Image

സേവന രംഗത്ത്  റാണി രാജ്ഞിയാണ്!  (വിജയ് സി. എച്ച്)

Published on 10 January, 2023
സേവന രംഗത്ത്  റാണി രാജ്ഞിയാണ്!  (വിജയ് സി. എച്ച്)

കൊറോണക്കാലത്ത് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിൻ്റെ കീഴിൽ സന്നദ്ധ സേവകയായി പ്രവർത്തിച്ചപ്പോൾ മനുഷ്യരുടെ കഷ്ടപ്പാടുകൾ റാണി നൗഷാദ് മുഖാമുഖം കണ്ടു. പട്ടിണി കിടക്കുന്നവർക്ക് ഭക്ഷണം നൽകുകയെന്ന ദൗത്യമാണ് റാണി ആദ്യം ഏറ്റെടുത്തത്. ഒരു ചെറിയ കെട്ടിടം വാടകക്കെടുത്ത്, മറ്റു രണ്ടു പേരുടെ സഹായത്തോടെ, ദിനംപ്രതി 150 കുടുംബങ്ങൾക്ക് അവർ ഭക്ഷണപ്പൊതികൾ എത്തിച്ചുകൊണ്ടിരുന്നു. 
മാനവസേവന മേഖലയിൽ അതൊരു നല്ല തുടക്കമായിരുന്നു. കരുണയും സ്നേഹസ്പർശവും കാത്തുകഴിയുന്ന നിസ്സഹായർ സമൂഹത്തിൽ നിരവധിയുണ്ടെന്ന് നേരിൽ കണ്ട റാണി സ്വയം തന്നെ ജീവിതത്തിലെ നിമ്നോന്നതികൾ അറിഞ്ഞവരാണ്. മഹാമാരിയുടെ രൂക്ഷത കുറഞ്ഞെങ്കിലും, മനുഷ്യരുടെ പ്രാഥമികമായ ദുഃഖങ്ങൾ തീക്ഷ്ണതയൊട്ടും കുറയാതെ എല്ലാ തുറകളിലുമുണ്ടെന്ന് അവർക്ക് പെട്ടെന്ന് തിരിച്ചറിയാനായി. 
"ഒരുപാടു പേരുടെ ദൈനംദിന പ്രശ്നങ്ങൾ ഒറ്റയ്ക്കു പരിഹരിയ്ക്കുന്നതിലെ പരിമിതികൾ ബോദ്ധ്യപ്പെട്ടപ്പോൾ, 'ചില്ല' എന്ന ഒരു സാമൂഹിക സേവന കൂട്ടായ്മയ്ക്കു രൂപം നൽകി," റാണി തൻ്റെ ആതുരസേവന രംഗത്തെ വേറിട്ട അനുഭവങ്ങൾ പങ്കുവെയ്ക്കാൻ തുടങ്ങി...


🟥 'ചില്ല'യ്ക്കു മുമ്പുള്ള ചിലത് 
രോഗബാധിതരായി ജീവിതം മടുത്തവർക്കും, സമൂഹത്തിലെ ദുർബലർക്കും ഒരു കൈത്താങ്ങാകാൻ എക്കാലത്തും ശ്രമിച്ചിട്ടുണ്ടെങ്കിലും, ചില്ല ഫൗണ്ടേഷൻ ഒരു സാസ്കാരിക-ധർമ്മ സംഘമായി റജിസ്റ്റർ ചെയ്യുന്നതിനു തൊട്ടു മുന്നെ ചെയ്ത ചില സേവനങ്ങളെക്കുറിച്ചു പറയാതെ വയ്യ. യഥാർത്ഥത്തിൽ, അവയെല്ലാമാണ് ഔദ്യോഗിക പരിവേഷമുള്ളൊരു പ്ലേറ്റുഫോമിൻ്റെ അനിവാര്യത ബോധ്യപ്പെടുത്തിയത്. കണ്ടില്ലെന്നു നടിയ്ക്കാൻ കഴിയാത്തതായിരുന്നു എടപ്പാളിലെ മറിയം എന്ന പാവം പെൺകുട്ടിയുടെ ദുരവസ്ഥ. കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം തലവൻ ഡോ. ആതുര ദാസാണ് വിവരം അറിയിച്ചത്. ഒരു CPAP യന്ത്രത്തിൻ്റെ സഹായമില്ലാതെ അവൾക്ക് ഇനി ശ്വാസമെടുക്കാൻ കഴിയില്ല, ഉടനെ എന്തെങ്കിലും ചെയ്യണമെന്നും. വിലപിടിപ്പുള്ള ആ യന്ത്രത്തിന് ഒരു ജീവൻ്റെ വിലയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒരു മെഡിക്കൽ അപ്ലയസ് കമ്പനിയുമായി ബന്ധപ്പെട്ടു ഉടനെ ഉപകരണം വരുത്തി രോഗിയെ ഏൽപിച്ചു. തുടർന്നുള്ള ചികിത്സാ ചിലവുകളും വഹിച്ചു. ആരോരുമില്ലാത്ത വത്സല എന്ന വയോധികയ്ക്ക് തിമിര ശസ്ത്രക്രിയ നടത്തിക്കൊടുത്തതും,  സ്വന്തമായി തൊഴിൽ തുടങ്ങാൻ ധനസഹായം ചെയ്തു നിരവധി കുടുംബങ്ങൾക്ക് ജീവിത മാർഗമൊരുക്കിയതും, അതു പോലെയുള്ള മറ്റു പല സന്നദ്ധ പ്രവർത്തനങ്ങളും വ്യക്തിഗതമായ പ്രയത്നങ്ങളായിരുന്നു. മറ്റൊരു സംസ്ഥാനത്തു നിന്നെത്തുന്ന ഗാർഹിക ജലസംഭരണികൾ വിപണണം ചെയ്തു ലഭിയ്ക്കുന്ന വരുമാനം കേരളത്തിലെ നിർധനർക്കൊരു അനുഗ്രഹമാകട്ടെ എന്നായിരിയ്ക്കാം ദൈവനിശ്ചയം. ദീനസേവന വഴിയിൽ ഞാനൊരു നിമിത്തം മാത്രം! 


🟥 ബാലപാഠം വീട്ടിൽ നിന്ന് 
ആത്മസമർപ്പണത്തിൻ്റെ മൂർത്തഭാവം വെളിപ്പെടുത്തേണ്ടൊരു സേവനമാണ് സാന്ത്വന പരിചരണം (Palliative Care). വാർധക്യവും രോഗങ്ങളും ഒരുമിച്ചലട്ടുമ്പോൾ നിസ്സഹായതയുടെ വിഷാദച്ചുഴിയിൽ മുങ്ങിപ്പോകുന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിയുന്ന കിടപ്പുരോഗികൾ മാനസികമായി തകർന്നു പോകുന്നത് സ്വാഭാവികമാണ്. വേദന കടിച്ചമർത്തുന്നവർക്ക് കൂടെയുള്ളവരുടെ കരുണാർദ്രമായൊരു സമീപനം തന്നെയാണ് ഏറ്റവും വലിയ സാന്ത്വനമായി അനുഭവപ്പെടുക. ഞാൻ സാന്ത്വന പരിചരണത്തിൻ്റെ ബാലപാഠം പഠിച്ചത് സ്വവസതിയിൽ നിന്നു തന്നെയാണ്. പിതാവിൻ്റെ മാതാവിനെ സേവിച്ചുകൊണ്ടായിരുന്നു എൻ്റെ സ്കൂൾ ജീവിതം കടന്നുപോയത്. എൻ്റെ പതിമൂന്നാമത്തെ വയസ്സിൽ ബാപ്പുമ്മ കിടപ്പിലായി. അക്കാലങ്ങളിൽ എൻ്റെ ഉമ്മ വിദേശത്തായിരുന്നു. അതിനാൽ വീട്ടിലെ ചുമതലകൾക്കൊപ്പം ബാപ്പുമ്മയുടെ മുഴുവൻ പരിചരണവും എനിയ്ക്ക് ഏറ്റെടുക്കേണ്ടതായി വന്നു. ബാപ്പുമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞത് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്. പഠനത്തിടയിലും ബാപ്പുമ്മയ്ക്ക് ഒരു കൈത്താങ്ങായതിലും അവർക്കു വേണ്ടതെല്ലാം ഏറെ സന്തോഷത്തോടെ ചെയ്തു കൊടുത്തതിലും എനിയ്ക്കിന്നും ചാരിതാർത്ഥ്യമുണ്ട്. ബാപ്പുമ്മയുടെ പേരക്കുട്ടി അവരെ പരിചരിച്ചത് ഈ വഴിയിലെ ഒരു തുടക്കമായിരുന്നുവെന്ന് അവർ അറിഞ്ഞുകാണില്ലല്ലോയെന്ന ഒരു നേർത്ത ഖേദം മാത്രമേ ഇന്നെനിയ്ക്കുള്ളൂ. 


🟥 വിറകുപുരയിലെ കൂട്ടുകാരി 
കൊല്ലം ടി.കെ.എം ആർട്ട്സ് കോളേജിനടുത്ത് താമസിച്ചിരുന്ന ചിത്തരോഗിയെ കണ്ടുമുട്ടിയത് ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവമാണ്. നാൽപ്പതു വയസ്സോളം പ്രായമുണ്ടായിരുന്ന ആ അവിവാഹിതയ്ക്ക് തലച്ചോറിനെ ബാധിക്കുന്ന തളർവാതവും (Cerebral Palsy), നട്ടെല്ലിനു വളവു വരുത്തുന്ന മറ്റൊരു രോഗവുമുണ്ടായിരുന്നു (Neuromuscular Scoliosis). ദാരിദ്ര്യം മൂലം രോഗിയ്ക്ക് ചികിത്സയൊന്നും നൽകാൻ അവരുടെ കുംടുംബത്തിന് സാധിച്ചിരുന്നില്ല. ഞാൻ കാണുന്നത് വീടിനു പുറത്തുള്ള വിറകുപുരയിൽ അവർ താമസിയ്ക്കുന്നതായാണ്. കുളിപ്പിയ്ക്കാതെ, പല്ലു തേയ്പ്പിക്കാതെ, ശരിയായി ഭക്ഷണം പോലും ലഭിയ്ക്കാത്ത വല്ലാത്തൊരവസ്ഥയിൽ. അൽപ നേരത്തെ സല്ലാപം കൊണ്ട് ഞങ്ങൾ ഉള്ളുകൊണ്ട് അടുത്ത കൂട്ടുകാരികളായി മാറി. പല്ലു തേയ്പ്പിച്ചു, കുളിപ്പിച്ചു, അവർക്ക് ഭക്ഷണം കൊടുത്തു. തലമുടി ക്രോപ്പു ചെയ്തു കൊടുത്തു, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചു. കുടുംബാംഗങ്ങളെ വിളിച്ചു സ്നേഹവായ്പോടെ ചില കാര്യങ്ങൾ പറഞ്ഞതിനൊടുവിൽ അന്ന് അവിടെ നിന്നു മടങ്ങുമ്പോൾ, എൻ്റെ പുതിയ കൂട്ടുകാരിയുടെ മുഖത്തു ദർശിച്ച സന്തോഷവും, അവ്യക്ത ഭാഷയിൽ അവർ എന്നോടു പ്രകടിപ്പിച്ച നന്ദിയും മനസ്സിൽ നിന്ന് ഒരിയ്ക്കലും മാഞ്ഞു പോകുന്നതല്ല! ഹതഭാഗ്യയായ ആ കൂട്ടുകാരിയ്ക്കു വേണ്ടി അവരുടെ മരണം വരെ നൽകിക്കൊണ്ടിരുന്ന പിന്തുണ, ജീവിതത്തിലെ ധന്യതകളിലൊന്ന് എന്നാണ് ഇന്നും ഞാൻ കരുതുന്നത്. 

🟥 ശാരിക ഉടനെ ഡോക്ടറാകും!   
ആരോഗ്യ പ്രവർത്തകരും, മുമ്പു ചെയ്യാൻ കഴിഞ്ഞ സൽകർമ്മങ്ങളാൽ പരിചയക്കാരായിമാറിയവരും, സമൂഹ മാധ്യമങ്ങളിലെ കൂട്ടുകാരും, ഭർത്താവും അദ്ദേഹത്തിൻ്റെ മിത്രങ്ങളും മുഖേനെയാണ് മനുഷ്യരുടെ വേദനകൾ ആദ്യമറിയുന്നത്. ശാരികയുടെ സങ്കടവും അങ്ങനെയാണ് ശ്രദ്ധയിലെത്തിത്. നടുവേദനയുടെ ചികിത്സാർത്ഥം നട്ടെല്ലിൽ ചെയ്ത ഒരു സർജറിയ്ക്കു ശേഷം അവളുടെ കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടു. തുടർന്ന്, ഡെൻ്റൽ കോഴ്സിന് (BDS) പഠിയ്ക്കുന്ന ശാരികയുടെ ജീവിതം ഒരു ചക്രകസേരയിൽ ഒതുങ്ങിയത് പെട്ടെന്നായിരുന്നു. അവളുടെ ചികിത്സയ്ക്കു വേണ്ടി പണയപ്പെടുത്തിയ കിടപ്പാടം ജപ്തി ചെയ്യപ്പെട്ടു. ശാരികയുടെ ചികിത്സയോ, അഞ്ചു വർഷമായി നിന്നുപോയ പഠനമോ തുടരാൻ മതാപിതാക്കൾക്ക് നിവൃത്തിയില്ലാത്ത അവസ്ഥ. സ്വകാര്യ ഡെൻ്റൽ കോളേജായതിനാൽ പഠനം തുടരണമെങ്കിൽ വലിയൊരു തുക പെനാൽറ്റിയായി നൽകണം. ഒരു പെൺകുട്ടിയുടെ സ്വപ്നസാക്ഷാൽക്കാരമല്ലേ, ചിലവുകളെല്ലാം 'ചില്ല' സസന്തോഷം ഏറ്റെടുത്തു. കൂടാതെ, അവൾക്ക് ഡിസെബിലിറ്റി പെൻഷൻ ലഭിയ്ക്കുന്നതിനുള്ള ഏർപ്പാടുകളും ചെയ്തു. രോഗത്തിന് തക്കതായ ചികിത്സയും നടന്നു വരുന്നു. ശാരിക ഇപ്പോൾ പഠനത്തിൻ്റെ അവസാന ഘട്ടത്തിലാണ്. കോഴ്സ് പൂർത്തിയാകുന്നതോടൊപ്പം, അവളുടെ കാലുകൾക്ക് ശക്തി തിരിച്ചു കിട്ടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ! 


🟥 ആഫ്റ്റർ-കെയർ ഹോമിൽ നിന്നെത്തിയ മംഗള വാർത്ത 
സംസ്ഥാന വനിതാ-ശിശു സംരക്ഷണ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന കൊല്ലം ഇഞ്ചവിളയിലുള്ള ആഫ്റ്റർ-കെയർ ഹോം സൂപ്രണ്ട് മേരിക്കുട്ടി മേഡത്തിൻ്റെ ഫോൺ കാൾ എത്തിയത് ഒരു മംഗള വാർത്തയുമായായിരുന്നു! മൂന്നു പെൺകുട്ടികളുടെ കല്യാണം ശരിയായിട്ടുണ്ടെന്നും, നവവധുമാർക്ക് അണിയാനുള്ള ഒരു ജോഡി കമ്മലുകൾ വീതം വാങ്ങിക്കൊടുക്കുകയും, വിവാഹ ദിവസത്തെ ഭക്ഷണച്ചിലവ് ഏറ്റെടുക്കുകയുമാണെങ്കിൽ, തീയതി നിശ്ചയിക്കാം എന്നുമായിരുന്നു സന്ദേശം. നിസ്സഹായരായ പെൺകുട്ടികൾക്കു വേണ്ടിയല്ലേ, വിവാഹ തീയതി നിശ്ചയിച്ചുകൊള്ളുവാൻ ഞാൻ സൂപ്രണ്ടിനെ അറിയിച്ചു. സന്മനസ്സുള്ള കുറേ പേർ വിവാഹങ്ങളിൽ പങ്കെടുക്കുകയും, വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ നല്ല ഭാവിയ്ക്കു വേണ്ടി ചെയ്യുന്നൊരു കർമ്മം, ഒരു കുടുംബത്തെ മുഴുവൻ രക്ഷിയ്ക്കാൻ നീട്ടുന്നൊരു സഹായഹസ്തമാണെന്നാണ് എൻ്റെ സ്വകാര്യമായ സിദ്ധാന്തം! 


🟥 ജനസേവനത്തിൻ്റെ അതിർത്തി ആകാശമാണ്!  
പൊതുതാൽപര്യം മുൻനിർത്തിയുള്ളതെന്തും സാമൂഹ്യസേവനമാണ്. ഇക്കഴിഞ്ഞ പെരുമഴക്കാലത്ത് ഒറ്റ ദിവസം തന്നെ കൊല്ലം ജില്ലയിൽ നിരവധി ഇടങ്ങളിലാണ് വൻ മരങ്ങൾ കടപുഴകി വീണു ഗതാഗത തടസ്സമുണ്ടായത്. നിസ്സഹായാവസ്ഥയിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു തിരിച്ചു പോരുമ്പോൾ, സമയം അന്നു സന്ധ്യമയങ്ങിയിരുന്നു. സഞ്ചരിച്ചിരുന്ന കൊട്ടിയം-തഴുത്തല പാതയിൽ കാർ ഇനി മുന്നോട്ടെടുക്കാൻ കഴിയാത്ത വിധം വലിയ ബ്ലോക്ക്. നിരനിരയായി വാഹനങ്ങൾ നിർത്തിയിട്ടിരിയ്ക്കുന്നു. സ്ഥലം നിവാസികളും ധാരാളം ചുറ്റും കൂടിയിട്ടുണ്ട്. ഫയർഫോഴ്‌സിനെ പ്രതീക്ഷിച്ചുള്ള നിൽപ്പാണെന്ന് അതിലൊരാൾ പറഞ്ഞു. സമയം കളയാതെ ഞാൻ ഫയർഫോഴ്‌സുമായി ഫോണിൽ ബന്ധപ്പെട്ടു. പക്ഷെ, അവരിൽ നിന്നു ലഭിച്ച മറുപടി, 17 ഇടങ്ങളിൽ മരം വീണു കിടപ്പുണ്ടെന്നും ഉടനെ സ്പോട്ടിലെത്താൻ കഴിയില്ലെന്നുമായിരുന്നു. എന്താണൊരു വഴി? സമയം കൂടുതൽ ഇരുട്ടി വരുന്നു. കൂട്ടംകൂടിനിന്നിരുന്ന പരിസരവാസികളോട് താന്തങ്ങളുടെ വീടുകളിലുള്ള വെട്ടുകത്തികളും, കോടാലികളുണ്ടെങ്കിൽ അവയും കൊണ്ടുവരുവാൻ അപേക്ഷിച്ചു. ഉടനെത്തന്നെ KSEB-യിലേയ്ക്കു വിളിച്ചു ബന്ധപ്പട്ട പവർലൈൻ ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വെട്ടുകത്തിയുമായി ആദ്യമെത്തിയ കാരണവരിൽ നിന്ന് ഞാൻ അതു വാങ്ങി, മരക്കൊമ്പുകൾ വെട്ടാൻ തുടങ്ങി. ആ തുടക്കം സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒരു തൽക്ഷണ പ്രചോദനമായി മാറി. മുതിർന്നവരും, ചെറുപ്പക്കാരും, സ്ത്രീകളുമെല്ലാം കർത്തവ്യത്തിൽ പങ്കുചേർന്നു. പ്രശംസനീയമായ ഉത്സാഹമാണ് ഓരോരുത്തരും പ്രകടിപ്പിച്ചത്. ഷൗണ്ടേഷൻ ഫോർ അർമേനിയൻ സയിൻസ് ഏൻഡ് ടെക്നോളജിയുടെ (FAST) പ്രോഗ്രാം മേനേജർ ശ്രീമതി അനുഷ് കൊസ്താനിയൻ്റെ ഏറ്റവും പ്രശസ്തമായ 'Initiative and creativity move the world' എന്ന സൂക്തം അപ്രതീക്ഷിതമായി അവിടെ പ്രാഫല്യത്തിൽ വരുകയായിരുന്നു! ഇരുട്ടിൽ, മൂന്നു മണിക്കൂർ നീണ്ടുനിന്ന അടിയന്തിര ദൗത്യത്തിനൊടുവിൽ ഞങ്ങൾ ഗതാഗതം പുനഃസ്ഥാപിച്ചു. 


🟥 അപൂർവ അനുഭവങ്ങൾ  
ആർദ്ര-സൗഹൃദ പരിചരണ വീഥിയിൽ ചില്ലയെന്നൊരു ശാദ്വലമുണ്ടെന്ന് കൂടുതൽ പേർ അറിയാൻ തുടങ്ങിയപ്പോൾ, ദിനംപ്രതിയെന്നോണം എത്തിപ്പെടുന്നത് വേറിട്ട പരിജ്ഞാനങ്ങൾക്കു മദ്ധ്യെയാണ്. എയ്ഡ്സ് ബാധയുള്ള ഭർത്താവിനെയും, മൂന്ന് കുട്ടികളെയും സംരക്ഷിച്ചു, വിഭ്രാന്തിയുടെയും ആത്മഹത്യയുടെയും വക്കിൽ ജീവിയ്ക്കുന്ന ഒരു പാവം സ്ത്രീ. മൂന്നുനാലു കടുത്ത രോഗങ്ങളുമായി മൽപിടുത്തം നടത്തുകയും, ആരോഗ്യം പൂർണ്ണമായും ക്ഷയിക്കുകയും ചെയ്ത തൻ്റെ ഭർത്താവിൻ്റെ മൂല വ്യാധിയെന്തെന്ന് പുറത്തു പറയാൻ കഴിയാതെ ആ സ്ത്രീ വിങ്ങിപ്പൊട്ടുകയായിരുന്നു. അദ്ദേഹത്തെ ഒന്നു മാറ്റിക്കിടത്താൻ പോലും അവർക്ക് എൻ്റെ സഹായം വേണ്ടിയിരുന്നു. എന്നാൽ, അവരുടെ നീറുന്ന മനസ്സിന് ആദ്യം വേണ്ടിയിരുന്നത് അനുകമ്പയും, സഹാനുഭൂതിയും നിറഞ്ഞ സമാശ്വാസ വചനങ്ങളായിരുന്നു. പറ്റുന്നത്ര സമയം ഞാൻ അവരുമൊത്ത് ചിലവിട്ടുകൊണ്ടിരിയ്ക്കുന്നു. അർദ്ധരാത്രിയിൽ ഒരു യുവതി വിളിച്ചത്, അവളുടെ ഭർത്താവും അയാളുടെ മാതാവും ചേർന്നു തന്നെ മർദ്ദിച്ചു കൊല്ലും മുന്നെ, അവൾക്കു പറയാനുള്ള കുറെ നിർണ്ണായകമായ വിവരങ്ങൾ കൈമാറാനായിരുന്നു. ഞാൻ അവളുടെ വീടുതേടിയോടി! കഷ്ടം, സമുദ്രത്തിനടിയിൽ മറഞ്ഞിരിയ്ക്കുന്ന പടുകൂറ്റൻ ഹിമശിലയുടെ വെളിയിൽ കാണുന്ന ചെറിയൊരു ശിഖരം മാത്രമാണ് മേലെ ഉദ്ധരിച്ച രണ്ടനുഭവങ്ങൾ. നേർക്കാഴ്ചകൾ ഇവിടെ അവസാനിയ്ക്കുന്നില്ല...  
🟥 ഷീബാ അമീർ പ്രചോദന സ്രോതസ്സ്‌ 
 ജീവകാരുണ്യ പ്രവർത്തന രംഗത്ത് ലോകത്തിനു തന്നെ ഒരു വൻ പ്രചോദന സ്രോതസ്സായി ഇന്ന് ഷീബാ അമീർ മാറിയിരിയ്ക്കുന്നു! ഷീബാത്തയുടെ മകൾ നിലൂഫർ രക്താർബുദം ബാധിച്ചാണ് മരിച്ചത്. ലുക്കീമിയ നൽകിയ കൊടിയ യാതനകൾ 16 വർഷം സഹിച്ചതിനൊടുവിൽ, ഇരുപത്തിയെട്ടാം വയസ്സിൽ, അവൾ അന്ത്യശ്വാസം വലിച്ചു. ധനിക കുടുംബത്തിലെ അംഗമായ ഷീബാത്തയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു നിലൂഫറിൻ്റെ ചികിത്സക്കാലം. കുട്ടികളുടെ ചികിത്സയ്ക്ക് അത്യാവശ്യമായ ജീവൻരക്ഷാ മരുന്നുകൾ വാങ്ങാനോ, ഭക്ഷണത്തിനോ പണമില്ലാതെ വലയുന്ന എത്രയോ മതാപിതാക്കളെ ആശുപത്രികളിൽ അവർ നേരിൽ കണ്ടു. മനുഷ്യരുടെ ശോചനീയാവസ്ഥകൾ അവരെ വല്ലാതെ വേദനിപ്പിച്ചു. അർബുദവും, ഓട്ടിസവും, അതു പോലെയുള്ള മറ്റു പല മാനസികവും ശാരീരികവുമായ മാറാരോഗങ്ങൾ ബാധിച്ച കുട്ടികളുടെയും, അതിനാൽ നരകയാതന അനുഭവിയ്ക്കുന്ന അവരുടെ രക്ഷിതാക്കളുടെയും സമാശ്വാസത്തിന് തൻ്റെ ബാക്കിയുള്ള ജീവിതം അർപ്പണം ചെയ്യാൻ ഷീബാത്ത തീരുമാനമെടുക്കുകയായിരുന്നു. ശ്രേഷ്ഠമായ ഈ ദൗത്യം നിറവേറ്റാൻ 2007-ൽ രൂപംകൊണ്ട 'സ്വലെസ്' ഇന്ന് ലോകമെമ്പാടുമുള്ള നിരവധി ഹതഭാഗ്യർക്ക് സാന്ത്വനമേകുന്നു. മിക്ക ജില്ലകളിലും കേന്ദ്രങ്ങളുള്ള സ്വലെസിന് കേരളത്തിൽ തന്നെ നാലായിരത്തോളം കുട്ടികൾക്ക് തണലേകാൻ കഴിയുന്നു. ഷീബാത്തയ്ക്ക് ഇത്രയും ചെയ്യാമെങ്കിൽ, നമുക്ക് ഇത്തിരിയെങ്കിലും ചെയ്തുകൂടേ? കഴിഞ്ഞ മൂന്നു വർഷമായി 'സ്വലെസി'ൻ്റെ മുണ്ടക്കൽ വെസ്റ്റിലുള്ള കൊല്ലം ശാഖയുടെ പ്രവർത്തനങ്ങളിൽ സജീവ പങ്കു വഹിയ്ക്കുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ള 105 കുട്ടികളാണ് കൊല്ലത്തുള്ളത്. കുട്ടികളെ നേരിൽ കണ്ടു വിവരങ്ങൾ തിരക്കുന്ന 'ഹോം കെയർ' പ്രവർത്തനങ്ങളിലും, അന്തേവാസികളെയും അവരുടെ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള 'സ്നേഹാദ്രമായ്' എന്ന ഒത്തുചേരലുകളിലും സാന്നിദ്ധ്യം ഉറപ്പു വരുത്താറുണ്ട്. 

# Rani is the queen of service!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക