Image

പഴയിടത്തിന്റെ സാമ്പാറും മന്ത്രിയുടെ ബിരിയാണിയും (നടപ്പാതയിൽ ഇന്ന്- 64: ബാബു പാറയ്ക്കൽ)

Published on 11 January, 2023
പഴയിടത്തിന്റെ സാമ്പാറും മന്ത്രിയുടെ ബിരിയാണിയും (നടപ്പാതയിൽ ഇന്ന്- 64: ബാബു പാറയ്ക്കൽ)

"എന്താ പിള്ളേച്ചാ, കുറെ ദിവസമായല്ലോ കണ്ടിട്ട്?"
"ക്രിസ്‌തുമസ്സും ന്യൂ ഇയറുമൊക്കെ അല്ലാരുന്നോടോ?"
"അതിനു പിള്ളേച്ചനെവിടെയാ ക്രിസ്‌തുമസ്‌?"
"അതെന്താടോ, ക്രിസ്‌തുമസ് നിങ്ങളുടെ കുത്തകയാണോ?"
"അല്ല പിള്ളേച്ചാ, സാധാരണ ക്രിസ്‌തുമസ്‌ ക്രിസ്ത്യാനികളും വിഷു ഹിന്ദുക്കളും ചന്ദനക്കുടം മുസ്ലിങ്ങളും ഒക്കെയല്ലേ ആഘോഷിക്കുക! അതൊക്കെ അവരുടെ മതങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങളല്ലേ?"
"എന്നാരു പറഞ്ഞു? എടോ, യേശു ജനിച്ചപ്പോൾ ദൂതൻ വന്നു ആട്ടിടയന്മാരോട് പറഞ്ഞെതെന്താ? 'സർവ്വ ജനത്തിനും ഉണ്ടാവാനുള്ളൊരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു' എന്നായിരുന്നു. അത് ക്രിസ്ത്യാനികൾക്കു മാത്രം എന്നല്ല പറഞ്ഞത്. അത് പിന്നെ നിങ്ങൾക്കു മാത്രമായി നിങ്ങൾ തന്നെ രൂപാന്തരപ്പെടുത്തി എടുത്തതാണ്. ഇയ്യാൾക്കറിയാമോ വിഷുക്കണി ഇന്ന് എത്രയോ ക്രിസ്ത്യാനികളുടെ വീടുകളിൽ ഒരുക്കുന്നുണ്ടെന്ന്! ഏറ്റുമാനൂരപ്പനു പകരം അവർ യേശുവിന്റെ രൂപമോ കുരിശോ ഒക്കെ വയ്ക്കുമെന്ന് മാത്രം. ഇതൊക്കെ നമ്മൾ തന്നെയാടോ തീരുമാനിക്കുന്നത്. ഏതു മതത്തിന്റെയായാലും നല്ല ആശയങ്ങൾ ഉൾകൊള്ളുന്നതിലെന്താണ് തെറ്റ്?"
"പറയുമ്പോൾ അതൊക്കെ ശരിയായിരിക്കാം. പക്ഷേ ഇന്ന് മനുഷ്യൻ ചോറിലൊഴിക്കുന്ന സാമ്പാറിൽ വരെ ജാതി കലർത്തുന്നവരല്ലേ? പഴയിടം നമ്പൂതിരിയുടെ കാര്യം ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകല്ലേ?"
"പഴയിടത്തിന്റെ കാര്യത്തിൽ ജാതി കലർത്തുന്നു എന്നതൊക്കെ മാധ്യമ സൃഷ്ടിയാണെടോ?"
"പിന്നെ എന്താണു പിള്ളേച്ചാ അതിന്റെ യഥാർത്ഥ പ്രശ്നം?"
"എടോ, വിദ്യാഭ്യാസ മന്ത്രി പറഞ്ഞതനുസരിച്ചു തന്നെ കലോത്സവത്തിന് കുട്ടികൾ മാത്രം 14000 ൽ കൂടും. പിന്നെ ടീച്ചർമാരും കോച്ചുകളും മറ്റു സാങ്കേതിക വിദഗ്ദ്ധരും എല്ലാം കൂടി ആറായിരത്തോളം വരും. അങ്ങനെ പത്തിരുപത്തിനായിരം പേർക്കാണ് ദിവസവും നാല് നേരം വച്ചു വിളമ്പേണ്ടത്. അത് കുറെ കാലമായി പഴയിടം മോഹനൻ നമ്പൂതിരിയാണ് കോൺട്രാക്ട് എടുത്തു ചെയ്യുന്നത്. ഏറ്റവും കുറച്ചു കൊട്ടേഷൻ കൊടുക്കുന്നത് അദ്ദേഹമാണ്. മാറ്റാരാണെടോ എട്ടു രൂപയ്ക്ക് ഒരൂണ് കൊടുക്കുന്നത്?"
"അപ്പോൾ പിന്നെ എന്തിനാണ് ഇപ്പോൾ സർക്കാരിന് ഭക്ഷണ വിഭവങ്ങളിൽ മാറ്റം വേണമെന്നു തോന്നിയത്? ഒരു കണക്കിന് ഈ കുട്ടികളെല്ലാം ഈ എട്ടു പത്തു ദിവസവും പച്ചക്കറി തന്നെ തിന്നണമെന്നു പറയുന്നതും ശരിയാണോ? മത്സ്യ മാംസാഹാരങ്ങളും അവർ ആഗ്രഹിക്കുന്നില്ലേ? അതിനു സർക്കാർ മുൻകൈ എടുക്കുന്നത് സ്വാഗതാർഹമല്ലേ?"
"മത്സ്യ മാംസാഹാരങ്ങൾ കൊടുക്കുന്നതിൽ ആരും തെറ്റു പറയുന്നില്ല. പക്ഷേ, നമ്മുടെ സാഹചര്യത്തിൽ ഇത്രയും പേർക്ക് കൊടുക്കാനുള്ള മത്സ്യവും മാംസവുമൊക്കെ എവിടെ സൂക്ഷിക്കും? അതിനുതക്ക ശീതീകരണ സംവിധാനമൊന്നും ഇപ്പോൾ നമുക്കില്ല. പിന്നെ പഴകിയ മാംസമൊക്കെ എടുത്തു പാകപ്പെടുത്തി കൊടുത്താൽ എന്ത് സംഭവിക്കുമെന്നു പറയേണ്ടതില്ലല്ലോ. കുഴിമന്തി കഴിച്ച പലർക്കും വേണ്ടി കുഴി മാന്തിയത് മറക്കരുത്. ഒരു കാര്യം ചോദിക്കട്ടെ. ഈ പച്ചക്കറി അടുപ്പിച്ചു ഒരാഴ്ച്ച കഴിച്ചതുകൊണ്ട് ആർക്കെന്തു കുഴപ്പമാണുണ്ടാവുക? ഇയ്യാളുടെ ചെറുപ്പത്തിൽ വീട്ടിൽ എന്നും മാംസാഹാരം കൂട്ടിയാണോ കഴിച്ചിരുന്നത്?"
"അല്ല പിള്ളേച്ചാ. എന്തെങ്കിലും വിശേഷ ദിവസം വന്നാൽ മാത്രമേ മാംസാഹാരം ഉണ്ടാവൂ. പിന്നെ വല്ല വിരുന്നുകാരും വന്നാൽ വീട്ടിൽ വളർത്തുന്ന ഒരു കോഴിയെ ആയിരിക്കും ശരിയാക്കുക."
"തന്നെയുമല്ല, അന്ന് ഫ്രിഡ്‌ജ്‌ ഉള്ള എത്ര വീടുകളുണ്ടായിരുന്നു? ഇവിടെ അതൊന്നുമല്ല പ്രശ്നം. പലരും കൊട്ടിഘോഷിക്കുന്നതുപോലെ ജാതിമത പ്രശ്‌നവുമില്ല. സവർണ്ണ മേധാവിത്വം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുന്നു എന്നൊക്കെ പറയുന്നത് വെറും നമ്പർ മാത്രമാണെടോ."
"പിന്നെ എന്താണ് പിള്ളേച്ചാ ഈ വിവാദത്തിനൊക്കെ തിരികൊളുത്തിയത്?"
"നല്ലതുപോലെ മോഷ്ടിക്കുവാനും സ്വജന പക്ഷപാതം കാട്ടാനും നല്ല അവസരം കാണുന്നതു കൊണ്ടാണ്."
"അതെങ്ങനെ?"
"ഇപ്പോൾ പഴയിടം ചെയ്യുമ്പോൾ പാർട്ടിക്കോ നേതാക്കന്മാർക്കോ പ്രത്യേകിച്ചു ഗുണമൊന്നുമില്ല. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ വാക്കിൽ തന്നെ പറഞ്ഞാൽ 'അടുത്ത പ്രാവശ്യം കോഴിക്കോടൻ ബിരിയാണി വിളമ്പും' എന്നാണ്. എങ്കിൽ ഒരു ബിരിയാണിക്ക് 250 രൂപ വച്ചെങ്കിലും നൽകും. അപ്പോൾ, ലോക കേരള സഭ കൂടിയപ്പോൾ കൊടുത്ത ഭക്ഷണത്തിന്റെ കണക്കു പറഞ്ഞതുപോലെ, കലോത്സവത്തിന് ആകെ ഭക്ഷണച്ചെലവ് വരുന്നത് കോടികൾ ആയിരിക്കും? അതിനുള്ള കോൺട്രാക്ട് 'വേണ്ടപ്പെട്ടവർക്ക്' തന്നെ കൊടുത്താൽ നല്ലൊരു തുക നേതാക്കന്മാരുടെ പോക്കറ്റിലേക്ക് തന്നെ വരും. പിന്നെ, പലർക്കും ഹലാൽ ഭക്ഷണം ഇല്ലാത്തതുകൊണ്ട് ഇപ്പോൾ ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന പരാതിക്കും പരിഹാരം ആകും. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ളവർക്കേ കോൺട്രാക്ട് കൊടുക്കൂ എന്ന നിബന്ധന വച്ചാൽ മതിയല്ലോ. എന്തായാലും ബിരിയാണി ചെമ്പ് പണം കൊണ്ടുവരുമെന്നതിൽ സംശയമില്ല."
"അപ്പോൾ ഹലാൽ ഭക്ഷണം വേണ്ടാ എന്ന് പറയുന്ന കുട്ടികൾ എന്ത് ചെയ്യും?"
"അതും വിദ്യാഭ്യാസ മന്ത്രി പറഞ്ഞല്ലോ. ഇനിമുതൽ രണ്ട് ഊട്ടുപുരകൾ ഉണ്ടാകും എന്ന്."
"എന്താണ് പിള്ളേച്ചാ ഈ ഹലാൽ എന്ന് പറഞ്ഞാൽ? ആ ഭക്ഷണത്തിന് എന്താണ് പ്രത്യേകത? ഇപ്പോൾ എല്ലായിടത്തും, അമേരിക്കയിൽ വഴിയോരങ്ങളിൽ വണ്ടികളിൽ വച്ച് ഭക്ഷണം വിൽക്കുന്നവർ പോലും, ഹലാൽ ഭക്ഷണമാണ് വിൽക്കുന്നത്."
"അത് ഏതോ പ്രത്യേക പാചക രീതിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഇസ്ലാമിക് ശരിയ നിയമം അനുസരിച്ചു മാത്രം കൊല്ലുന്ന മൃഗങ്ങളുടെ മാംസം ഉപയോഗിച്ച് മുസ്ലിംകൾ മാത്രം ആ ചിട്ടയിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് ഹലാൽ ഭക്ഷണം."
"അപ്പോൾ പിന്നെ മറ്റു പല ഉത്പന്നങ്ങളും ഇന്ന് ഹലാൽ എന്ന് മാർക്ക് ചെയ്തു കാണുന്നു. അതെന്താണ്?"
ഇയ്യാൾ പറഞ്ഞത് ശരിയാണ്. ഇപ്പോൾ മിക്കവാറും എല്ലാ ഉത്പന്നങ്ങളും ഹലാൽ സെർട്ടിഫൈഡ് ആയി ഇറങ്ങുന്നുണ്ട്. എന്തിനു കൂടുതൽ പറയുന്നു, ഗർഭ നിരോധന ഉറകളും ഷാംപൂ, സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങി സർവ്വ സാധനങ്ങളും ഇന്ന് ഹലാൽ മാർക്കിൽ വരുന്നുണ്ട്. ഇതിന്റെ അർഥം ഈ ഉത്പന്നത്തിന്റെ നിർമ്മാണത്തിൽ മുസ്ലിങ്ങൾ മാത്രമേ ഉൾപ്പെട്ടിട്ടുള്ളു എന്നാണ്."
"അപ്പോൾ ഇത് അവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കാനുള്ള ഒരു ബുദ്ധി മാത്രമല്ലേ?"
"അത് മാത്രമല്ല. ഇസ്ലാമികവത്കരണത്തിന്റെ വിശാല സാധ്യത ലക്ഷ്യമിട്ടുകൊണ്ടു കൂടിയാണ്."
"ജാതിമത ചിന്തകൾ കടന്നു ചെന്നിട്ടില്ലാത്ത തലച്ചോറുമായി ഈ കുരുന്നുകൾ അവരുടെ കലാ സാംസ്കാരിക കഴിവുകൾ മാറ്റുരയ്ക്കുമ്പോൾ നമ്മൾ എന്തിനാണ് സ്വാതികനായ പഴയിടത്തെ പടിയിറക്കി ജാതിക്കോമരങ്ങൾക്കു തുള്ളാനായി പുതിയിടം സൃഷ്ടിക്കുന്നത്?"
"എന്നാൽ മാത്രമേ നേതാക്കന്മാർക്കു നിലനിൽപുള്ളൂ! ചെറുപ്പത്തിലേ ഈ കുത്തിത്തിരുപ്പുണ്ടാക്കി വളർത്തിയെടുത്താൽ മാത്രമേ പാർട്ടിക്കും ഭാവിയുണ്ടാകയുള്ളെടോ."
"വെറുതെയല്ല ചെറുപ്പക്കാരൊക്കെ നാടുവിട്ടു ജീവനും കൊണ്ട് ഓടിപ്പോകുന്നത്!"
"ഇയാൾ പറഞ്ഞത് ശരിയാണെടോ. ഇതാണ് കണ്ണിനു തിമിരം ബാധിച്ചവർ നമ്മളെ നയിക്കുമ്പോൾ സംഭവിക്കുക. പറഞ്ഞിട്ടു കാര്യമില്ലെടോ. ഒരു കിറ്റ് കിട്ടുമ്പോൾ ജനങ്ങൾ ഇതൊക്കെ മറക്കും. നമുക്ക് പിന്നെ കാണാം."
"ശരി പിള്ളേച്ചാ അങ്ങനെയാവട്ടെ."
____________

# Pazhayidom  sambar and Mantri's biryani 

Join WhatsApp News
Sudhir Panikkaveetil 2023-01-11 17:06:09
ശ്രീ ബാബു പാറക്കൽ ക്രാന്തദർശിയായ എഴുത്തുകാരനാണ്. സത്യം എന്താണെന്ന് അദ്ദേഹം എഴുതി. ജാതിയുടെ മറവിൽ കുംഭകോണം നടത്താൻ ഒരു ഏർപ്പാട്. എട്ടു രൂപയുടെ ഊണ് കൊടുക്കുന്ന പാവം നമ്പൂതിരിയും 250 രൂപയുടെ ബിരിയാണി വിളമ്പുന്ന സേട്ടുവും. രാഷ്ട്രീയക്കാരനു സേട്ടു പഥ്യം. ജാതിയുടെ ഒരു കളിയെ. ഈ പൊല്ലാപ്പൊക്കെ ഉണ്ടടക്കി എന്ന് വിശ്വസിക്കുന്ന ഒരാളെ ഉദ്ദേശിച്ചായിരിക്കും ഒരാൾ എഴുതിയത് രസകരം. ഇതാണ് ആ കമന്റ്. "തെങ്ങിൽ കയറാതെ തെങ്ങോളം ഉയരം വെച്ചവർ." അമേരിക്കയിൽ അധികം വായനക്കാർ ഇല്ലാത്തതുകൊണ്ട് അവർ അറിഞ്ഞുകാണില്ല എന്നാൽ ആ കമന്റ് അവർ രസത്തോടെ ആസ്വദിക്കും. അതിനുള്ള ആസ്വാദനശേഷിയുണ്ട്. താൽപ്പര്യമുള്ളവർക്ക് വായിക്കാം കൂടുതൽ മനസ്സിലാക്കാം. സോഷ്യൽ മീഡിയ തുറന്നു കിടക്കുന്നു. ഹാ.ഹാ. കേരള മാതാവിന്റെ മടിയിൽ നിന്നും പോകാൻ മടിച്ച് നിൽക്കുന്നു ജാതിയുടെ ബാല്യകാലം.ആ പേരിലുള്ള മുതലെടുപ്പും. ശ്രീ ബാബു സാറിനു അഭിനന്ദനങ്ങൾ.
Babu Parackel 2023-01-13 03:12:12
Thank you Sudheer Sir, for your valuable comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക