Image

പാതിരാപ്പൂവ്  (ചെറുകഥ: ചിഞ്ചു തോമസ്)

Published on 07 January, 2023
പാതിരാപ്പൂവ്  (ചെറുകഥ: ചിഞ്ചു തോമസ്)

കേശവനുണ്ണിയും ഗോവിന്ദനുണ്ണിയും ഇരുട്ടത്ത് ചൂട്ടും കത്തിച്ച് അവരുടെ ഇളയമ്മയുടെ തറവാട്ടിലേക്ക് നടക്കുകയാണ്. അവർ കടന്നുപോകുന്ന വീടുകളിൽ വിളക്കുകത്തിച്ച് പെണ്ണുങ്ങൾ ആടിയും പാടിയും അട്ടഹസിച്ചും തിരുവാതിരകളിച്ചും വെറ്റിലനുറുക്കിയും കന്യകമാർ അവർക്ക് ഭർത്താക്കന്മാരായി വരാൻ പോകുന്നവരെക്കുറിച്ചുള്ള സങ്കല്പങ്ങൾ  പരസ്പരം പറഞ്ഞും വ്രതം നോറ്റും രാത്രി ഉണർന്നിരിക്കുകയാണ്. ഇളം പ്രായക്കാരായ ആണുങ്ങൾ മുതൽ നാലഞ്ചു കെട്ടിയ വൃദ്ധന്മാർ വരെ സ്ത്രീകൾ കുളത്തിൽ നീന്തിത്തുടിക്കുന്നത് കാണാൻ പലയിടങ്ങളിലായി പതിയിരിക്കുന്നതുകാണാം. 

കേശവനുണ്ണിയുടെ മനസ്സ് നിറയെ പാർവ്വതിക്കുട്ടി അവളുടെ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം തറവാട്ടിൽ തിരുവാതിര ആഘോഷിക്കാൻ വരാത്തതിന്റെ നീരസമായിരുന്നു. അവൾക്ക് മാസമുറയാണെന്നും വേദന കലശ്ശലാണെന്നും അവളുടെ അമ്മ കേശവനുണ്ണിയുടെ അമ്മയോട് രഹസ്യമായി പറയുന്നത് കേശവനുണ്ണി പതുങ്ങിനിന്ന് കേട്ടിരുന്നു. അവളെ കാണാനുള്ള മോഹം കാരണം കേശവനുണ്ണി സഹോദരനായ ഗോവിന്ദനുണ്ണിയെ കൂട്ട് പിടിച്ച് പാർവ്വതിക്കുട്ടിയുടെ തറവാട്ടിലേക്ക് നടക്കുകയാണ്. അവൾ ഉറങ്ങിയിട്ടുണ്ടാകില്ല. കേശവനുണ്ണിക്ക്‌ അവളോടുള്ള അനുരാഗം ആരെങ്കിലും കാണുമെന്നുള്ള പേടികൂടാതെ പറയുകയും ചെയ്‌യാം അവർക്ക് വെളുക്കുവോളം തനിച്ചിരിക്കുകയും ചെയ്‌യാം. 

പാർവ്വതിക്കുട്ടിയുടെ തറവാട് അടുക്കുന്തോറും കേശവനുണ്ണിയുടെ മനസ്സിൽ ആധി കൂടി വന്നു. കഴിഞ്ഞതവണ പാർവ്വതികുട്ടിയോട്‌ കേശവനുണ്ണി തന്റെ അനുരാഗം അറിയിച്ചപ്പോൾ അവൾക്ക് തന്നെ ഇഷ്ട്ടമല്ല എന്ന് പറഞ്ഞതാണ്. ഇത്തവണ അവളുടെ മനസ്സുമാറിക്കാണുമെന്ന് കേശവനുണ്ണിക്ക്‌ എന്തോ ഒരു തോന്നലുണ്ടായി. അവളെ വിട്ടുകളയാൻ കേശവനുണ്ണിക്ക്‌ കഴിയുന്നില്ല. അത്രയ്ക്കുണ്ട് പാർവ്വതിക്കുട്ടിയുടെ അംഗലാവണ്യം. കേശവനുണ്ണി പറയുന്നത് അവൾക്ക് കർപ്പൂരത്തിന്റെ സുഗന്ധമാണ് എന്നാണ്. സൂക്ഷ്മമായി കാതോർത്താൽ അവളുടെ കേശഭാരം അവളുടെ ശരീരത്തിൽ മൃദുവായി തഴുകുന്നത് പോലും കേൾക്കാമത്രേ. അവളുടെ അംഗങ്ങൾ ഓരോ കഥകൾ കേശവനുണ്ണിയോട് പറഞ്ഞിരുന്നത്രേ. 

പടിപ്പുര കടന്ന് കേശവനുണ്ണിയും ഗോവിന്ദനുണ്ണിയും തൊടിയിൽ പ്രവേശിച്ചു. പാതിരാപ്പൂക്കളുടെ സുഗന്ധം വായുവിൽ അലിഞ്ഞുചേർന്നിരുന്നു. പൗർണ്ണമിയിൽ തൊടിയെല്ലാം തെളിഞ്ഞുകാണാം. 
ഒരു ഭീമൻ തറവാടായിരുന്നു പാർവ്വതിക്കുട്ടിയുടേത്. 

ഗോവിന്ദനുണ്ണിയെ ചുറ്റുപാടും നിരീക്ഷിക്കാൻ ഏല്പിച്ചിട്ട് കേശവനുണ്ണി പാർവ്വതിക്കുട്ടി കിടക്കുന്ന മുറിയുടെ ജനാലയ്ക്കരികിൽ ചെന്നു.” പാർവ്വതിക്കുട്ടി ഇത് കേശവനുണ്ണിയാ , നിന്റെ മുറച്ചെരുക്കൻ , നീ ജനാലതുറക്ക് “ എന്ന് പല പ്രാവശ്യം പറഞ്ഞ് ജനാല കൊട്ടിക്കൊണ്ടിരുന്നു. അകത്തുനിന്നും ഒരനക്കവുമില്ല. കേശവനുണ്ണി തറവാട് ചുറ്റും നടന്ന് നോക്കി. അകത്തുനിന്ന് ശബ്ദങ്ങളൊന്നുമില്ല. പാർവ്വതിക്കുട്ടി ഉറങ്ങിയെന്ന് തോന്നുന്നു. കേശവനുണ്ണി വേവുന്ന മനസ്സുമായി തിരിച്ചുപോകാൻ തീരുമാനിച്ചു. അയാൾ പടിപ്പുര കടക്കുമ്പോൾ നേർത്ത ഒരു ചിരി കേൾക്കുകയും അത് പെട്ടെന്ന് നിലയ്ക്കുകയും ചെയ്തു. പാർവ്വതിക്കുട്ടിയാകുമോ എന്ന് ചിന്തിച്ച് കേശവനുണ്ണി പിന്നെയും തറവാട്ടിന് ചുറ്റും നടന്നു. തറവാട്ട്‌ കുളത്തിനോട് ചേർന്ന് അടക്കംപറച്ചിലും പതിയെയുള്ള ചിരിയും കേൾക്കാം. കേശവനുണ്ണി തറവാട്ട്‌ കുളത്തിലേക്കുള്ള വാതിൽ തള്ളി തുറന്നു. അവിടെ കണ്ടത് പരസ്പരം അനുരക്തരായ പാർവ്വതിക്കുട്ടിയേയും കേശവനുണ്ണിയുടെ കളിക്കൂട്ടുകാരനായ ശങ്കരങ്കുട്ടിയെയുമാണ്. അവരെക്കണ്ട് കേശവനുണ്ണിയുടെ നിയന്ത്രണം വിട്ടു. പാർവ്വതിക്കുട്ടിയുടെ കരണത്ത്  കേശവനുണ്ണി ആഞ്ഞടിച്ചു. 

ശങ്കരൻകുട്ടി കേശവനുണ്ണിയെ പിടിച്ചു തള്ളി. അയാൾ കുളത്തിന്റെ അരികിലായി ഉണ്ടായിരുന്ന തിരുമ്മുകല്ലിൽ തലയടിച്ചു വീണു. 

“കേശവനുണ്ണീ , എനിക്ക് പാർവ്വതിക്കുട്ടിയെ ഇഷ്ട്ടമാണ്. നീ ഞങ്ങളുടെ ഈ ബന്ധം സമ്മതിക്കണം. നിന്നെ അവൾക്ക് ഇഷ്ട്ടമല്ല. നീ അത് മനസ്സിലാക്കണം”, ശങ്കരൻകുട്ടി കേശവനുണ്ണിയോട് അഭ്യർത്ഥിച്ചു.

അതുകേട്ട് കേശവനുണ്ണി അലറിക്കൊണ്ട് എഴുന്നേറ്റു.
“ഇവളെ ഈ കുളത്തിൽ മുക്കിക്കൊന്നാലും നിനക്ക് തരില്ലെടാ “ എന്ന് പറഞ്ഞുകൊണ്ട് ശങ്കരന്കുട്ടിയുടെ നെഞ്ചത്ത് കേശവനുണ്ണി ആഞ്ഞു ചവിട്ടി. ശങ്കരൻകുട്ടി കുളത്തിലേക്ക് വീണു. കേശവനുണ്ണി കുളത്തിൽ ചാടി ശങ്കരന്കുട്ടിയുടെ തല കുളത്തിലേക്ക് താഴ്ത്തിപ്പിടിച്ചുകൊണ്ട് നിന്നു. ഗോവിന്ദൻകുട്ടി നിലവിളിച്ചുകൊണ്ട് ഓടിഅടുത്ത  പാർവ്വതിക്കുട്ടിയുടെ വായ പൊത്തി. 

ശങ്കരൻകുട്ടി നിശ്ചലനായി. കേശവനുണ്ണി ശങ്കരന്കുട്ടിയുടെ ജഡം കരയിലേക്ക് വലിച്ചുകയറ്റി. പാർവ്വതിക്കുട്ടിയെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല എന്ന് അവർക്ക് അറിയാമായിരുന്നു എങ്കിലും കേശവനുണ്ണി പാർവ്വതിക്കുട്ടിയോട് “ നിനക്ക് എന്റെ വേളിയാകാൻ സമ്മതമാണോ “ എന്ന് ചോദിച്ചു.

“ നാണമില്ലേ എന്നോട് ഇങ്ങനെ ചോദിക്കാൻ ? ഏട്ടന് തറവാട്ടിൽ വേലയ്‌ക്ക്‌ വരുന്ന സ്ത്രീകളെല്ലാം  വേളിയല്ലേ ? എന്നെ അതിലൊരാളാകാൻ കിട്ടില്ല “, പാർവ്വതിക്കുട്ടി തീർത്തു പറഞ്ഞു.

കലികെയറി കേശവനുണ്ണി പാർവ്വതിക്കുട്ടിയെ മുക്കിക്കൊന്നു.

കേശവനുണ്ണിയും ഗോവിന്ദനുണ്ണിയും പാർവ്വതിക്കുട്ടിയുടെ തറവാട്ടിൽ തട്ടിവിളിച്ചു. ഒന്നും അറിയാതെ പാർവ്വതിക്കുട്ടിയുടെ അച്ഛനും ആങ്ങളമാരും വാതിൽ തുറന്നു. അവരോട് ശങ്കരൻകുട്ടി പാർവ്വതിക്കുട്ടിയെ ബലാൽക്കാരം ചെയ്ത് കൊന്നുവെന്നും അത് കണ്ട തങ്ങൾ ശങ്കരൻകുട്ടിയെ കുളത്തിൽ മുക്കി കൊന്നുവെന്നും അവർ അറിയിച്ചു. അച്ഛനും ആങ്ങളമാരും കുളത്തിലേക്ക് ഓടിച്ചെന്നു. അവർ രണ്ടുപേരും ശ്വാസംമുട്ടി മരിച്ചതാണെന്ന് അവർക്ക് മനസ്സിലായി. നടന്നത് എന്താകുമെന്ന് അവർ ഊഹിച്ചു. തറവാടിന്റെ മാനം കാക്കണമെല്ലോ!

അവർ ഒരുമിച്ച് ആലോചിച്ച് ശങ്കരന്കുട്ടിയുടെ ശരീരം ആ രാത്രി കത്തിച്ചു കളഞ്ഞു.

പാർവ്വതിക്കുട്ടിയെ ഉത്തരത്തിൽ കെട്ടിത്തൂക്കി.

കേശവനുണ്ണി ആഗ്രഹിച്ചത് പാർവ്വതിക്കുട്ടിയെ കൊല്ലുംമുമ്പ് നേടിയിരുന്നു.

പാർവ്വതിക്കുട്ടി ഉത്തരത്തിൽ കെട്ടിത്തൂങ്ങി എന്നും അവൾക്ക്  കുറച്ചുനാളായി മാനസികവിഭ്രാന്തി ആയിരുന്നു എന്നും നാട്ടിൽ പറഞ്ഞു പരത്താൻ അവർ എല്ലാവരുംകൂടി നിശ്ചയിച്ചു.

കേശവനുണ്ണിയും ഗോവിന്ദനുണ്ണിയും തറവാട്ടിൽനിന്ന് പാർവ്വതിക്കുട്ടിയുടെ അച്ഛനോടും ആങ്ങളമാരോടും യാത്ര ചോദിച്ച്  അവരുടെ തറവാട്ടിലേക്ക് തിരിച്ചു.

യാത്രാവഴി സ്ത്രീകൾ തിരുവാതിരപ്പാട്ട് പാടി തിരുവാതിരക്കുളി കുളിക്കുന്നതും പൂവ് കോർക്കുന്നതും ഊഞ്ഞാലാടി ആർത്തുല്ലസിക്കുന്നതും കാണാമായിരുന്നു.

“പാർവ്വതിക്കുട്ടി തിരുവാതിര നോറ്റെങ്കിൽ ഇങ്ങനെയൊരു ദുർവിധി അവൾക്കുണ്ടാകുമായിരുന്നോ!”, കേശവനുണ്ണി പരിഹാസരൂപേണ സഹോദരനോടായിപ്പറഞ്ഞു.

“ അപ്പോൾ നല്ല ഭർത്താവിനെ കിട്ടാൻ തിരുവാതിര നോൽക്കുന്ന ഏത് കന്യകയ്ക്കാണോ സർവ്വഗുണങ്ങളുമുള്ള ഏട്ടനെ ഭർത്താവായി കിട്ടുന്നത് “!, ഗോവിന്ദനുണ്ണി അത് പറഞ്ഞിട്ട് ലേശം ഗൗരവമിട്ട് കേശവനുണ്ണിയെ തുറിച്ചുനോക്കി. 

രണ്ടുപേരും പൊട്ടിച്ചിരിച്ചു.

“ രസികൻ .. നിന്റെ കുറുമ്പ് കൂടണുണ്ട് ഗോവിന്ദനുണ്ണി . ഏട്ടനോട് വേണ്ടാട്ടോ ..! നേരം പുലരും  മുമ്പ് തറവാടെത്തണം .. വേഗം നടക്ക്ആ..”

#short story  by chinchu Thomas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക