Image

ഒരു, മയില്‍പ്പീലി നിറമുള്ളസാരി (സ്മരണകൾ : രാധാമണി രാജ് )

Published on 07 January, 2023
ഒരു, മയില്‍പ്പീലി നിറമുള്ളസാരി (സ്മരണകൾ : രാധാമണി രാജ് )

ഒരു പുസ്തകത്തിലും ചില സാരികളിലും, എടുക്കാന്‍ കഴിയാതെപോയ ചിലഫോട്ടോകളിലുമായി വട്ടം ചുറ്റുന്ന മനസ്സെവിടെയാണ് ഇലക്കമ്പ് ഇടുന്നതെന്നറിയില്ല.

ചെറുപ്പത്തില്‍ ഞങ്ങളാറേഴ് പിള്ളേര് വട്ടത്തിലിരിക്കും, ഒരാള്‍ ചെറിയൊരിലക്കമ്പുമായി വട്ടമിട്ടിരിക്കുന്നവരുടെ പുറകിലൂടെ നടക്കും. ഇരിക്കുന്ന ആരുടെയെങ്കിലും പുറകിലീ ഇലക്കമ്പിടും .പിന്നെയും വട്ടം ചുറ്റിവന്നിട്ടും  അയാളതറിഞ്ഞില്ലെങ്കില്‍ ഇലക്കമ്പെടുത്ത് മെല്ലെ തല്ലിയോടിക്കും..അതറിഞ്ഞാല്‍ അതെടുത്തോണ്ടോടി ആരുടെയെങ്കിലും പുറകിലിടും..പണ്ടത്തെ ഓരോ കളികളാണ്. ഇന്നതൊന്നും ഒരിതില്ല.

പിന്നേ ഒരു ടീച്ചറാകണമെന്നായിരുന്നു കുഞ്ഞുന്നാളിലാഗ്രഹം. നല്ല സാരിയും ബ്ളൗസുമൊക്കെ ഇട്ട് മുടി കുറച്ചയച്ചുപിന്നി അതിലൊരു റോസാപ്പൂവൊക്ക ചൂടിവരുന്ന മറിയാമ്മടീച്ചര്‍ പലപ്പോഴും എന്നിലേക്കങ്ങ് ബാധകേറും. അന്നേരം ഞാനോടിച്ചെന്ന് ഒതളത്തിലേക്ക് ഇലകളും പൂക്കളുമൊക്കച്ചേര്‍ന്ന് പടര്‍ന്ന്കേറിക്കിടക്കുന്ന വള്ളി കൊറേ നീളത്തില്‍ വലിച്ചുപറിച്ചെടുക്കുന്നത് നല്ലൊന്നാന്തരമൊരു സാരി മനസ്സില്‍ കണ്ടുകൊണ്ടാണ്.

ഇനി ഒരു ഹാജര്‍ബുക്ക്. അതിനും ഒതളം തന്നെ ശരണം. അതിന്‍റെ ഇലകള്‍ കെെപ്പിടിയിലൊതുങ്ങാനാവുന്ന അത്രയും നന്നായി അടുക്കി ഒരറ്റത്ത് ചെറിയൊരീര്‍ക്കില്‍ കുത്തി റെഡിയാക്കും. പേനയുടെ റോളും ഈര്‍ക്കിലിതന്നെ. ഇത്കൊണ്ട് അറിയാവുന്ന കുറേ പേരുകളുമെഴുതും.

പിന്നെ കുട്ടികളാകുന്നത് തെങ്ങും കമുകും മാവും കെെതവരെ. ബെല്ലടിച്ചു കഴിഞ്ഞു വരുന്ന മാവ് തല്ലുകൊണ്ടതുതന്നെ. ഈ കേട്ടഴുത്ത് തെറ്റിച്ച തെങ്ങ് പിറ്റേന്ന് അച്ചനെ വിളിച്ചോണ്ട് വന്നിട്ടാണ് ക്ളാസ്സില്‍ കേറിയത്. ബെല്ലടിക്കുന്നതും വെെകുന്നേരം കൂട്ടബെല്ലടിക്കുന്നതും എന്തിനേറെ രക്ഷകര്‍ത്താവായി വിനയത്തോടെ വരുന്നതുപോലും ഈ പാവം ടീച്ചറുതന്നെയാവും പലപ്പോഴും.

ആദ്യമായിട്ടൊരു സാരിയുടുക്കുന്നത് അമ്മ വാങ്ങുന്നതെന്നതറിയാതെ അമ്മാവന്‍റെ മകളുടെ സാരിയുടുത്തത് അമ്മയുടെ കണ്ണീര് കാണാനിടയാക്കി.

കാലമെത്രവേഗമാണ് കടന്നുപോകുന്നത്. ഒരുനാള്‍  കോട്ടയത്ത് വാരിക്കാട്ട് ബ്രദേഴ്സ് എന്ന ജൗളിക്കടയുടെ മുന്‍വശത്തിട്ടിരുന്ന ഒരു സാരിയിലെന്‍റെ കണ്ണുകള്‍ കൊതിയോടെ തങ്ങിനിന്നു. ഞാനന്ന് ഒഫീസില്‍നിന്നും വീട്ടിലേക്കുള്ള യാത്രയിലായിരുന്നു.

വീട്ടിലെത്തിയിട്ടും  ഒരു നീലനിറത്തിന്‍റെ പിടിയില്‍നിന്നും വിട്ടുമാറാനെനിക്കു കഴിഞ്ഞില്ല. രാത്രിയില്‍ ഞാനാ സാരിയെക്കുറിച്ച് അമ്മച്ചിയോട് പറഞ്ഞു..അനിയന്‍റെ കല്യാണം അടുത്തുവരുന്നതു കൊണ്ട് എന്തെങ്കിലുമൊക്ക വാങ്ങാനായി ഇടക്കിടക്ക് ഞങ്ങള്‍ കോട്ടയം ടൗണിലേക്ക് പോകാറുണ്ടായിരുന്നു. തിരുനക്കര  എന്നാണ്ഞങ്ങള്‍ പറയാറുള്ളത്.

പിറ്റേന്നും അനിയനും ഞാനും തിരുനക്കരക്ക് പോയി. അന്ന് ഞാന്‍ സാരി കണ്ട കടയിലാണ് ചെന്നുനിന്നത്. ''കൊച്ചിന്നലെ കണ്ട സാരിയേതാ അതെടുക്ക് '' . അമ്മയുടെ മുഖമെന്‍റെ ഒാര്‍മ്മയിലെത്തി. ഞാന്‍ കണ്ടുകൊതിച്ച സാരിയും ചേരുന്നൊരു ബളൗസ് തുണിയുമായി  ചെറിയ ചമ്മലോടെയെന്നാലും അതിലേറെ സന്തോഷത്തോടെ നിന്നു. .ഇന്നും ഞാനത് പാകത്ത് വെച്ചിട്ടുണ്ട്. ഒരിഷ്ടം.
 

2012-ലാണ് ഒരു പുസ്തകം ചെയ്യാനുള്ള ഭാഗ്യമുണ്ടായത്. തിരുവനന്തപുരത്തുണ്ടായിരുന്ന  ശ്രീ. കുളത്താമല്‍ ജഗന്നാഥന്‍ സാറിന്‍റെ  ''സര്‍ഗ്ഗരേഖ '' പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  അതില്‍ ചേര്‍ക്കാനായി എത്രയും പെട്ടന്നൊരു ഫോട്ടോ അയച്ചുകൊടുക്കണമെന്ന് സാറെന്നെ വിളിച്ചു പറയുമ്പോള്‍ ഫോട്ടോയോ, അതിന് സൗകര്യമുള്ള ഫോണോ എന്‍റെ കയ്യിലുണ്ടിയിരുന്നില്ല..

കൊച്ചുങ്ങളെ  ഒറ്റക്കിരുത്തിയിട്ട്  ഒരു സാരി വലിച്ചുവാരിചുറ്റി ഓട്ടോയും ബസ്സുമൊന്നും കിട്ടാതെ നടന്നും ഓടിയും ഞാന്‍ കുറച്ചകലെയുള്ള സ്റ്റുഡിയോയിലേക്ക് പൊയ്ക്കൊണ്ടിരുന്നു. വഴിയരുകിലുള്ള ചെറിയൊരു കടേക്കേറി ഒരു പൊട്ടു വങ്ങിച്ചു, അത് നെറ്റിയില്‍വെച്ചിട്ട് അവിടെ നിന്ന ഒരു ചേട്ടനോട് പൊട്ട് നേരെയാണോ എന്ന് ചോദിച്ചതും മൂപ്പര് ചമ്മലോടെ ചിരിച്ചതും ഓര്‍ത്തുപോകുന്നു.

അങ്ങനെ സ്റ്റുഡിയോയിലെത്തി അവിടുത്തെ കണ്ണാടി എന്നോട് പരിഭവം പറഞ്ഞു. ഒരു മറവി എന്ന് ഞാന്‍ സമാധാനിപ്പിച്ചു.  

ഒരു മയില്‍പ്പീലി നിറമുള്ളസാരി പിന്നിലും  അനിയന്‍ വരച്ച പടം മുന്നിലുമായി ,''വരക്കാത്തകണ്ണുകള്‍ '' എന്ന പുസ്തകം.

MEMORIES RADHAMANI RAJ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക