ഇതുവരെ രണ്ടുകോടിയിലധികം പേര്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണമൊരുക്കി നല്‍കിയ, യാതൊരു പരാതിയും കേള്‍പ്പിക്കാത്ത പഴയിടം മോഹനന്‍ നമ്പൂതിരി, സ്‌കൂള്‍ കലോത്സവ ഭക്ഷണശാലയോടനുബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന്, നിറകണ്ണുകളോടെ ഇത്തരം ഉത്സവ മേളകളില്‍ നിന്നും പിന്‍വാങ്ങുകയാണ്. പഴയിടത്തിന്റെ ബ്രാഹ്മണ മേധാവിത്വത്തിന്റെ ഹുങ്കാണ്, സ്‌കൂള്‍ കലോത്സവ മേളകളില്‍ മാംസാഹാരം വിളമ്പാത്തതെന്ന്, തലയില്‍ 'മൊട്ട' മാത്രമുള്ള ഒരു ചാനല്‍ പ്രവര്‍ത്തകന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് തിരികൊളുത്തിയത്.
'പറഞ്ഞതുപോലെ ശരിയാണല്ലോ! ഇവിടെ മുട്ടയും ഇറച്ചിയും മീനുമൊന്നുമില്ലല്ലോ?' എന്നു പല മന്ത്രിമാര്‍ക്കും ലഡു പൊട്ടിയത് അപ്പോഴാണ്. ഇനി മുതല്‍ സ്‌കൂള്‍ കലോത്സവ മേളകളില്‍ രണ്ടു ഭക്ഷണശാലകള്‍ ഉണ്ടായിരിക്കുമെന്ന് ഇടംവലം നോക്കാതെ ബന്ധപ്പെട്ട വകുപ്പുമന്ത്രി പ്രസ്താവിച്ചുകഴിഞ്ഞു.
നിരണം ഭദ്രാസനാധിപന്‍ മാര്‍ കൂറിലോസും ഇതേറ്റുപിടിച്ചു. 'പഴയിടം' മാത്രം പോരല്ലോ 'പുതിയ ഇടവും' വേണമല്ലോ എന്നാണ് തിരുവായ് മൊഴിഞ്ഞത്. ചില മെത്രാന്മാര്‍ അങ്ങനെയാണ്. ഫിഷ് മോളിയും മട്ടന്‍ മപ്പാസും ഇല്ലെങ്കില്‍ ഭക്ഷണമിറങ്ങില്ല.
ഏതായാലും ആ സാധു ബ്രാഹ്മണനെ, വര്‍ഗീയതയുടെ ചുട്ടി കുത്തി, കണ്ണുനീരിന്റെ ഉപ്പുവെള്ളം കുടിപ്പിച്ച് പടിയടച്ച് പിണ്ഡം വയ്ക്കുന്നതില്‍ ചില ദുഷ്ട ശക്തികള്‍ വിജയിച്ചു. ബ്രാഹ്മണ ശാപം ആര്‍ക്കും ഏല്‍ക്കാതിരിക്കട്ടെ!
കേരളത്തില്‍ ഇപ്പോള്‍ മന്തികളുടെ സുവര്‍ണ കാലമാണ്. കുഴിമന്തി, യമന്‍മന്തി, സൗദിമന്തി തുടങ്ങി മൈലപ്രമന്തി വരെ മാര്‍ക്കറ്റിലുണ്ട്.
ഷവര്‍മ്മയുടെ ഇരട്ട സഹോദരനാണ് കുഴിമന്തി. മന്തിയും ഷവര്‍മ്മയും കഴിച്ച് ഭക്ഷ്യ വിഷബാധ മൂലം എത്രയോ പേര്‍ ഇതിനകം മരണപ്പെട്ടു കഴിഞ്ഞു.
ആരെങ്കിലും മരണപ്പെട്ടു കഴിയുമ്പോള്‍, ഭക്ഷ്യവകുപ്പും ആരോഗ്യവകുപ്പും കൂടി ഒരു 'റോഡ്‌ഷോ' നടത്തും. ഓടി നടന്ന് കുറെ ഹോട്ടലുകള്‍ പൂട്ടിക്കും.
'ഇപ്പോ ശരിയാക്കിത്തരാം' എന്നു കുതിരവട്ടം പപ്പു സ്റ്റൈലില്‍ ഒരു കാച്ചുകാച്ചും, എവിടെ? ഒരു മാസം തികയുന്നതിനു മുമ്പ് എല്ലാം പഴയപടി.
കാസര്‍കോട്ട് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കുട്ടി ആത്മഹത്യ ചെയ്‌തെതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അടിപൊളി- 'എലിവിഷം' കഴിച്ചാണത്രേ കുട്ടി മരിച്ചത്. ഇതുകേട്ട് ചിരിയടക്കാനാവാതെ കേരളത്തിലെ എലികളെല്ലാം ചിരിച്ചു ചിരിച്ച് വയറുവേദനയുമായി ആശുപത്രിയില്‍ അഡ്മിറ്റായി എന്നാണ് വാര്‍ത്ത.
സിനിമയുടെ പേരിലും, ഉള്ളടക്കത്തിലുമെല്ലാം വര്‍ഗ്ഗീയതയുടെ അംശം തിരയുന്നതിലാണ് ചിലര്‍ക്ക് താത്പര്യം. 'പത്താന്‍' എന്ന സിനിമയിലെ ഒരു ഗാനനൃത്ത രംഗത്ത് പദുക്കോണ്‍ എന്ന മദ്ധ്യവയസ്‌ക, ഷാരൂഖ് ഖാന്‍ എന്ന വയോധികനോടൊപ്പം കാവി കൗപീനമുടുത്ത് ആഭാസച്ചുവയുള്ള നൃത്തച്ചുവടുകള്‍ വെച്ചതിനെതിരെയാണ് പ്രതിക്ഷേധം. ഇത്തരത്തിലുള്ള കാവി ഉപയോഗം, മതവികാരങ്ങളെ വൃണപ്പെടുത്തുമത്രേ! വസ്ത്രധാരണത്തില്‍ വര്‍ഗീയത കണ്ടുപിടിച്ചാല്‍, ഇനിമേല്‍ കറുപ്പും, വെളുപ്പും, പച്ചയും, മഞ്ഞയുമൊന്നും ധരിക്കുവാന്‍ പറ്റുകയില്ലല്ലോ!
കേരളത്തില്‍ വര്ഗീയ വളര്ത്തുന്നതില്, ക്രിസ്ത്യന് ഉപദേശിമാര് നടത്തിയിട്ടുള്ള കാര്യവും സ്മരണീയമാണ്. 'വിഗ്രഹാരാധന പാപമാണ്- നിങ്ങള്‍ സ്നാനപ്പെട്ട് വീണ്ടും ജനിച്ചില്ലെങ്കില് നിത്യ നരകത്തിന് വിധിക്കപ്പെടും' തുടങ്ങിയ ഭീഷണികള്‍ ഉച്ചഭാഷിണിയില്‍ക്കൂടി ഉറങ്ങിക്കിടന്ന ഹിന്ദുക്കളുടെ ചെവിയിലേക്കടിച്ചുകയറ്റി. ക്ഷമിക്കുന്നതിനും ഒരതിരില്ലേ? ഒന്നു രണ്ട് പൊട്ടീര് കിട്ടിയപ്പോള്‍, സുവിശേഷം നിര്‍ത്തിയിട്ട്, കൂടുതല്‍ ആദായകരമായ രോഗശാന്തി ശുശ്രൂഷയിലേക്ക് കടന്നിരിക്കുകയാണ് പല പാതിരിമാരും, പാസ്റ്റര്‍മാരും.
'ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗത്തില്‍ നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും പിന്‍വാങ്ങി ഒരുപോലെ
കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവന്‍ ഇല്ല; ഒരുത്തന്‍പോലുമില്ല'.
# Pazhaidom steps down, in tears- Raju Mylapra article