Image

അഞ്ചുസുന്ദരികള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 11 January, 2023
അഞ്ചുസുന്ദരികള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

'അവനങ്ങനെതന്നെ വേണം' എന്നചെറുകഥയില്‍ നൈനാന്‍ ഉപദേശിയെപറ്റി ഞാന്‍ പരാമര്‍ശ്ശിച്ചത് അതേപേരുള്ള മറ്റൊരു മാന്യവ്യക്തിയെപറ്റിയാണെന്ന് തെറ്റിധരിച്ച് ചിലര്‍ കമന്റെഴുതുകയുണ്ടായി. യധാര്‍ഥത്തില്‍ അങ്ങനെയൊരാള്‍ ഞങ്ങളുടെനാട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളുടെവീട്ടിലെ നിത്യസന്ദര്‍ശ്ശകനായിരുന്നു. വെള്ളജൂബയുംധരിച്ച് കയ്യിലൊരു കറുത്തബാഗുംപിടിച്ച് 'സ്‌തോത്രം, സ്‌തേത്രം' എന്നുപറഞ്ഞുകൊണ്ട് കടന്നുവരുന്ന അദ്ദേഹത്തെ ഞാനിന്നും ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വചനങ്ങള്‍ എന്റെ പപ്പയും മമ്മയും ശ്രദ്ധാപൂര്‍വ്വം കേട്ടുകൊണ്ടിരിക്കുമെങ്കിലും ഞാന്‍ പലപ്പോഴും അവിടെനിന്ന് മുങ്ങുകയായിരിക്കും പതവ്. ഉപദേശിയെ ഞാനിന്നും ഓര്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രത്യേകതകള്‍കൊണ്ടല്ല, മറ്റൊരു കാരണംകൊണ്ടാണ്. വായനക്കാര്‍ക്കത് പിന്നീട് മനസിലാകും.

ഉപദേശി ഒരു പെന്തക്കോസ്തു വിശ്വാസി ആയിരുന്നു. ഞങ്ങള്‍ പെന്തക്കോസ്തുകാര്‍ അല്ലെങ്കിലും മമ്മയും പപ്പയും കടുത്ത ദൈവവിശ്വാസികള്‍ ആയിരുന്നതുകൊണ്ട് ഇടക്കിടെ കയറിവരുന്ന ഉപദേശിമാര്‍ക്ക് പണംകൊടുത്ത് സഹായിച്ചിരുന്നു. നൈനാന്‍ ഉപദേശിയുടെ കഷ്ടപ്പാടുകള്‍ അറിയാവുന്നതുകൊണ്ട്  അദ്ദേഹത്തെ പ്രത്യേകം പരിഗണിച്ചിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈയൊരു നടപടിയോട് ചെറുപ്പംമുതല്‍തന്നെ എനിക്ക് എതിര്‍പ്പുണ്ടായിരുന്നു. സൈക്കിള്‍ ചവിട്ടാനും സിനിമ കാണാനും എനിക്ക് പണംതരാതിരുന്ന രക്ഷിതാക്കള്‍ സ്‌തോത്രവുമായിവരുന്ന ഉപദേശിമാരെ സാമ്പത്തികമായി സഹായിക്കുന്നത് എന്തിനാണ്. പണംകൊടുത്താല്‍ സ്വര്‍ഗത്തില്‍ പോകാമെന്ന് അവര്‍ വിശ്വസിച്ചിരുന്നോ. 

സൈക്കിള്‍ ചവിട്ടാന്‍ പണംകണ്ടെത്താന്‍ ഞാനൊരുവിദ്യ കണ്ടുപിടിച്ചു. നാണയങ്ങള്‍ ഇട്ടുവെയ്ക്കാനായി മമ്മ ഒരു തകരടിന്‍ സൂക്ഷിച്ചിരുന്നു. അനാധര്‍ക്കും ഉപദേശിമാര്‍ക്കും കൊടുക്കാനാണ് ഇങ്ങനെ പണംസൂക്ഷിച്ചിരുന്നത്. തകരത്തിന്റെ തുറക്കാനാകാത്ത അടപ്പിലുള്ള ദ്വാരത്തിലൂടെയാണ് ചില്ലറകള്‍ ഇടുന്നത്. അന്നൊക്കെ മണിക്കൂറിന് ഒരണ കൊടുത്താല്‍ സൈക്കിള്‍ വാടകക്ക് കൊടുക്കുന്ന കടകള്‍ ഉണ്ടായിരുന്നു.  ഈദ്വാരത്തിന്റെ വലിപ്പം അല്‍പം വര്‍ദ്ധിപ്പിച്ച് അതിലൂടെ നാണയങ്ങള്‍ പുറത്തെടുത്താണ് എന്റെ അത്യാവശ്യചിലവുകള്‍, അതായത് സിനിമകാണല്‍ സൈക്കിള്‍ചവിട്ടല്‍, മിഠായി വാങ്ങല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചിരുന്നത്.. തകരടിന്നില്‍നിന്ന് നാണയങ്ങള്‍ മോഷ്ടിക്കുന്ന പ്രവര്‍ത്തിയില്‍ സഹായത്തിന് എന്റെ നേരെമൂത്ത സഹോദരി ലളിതയും കൂട്ടിനുണ്ടായിരുന്നു. ഞാന്‍ ഒരണ എടുത്താല്‍ അരയണ അവള്‍ക്കും കൊടുക്കും. അത് സ്‌കൂളില്‍പോകുമ്പോള്‍ നെല്ലിക്കവാങ്ങാനുംമറ്റുമാണ് ലളിത ഉപയോഗിച്ചിരുന്നത്. എന്നേക്കാള്‍ ഒന്നരവയസിന് മൂപ്പുള്ള ലളിതയും ഞാനും കൂട്ടുകാരെപ്പോലെ ആയിരുന്നു. അതുകൊണ്ട് ചേച്ചി കീച്ചി എന്നൊന്നും ഞാന്‍ വിളിച്ചിരുന്നില്ല. ലളിത ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് സങ്കടത്തോടെ ഓര്‍ക്കുന്നു.

നമ്മള്‍ പറഞ്ഞുവന്നത് നൈനാന്‍ ഉപദേശിയെപറ്റിയാണ്. അദ്ദേഹത്തിന് അഞ്ചുപെണ്‍മക്കളെയാണ് ദൈവം കനിഞ്ഞു നല്‍കിയത്. ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അടുത്തത് ആണായിരിക്കുമെന്ന് അദ്ദേഹവും ഭാര്യ ശോശക്കുഞ്ഞും വിചാരിച്ചു. നാലാമതും പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ അദ്ദേഹം ദൈവത്തോട് പ്രാര്‍ഥിച്ചു. കരുണാമയനായ കര്‍ത്താവെ അടിയന്റെയും ശോശക്കുഞ്ഞിന്റെയും വയസുകാലത്ത് ഒരുകൈ സഹായത്തിനായിട്ട് ഒരു ആണ്‍തരിയെ അവിടുന്ന് കനിഞ്ഞ്‌നല്‍കേണമേ.

അതിന് കര്‍ത്താവ് കൊടുത്ത മറുപടി. ഇങ്ങനെയായിരുന്നു. നൈനാനെ, വയസുകാലക്ക് നിന്നെ സഹായിക്കാന്‍ ഒരുമകന് സാധിക്കുമെന്ന് നീ വിചാരിക്കുന്നുണ്ടോ. അവന്‍ പെണ്ണുകെട്ടി വേറെ താമസിക്കാന്‍ തുടങ്ങിയാല്‍ നീയെന്തുചെയ്യും. പെണ്‍മക്കള്‍ മാത്രമെ നിനക്കും കെട്ടിയോള്‍ക്കും ഒരുതാങ്ങായിട്ട് എന്നും ഉണ്ടായിരുക്കൂ. അങ്ങനെയാണ് അഞ്ചാമത്തെ പെണ്‍കുഞ്ഞായ ശലോമിയും ജനിച്ചത്. ശലോമിയെ പ്രത്യേകമായി പേരെടുത്ത് പറഞ്ഞത് മറ്റൊരു ഉദ്ദേശത്തോടെയാണ്.

ദൈവം ആണ്‍മക്കളെനല്‍കി ഉപദേശിയെ സഹായിച്ചില്ലെങ്കിലും വേറൊരുവിധത്തില്‍ അദ്ദേഹത്തെ അനുഗ്രഹിച്ചു. പെണ്‍കുട്ടികള്‍ക്കെല്ലാം സൗന്ദര്യം വാരിക്കോരി നല്‍കി. നാട്ടിലെ പുരുഷന്മാരുടെ സ്വപ്നത്തിലെ റാണിമാരായി അവര്‍ പരിലസിച്ചു. കൂട്ടത്തില്‍ സുന്ദരി ഏറ്റവും ഇളയവള്‍ ശലോമിതന്നെയായിരുന്നു. എന്നെക്കാള്‍ രണ്ടുവയസിന് മൂപ്പുണ്ടായിരുന്ന അവളെ ഞാന്‍ രഹസ്യമായി പ്രേമിച്ചിരുന്നു എന്നുള്ളത് നിഷേധിക്കാനാവാത്ത സത്യമാണ്. അന്ന് ഞാന്‍ അഞ്ചാംക്‌ളാസ്സിലും അവള്‍ ഏഴാം ക്‌ളാസ്സിലുമായിരുന്നു പഠിച്ചിരുന്നത്. പ്രായവ്യത്യസവും ക്‌ളാസ്സ്‌വ്യത്യസവും എനിക്ക് പ്രശ്‌നമായിരുന്നില്ല. ഞങ്ങളുടെ അയല്‍വാസിയായിരുന്ന മോഹനന്‍ പിള്ളക്ക് ഭാര്യ ലഷ്മിക്കുട്ടിയേക്കാള്‍ പ്രായക്കുറവുണ്ടെന്ന് നാട്ടില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമായിരുന്നു. അങ്ങനെയെങ്കില്‍ എനിക്ക് എന്തുകൊണ്ട് രണ്ടുവയസ്സ് കൂടുതലുള്ള ശലോമിയെ കെട്ടിക്കൂട. പ്രണയം അവളോട് ഒരിക്കല്‍പോലും പറയാനുള്ള ധൈര്യമോ ആവേശമോ എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് വ്‌സ്തവം. എന്നാല്‍ അവളെ രഹസ്യമായി എന്റെ ഹൃദയത്തിന്റെ നിലവറയില്‍ സൂക്ഷിച്ചിരുന്നു. 
ഉപദേശിയുടെ പെണ്‍മക്കളെപറ്റി മമ്മക്ക് ഉത്കണ്ഠ ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇടക്കിടെ അവരെപറ്റി പറഞ്ഞിരുന്നത്. ഒരുവീടുപോലും സ്വന്തമായിട്ടില്ലാത്ത ഉപദേശി എങ്ങനെ മക്കളെ വിവാഹംചെയ്ത് അയക്കുമെന്നായിരുന്നു മമ്മയുടെ വിഷമം. അവര്‍ സുന്ദരിമാരല്ലേ, ആരെങ്കിലും സ്ത്രീധനം വാങ്ങാതെ അവരെ  കെട്ടിക്കോളുമെന്ന് പപ്പ സമാധാനിപ്പിക്കും. തന്നെയുമല്ല പെന്തക്കോസില്‍ സ്ത്രീധനവും ആഭരണങ്ങളും നിഷിദ്ധമണല്ലോ.

ശലോമിയെ ഞാന്‍ കെട്ടിക്കോളാമെന്ന് പറയാന്‍ ആഗ്രഹമുണ്ടെങ്കിലും അഞ്ചാംക്‌ളാസ്സുകാരനായ  ഞാനെങ്ങനെ വിവാഹാലോചന നടത്തും. അതുകൊണ്ട് കുറച്ചുകൂടി പ്രായമായിട്ട് ആകാമെന്ന് സമാധാനിച്ചു. ഒരിക്കള്‍ ഉപദേശി വീട്ടില്‍വന്നപ്പോള്‍ പറഞ്ഞത് എന്നെ വളരെയധികം വേദനിപ്പിച്ചു. ശലോമി മഞ്ഞപ്പിത്തംബാധിച്ച് കിടപ്പിലാണത്രെ. അന്നുരാത്രി ഞാന്‍ ദൈവത്തോട് കരഞ്ഞുപ്രാര്‍ഥിച്ചു., എന്റെ ശലോമിക്ക് ആപത്തൊന്നും വരുത്തരുതേയെന്നും അവള്‍ എത്രയുംപെട്ടന്ന് സുഹംപ്രാപിച്ച്  സ്‌കൂളില്‍വരാന്‍ ഇടയാകണമേയെന്നും.  പ്രാര്‍ഥന ദൈവംകേട്ടുവെന്ന് ശലോമി ഒരാഴ്ച്ചകഴിഞ്ഞ് സ്‌കൂളില്‍ വന്നപ്പോള്‍ മനസിലായി. 
എന്റെ പ്രണയത്തിന്റെ ചരട് പൊട്ടിയത് പെട്ടനാനയിരുന്നു. ഒരുദിവസം ഉച്ചക്ക് സ്‌കൂള്‍വിട്ടപ്പോള്‍ ഞാന്‍ വരാന്തയില്‍നിന്ന് പെണ്‍കുട്ടികളുടെ ഭാഗത്തേക്ക് നോക്കി. അവിടെ സലോമി അവളുടെ കൂട്ടുകാരികളുമായി സംസാരിച്ച് നില്‍കുന്നു. പെട്ടന്ന് അവളെന്നെ കണ്ടു., കൈ ആട്ടിവിളിച്ചു. എനിക്ക് വലിയ ആവേശംതോന്നി. ശലോമി എന്നെ വിളിക്കുന്നു. ഞാന്‍ അങ്ങോട്ട് ഓടിച്ചെന്നു.

എടാ നിനക്ക് മരത്തെകേറാനറിയാമോ. അവള്‍ ചോദിച്ചു.
എടാ എന്നുവിളിച്ചത് ഇഷ്ടപ്പെട്ടില്ലെങ്കിലും ചോദിച്ചു, എന്തിനാ.
ആ പുളിയെക്കേറി പുളിപറിക്കാമോ.

അവള്‍ വലിയൊരു പുളിമരമാണ് ചൂണ്ടിക്കാണിച്ചത്. ഒരു ചെറിയ പേരയില്‍പോലും കയറിയിട്ടില്ലാത്ത ഞാനെങ്ങനെ മരത്തില്‍ കയറും. എന്നാലും പെണ്‍കുട്ടികളുടെ മുന്‍പില്‍ തോറ്റുകൊടുക്കെണ്ട എന്നുവിചാരിച്ച്  മരത്തില്‍ കയറാന്‍തന്നെ  തീരുമാനിച്ചു. വീട്ടില്‍ തെങ്ങുകയറാന്‍വരുന്ന നാണുമൂപ്പനെ അനുകരിച്ച്  പുളിമരത്തില്‍ കെട്ടിപ്പിടിച്ച് കയറാന്‍ ശ്രമിച്ചു. ഓരോചുവട് മുകളിലേക്ക് വെയ്ക്കുമ്പോഴും അതുപോലെ താഴേയ്ക്കി വന്നുകൊണ്ടിരുന്നു. അതുകണ്ട് പെണ്‍കുട്ടികള്‍ തലതല്ലിചിരിച്ചു. എനിക്ക് വല്ലാത്ത ലജ്ജതോന്നി.

വയ്യെങ്കില്‍ കേറണ്ടടാ, ശലോമിയും ചിരിച്ചു. 
അങ്ങനങ്ങ് വിട്ടുകൊടുത്താല്‍ ശരിയാകത്തില്ലല്ലോ. പെണ്ണുങ്ങളുടെ മുമ്പില്‍ തോറ്റുകൊടുക്കാന്‍ മനസനുവദിച്ചില്ല. നാണുമൂപ്പനെ മനസില്‍ ധ്യാനിച്ചുകൊണ്ട് ഞാന്‍ മരത്തില്‍ അള്ളിപിടിച്ച് കയറി. പെണ്ണുങ്ങള്‍ താഴെനിന്ന് ചിരിക്കുന്നു. അവരെന്തിനാണ് ചിരിക്കുന്നതെന്ന് പിന്നീടാണ് മനസിലായത്. മുട്ടിനുമുകളില്‍ കയറിക്കിടകകുന്ന നിക്കറാണ് ഞാന്‍ ധരിച്ചിരിക്കുന്നത്. അതിന്റെ വലിയ ദ്വാരത്തിലൂടെ അവര്‍ എന്തോകണ്ടിട്ടാണ് ചിരിക്കുന്നത്. കയറാനും വയ്യ, ഇറങ്ങാനും വയ്യ എന്നൊരു അവസ്തയിലായി ഞാന്‍. ശലോമി കൂട്ടുകാരികളെ ശാസിക്കുന്നുണ്ട്.

അഞ്ചാറ്പുളി പറിച്ചുകഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു, മതിയെടാ ഇറങ്ങിപ്പോര്.
ശലോമിയുടെ എടാ എന്നുള്ളവിളി എന്നെ വളരെയധികം അലോസരപ്പെടുത്തി.  അവളോട് ആദ്യമായി എനിക്ക് വെറുപ്പുതോന്നി.

അന്നുരാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പകലത്തെ സംഭവങ്ങള്‍ വിശകലനം ചെയ്തു. അവസാനം ഒരു നിഗമനത്തിലെത്തി. ശലോമിയെ ഞാന്‍ പ്രേമിക്കുന്നില്ല. അവളെക്കാള്‍ സുന്ദരികളായ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ വെറെയുണ്ടല്ലോ.തന്നെയല്ല ഭാവിഭര്‍ത്താവാകാന്‍ പോകുന്നയാളെ എടാപോടാ എന്നൊക്കെവിളിക്കുന്നത്  അംഗീകരിക്കാവുന്ന കാര്യവുമല്ല. അതോടുകൂടിയാണ് അവളെ എന്റെ ഹൃദയത്തില്‍നിന്ന് പടിയിറക്കിയത്.

ഉപദേശിയുടെ പെണ്‍മക്കളെ പെന്തക്കോസുകാരയ ചെറുപ്പക്കാര്‍ സ്ത്രീധനവും പൊന്നുമില്ലാതെ വിവാഹംകഴിച്ചുവെന്ന് വീട്ടിലെ സംസാരത്തില്‍നിന്ന് ഞാന്‍ പിന്നീട് മനസിലാക്കി. അവരില്‍ചിലര്‍ അമേരിക്കയിലേക്ക് കുടിയേറിയതായും അറിഞ്ഞു. ഉപദേശിയുടെ സാമ്പത്തികബുദ്ധിമുട്ടുകളെല്ലാം മാറിയപ്പോള്‍ വീടുതോറുംകേറിയുള്ള സ്‌തോത്രംപറച്ചിലും അദ്ദേഹം നിറുത്തി. സില്‍ക്ക് ജൂബയും ധരിച്ച് കയ്യില്‍ വാച്ചുംകെട്ടി ഒരിക്കല്‍ അദ്ദേഹം ഞങ്ങളുടെവട്ടില്‍ വന്നിരുന്നു.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Article by Sam Nilamballil

Join WhatsApp News
മന്മഥൻ 2023-01-11 04:21:57
തകരത്തിന് കിഴുത്ത ഉണ്ടാക്കി പണം മോഷ്ടിച്ച നിങ്ങളായിരിക്കും ആ നാട്ടിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്നു മോഷ്ടിച്ചത് . എന്തായാലും കൊള്ളാം , വയലാറിന്റെ വരികൾ പോലെ ' കപട ഭക്തരെ പരീശരെ നിങ്ങൾക്ക് മുൻപേ സ്വർഗ്ഗത്തിൽ എത്തും ചുങ്കക്കാരും പാപികളും . സ്വർഗ്ഗത്തിൽ പോകാൻ എല്ലാ യോഗ്യതയുമുള്ള വ്യക്തി. വളരെ ചെറുപ്പത്തിലേ ദുഷ്ട വിചാരങ്ങൾ തലയാക്കത്തു ഉണ്ടായിരുന്നു. എന്തായാലും എല്ലാ വൃത്തികേടുകളുടെയും ഇരിപ്പടം ആയിരുന്നു . ആ പുളിമരത്തിൽ കേറിയെന്നു പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി . ശാലോമിക്ക് ഗർഭമോ മറ്റോ ആയിരുന്നോ എന്ന് . അവിടെ കഥക്ക് ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചതാണ് പക്ഷെ എന്ത് ചെയ്യാം . ഒന്നും സംഭവിച്ചില്ല .
Ninan Mathullah 2023-01-14 00:59:37
Appreciate the sense of humor of Sam. Not sure real as it sounds more like a story. Remember my teacher once advised me not to say anything against my conscience. Anything said against conscience is 'kaapatyam'. In that sense we all have 'kaapatyam' in us. Still honesty is the best policy. When a mistake is done better to say sorry rather than write or say stories to justify it. To justify one mistake one has to make many false statements like in the 'Drusyam' movie. Although the movie was good for entertainment our concept of right and wrong or truth got rewritten with that. Now, it is OK to tell lies if you think your side is right. To prevent from getting arrested almost everybody try to do everything one can. That is human nature. When I do it, it is OK. When somebody else do it, it is a crime. Life, or how human mind is wired is is a mystery.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക