുകൊണ്ട് അവർക്ക് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല. ശിവന്റെ ജന്മദിനമാണ് ധനുമാസത്തിലെ തിരുവാതിര. തിരുവാതിര കഴിഞ്ഞാൽ വരുന്നത് പുണർതം ആണ്. ദേവലോകത്ത് എല്ലാവരും പരിഭ്രാന്തരായി. ശിവന് ശേഷം ആര് ? പുണർതം നക്ഷത്രത്തിൽ ജനിക്കാൻ യോഗ്യനായ ആൾ ആരാണ്. 
ത്രിമൂർത്തികൾ ചർച്ച ചെയ്തപ്പോൾ വിഷ്ണു പറഞ്ഞു ഒരാൾ ഉണ്ട്. പക്ഷെ അയാളുടെ ജനനം കലിയുഗത്തിലെ ഉണ്ടാകു. അത് വരെ പുണർതം നക്ഷത്രം നിർവീര്യമായി കിടക്കാൻ സാധ്യമല്ല. എന്നാലും തൽക്കാലം മറ്റു നാളുകളിൽ ജന്മങ്ങൾ ഉണ്ടാവട്ടെ. പുണർതം നക്ഷത്രക്കാരുടെ ജനനം  ഒരു തീരുമാനമായിട്ട് മതി. അങ്ങനെ ഭൂമിയിൽ പുണർതം നാളുകാർ ജനിക്കാതെയായി.അതുകൊണ്ട് പുണർതം നക്ഷത്രം പിണങ്ങുകയും ത്രിമൂർത്തികളെ സങ്കടം അറിയിക്കുകയും ചെയ്തു. ബ്രഹ്‌മാവ്‌  ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടു. ശിവന് ശേഷം ഭൂജാതനാകേണ്ട വ്യക്തിയുടെ ജീവൻ ശ്രീലങ്കയിലെ ത്രികൂട പർവ്വതശിഖരത്തിൽ സൂക്ഷിക്കുക. 
ബ്രഹ്‌മാവ്‌ താമസിക്കുന്ന മഹാമേരു എന്ന പർവ്വതത്തിനു ചുറ്റുമുള്ള ഇരുപതു പർവ്വതങ്ങളിൽ ഒന്നാണ് ത്രികൂടാ. ജീവൻ അവിടെ സ്ഥാപിച്ചതിനുശേഷം കലിയുഗം വരുമ്പോൾ പുണർതം നാളിൽ ജനനം ഉണ്ടാകാം. ത്രേതായുഗത്തിൽ ശ്രീരാമചന്ദ്രൻ പുണർതം നക്ഷത്രത്തിൽ ജനിക്കും  രാവണവധത്തിനുശേഷം ശ്രീരാമൻ ലങ്ക വിടുമ്പോൾ ഉണ്ണിയുടെ ജീവൻ സന്ദർശിക്കുമെന്നും  വടക്കൻ കേരളത്തിൽ നിന്നും വളരെ ഈശ്വരഭക്തയായ ഒരു സ്ത്രീ ഭർത്താവുമൊത്ത് ശ്രീലങ്കയിൽ വരുകയും അവരുടെ വയറ്റിൽ വളരുന്ന കുട്ടിക്ക് ഈ ജീവൻ നൽകുകയും ചെയ്യുമെന്നും ബ്രഹ്‌മാവ്‌ എല്ലാവരെയും അറിയിച്ചു. ശ്രീരാമൻ അതേപോലെ ചെയ്യുകയും അദ്ദേഹം തൃശ്സൂരിലെ തൃപ്രയാർ എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കപ്പെടുകയും ഉണ്ണിക്ക് അദ്ദേഹത്തെ അവിടെ വന്നു കാണാമെന്നു പറയുകയും ചെയ്തു. 
പ്രശസ്ത വിഷവൈദ്യന്മാരുടെ കുടുംബത്തിൽ നിന്നും കല്യാണം കഴിച്ചുകൊണ്ടുവന്ന ഒരു അമ്മായി ഉണ്ണിക്ക്  ശ്രീരാമന്റെ നാളായതുകൊണ്ട് എല്ലാ മാസവും ആ നാളിൽ ഉണ്ണി തൃപ്രയാർ ദേവരെ തൊഴുതു വരണമെന്ന് നിർദേശിക്കയും ഉണ്ണി അത് നിർവഹിക്കയും ചെയ്തു. ഉണ്ണിയുടെ ടീനേജ് പ്രായം മുഴുവൻ ദേവരെ കണ്ടു തൊഴുതുവന്നു.  ഒത്തിരി സുന്ദരിമാർ ഒപ്പം തൊഴാൻ ഉണ്ടാകുമെന്നുള്ളതായിരുന്നു ഉണ്ണിയുടെ ആകർഷണം. തൊഴുത് നിൽക്കുമ്പോൾ സോപാന സംഗീതം പാടിയിരുന്ന പൊതുവാൾ വരികൾ മറക്കുകയും ഉണ്ണി പതുക്കെ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തൊഴുതു മടങ്ങുമ്പോൾ പൊതുവാൾ അനുഗ്രഹിച്ചു കുട്ടിക്ക് ശ്രീരാമസ്വാമിയുടെ അനുഗ്രഹം ഉണ്ടാകും. ഉണ്ണി മനസ്സിൽ പറഞ്ഞു. ഉണ്ടല്ലോ, ജനിക്കുന്നതിനു മുന്നേ ഞങ്ങൾ കണ്ടുമുട്ടിയിരുന്നവർ. അങ്ങനെ ഉണ്ണിയുടെ ഭാവനാസാമ്രാജ്യം വിപുലപ്പെട്ടുകൊണ്ടിരുന്നു.
ശിവന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ഞാൻ എന്നല്ലാതെ വേറെ ആരുണ്ട് എന്ന് ഉണ്ണി ഉറ്റവരോടും പ്രിയരോടും പറഞ്ഞപ്പോൾ പിറന്നാൾ ദിവസം കൊടുക്കാൻ ഒരു ഉപദേശം വേണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. സത്യ, ത്രേതാ ദ്വാപര തുടങ്ങിയ യുഗങ്ങളിലൂടെ ബ്രഹ്‌മാവിന്റെ ഇരിപ്പിടത്തിനടുത്ത് ത്രികൂടാ പർവതത്തിൽ ശരീരമില്ലാതെ ജീവൻ മാത്രമായി കഴിഞ്ഞപ്പോൾ ലഭിച്ച അറിവിൽ നിന്നും ഉണ്ണി പറഞ്ഞു. പിറന്നാൾ ദിവസം വയസ്സ് ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്. അവതാരമായും അല്ലാതെയും ദേവന്മാർ ഭൂമിയിൽ ജനിക്കുന്നു. ഉണ്ണിയും അങ്ങനെ ദേവാംശത്തോടെ ജനിച്ചെങ്കിലും ഭഗവൻ കൃഷ്ണൻ അത് കൃഷ്ണാഅംശം ആക്കി മാറ്റി. ഒത്തിരി കാല്പനികപ്രണയങ്ങൾ അനുഭവിച്ചു, അത് അയവിറക്കി എന്തെല്ലാമോ എഴുതി. അങ്ങനെ ത്രിമൂർത്തികളാൽ തിരഞ്ഞെടുക്കപ്പെട്ടവൻ എന്ന ഖ്യാതിയുമായി അയാൾ ജീവിച്ചുപോന്നു, ആരും അറിയാതെ. 
ശുഭം

#STORY BY  SUDHIR PANIKKAVETTIL

Join WhatsApp News
ജെ അവറാൻ 2023-01-07 23:32:31
മനോഹരമായ ഭാഷയും ആഖ്യാനവും. ആശംസകൾ എഴുത്തുകാര
ചന്ദ്രിക ബാലൻ 2023-01-08 01:45:10
യാഥാർഥ്യവും അയഥാർഥ്യവും പിണഞ്ഞുകിടക്കുന്ന കഥാതന്തു. കൗതുകം ഉണർത്തുന്ന രചന.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക